ലോകത്തെ വീക്ഷിക്കൽ
വിശുദ്ധ തിരുവെഴുത്തുകൾ 2,123 ഭാഷകളിൽ
വെറ്റെറൗർ സൈറ്റുങ് പറയുന്നതനുസരിച്ച്, വിശുദ്ധ തിരുവെഴുത്തുകൾ 2,100-ലധികം ഭാഷകളിൽ ലഭ്യമാണെന്ന് ജർമൻ ബൈബിൾ സൊസൈററിയുടെ പ്രസ് സെക്രട്ടറിയായ ഹാന്നാ കികെൽ-ആൻഡ്രാ അടുത്തയിടെ അറിയിച്ചു. മനുഷ്യരാശി ഏതാണ്ട് 6,000 ഭാഷകളും ഉപഭാഷകളും സംസാരിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. മൊത്തമുള്ള സംസാര ഭാഷകളിൽ മൂന്നിലൊന്നിലധികം എണ്ണത്തിൽ ദൈവവചനത്തിന്റെ ഭാഗങ്ങളെങ്കിലും ലഭ്യമാണെന്ന് അത് അർഥമാക്കുന്നു. ബിബെൽറിപ്പോർട്ട് മാസിക പറയുന്നപ്രകാരം, സമ്പൂർണ ബൈബിൾ ഇപ്പോൾ 349 ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. “പുതിയ നിയമം” 841 ഭാഷകളിലും ബൈബിളിന്റെ മറ്റു ഭാഗങ്ങൾ 933 ഭാഷകളിലും ലഭ്യമാണ്, അങ്ങനെ മൊത്തം 2,123 ഭാഷകളിൽ. മിക്ക പരിഭാഷാ സംഘങ്ങൾക്കും “പുതിയ നിയമ”ത്തിന്റെ പരിഭാഷയ്ക്ക് ഏകദേശം നാലു വർഷവും “പഴയനിയമ”ത്തിന്റെ പരിഭാഷയ്ക്ക് ഏകദേശം എട്ടു വർഷവും ആവശ്യമാണ്. 600 മറ്റു പരിഭാഷാ പദ്ധതികളുടെ ജോലി തുടരുന്നു.
വിഷബാധിത തിമിംഗലം
ഡെൻമാർക്കിന്റെ വടക്കൻ തീരത്തുനിന്നു കുറച്ചകലെ, തിരക്കേറിയ കപ്പൽ പാതയിൽ ചത്തനിലയിൽ കാണപ്പെട്ട ഒരു വെള്ളത്തിമിംഗലത്തിൽ വളരെയേറെ “മെർക്കുറിയും കാഡ്മിയവും ഉണ്ടായിരുന്നതിനാൽ, അപകടകരമായ പാഴ്വസ്തുക്കൾക്കായുള്ള ഒരു പ്രത്യേക സ്ഥലത്ത് അതിന്റെ കുടൽ കുഴിച്ചിടേണ്ടിവന്നു” എന്ന് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ എന്ന വർത്തമാനപത്രം വിവരിക്കുന്നു. വിഷമുള്ള ഈ ലോഹങ്ങളുടെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. സമുദ്രങ്ങളുടെ ഗുരുതരമായ മലനീകരണത്തിന്റെ വ്യക്തമായ സൂചനയായി ചിലർ ഇതിനെ വീക്ഷിക്കുമ്പോൾ, ജന്തുശാസ്ത്രജ്ഞൻമാർ പ്രകൃതിദത്ത കാരണങ്ങളെയാണു പരാമർശിക്കുന്നതെന്ന് അതേ സംഭവത്തെപ്പറ്റി ചർച്ചചെയ്യവേ ടൈം മാസിക കൂട്ടിച്ചേർത്തു. വെള്ളത്തിമിംഗലങ്ങൾ നീരാളികളെയാണു പ്രധാനമായും ആഹരിക്കുന്നത്, ഈ നീരാളികളിൽ ചിലതിനു പ്രകൃതിദത്തമായി ഉയർന്ന അളവിൽ കാഡ്മിയം ഉണ്ടെന്ന് കോപ്പെൻഹേഗൻ ജന്തുശാസ്ത്ര മ്യൂസിയത്തിലെ തിമിംഗലശാസ്ത്രജ്ഞനായ കാൾ കിൻസെ ചൂണ്ടിക്കാട്ടുന്നു.
ചൂതാട്ടത്തിന് ഒടുക്കുന്ന ഭാരിച്ച വില
ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലെ ഗവൺമെൻറു നടത്തിയ ഒരു സർവേ ചൂതാട്ടത്തിന്റെ ഫലങ്ങൾ സംബന്ധിച്ചു ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ദ സൺഡേ ടെലഗ്രാഫ് പറയുന്നതനുസരിച്ച്, സർവേ ചെയ്യപ്പെട്ടവരിൽ 40 ശതമാനത്തോളം ആളുകൾ തങ്ങൾ വാരംതോറും ചൂതുകളിക്കുന്നുവെന്നു പറഞ്ഞു. അവരിൽതന്നെ, 10-ൽ 2 പേരിലധികം പ്രസ്തുത ശീലത്തിന് ഒരാഴ്ച 100 ഡോളറിലധികം ചെലവഴിക്കുന്നുവെന്നു സമ്മതിച്ചു. ചൂതാട്ട പ്രശ്നങ്ങൾ വികസിപ്പിച്ചെടുക്കാൻ ഏറ്റം വർധിച്ച സാധ്യതയുള്ള ഗണം “മോട്ടോർവാഹന പന്തയമോ കുതിരപ്പന്തയമോ ഇഷ്ടപ്പെടുന്ന ഏകാകികളായ യുവാക്കൾ” ആയിരുന്നു. ഉയർന്ന അപകടസാധ്യതയുള്ള മറ്റൊരു ഗണത്തിൽ ഉൾപ്പെട്ടിരുന്നത്, “പ്രതിവർഷം 20,000-ത്തിൽ താഴെ ഡോളർ സമ്പാദിക്കുന്നവർ, തൊഴിലില്ലാത്തവർ, ജോലിയിൽനിന്നു വിരമിച്ചവർ എന്നിവരാണ്.” മാത്രമല്ല, “15 ശതമാനത്തോളം എൻഎസ്ഡബ്ലിയു [ന്യൂ സൗത്ത് വെയിൽസ്] കുടുംബങ്ങൾ അമിത ചൂതാട്ടത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിച്ചിരിക്കുന്ന”തായി സർവേ വെളിപ്പെടുത്തി. അതിനു പുറമെ, “ഉത്പാദനക്ഷമതാനഷ്ടം, പാപ്പരത്തം, വിവാഹമോചന ചെലവുകൾ തുടങ്ങിയവ നിമിത്തം ചൂതാട്ട ആസക്തർ എൻഎസ്ഡബ്ലിയു-വിന് പ്രതിവർഷം 50 ദശലക്ഷം ഡോളർ ചെലവുവരുത്തുന്നു.”
കത്തോലിക്കരിൽ തൊട്ടുകൂടാത്തവരോ?
നൂറ്റാണ്ടുകളായി ഇന്ത്യയിൽ, തൊട്ടുകൂടാത്തവർ എന്നു പറയപ്പെടുന്നവരുടെ ജാതിയിൽ ജനിക്കുന്ന അനേകർ ഹൈന്ദവ ജാതി സമ്പ്രദായത്തിൽനിന്നു രക്ഷപ്പെടാമെന്നു പ്രത്യാശിച്ചുകൊണ്ട് കത്തോലിക്കാ മതത്തിലേക്കു പരിവർത്തനം ചെയ്തിട്ടുണ്ട്. “എന്നാൽ തങ്ങളുടെ ജാതിയുടെ കെട്ടുംമട്ടും കുടഞ്ഞുകളയാൻ അവർ പ്രാപ്തരായെന്ന് അത് അർഥമാക്കുന്നില്ലെ”ന്ന് പാരീസ് വർത്തമാനപത്രമായ ല മോൺട് പറയുന്നു. ഉയർന്ന ജാതിയിൽപെട്ട ഇന്ത്യൻ കത്തോലിക്കർ താഴ്ന്ന ജാതിയിൽപെട്ട കത്തോലിക്കരോട് തൊട്ടുകൂടാത്തവരോടെന്നപോലെ പെരുമാറുന്നതിൽ തുടർന്നിരിക്കുന്നു. “തത്ഫലമായി താഴ്ന്ന ജാതിയിലും ഉയർന്ന ജാതിയിലുംപെട്ട കത്തോലിക്കർ പ്രാർഥിക്കാനായി പള്ളിയിൽ പോകുമ്പോൾ വെവ്വേറെ പംക്തികളിൽ ഇരിക്കുന്നു”വെന്ന് ല മോൺട് പറയുന്നു.
സാങ്കൽപ്പിക ബഹുമതിസംജ്ഞകൾ
“പോഷകവിദഗ്ധൻ,” “ചികിത്സാവിദഗ്ധൻ,” “പഥ്യാഹാരവിദഗ്ധൻ” തുടങ്ങിയ ബഹുമതിസംജ്ഞകൾ ഐക്യനാടുകളിൽ, അയോഗ്യരായ സ്വയംപ്രഖ്യാപിത ആളുകൾ മിക്കപ്പോഴും ഉപയോഗിക്കുന്നു. ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഡയറ്റ് & ന്യൂട്രീഷൻ ലെറ്റർ പറയുന്നതനുസരിച്ച് ഒട്ടേറെ സംസ്ഥാനങ്ങളിൽ “വിദ്യാഭ്യാസം ഗണ്യമാക്കാതെതന്നെ ഏതൊരുവനും പോഷകവിദഗ്ധനാണെന്ന് അവകാശപ്പെടാൻ കഴിയും, നിയമപരമായ പിഴനൽകേണ്ടിവരുമെന്ന ഭയമില്ലാതെതന്നെ.” അടുത്തയിടെ ഗവേഷകർ 32 സംസ്ഥാനങ്ങളിലെ ടെലഫോൺ ഡയറക്ടറികൾ പരിശോധിച്ചിട്ട്, “‘പോഷകവിദഗ്ധർ’ എന്നും ‘ചികിത്സാവിദഗ്ധർ’ എന്നും ഉള്ള ശീർഷകങ്ങൾക്കു കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിദഗ്ധർ എന്നു പറയപ്പെടുന്നവരിൽ പകുതിയിൽ താഴെ ആളുകളെ ശരിയായ, ശാസ്ത്രീയമായി അടിസ്ഥാനമുള്ള പോഷകമൂല്യ വിവരത്തിന്റെ വിശ്വാസയോഗ്യമായ ഉറവിടമായിരിക്കുന്നുള്ളൂ’വെന്ന് കണ്ടുപിടിച്ചു. മഞ്ഞ പേജുകളിൽ (വാണിജ്യ ടെലഫോൺ പട്ടികകൾ) “പിഎച്ച്ഡി” ബിരുദധാരികളായി പട്ടികപ്പെടുത്തിയിരിക്കുന്ന പോഷകവിദഗ്ധരുടെ ഏതാണ്ട് 70 ശതമാനം സാങ്കൽപ്പിക ബഹുമതിസംജ്ഞകൾ വെക്കുകയോ വഞ്ചകമായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നതായി കണ്ടെത്തി.
കുട്ടികളുടെ സ്വാധീനം
“ബ്രസീലിലെ കുട്ടികൾക്കു ഭവനത്തിൽ നിയന്ത്രണശക്തിയുണ്ട്, അവർ മാതാപിതാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയും വർഷംതോറും ഏകദേശം 5,000 കോടി ഡോളർ (യു.എസ്.) ചെലവഴിക്കുകയും ചെയ്യുന്നു”വെന്ന് വേഴ മാസിക റിപ്പോർട്ടു ചെയ്യുന്നു. “കുട്ടികൾ തനിച്ച് ടിവി പരിപാടികൾ തിരഞ്ഞെടുക്കുന്നു. കാരണം മുതിർന്നവർ മറ്റു കാര്യങ്ങളിൽ വ്യാപൃതരാണ്. പിതാവിന്റെയോ മാതാവിന്റെയോ മേൽനോട്ടമില്ലാതെ അവർ സ്കൂൾ കാമ്പസിലേക്കു പോകുന്നു. . . . അവരെ സാമൂഹിക കൂടിവരവുകൾക്കു സ്വതന്ത്രമായി വിട്ടിരിക്കുന്നു, സുഹൃത്തുക്കളുടെ വീട്ടിൽ ഉറങ്ങുകയും ചെയ്യുന്നു.” ഇന്ന് അനേകം മാതാപിതാക്കൾ “ആത്മവിശ്വാസമുള്ളവരും സ്വതന്ത്രരുമായ കുട്ടികളെ ഇഷ്ടപ്പെടുന്നു, അവർ കഴിഞ്ഞ തലമുറകളിലെ കുട്ടികളെക്കാൾ അനുസരണം കുറഞ്ഞവരാണെങ്കിൽ പോലും.” മാനസികാരോഗ്യ വിദഗ്ധനായ ആൽബെർട്ടോ പെരേര ലിമ ഫില്യോ അഭിപ്രായപ്പെടുന്നതനുസരിച്ച്, “ഉദ്ബോധകരെന്ന നിലയിലുള്ള തങ്ങളുടെ പങ്ക് ത്യജിക്കുന്നതിനാൽ [മാതാപിതാക്കൾക്ക്] കുട്ടികൾക്കായി വ്യക്തമായ പരിധികൾ പ്രദാനം ചെയ്യാൻ കഴിയുകയില്ല.” “40 ശതമാനം കുട്ടികൾ മാതാപിതാക്കളെക്കാളധികം ഫുട്ബോൾ കളിക്കാരെ ആദരിക്കുന്ന”തായി ഒരു പഠനം കാണിച്ചതിൽ അതിശയിക്കാനില്ല.
വൂഡൂവിന് ഗവൺമെൻറ് അംഗീകാരം ലഭിക്കുന്നു
പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിൻ “വൂഡൂ ആചാരത്തിന് ഔദ്യോഗിക അംഗീകാരം” നൽകിയിരിക്കുന്നതായി നൈജീരിയയിലെ ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. ആ പത്രം പറയുന്ന പ്രകാരം, ഇത് “ആദ്യമായിട്ടാണ് എതെങ്കിലുമൊരു ഗവൺമെൻറ് പരമ്പരാഗത ആഫ്രിക്കൻ മതത്തിന്” ഔദ്യോഗിക സ്ഥാനം നൽകിയത്. അത്തരം അംഗീകാരത്തിന്റെ അർഥം, അദൃശ്യ ആത്മാക്കളെ ആരാധിക്കുന്നതിനും പ്രീണിപ്പിക്കുന്നതിനും വേണ്ടി ബലികൾ അർപ്പിക്കാവുന്ന ക്ഷേത്രങ്ങൾ പണിയുന്നതിന് വൂഡൂ ആചരിക്കുന്നവർക്കു നിയമപരമായ അവകാശമുണ്ടെന്നാണ്. ബെനിനിലെ 70 ശതമാനം ആളുകൾ വൂഡൂ ആചരിക്കുന്നുവെന്നു കണക്കാക്കപ്പെടുന്നു.
ചെലവേറിയ നിരായുധീകരണം
ജർമൻ ഗവേഷകർ അഭിപ്രായപ്പെടുന്ന പ്രകാരം, “1985-നും 1994-നും ഇടയ്ക്കു സൈനിക ചെലവുകൾ ലോകവ്യാപകമായി ഏകദേശം 30 ശതമാനം, അതായത് ‘വെറും’ 80,000 കോടി യു.എസ്. ഡോളറായി കുറഞ്ഞു.” ദ ബോൺ ഇൻറർനാഷണൽ സെൻറർ ഫോർ കൺവേർഷൻ (ബിഐസിസി), കൺവേർഷൻ സർവേ 1996 എന്ന ശീർഷകത്തോടുകൂടിയ അതിന്റെ ആദ്യത്തെ വാർഷിക പുസ്തകത്തിൽ ഈ വസ്തുതകൾ പ്രസിദ്ധീകരിച്ചു. 151 രാജ്യങ്ങളിൽ, 82 രാജ്യങ്ങൾ സൈനിക ചെലവു കുറച്ചപ്പോൾ 60 രാജ്യങ്ങൾ അതു വർധിപ്പിച്ചു. ജർമൻ മാസികയായ ഫോക്കസ് പ്രസ്താവിക്കുന്നതനുസരിച്ച്, “‘സമാധാന ഓഹരികൾ’ക്കുവേണ്ടിയുള്ള, അതായത് സഹായ, സാമൂഹിക പരിപാടികളുടെ വികസനത്തിനുവേണ്ടി ശതകോടിക്കണക്കിനു ഡോളർ പുനർവിതരണം ചെയ്യാനുള്ള, പ്രതീക്ഷ ഇപ്പോഴും നിവൃത്തിയേറാതെ പോയിരിക്കുന്നു.” “സൈനിക ഉപകരണങ്ങളുടെ കുറയ്ക്കൽ, ആയുധീകരണ മേഖലയിൽ ലാഭിച്ച പണത്തെ നിഷ്ഫലമാക്കുന്ന ചെലവുകൾ ഉളവാക്കിയിരിക്കുന്നു”വെന്ന് ബിഐസിസി വിദഗ്ധർ പ്രസ്താവിച്ചു.
പാത്രം തുടയ്ക്കുന്ന തുണി രോഗമുണ്ടാക്കിയേക്കാം
പാത്രം തുടയ്ക്കാൻ ഉപയോഗിച്ച തുണികളിലും അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകളിലും ഉപദ്രവകാരികളായ ബാക്ടീരിയാകളെ ഗണ്യമായ അളവിൽ ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയിരിക്കുന്നു. യൂസി ബെർക്കലെ വെൽനെസ് ലെറ്റർ പറയുന്നപ്രകാരം, പരിശോധിച്ച 500 നനഞ്ഞ തുണികളിലും സ്പോഞ്ചുകളിലും “മൂന്നിൽ രണ്ടിൽ, ആളുകളെ രോഗികളാക്കാൻ കഴിയുന്ന ബാക്ടീരിയ ഉണ്ടായിരുന്നു”വെന്ന് അടുത്തകാലത്തെ ഒരു പഠനം വെളിപ്പെടുത്തി. നാലിൽ ഒന്നിൽ, ഐക്യനാടുകളിലെ “ഭക്ഷ്യജന്യ രോഗങ്ങളുടെ രണ്ടു പ്രമുഖ കാരണങ്ങളായ സാൽമൊണെല്ലയോ സ്റ്റാഫിലോകോക്കസോ അടങ്ങിയിരുന്നു.” സ്പോഞ്ചുകൾ പതിവായി മാറ്റാനും പാത്രം തുടയ്ക്കുന്ന തുണികൾ കൂടെക്കൂടെ കഴുകാനും വിദഗ്ധർ ശുപാർശ ചെയ്യുന്നു. “പാത്രം തുടയ്ക്കുന്ന തുണികളും സ്പോഞ്ചുകളും അഴുക്കുപിടിച്ച പാത്രങ്ങളോടൊപ്പം പാത്രം കഴുകുന്ന മെഷീനിലോ അല്ലെങ്കിൽ വാഷിങ് മെഷീനിലോ നിങ്ങൾക്ക് ഇടാവുന്നതാണെ”ന്ന് വെൽനെസ് ലെറ്റർ പറയുന്നു. വീണ്ടും ഉപയോഗിക്കാവുന്ന തുണികൾക്കോ സ്പോഞ്ചുകൾക്കോ പകരം കടലാസ് ടവൽകൊണ്ട് പച്ചമാംസം വെച്ചസ്ഥലം വൃത്തിയാക്കാവുന്നതാണ്.
ഹൃദയം തുറന്നുള്ള വീഡിയോ ശസ്ത്രക്രിയ
അടുത്തയിടെ പാരീസിലെ ഒരു ആശുപത്രി 30 വയസ്സുള്ള ഒരു സ്ത്രീയിൽ, ആദ്യമായി ഹൃദയം തുറന്നുള്ള വീഡിയോ ശസ്ത്രക്രിയ നടത്തിയെന്ന ഖ്യാതി സാർവദേശീയ തലത്തിൽ നേടിയതായി പാരീസ് ദിനപ്പത്രമായ ല മോൺട് റിപ്പോർട്ടു ചെയ്യുന്നു. ഹൃദയം തുറന്നുള്ള സാധാരണ ശസ്ത്രക്രിയയ്ക്ക് മാറെല്ലിലൂടെ നെഞ്ചിൽ ഏകദേശം 20 സെൻറിമീറ്റർ മുറിവ് ആവശ്യമാണ്. എന്നാൽ ഈ പുതിയ സാങ്കേതികവിദ്യയനുസരിച്ച് നാലു സെൻറിമീറ്റർ മുറിവേ ആവശ്യമുള്ളൂ. അതേസമയം മറ്റൊരു ചെറിയ ദ്വാരം ശസ്ത്രക്രിയാ വിദഗ്ധനു വഴികാട്ടാൻ ഒരു ഫൈബർ-ഒപ്റ്റിക് കാമറയെ അനുവദിക്കുന്നു. രക്ഷ നഷ്ടം, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ദേഹപ്രവർത്തന മാന്ദ്യം, രോഗസംക്രമണത്തിന്റെ അപകടസാധ്യത എന്നിവ ഈ ശസ്ത്രക്രിയയിൽ വളരെ കുറവായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് വെറും 12 ദിവസത്തിനു ശേഷം രോഗി ആശുപത്രി വിടാൻ പ്രാപ്തനായിരുന്നു. ലോകവ്യാപകമായി ഓരോ വർഷവും ഏതാണ്ട് പത്തു ലക്ഷം ആളുകൾ ഹൃദയം തുറന്നുള്ള സാധാരണ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നു.
ക്ഷയരോഗ ബാധ
“ലോക ജനസംഖ്യയുടെ മൂന്നിലൊന്നിന് ടിബി [ക്ഷയരോഗം] ബാധിച്ചിരിക്കുന്നു”വെന്നും ഈ നൂറ്റാണ്ടിൽ ഈ രോഗം മൂന്നുകോടി ആളുകളെ കൊന്നൊടുക്കുമെന്നു കരുതപ്പെടുന്നുവെന്നും ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ലോകാരോഗ്യ സംഘടന അതിനെ പുതിയ പകർച്ചവ്യാധി എന്ന് വിളിക്കുന്നു. അടുത്ത 10 വർഷംകൊണ്ട് സാധ്യതയനുസരിച്ച് 30 കോടി ആളുകളെ ബാധിച്ചുകൊണ്ട് അത് എയിഡ്സിനെക്കാൾ വ്യാപകവും വിനാശകവും ആയിത്തീരുമെന്നു പ്രസ്തുത സംഘടന ഊന്നിപ്പറയുന്നു. ഈ രോഗാണുക്കൾ വായുജന്യമാണെന്നുള്ള വസ്തുത ടിബി വളരെയേറെ സാംക്രമികമാണെന്ന് അർഥമാക്കുന്നു. റഷ്യയുടെ ചില ഭാഗങ്ങളിൽ ടിബി ഇപ്പോൾത്തന്നെ വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. ഈ രോഗാണുക്കളുടെ ഔഷധ-പ്രതിരോധ ഇനങ്ങൾ വികാസം പ്രാപിച്ചിരിക്കുന്നു. കാരണം ഒട്ടുമിക്ക ടിബി രോഗികളും രോഗപ്രതിരോധ ഔഷധങ്ങളുടെ ആറു മാസത്തെ കോഴ്സ് പൂർത്തീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് വൈദ്യസഹായ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. തത്ഫലമായി രോഗാണുക്കൾ പ്രതിരോധശക്തി വികസിപ്പിച്ചെടുത്ത് അതിജീവിക്കുന്നു.