ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ
“അവധിക്കാലത്തിന്റെ ഏറ്റവും പ്രസ്പഷ്ടമായ ഉദ്ദേശ്യങ്ങളിലൊന്ന്, ദിനചര്യകളിലുള്ള വ്യത്യസ്തത, തെല്ലൊരു വിരാമം, ഒരു മാറ്റം ആണ്,” പത്രപ്രവർത്തകനായ ലാൻസ് മോറോ എഴുതി. എങ്കിലും, “ഇനിയൊരിക്കലും ഇതിനില്ല” എന്നു പ്രതിജ്ഞ ചെയ്യത്തക്കവിധം ക്ഷീണിച്ചവശരായാണ് തങ്ങളുടെ അവധി കഴിഞ്ഞു ചിലർ വീട്ടിലേക്കു വരുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
പക്ഷേ, അവധിയെടുക്കുക എന്ന ആശയം ഉപേക്ഷിക്കുന്നതിനുപകരം, അബദ്ധങ്ങൾ പറ്റാനുള്ള സാധ്യതകൾ മുൻകൂട്ടി വിശകലനം ചെയ്ത് അവ ഒഴിവാക്കാനുള്ള നടപടികൾ കൈകൊള്ളുന്നതു ബുദ്ധിയായിരിക്കും.
നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുക
അവധികഴിഞ്ഞു മടങ്ങിയെത്തുമ്പോൾ, തങ്ങളുടെ അഭാവത്തിൽ വീടു കൊള്ളയടിക്കപ്പെട്ടതായി ഒട്ടേറെപേർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, അവധിക്കുപോകുന്നതിനു മുമ്പ്, സുഹൃത്തുക്കളോടോ അയൽക്കാരോടോ നിങ്ങളുടെ വീടു പതിവായി പരിശോധിക്കാൻ ആവശ്യപ്പെടുക. നിങ്ങൾ അവിടെയില്ലെന്നു വെളിവാകാതിരിക്കത്തക്കവിധം അവർക്കവിടെ അൽപ്പസമയം ചെലവിടാൻ പോലും കഴിഞ്ഞേക്കും. ദിവസവും വർത്തമാനപത്രങ്ങൾ ശേഖരിച്ചുവയ്ക്കാനും നിങ്ങളുടെ തപാൽപെട്ടിയിൽനിന്നു തപാൽ ഉരുപ്പടികൾ എടുത്തുമാറ്റാനും അവരോട് ആവശ്യപ്പെടുക. കുന്നുകൂടിക്കിടക്കുന്ന വർത്തമാനപത്രങ്ങൾ അല്ലെങ്കിൽ ശേഖരിക്കാത്ത തപാൽ ഉരുപ്പടികൾ, നിങ്ങൾ വീട്ടിലില്ലെന്നു വിളിച്ചറിയിക്കാൻ ഇതിൽപ്പരം വേറെ നല്ലൊരു മാർഗവുമില്ല.
അവധിക്കാലം ചെലവിടുന്നിടത്തും വിലപിടിപ്പുള്ള നിങ്ങളുടെ സാധനങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. ചില രാജ്യങ്ങളിൽ, വിദേശികൾ സമ്പന്നരാണെന്ന ധാരണയുള്ളതുകൊണ്ട് വിനോദസഞ്ചാരികളെല്ലാംതന്നെ മോഷണത്തിന് ഇരകളാകാൻ ഇടയുണ്ട്. അതുകൊണ്ട്, കൂടുതലുള്ള പണവും വിലയേറിയ രേഖകളും ഹോട്ടലിലെ സേഫിലോ ഏതെങ്കിലും സുരക്ഷിത സ്ഥലത്തോ വെക്കുന്നത് ഒരു നല്ല വഴക്കമായിരിക്കും. പാരുഷ്യം കാണിക്കാതെതന്നെ അപരിചിതരുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ കഴിയും.
വർഷംതോറും യു.എസ്.എ.-യിലെ ഫ്ളോറിഡയിലുള്ള മിയാമി, അവധിക്കാലം ചെലവഴിക്കാൻ വരുന്ന വിദേശികളും തദ്ദേശവാസികളുമായ ലക്ഷക്കണക്കിനാളുകൾക്ക് ആതിഥ്യമരുളുന്നു. ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കുറ്റവാളികൾ വിശേഷിച്ചും കർമോത്സുകരാണ്. 1992-ൽ “ഫ്ളോറിഡയിൽ മാത്രമായി വിദേശികളോ തദ്ദേശവാസികളോ ആയ 36,766 സന്ദർശകർ കൊലചെയ്യപ്പെടുകയോ ബലാൽസംഗം ചെയ്യപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഇരകളാവുകയോ ചെയ്തു” എന്ന് ടൈം മാഗസിൻ റിപ്പോർട്ടു ചെയ്തു.
അവധിക്കാലത്തു പോക്കറ്റടിക്കാരെ പ്രത്യേകം സൂക്ഷിക്കുക. പുരുഷന്മാർ തങ്ങളുടെ പണപേഴ്സുകൾ, ജാക്കറ്റിനകത്തോ പാൻറ്സിന്റെ മുമ്പിലോ ഉള്ള പോക്കറ്റു പോലെ മറ്റുള്ളവർക്ക് എളുപ്പം കണ്ടെത്താൻ കഴിയാത്തതും സുരക്ഷിതവുമായ ഒരിടത്തു വയ്ക്കണം. അനുഭവപരിചയമുള്ള യാത്രക്കാർ മിക്കപ്പോഴും വിദഗ്ധമായ രീതികളിൽ പണം തങ്ങളുടെ ശരീരത്തിൽ മറച്ചുവെക്കുന്നു. ഉദാഹരണത്തിന്, ചിലർ തങ്ങളുടെ പണം, പാസ്പോർട്ടുകൾ, വിസകൾ എന്നിവ ഒരു ചെറിയ പരന്ന സഞ്ചിയിലാക്കി കഴുത്തിനുചുറ്റുമായി തങ്ങളുടെ വസ്ത്രത്തിനുള്ളിൽ കൊണ്ടുനടക്കുന്നു. സൈക്കിൾ യാത്രക്കാരോ മോട്ടോർസൈക്കിൾ യാത്രക്കാരോ, അശ്രദ്ധമായി പിടിച്ചിരിക്കുന്ന ബാഗ് തട്ടിപ്പറിച്ചു കൊണ്ടുപോകാതിരിക്കാൻ സ്ത്രീകൾ സൂക്ഷിക്കണം.
വിനോദസഞ്ചാരികളെ വേട്ടയാടുന്നതിനു കുറ്റവാളികൾ പുതിയ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ദീർഘദൂര എക്സ്പ്രസ് തീവണ്ടികളിൽ, ഉറങ്ങുന്ന യാത്രക്കാർ രാത്രികാലങ്ങളിൽ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. കൈവശമുള്ള വസ്തുക്കൾ കൊള്ളയടിക്കപ്പെടുന്നതുവരെ ഉണരുകയില്ലെന്ന് ഉറപ്പുവരുത്താൻ കമ്പാർട്ടുമെൻറിൽ ഉറക്കമുണ്ടാക്കുന്ന വസ്തുക്കൾ ഉത്സർജിക്കുന്നു. ദി യൂറോപ്യൻ പറയുന്നതനുസരിച്ച്, ഒരു സന്ദർഭത്തിൽ “മോഷ്ടാക്കൾ 8,45,000-ത്തിലേറെ ഡോളറുമായി—പണമായും മോഷ്ടിക്കപ്പെട്ട വസ്തുക്കളായും—ട്രെയിനിൽനിന്നു പതുക്കെ കടന്നുകളഞ്ഞതായി കരുതപ്പെടുന്നു.”
അത്യാഹിതങ്ങൾ ഒഴിവാക്കുക
“പതിവായുള്ള അത്യാഹിതങ്ങൾ ഒഴിവാക്കാൻ എനിക്കുള്ള ഏക പരിഹാരം ദിവസം മുഴുവനും കിടക്കയിൽതന്നെ കഴിയുക എന്നതാണ്,” ഫലിതക്കാരനായ റോബർട്ട് ബെഞ്ച്ലി പറഞ്ഞു. പക്ഷേ എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “എങ്കിൽപ്പോലും നിങ്ങൾ താഴെ വീഴാനുള്ള സാധ്യത എപ്പോഴുമുണ്ട്.” അത്യാഹിതങ്ങൾ എവിടെവെച്ചും സംഭവിക്കാമെന്നതാണു വാസ്തവം! അതുകൊണ്ട് ഒരു അത്യാഹിതത്തെ ഭയപ്പെട്ട് അവധിക്കുപോകാതെ നിങ്ങൾ വീട്ടിൽതന്നെ ഒതുങ്ങിക്കഴിയേണ്ടതില്ല. എന്നാൽ, അവധിക്കാലം ചെലവഴിക്കുന്നതിനിടയ്ക്ക് ജാഗ്രത പുലർത്തേണ്ടതിന് ഒരു പ്രത്യേക കാരണമുണ്ട്.
അവധിക്കാലങ്ങളിൽ ഗതാഗത സാഹചര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെവന്നേക്കാം. ഇത്തരത്തിലുള്ള സമയങ്ങളിലുണ്ടാകുന്ന 80 കിലോമീറ്റർ ദൂരംവരുന്ന ഗതാഗതക്കുരുക്കുകൾ ജർമൻക്കാർക്കു സുപരിചിതമാണ്. 1989 ആഗസ്റ്റ് 14-ലെ ടൈം മാഗസിൻ ഇപ്രകാരം പ്രസ്താവിച്ചു: “കഴിഞ്ഞ ആഴ്ചയിൽ യൂറോപ്പിലുടനീളം ലക്ഷക്കണക്കിനു കുടുംബങ്ങൾ പരമ്പരാഗതമായ തങ്ങളുടെ ആഗസ്റ്റ് അവധിക്കാലം ചെലവിടാൻ ആരംഭിച്ചു. എല്ലാവർക്കും അത് അസുഖകരവും തളർത്തുന്നതുമായ ഒരു സമയമായി അനുഭവപ്പെട്ടു. . . . വാസ്തവത്തിൽ പാരീസിൽനിന്നുള്ള പ്രധാനപ്പെട്ട ഹൈവേകൾ എല്ലാംതന്നെ തിങ്ങിനിറഞ്ഞു. . . . ജൂലൈ 28-നും ആഗ.1-നും ഇടയ്ക്ക് ഹൈവേകളിൽ നടന്ന വാഹനാപകടങ്ങളുടെ ഫലമായി 102 പേർ മരിച്ചു.” അതുകൊണ്ട്, പിരിമുറുക്കം കുറയ്ക്കാൻ ബുദ്ധിപൂർവം ഇടയ്ക്കിടയ്ക്കു നിർത്തി നിർത്തി വണ്ടിയോടിക്കുക.
മോട്ടോർവാഹനങ്ങൾ ഓടിക്കുന്നവർ “തങ്ങളുടെ യാത്ര ഞായറാഴ്ച വരെ നീട്ടിവെക്കാൻ—അല്ലെങ്കിൽ രാത്രി യാത്ര ചെയ്യാൻ”—ഉള്ള ഒരുപദേശം ദി യൂറോപ്യൻ റിപ്പോർട്ടു ചെയ്തിരുന്നു. എങ്കിലും, അവധിക്കു പോകുന്നവർ “ഒരേ സമയത്തുതന്നെ പുറപ്പെടാൻ നിർബന്ധം കാണിക്കുന്നു”വെന്ന് അതു സമ്മതിച്ചു. ഫലമോ? യൂറോപ്പിൽ ഗതാഗതക്കുരുക്ക്. അധികം തിരക്കില്ലാത്ത റോഡിലൂടെ യാത്ര ചെയ്യുന്നതാണു ബുദ്ധിയെങ്കിലും രാത്രിയിലെ യാത്ര അപകടകരമാണെന്ന വസ്തുത തള്ളിക്കളയരുത്. രാത്രിയിൽ ഒരു വ്യക്തിക്കു നന്നായി കാണാൻ സാധിക്കാത്തതുകൊണ്ട് അത്യാഹിതങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. യാത്രയ്ക്ക് ഏറ്റവും പറ്റിയ സമയം പുലർച്ചയായിരിക്കാം.
അത്യാഹിതങ്ങളുണ്ടാകാൻ സാധ്യതയുള്ള മറ്റ് ഉറവിടങ്ങൾ തള്ളിക്കളയരുത്. നിങ്ങളുടെ പേശികൾ, വർഷത്തിലെ ഭൂരിഭാഗം സമയത്തും നിങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ ശരിയായ പാകപ്പെടുത്തലില്ലാതെ അവയെ പ്രവർത്തിപ്പിക്കുന്നപക്ഷം അവ വഴങ്ങാതെ വന്നേക്കാം. അതുകൊണ്ട് നിങ്ങളുടെ ശരീരം പരിക്കുകൾക്കു വശംവദമായേക്കാവുന്ന ആദ്യത്തെ ഏതാനും ദിവസങ്ങളിൽ കായിക പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക.
ആരോഗ്യം നിലനിർത്തുക
2000 എവരിഡേ ഹെൽത്ത് ടിപ്പ്സ് ഫോർ ബെറ്റർ ഹെൽത്ത് ആൻറ് ഹാപ്പിനെസ് എന്ന പുസ്തകം പറയുന്നതനുസരിച്ച്, “വിദേശങ്ങളിലേക്കു യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും പൊതുവായ ആരോഗ്യപ്രശ്നങ്ങൾ ഭക്ഷണം, ജലം, ഏതാനും പകർച്ചവ്യാധികൾ എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്.” ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുവേണ്ട ഉപദേശങ്ങൾ ട്രാവൽ ഏജൻറുമാർ നൽകിയേക്കാം. അവരുടെ നിർദേശങ്ങൾ പിൻപറ്റുന്നതു ബുദ്ധിയായിരിക്കും.
ഒട്ടേറെ പ്രദേശങ്ങളിൽ, പൈപ്പു വെള്ളം കുടിക്കാതിരിക്കേണ്ടതു പ്രധാനമാണ്. മാത്രമല്ല, ഐസുകട്ടകൾ അത്തരത്തിലുള്ള വെള്ളത്തിൽനിന്ന് ഉണ്ടാക്കിയിരിക്കാനാണു സാധ്യതയെന്നതും ഓർമിക്കുക. ഇലക്കറികൾ, മയോണെയ്സ്, ക്രീം പുരട്ടിയ വിഭവങ്ങൾ, വേവിക്കാത്ത അല്ലെങ്കിൽ ശരിക്കും വേവിക്കാത്ത മാംസം, കക്കാ എന്നിവ ഭക്ഷിക്കുന്നത് ഒഴിവാക്കുന്നതും അതുപോലെതന്നെ പഴങ്ങൾ നിങ്ങൾതന്നെ തൊലിപൊളിച്ചു ഭക്ഷിക്കുന്നതും ബുദ്ധിയായിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പാൽ കുടിക്കുന്നതിനു മുമ്പ് അതു തിളപ്പിക്കണം.
അവധിക്കാലം ചെലവിടാൻ വരുന്നവരിലെ അൽപ്പവസ്ത്രധാരികളായവർക്ക് അപകടത്തിന്റെ ഒരു പ്രധാനപ്പെട്ട ഉറവിടം സൂര്യനാണ്. സമീപ വർഷങ്ങളിൽ അന്തരീക്ഷത്തിലെ ഓസോണിന്റെ കുറവുമൂലം അപകടം അസാധാരണമാംവിധം ഉയർന്നിട്ടുണ്ട്. ഐക്യനാടുകളിൽ 1980-നും 1993-നും ഇടയ്ക്ക് ചർമാർബുദത്തിന്റെ ഏറ്റവും മാരക രൂപമായ മെലനോമ ബാധിച്ച പുതിയകേസുകൾ ഇരട്ടിച്ചിരുന്നു. “സ്ലിപ്പ്! സ്ലോപ്പ്! സ്ലാപ്പ്!” (ഷർട്ടിടുക, സൺസ്ക്രീൻ ലോഷൻ വാരിപ്പുരട്ടുക, തൊപ്പി വെക്കുക) എന്ന പരസ്യവാക്യം എഴുതിയ ടീ ഷർട്ടുകൾ ഓസ്ട്രേലിയയിൽ ശ്രദ്ധേയമാണ്. പക്ഷേ ഒരു വ്യാജ സുരക്ഷിതത്വബോധത്തിലേക്കു വഴുതിവീഴരുത്. കാരണം, സൺസ്ക്രീൻ ലോഷൻ ഒരിക്കലും അപകടവിമുക്തമല്ല.
നിരവധി സമയ മേഖലകൾ മുറിച്ചുകടന്നുകൊണ്ടുള്ള വിമാനയാത്ര, ജെറ്റ് യാത്രാസ്വാസ്ഥ്യങ്ങളിൽ കലാശിച്ചേക്കാം. ജെറ്റ് യാത്രാസ്വാസ്ഥ്യങ്ങൾ അതിൽതന്നെ ഒരു അസുഖമല്ലെങ്കിലും അതിന് ഒരു വ്യക്തിയുടെ ശരീരസുഖത്തെ താറുമാറാക്കാൻ കഴിയും, പ്രത്യേകിച്ച് അയാൾ ആരോഗ്യമുള്ള ഒരു വ്യക്തിയല്ലെങ്കിൽ. എട്ടു മണിക്കൂർ നേരത്തെ യാത്രയുള്ള ലണ്ടനും സാൻ ഫ്രാൻസിസ്ക്കോയ്ക്കും ഇടയ്ക്ക് സഞ്ചരിക്കുന്ന വിമാനയാത്രക്കാരെക്കുറിച്ചുള്ള ഒരു പഠനം, “ശാരീരികമായ പൊരുത്തപ്പെടലിന് . . . കുറഞ്ഞത് ഏഴു മുതൽ പത്തു വരെ ദിവസങ്ങൾ എടുക്കു”മെന്നു വെളിപ്പെടുത്തി. ശരീരയന്ത്രം (ഇംഗ്ലീഷ്) എന്ന പുസ്തകവും, നിരവധി സമയ മേഖലകൾ പെട്ടെന്നു മുറിച്ചുകടക്കേണ്ടിവരുന്ന യാത്രക്കാരിൽ ചിലർ “സംസാരസ്പഷ്ടതയില്ലാത്തവരും വൈമുഖ്യരുമായി കാണപ്പെട്ടെന്നും, അവർക്കു തെറ്റു പറ്റാനുള്ള സാധ്യത ഇരട്ടിയായിരുന്നുവെന്നും കൂടാതെ, ഏകാഗ്രതയും ഓർമശക്തിയും സാരമായി ബാധിക്കപ്പെട്ടു,” എന്നും റിപ്പോർട്ടു ചെയ്തു.a
കൂടാതെ, രോഗങ്ങൾ ഏതാനും മണിക്കൂറുകൾകൊണ്ട് ഒരു ഭൂഖണ്ഡത്തിൽനിന്നു മറ്റൊന്നിലേക്കു പടരാൻ വിമാനയാത്രകൾ ഇടയാക്കുന്നു. ജർമൻ വർത്തമാനപത്രമായ നാസയിഷെ നൊയി പ്രെസെ സൂചിപ്പിച്ചു: “അവധിക്കു പോയവർ ആഫ്രിക്ക, ഏഷ്യ, അല്ലെങ്കിൽ തെക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്നു കൊണ്ടുവരുന്ന മലേറിയയോ ഹെപ്പറ്റൈറ്റിസോ പോലുള്ള ‘വൈദേശിക’ രോഗങ്ങളെക്കുറിച്ചാണു വിശേഷിച്ചും ഡോക്ടർമാർ വേവലാതിപ്പെടുന്നത്. എല്ലാ വർഷവും ഏതാണ്ട് 2,000 ജർമൻകാർ മലേറിയയുമായി സ്വന്തരാജ്യത്തു മടങ്ങിയെത്തുന്നു.” 1994-ൽ ഇന്ത്യയിലുണ്ടായ ബ്യൂബോണിക്ക് പ്ലേഗിനെത്തുടർന്ന്, അത് മറ്റു രാജ്യങ്ങളിലേക്കു പടരാതിരിക്കാൻവേണ്ട ശക്തമായ മുൻകരുതലുകളെടുത്തിരുന്നു.
വിട്ടുമാറാത്ത ശാരീരിക പ്രശ്നങ്ങളുള്ളവരും അതുപോലെതന്നെ ഗർഭിണികളും യാത്രചെയ്യുന്ന സമയത്തു കൂടുതൽ മുൻകരുതലുകളെടുക്കണം. മിക്ക കേസുകളിലും ഇത്തരത്തിലുള്ളവർക്കു യാത്രയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ മാത്രമുള്ള കാരണങ്ങളൊന്നുമില്ലെങ്കിലും തങ്ങളുടെ ഡോക്ടർമാരിൽനിന്ന് അവർ മുൻകൂട്ടി ഉപദേശം തേടണം. യാത്രചെയ്യുന്ന എല്ലാവരുംതന്നെ, അടിയന്തിരഘട്ടങ്ങളിൽ വന്നെത്താൻ സാധിക്കുന്ന ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ പേര്, മേൽവിലാസം, ടെലഫോൺ നമ്പർ എന്നിവ കൂടെ കരുതുന്നതു ബുദ്ധിയായിരിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സമതുലിതാവസ്ഥയിൽ നിർത്തുന്നതിനു പതിവായി ഇൻസുലിൻ കുത്തിവെപ്പ് ആവശ്യമുള്ള ഒരു വ്യക്തി, നിരവധി സമയമേഖലകൾ മുറിച്ചുകടക്കേണ്ടി വരുന്നത് ആഹാരത്തിന്റെയും കുത്തിവെപ്പിന്റെയും ശ്രദ്ധാപൂർവമുള്ള തന്റെ പട്ടികയെ അലങ്കോലപ്പെടുത്തുമെന്നതു മനസ്സിൽ പിടിക്കണം. അയാൾ മുൻകൂട്ടി അതിൻപ്രകാരം ആസൂത്രണം ചെയ്യണം. ഹൃദയത്തോട് പേസ്മേക്കർ ഘടിപ്പിച്ചിട്ടുള്ള ഒരു യാത്രക്കാരനാണെങ്കിലോ, തന്റെ കാർഡിയോളജിസ്റ്റിന്റെ ഫോൺനമ്പർ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
സർവോപരി, പ്രത്യേക മരുന്നുകളെ ആശ്രയിക്കുന്നവർ, അതു തങ്ങൾ കൂടെക്കൊണ്ടുനടക്കുന്ന ലഗേജിനോടൊപ്പം വെക്കണം. കാരണം, ലഗേജ് നഷ്ടപ്പെടുകയോ തെറ്റായ സ്ഥലത്ത് എത്തിപ്പെടുകയോ ചെയ്യുന്നതു വിപത്കരമായേക്കാം. ഏറെ ദിവസം വസ്ത്രം മാറ്റിയുടുക്കാനില്ലാതെ വരുന്നത് അസുഖകരമായിരുന്നേക്കാം; എന്നാൽ ഏതാനും മണിക്കൂറുകൾ പോലും ആവശ്യമായ മരുന്നില്ലാതെ വരുന്നതു ജീവനെ അപകടപ്പെടുത്തിയേക്കാം.
അവധിക്കാല യാത്രയിലെ അപകടങ്ങളെ നിസ്സാരീകരിക്കാവുന്നതല്ല. എങ്കിലും, പേടിച്ചു വീട്ടിൽതന്നെ കഴിയാൻ മാത്രമുള്ള യാതൊരു കാരണവും ഇല്ലതാനും. ജാഗ്രതയുള്ളവരായിരിക്കുക എന്നുമാത്രം. ഓർക്കുക: ഉചിതമായ തയ്യാറെടുപ്പ്, സംഭവിക്കാനിടയുള്ള ആപത്തുകളെ ചെറുക്കാൻ സഹായിക്കും. ബുദ്ധിപൂർവമായ ഈ ഉപദേശം പിൻതുടരുക: “സൂക്ഷ്മബുദ്ധി അനർഥം വരുന്നതു കണ്ട് പതുങ്ങിക്കിടക്കുന്നു; അൽപ്പബുദ്ധിയോ നേരെ ചെന്നു വിലയൊടുക്കുന്നു.”—സദൃശവാക്യങ്ങൾ 22:3, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
[അടിക്കുറിപ്പ്]
a ജെറ്റ് യാത്രാസ്വാസ്ഥ്യത്തെ സംബന്ധിച്ച് എന്തുചെയ്യാൻ കഴിയുമെന്നതിന് 1987 മേയ് 8 ഉണരുക!യുടെ 21-23 പേജുകൾ കാണുക.
[7-ാം പേജിലെ ചിത്രം]
അവധിക്കാലത്തു നിങ്ങൾ ഭക്ഷിക്കുന്നതു സംബന്ധിച്ചു ജാഗ്രത പുലർത്തുക