അനേകർ കടത്തിലായിരിക്കുന്നതിന്റെ കാരണം
മധുവിധു ആഘോഷിച്ചിടത്തേക്കു മടങ്ങിക്കൊണ്ട് മൈക്കിളും റീനയും തങ്ങളുടെ ഒന്നാം വിവാഹ വാർഷികം കൊണ്ടാടി. എന്നാൽ അവരുടെ വിവാഹത്തിന്റെ രണ്ടാം വർഷത്തിന്റെ ആരംഭത്തിൽ അവർ ഒരു അസുഖകരമായ യാഥാർഥ്യത്തെ മുഖാമുഖം കണ്ടു. എത്രമാത്രം ചെലവു ചുരുക്കിയിട്ടും അവർക്കു തങ്ങളുടെ ബില്ലുകളെല്ലാം അടച്ചുതീർക്കാൻ കഴിഞ്ഞില്ല.
മറ്റൊരു ദമ്പതികളുടെ കാര്യം പരിഗണിക്കുക. റോണ്ടയെ വിവാഹം കഴിച്ചപ്പോൾ റോബർട്ടിന് ഒരു ചെറിയ വിദ്യാർഥി വായ്പയേ അടച്ചുതീർക്കാൻ ഉണ്ടായിരുന്നുള്ളൂ, അവൾക്കാണെങ്കിൽ തന്റെ കാറിന്റെ പണം ഗഡുക്കളായി അടയ്ക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ. റോബർട്ട് പറയുന്നു: “ഞങ്ങൾ മുഴുസമയം ജോലിചെയ്ത് ഇരുവരുംകൂടി മാസംതോറും 2,950 ഡോളർ സമ്പാദിച്ചു. പക്ഷേ, ഞങ്ങൾക്ക് എങ്ങും എത്താനായില്ല.” “ഞങ്ങൾ കാര്യമായി എന്തെങ്കിലും വാങ്ങുകയോ അസാധാരണമായി എന്തെങ്കിലും ചെയ്യുകയോ ചെയ്തില്ല. ഞങ്ങളുടെ പണം എവിടെ പോകുകയായിരുന്നുവെന്ന് എനിക്കു മനസ്സിലാക്കാനേ കഴിഞ്ഞില്ല,” റോണ്ട പറയുന്നു.
റോബർട്ടും റോണ്ടയും അലസരായിരുന്നില്ല. അതുപോലെതന്നെ മൈക്കിളും റീനയും. എന്തായിരുന്നു അവരുടെ പ്രശ്നം? ക്രെഡിറ്റ് കാർഡ് കടങ്ങൾ. വിവാഹത്തിന്റെ ആദ്യ വർഷം മൈക്കിളും റീനയും തങ്ങളുടെ ക്രെഡിറ്റ് കാർഡിൽ 14,000 ഡോളർ കടം വരുത്തി. വിവാഹിതരായി രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും റോബർട്ടിന്റെയും റോണ്ടയുടെയും ക്രെഡിറ്റ് കാർഡിലെ കടം മൊത്തം 6,000 ഡോളറായി.
കുടുംബസ്ഥനും മദ്ധ്യവയസ്കനുമായ അന്തോണിയും ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പ്രശ്നം ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ടതായിരുന്നില്ല. അദ്ദേഹം ജോലിചെയ്തുകൊണ്ടിരുന്ന കമ്പനി 1993-ൽ ചെറുതാകുകയും പ്രതിവർഷം 48,000 ഡോളർ ലഭിക്കുമായിരുന്ന മാനേജർ ജോലി അന്തോണിക്കു നഷ്ടപ്പെടുകയും ചെയ്തു. അതിനുശേഷം തന്റെ നാലംഗ കുടുംബത്തിനുവേണ്ടി കരുതുന്നത് അദ്ദേഹത്തിന് ഒരു വലിയ വെല്ലുവിളിയായിത്തീർന്നു. സമാനമായി, ന്യൂയോർക്ക് നഗരത്തിൽ വസിക്കുന്ന, ഭർത്താവില്ലാത്ത മാതാവായ ജാനെറ്റിന് ഏകദേശം 11,000 ഡോളർ വാർഷിക വരുമാനംകൊണ്ടു കഷ്ടിച്ചേ ചെലവുകൾ വഹിക്കാൻ കഴിഞ്ഞുള്ളൂ.
ഉചിതമായി കൈകാര്യം ചെയ്തുകൊണ്ടു മിക്ക പണപ്രശ്നങ്ങളും ലഘൂകരിക്കാമെന്നതു സത്യമാണെങ്കിലും, “തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്ന”തിനാൽ അനേകരും പ്രതികൂല സാഹചര്യത്തിലായിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നതാണു യാഥാർഥ്യം. (എഫെസ്യർ 4:17) ഗ്രേസ് ഡബ്ലിയു. വിൻസ്റ്റിൻ ദ ലൈഫ്ടൈം ബുക്ക് ഓഫ് മണി മാനേജ്മെൻറ് എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പ്രവചനാതീതമായ സമ്പദ്വ്യവസ്ഥ, ചെലവാക്കുന്നതും മിച്ചംവെക്കുന്നതും സംബന്ധിച്ച പുതിയ മനോഭാവങ്ങൾ, മാറ്റംഭവിക്കുന്ന ജീവിതരീതികൾ എന്നിവയാൽ സാമ്പത്തിക തന്ത്രത്തിന്റെ ഒട്ടുമിക്ക വ്യവസ്ഥകളും മാറിയിരിക്കുന്നു, കീഴ്മേൽ മറിഞ്ഞിരിക്കുന്നു.” നാം ജീവിക്കുന്ന കുഴഞ്ഞുമറിഞ്ഞ ഈ ലോകത്തിൽ, വ്യക്തിപരവും കുടുംബപരവുമായ പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതു കൂടുതൽ ദുഷ്കരമാണെന്ന് അധികമധികം ആളുകളും കണ്ടെത്തുന്നു.
സന്തോഷകരമെന്നു പറയട്ടെ, മൈക്കിളും റീനയും, റോബർട്ടും റോണ്ടയും, അന്തോണി, ജാനെറ്റ് എന്നിവരും തങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിരിക്കുന്നു. അവരെ സഹായിച്ചത് എന്താണെന്നു പരിശോധിക്കുന്നതിനു മുമ്പ്, അനേകർക്കും കടം കുന്നുകൂടാൻ ഇടയാക്കിയിരിക്കുന്ന, പണമിടപാടിന്റെ അനായാസ രൂപത്തെ—അതേ, ക്രെഡിറ്റ് കാർഡുകളെ—നമുക്കൊന്ന് അടുത്തു നിരീക്ഷിക്കാം.