ലോകത്തെ വീക്ഷിക്കൽ
പുകവലിക്കാരായ സ്ത്രീകളുടെയിടയിൽ ഉയർന്ന മരണ നിരക്ക്
കനേഡിയൻ സ്ത്രീകളുടെയിടയിലെ പുകവലിയുമായി ബന്ധപ്പെട്ട മരണങ്ങൾ 1985-ൽ 9,009 ആയിരുന്നത് 1991-ൽ 13,541 ആയി വർധിച്ചെന്ന് ദ കനേഡിയൻ ജേർണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച അടുത്തകാലത്തെ ഒരു പഠനം കണ്ടെത്തുന്നു. ഇന്നത്തെ പ്രവണതകൾ തുടരുകയാണെങ്കിൽ 2010-ാം ആണ്ടാകുമ്പോഴേക്കും പുരുഷൻമാരെക്കാളധികമായി സ്ത്രീകൾ പുകവലി നിമിത്തം മരണമടയുമെന്നു പഠനം കണക്കാക്കുന്നു. ദ ടൊറൊന്റൊ സ്റ്റാർ പറയുന്നതനുസരിച്ച് 1991-ൽ അവിടെ പുകവലി നിമിത്തം 41,408 മരണങ്ങളുണ്ടായതായി (27,867 പുരുഷന്മാരും 13,541 സ്ത്രീകളും) കണക്കാക്കപ്പെട്ടു. ഐക്യനാടുകളിൽ, സ്ത്രീകളായ ജോലിക്കാരുടെയിടയിലെ ശ്വാസകോശാർബുദ മരണങ്ങൾ ’60-കൾക്കും ’80-കൾക്കും ഇടയിൽ ആറിരട്ടി വർധിച്ചെന്ന് അമേരിക്കൻ അർബുദ സൊസൈറ്റിയിലെ ഡോ. മൈക്കിൾ റ്റൂൺ പറയുന്നു. “ഐക്യനാടുകളിൽ അകാല മരണത്തിനിടയാക്കുന്ന ഏറ്റവും വലിയ ഒറ്റയായ, തടയാവുന്ന കാരണം സിഗരറ്റ് വലിയാണ്” എന്ന് ഗവേഷകർ നിഗമനം ചെയ്യുന്നതായി കാനഡയിലുള്ള ടൊറൊന്റൊയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു.
ജർമൻ സ്കൂളുകളിൽ മയക്കുമരുന്നുകൾ
വടക്കൻ ജർമനിയിലെ 3,000-ത്തിലധികം വിദ്യാർഥികളുടെയിടയിൽ നടത്തിയ ഒരു പഠനം സ്കൂളുകളിലെ ലഹരി പദാർഥങ്ങളുടെ വ്യാപകമായ ഉപയോഗം വെളിപ്പെടുത്തുന്നു. വാരംതോറുമുള്ള വാർത്താമാസികയായ ഫോക്കസ് പറയുന്നതനുസരിച്ച്, 17 വയസ്സുള്ള വിദ്യാർഥികളുടെ ഏതാണ്ടു പകുതിയും നിയമവിരുദ്ധ മയക്കുമരുന്നുകൾ വ്യക്തിപരമായി ഉപയോഗിച്ചിട്ടുണ്ട്. മൂന്നിലൊന്നിലധികം പേർ ഇപ്പോൾ ഉപയോഗിക്കുകയും ചെയ്യുന്നു. “ഉത്തേജകങ്ങളും ശാന്തിദായക ഔഷധങ്ങളും സ്ഥിരം മാറിമാറി ഉപയോഗിക്കുന്ന 16-ഓ 17-ഓ വയസ്സുള്ള സ്കൂൾ വിദ്യാർഥികളെ ഹാംബർഗിലെ അനേകം ഹൈസ്കൂളുകളിൽ നിങ്ങൾ കണ്ടെത്തുന്നു” എന്ന് പ്രൊഫസ്സർ പേറ്റെർ ഷ്റ്റ്രുക്ക് വിശദീകരിച്ചു. എന്നാൽ മയക്കുമരുന്നുകളുടെ ഉപയോഗം ഇത്ര വ്യാപകമായിരിക്കുന്നതെന്തുകൊണ്ട്? പ്രൊഫസ്സർ ക്ലൗസ് ഹുറൽമാൻ യുവജനങ്ങളുടെയിടയിലെ മയക്കുമരുന്ന് ഉപഭോഗത്തിനുള്ള മൂന്നു കാരണങ്ങൾ നൽകുന്നു: ജീവിതത്തോടുള്ള വിരസത, വ്യക്തിപരമായ നേട്ടത്തിനു തീരെക്കുറച്ച് അംഗീകാരം ലഭിക്കുന്നുവെന്ന തോന്നൽ, സമപ്രായക്കാരിൽനിന്നുള്ള സമ്മർദം.
അസാധാരണ യാത്രക്കാർ
അലഞ്ഞുതിരിയുന്ന ഒരു അൽബട്രോസ് 72 ദിവസം കൊണ്ട് 26,000 കിലോമീറ്റർ പറന്നു. ചാരനിറമുള്ള ഒരു കടൽനായ് മൂന്നു മാസംകൊണ്ട് 5,000 കിലോമീറ്റർ നീന്തി. സംരക്ഷണ ശാസ്ത്രജ്ഞൻമാർ സഹനശീലത്തിന്റെ വിസ്മയാവഹമായ ഈ വീരകൃത്യങ്ങൾ കണ്ടുപിടിച്ചത് പ്രത്യേകം തിരഞ്ഞെടുത്ത അൽബട്രോസിലും കടൽനായ്ക്കളിലും ചെറിയ റേഡിയോ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചുകൊണ്ട് ഉപഗ്രഹം വഴി അവയുടെ ചലനങ്ങൾ പിന്തുടർന്നതിനുശേഷമായിരുന്നു. ഒരു ഘട്ടത്തിൽ, അൽബട്രോസ് ദക്ഷിണ പസഫിക് സമുദ്രത്തിനു മുകളിലൂടെ നാലു ദിവസം കൊണ്ട് ഏതാണ്ട് 3,000 കിലോമീറ്റർ പറന്നു. കടൽനായ് ഒരു ദിവസംകൊണ്ട് സ്കോട്ട്ലൻഡിനും ഫാറോ ദ്വീപുകൾക്കുമിടയിൽ 100 കിലോമീറ്ററോളം നീന്തുകയും പുറങ്കടലിനു കുറുകെ കൃത്യമായി നീന്തിക്കടക്കുന്നതിനുള്ള വിസ്മയാവഹമായ പ്രാപ്തി പ്രകടിപ്പിക്കുകയും ചെയ്തെന്ന് ലണ്ടനിലെ ദ ടൈംസ് പറയുന്നു. ഈ രണ്ടു മാരത്തോൺ യാത്രകളെയും പ്രേരിപ്പിച്ചത് എന്തായിരുന്നു? ആഹാരത്തിനുവേണ്ടിയുള്ള തിരച്ചിലാണെന്ന് റിപ്പോർട്ടു പറയുന്നു.
“മനുഷ്യത്വം അധികമില്ലാത്ത ഒരു ലോക സംഘടന”
“ലോകാവസ്ഥയെക്കുറിച്ച് ഗംഭീര പ്രസംഗങ്ങൾ നടത്തുന്നതിനുവേണ്ടി എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള നേതാക്കൻമാർ ഐക്യരാഷ്ട്ര സംഘടനയുടെ 50-ാം ജൻമദിന പാർട്ടിയിൽ കഴിഞ്ഞയാഴ്ച മൂന്നു ദിവസം ഒരുമിച്ചുകൂടി” എന്ന് കഴിഞ്ഞ ഒക്ടോബറിലെ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. എന്നിരുന്നാലും, അനേകം “ഗംഭീര പ്രസംഗങ്ങ”ളിലും ഒരു പ്രധാന ഘടകം പ്രത്യക്ഷത്തിൽ വിട്ടുപോയിരുന്നു—സത്യസന്ധത. “എല്ലായിടത്തുമുള്ള രാഷ്ട്രീയക്കാരെപ്പോലെ അവർ പാലിക്കുകയില്ലാത്ത വാഗ്ദാനങ്ങൾ നൽകുകയും തങ്ങളുടെ തെറ്റുകൾക്കു മറ്റാരെയെങ്കിലും വിമർശിക്കുകയും ചെയ്തു” എന്ന് ടൈംസ് പറഞ്ഞു. തങ്ങളുടെ രാജ്യത്തിന്റെ പ്രവർത്തനങ്ങൾ തങ്ങളുടെ വാക്കുകൾക്കു കടകവിരുദ്ധമായിരുന്ന എട്ടു ദേശീയ നേതാക്കൻമാരെ ഉദ്ധരിച്ചശേഷം സകലത്തെയും അസാധുവാക്കുന്ന അവരുടെ സന്ദേശം, “ലോകമേ, ഞാൻ ചെയ്യുന്നതു മറക്കൂ; ഞാൻ പറയുന്നതു ശ്രദ്ധിക്കൂ” എന്നായിരിക്കും എന്ന് പത്രം നിഗമനം ചെയ്തു. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് ഐക്യരാഷ്ട്ര സംഘടനയെ “മനുഷ്യത്വം അധികമില്ലാത്ത ഒരു ലോക സംഘടന” എന്നു വിളിച്ചതിൽ അതിശയമില്ല.
ഉയർന്ന താപനിലയുള്ള തേനീച്ചകൾ
ജപ്പാനിലെ തേനീച്ചകൾ അതികായരായ കടന്നലുകളെ തങ്ങളുടെ ശരീരോഷ്മാവുപയോഗിച്ചു കൊന്നുകൊണ്ട് അവയിൽനിന്നുള്ള ആക്രമണത്തിനെതിരെ തങ്ങളെത്തന്നെ സംരക്ഷിക്കുന്നു എന്ന് സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ഒരു കടന്നലിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചുകഴിഞ്ഞ്, തേനീച്ചകൾ ശത്രുവിനെ കൂടിനകത്തേക്ക് ആകർഷിച്ചുവരുത്തുന്നു. അവിടെവെച്ചു നൂറുകണക്കിന് വേലക്കാർ അതുമായി ഏറ്റുമുട്ടുകയും അതിനുചുറ്റും ഒരു പന്തിന്റെ ആകൃതിയിൽ നിൽക്കുകയും ചെയ്യുന്നു. എന്നിട്ട്, “തേനീച്ചകൾ വിറയ്ക്കുകയും 20 മിനിറ്റുനേരത്തോളം പന്തിന്റെ താപനില മാരകമായ 47° C [116° F.] ആയി വർധിപ്പിച്ചുനിർത്തുകയും ചെയ്യുന്നു”, മാസിക പറയുന്നു. ജപ്പാനിലെ തേനീച്ചകൾക്ക് ഏതാണ്ട് 50° സെൽഷ്യസ് വരെ താപനില സഹിക്കാൻ കഴിയുന്നതിനാൽ ഈ കരുനീക്കം അവയ്ക്കു ദോഷം ചെയ്യുന്നില്ല. എങ്കിലും, എല്ലാ കടന്നലുകളും തേനീച്ചയുടെ കെണിയ്ക്ക് ഇരയാകുന്നില്ല. “20 മുതൽ 30 വരെ കടന്നലുകൾക്ക് 30,000 തേനീച്ചകളുടെ ഒരു കോളനിയെ മൂന്നു മണിക്കൂർക്കൊണ്ടു കൊല്ലാൻ കഴിയുന്ന”തിനാൽ അതികായരായ കടന്നലുകൾക്ക് ഒരു കൂട്ട ആക്രമണം നടത്തി തേനീച്ചകളെ കീഴ്പ്പെടുത്താൻ കഴിയും. “ഈ സന്ദർഭങ്ങളിൽ അവ [കടന്നലുകൾ] കൂടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും തേനീച്ചകളുടെ ലാർവകളെയും പ്യൂപ്പകളെയും ശേഖരിക്കുകയും ചെയ്യുന്നു” എന്ന് ന്യൂസ് പറയുന്നു.
കുരിശ്—അക്രമത്തിന്റെ പ്രതീകമോ?
കുരിശിന്റെ ആക്രമണപരമായ ബന്ധങ്ങൾ നിമിത്തം ക്രിസ്ത്യാനിത്വത്തിന്റെ ഒരു പ്രതീകമായി അതിനെ ഉപയോഗിക്കുന്നതിന്റെ ഔചിത്യത്തെ ചില ദൈവശാസ്ത്രജ്ഞൻമാർ ചോദ്യംചെയ്യുന്നുവെന്ന് ദ ഡല്ലാസ് മോർണിങ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. യേശുവിന്റെ മരണത്തിനു പകരം അവന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന പ്രതീകങ്ങളുടെ ഉപയോഗത്തെ ദൈവശാസ്ത്രജ്ഞൻമാർ പ്രോത്സാഹിപ്പിക്കുന്നു. കുരിശ് “മരണ ആരാധനയെ പ്രോത്സാഹിപ്പിക്കുന്നു. ഒരു വൈദ്യുത കസേരയോ കുടുക്കോ ഒന്നും തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനപരമായ പ്രതീകമായി ഉണ്ടായിരിക്കാൻ ആരും ആഗ്രഹിക്കുകയില്ല, ഗവൺമെൻറ് ഇന്ന് യേശുവിനെ വധിക്കുന്നെങ്കിൽ നാം ഉപയോഗിക്കുന്നത് അതായിരിക്കും,” യു.എസ്.എ.-യിലെ ന്യൂ ജേഴ്സിയിലുള്ള മാഡിസോണിലെ ഡ്രൂ യൂണിവേഴ്സിറ്റി ദൈവശാസ്ത്ര സ്കൂളിലെ ദൈവശാസ്ത്രജ്ഞയായ കാതറിൻ കെല്ലർ പറഞ്ഞു.
കവചജലജീവികൾ രക്ഷക്കായി എത്തുന്നു
മലിനമായ ഉൾനാടൻ ജലപാതകളുടെ പ്രശ്നത്തെ പരിഹരിക്കാൻ എളിയ കവചജലജീവിക്കു കഴിഞ്ഞേക്കുമെന്ന് ലണ്ടനിലെ ഇൻഡിപ്പെൻഡൻറ് എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾ പുരോഗതിയിലിരിക്കുന്ന ഒരു പുനഃസ്ഥാപിക്കൽ പദ്ധതിയാണ് ഈ സൂചന നൽകിയത്. ഇംഗ്ലണ്ടിലെ നൊർഫൊക്കിലുള്ള ഓമ്സ്ബിയിൽനിന്നു കവചജലജീവികളെ തിന്നുന്ന 9.5 ടൺ മത്സ്യത്തെ ജീവശാസ്ത്രജ്ഞൻമാർ ആദ്യംതന്നെ നീക്കം ചെയ്തു. ഇത് കവചജീവികളെ പുഷ്ടിപ്പെടാനും തടാകത്തെ മലിനമാക്കിക്കൊണ്ടിരുന്ന കടൽപ്പോച്ചകളെ വെട്ടിവിഴുങ്ങാനും സഹായിച്ചു. മറ്റു സസ്യങ്ങൾ അപ്പോൾ വെള്ളത്തിനടിയിൽ നിഷ്ക്രിയമായ വിത്തുകളിൽനിന്നു മുളച്ചുവന്നു. നീർക്കോഴികളും അരയന്നങ്ങളും പോലെയുള്ള പക്ഷികൾ മടങ്ങിവന്നു. ഒടുവിൽ മത്സ്യങ്ങളെയും തിരിച്ചു കൊണ്ടുവരും. മുഴു ആവാസവ്യവസ്ഥയും അഞ്ചു വർഷംകൊണ്ടു സാധാരണരീതിയിലേക്കു മടങ്ങിവരുമെന്നു കണക്കാക്കപ്പെടുന്നു. യൂറോപ്പിലെ സംരക്ഷകർ പദ്ധതിയുടെ അനന്തരഫലം താത്പര്യത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
പാപത്തെ അവഗണിക്കുന്നു
“പാപത്തിന് എന്തു സംഭവിച്ചു?” ന്യൂസ്വീക്ക് മാഗസിൻ ചോദിക്കുന്നു. “വ്യക്തിപരമായ പാപത്തിന്റെ അടിയന്തിരതാ ബോധം അമേരിക്കൻ മതത്തിലെ ഇപ്പോഴത്തെ വർധിച്ച ശൈലിയിൽ മിക്കവാറും അപ്രത്യക്ഷമായിരിക്കുന്നു.” ഇടവകക്കാർ, “തങ്ങളുടെ സ്വാഭിമാനത്തിനു കുഴപ്പം സൃഷ്ടിച്ചേക്കാവുന്ന പ്രഭാഷണങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ല.” കത്തോലിക്കരുടെയിടയിലാണെങ്കിൽ, “പുരോഹിതനോടുള്ള പതിവായ കുമ്പസാരം ഒരു പഴയകാല അനുഷ്ഠാനമായിത്തീർന്നിരിക്കുന്നു.” മത്സരിക്കുന്ന പുരോഹിത വർഗം തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ പിണക്കാൻ ഭയപ്പെടുന്നു. പല പുരോഹിതന്മാരും “വർഗീയത, ലൈംഗികത എന്നിങ്ങനെയുള്ള ‘വ്യവസ്ഥാപിതമായ’ സാമൂഹിക തിൻമകളെ” നിത്യം കുറ്റപ്പെടുത്തുന്നു. “എന്നാൽ വിചിത്രമെന്നു പറയട്ടെ, വിവാഹമോചനം, ദുരഭിമാനം, അത്യാർത്തി, ഗർവോടുകൂടിയ വ്യക്തിപരമായ ഉത്കർഷേച്ഛ എന്നിങ്ങനെ വളരെ വ്യക്തിപരമായ വിഷയങ്ങളെക്കുറിച്ച് അവർ അവ്യക്തമായാണു സംസാരിക്കുന്നത്,” ലേഖനം പ്രസ്താവിക്കുന്നു.
രത്ന “വിരലടയാളങ്ങൾ”
ബ്രിട്ടനിലെ സ്ത്രീകൾക്ക് ഏകദേശം 1,750 കോടി ഡോളർ വില വരുന്ന 3.9 കോടി വജ്രാഭരണങ്ങൾ സ്വന്തമായുണ്ട്. 45 കോടി ഡോളർ വിലയുടെ ഇനങ്ങൾ ഓരോ വർഷവും മോഷണം പോകുന്നു. ഈ രീതിയിൽ നഷ്ടപ്പെടുന്ന മിക്ക ആഭരണങ്ങളും കണ്ടെത്താൻ കഴിയില്ല. കാരണം വജ്രങ്ങൾ പതിച്ചുവച്ചിരിക്കുന്ന ലോഹം പെട്ടെന്നുതന്നെ ഉരുക്കുന്നു. എന്നിട്ട് വജ്രക്കല്ലുകൾ പുതിയ ലോഹത്തിൽ പതിക്കുന്നു. എന്നാൽ, ഇപ്പോൾ ആഭരണവ്യാപാരികൾക്ക്, ഒരു കേന്ദ്രീകൃത കമ്പ്യൂട്ടറിന്റെ സഹായത്താൽ ഓരോ കല്ലിന്റെയും തനതായ കുറവുകൾ കമ്പ്യൂട്ടറിന്റെ ഓർമയിൽ പ്രവേശിപ്പിക്കാൻ കഴിയും. ഈ “വിരലടയാളങ്ങൾ” കണ്ടുപിടിക്കുന്നത് ഓരോ കല്ലിന്റെയും അപാകതകൾ വായിക്കാൻ കഴിവുള്ള താഴ്ന്ന സാന്ദ്രതയുള്ള ഒരു ലേസർ രശ്മിയാണ്—രണ്ടു കല്ലുകൾ ഒരുപോലെയിരിക്കുകയില്ല. മോഷ്ടാക്കൾക്ക് ഈ സുരക്ഷിതത്വ വ്യവസ്ഥയെ തോൽപ്പിക്കാൻ കഴിയുന്ന ഒരേ ഒരു മാർഗം കല്ലുകളെ വീണ്ടും മുറിക്കുക എന്നതാണ്, ഒരു ചെലവേറിയ നടപടിയായ അത് അവയുടെ മൂല്യവും കുറയ്ക്കുന്നു എന്ന് ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
വെടിക്കെട്ടുകൾ സംബന്ധിച്ചു ജാഗ്രത
“വെടിക്കെട്ടുകളുമായി ബന്ധപ്പെട്ട പരിക്കുകൾ നിമിത്തം ഏതാണ്ട് 12,000 ആളുകൾ ഓരോ വർഷവും യു.എസ്. അത്യാഹിത വിഭാഗങ്ങളിൽ ചികിത്സിക്കപ്പെടുന്നു”വെന്ന് അധികാരികൾ റിപ്പോർട്ടു ചെയ്യുന്നതായി മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്ക്ലി റിപ്പോർട്ട് (എംഎംഡബ്ലിയൂആർ) പ്രസ്താവിക്കുന്നു. വെടിക്കെട്ടുകൾ മൂലമുള്ള എല്ലാ പരിക്കുകളുടെയും 20 ശതമാനം നേത്ര പരിക്കുകളാണെന്ന് 1990-1994 വർഷങ്ങളിൽ ഉപഭോക്തൃ ഉത്പന്ന സുരക്ഷാ കമ്മീഷൻ സമാഹരിച്ച റിപ്പോർട്ടു കണക്കാക്കുന്നു. ഈ പരിക്കുകൾ “പലപ്പോഴും ഗുരുതരവും സ്ഥിരമായ കാഴ്ചക്കുറവോ അന്ധതയോ ഉളവാക്കാൻ കഴിയുന്നവയു”മാണെന്ന് എംഎംഡബ്ലിയൂആർ പറയുന്നു. പ്രത്യക്ഷത്തിൽ, വെടിക്കെട്ടുകൾ നടത്തുന്നവരെക്കാളേറെ കണ്ടുനിൽക്കുന്നവർക്കു നേത്ര പരിക്കുകൾ ഉണ്ടാകുന്നുവെന്നതും ശ്രദ്ധേയമാണ്.
“സാധ്യതയുള്ള ഒരു ടൈംബോംബ്”
ലോക ജനസംഖ്യയുടെ ഏതാണ്ട് 45 ശതമാനം ഇപ്പോൾ നഗരങ്ങളിൽ പാർക്കുന്നുവെന്ന് ഫോക്കസ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു, 2000-ാമാണ്ടാകുമ്പോഴേക്കും ജനസംഖ്യയുടെ പകുതിയും നഗരവാസികളായിരിക്കുമെന്നു കണക്കാക്കപ്പെടുന്നു. ഉത്തര യൂറോപ്പിന്റെയും ഇറ്റലിയുടെയും പൂർവ ഐക്യനാടുകളുടെയും അധികഭാഗത്തും ഒരുവിധം ഉയർന്ന ജനസാന്ദ്രതയുണ്ട്. കൂടാതെ ചൈന, ഈജിപ്ത്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ നാട്ടിൻപുറത്തിനു പുറമെ ഇടതൂർന്ന ജനസംഖ്യയുള്ള ചില നഗരങ്ങളുണ്ട്. എന്നിരുന്നാലും, ഭൂമിയുടെ 3 മുതൽ 4 വരെ ശതമാനം മാത്രമേ നഗരവത്കൃതമുള്ളൂവെന്ന് ഉപഗ്രഹ ചിത്രങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നു. മുഖ്യമായും വികസ്വര ലോകത്തിലെ 6.1 കോടി ആളുകൾ ഓരോ വർഷവും നഗരങ്ങളിലേക്കു നീങ്ങുന്നതിനാൽ ഈ നഗരപ്രദേശങ്ങളിൽ ജനസംഖ്യാ സാന്ദ്രത വർധിക്കുകയാണ്. “ജനസംഖ്യ വളരുന്നതുപോലെ വേഗത്തിൽ നഗരങ്ങൾക്കു വളരാൻ കഴിയാത്ത”താണ് ഇതിനു കാരണം എന്ന് ഫോക്കസ് അഭിപ്രായപ്പെടുന്നു. അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “സാഹചര്യം സാധ്യതയുള്ള ഒരു ടൈംബോംബാണ്.”