അസ്ഥിദ്രവീകരണം—‘അസ്ഥികളെ ദ്രവിപ്പിക്കുന്ന’ രോഗം
“അസ്ഥികലയുടെ അളവു വല്ലാതെ കുറഞ്ഞുപോകുകയും അതു നിമിത്തം അസ്ഥികൾ ചെറിയ സമ്മർദങ്ങളുണ്ടായാൽപോലും ഒടിഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥയാണ് അസ്ഥിദ്രവീകരണം. അസ്ഥിദ്രവീകരണമുള്ള വ്യക്തി വെറുതേ മഞ്ഞിലൊന്നു തെന്നി വീണാൽ മതി അയാളുടെ കണങ്കയ്യോ ഇടുപ്പെല്ലോ ഒടിയാൻ. അല്ലെങ്കിൽ സ്നേഹപൂർവമുള്ള ഒരു ആശ്ലേഷം അയാളുടെ വാരിയെല്ല് ഒടിച്ചേക്കാം. വാസ്തവത്തിൽ, ഒരു വ്യക്തി സ്വന്തം ശരീരഭാരം താങ്ങുന്നതുകൊണ്ടു മാത്രം അയാളുടെ നട്ടെല്ലൊടിഞ്ഞു പോകാൻതക്കവണ്ണം അസ്ഥികലയുടെ അളവ് അത്ര കുറവായിരുന്നേക്കാം.”—ജോൺ എഫ്. അലോയിയ, എം.ഡി.-യുടെ “അസ്ഥിദ്രവീകരണം—രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള ഒരു വഴികാട്ടി” (ഇംഗ്ലീഷ്).
നിങ്ങൾ അസ്ഥിദ്രവീകരണം നിമിത്തം യാതനയനുഭവിക്കുകയാണോ? അസ്ഥികളെ ക്ഷയിപ്പിക്കുന്ന ഈ രോഗം ആർത്തവം നിലച്ച സ്ത്രീകളിൽ സാധാരണമായി കണ്ടുവരുന്നു. എങ്കിലും ഇതു യുവതികളെയും പുരുഷന്മാരെയും ചിലപ്പോൾ ബാധിച്ചേക്കാം. യു.എസ്. ദേശീയ ആരോഗ്യപരിപാലന ഇൻസ്റ്റിറ്റ്യൂട്ടുകൾ പറയുന്നതനുസരിച്ച് “ഐക്യനാടുകളിൽ മാത്രം 1.5 കോടിമുതൽ 2 കോടിവരെ ആളുകൾ” അസ്ഥിദ്രവീകരണമുള്ളവരാണ്. ഐക്യനാടുകളിൽ ഓരോ വർഷവും, 45-ഉം അതിനു മേലേയും പ്രായമുള്ളവരുടെ ഇടയിൽ ഉണ്ടാകുന്ന അസ്ഥിപൊട്ടലുകളിൽ 13 ലക്ഷം കേസുകളുടെയും കാരണം അസ്ഥിദ്രവീകരണമാണെന്നു പറയപ്പെടുന്നു. ഇതിനുവേണ്ടി പ്രതിവർഷം 380 കോടി ഡോളർ ചെലവിടേണ്ടിവരുന്നു.
കാലിഫോർണിയ വൈദ്യ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്റെ ഒരു പ്രസിദ്ധീകരണമായ ആരോഗ്യ നുറുങ്ങുകൾ (ഇംഗ്ലീഷ്) ഇങ്ങനെ വിശദീകരിക്കുന്നു: “അസ്ഥിദ്രവീകരണത്തിന്റെ ലക്ഷണങ്ങൾ വെളിച്ചത്തുവരാൻ തുടങ്ങുന്നത് വാർധക്യദശയിലാണെങ്കിലും അസ്ഥികളെ ക്ഷയിപ്പിക്കുന്ന പ്രക്രിയ വാസ്തവത്തിൽ ആരംഭിക്കുന്നത് ആദ്യത്തെ ഒടിവുണ്ടാകുന്നതിന് 30 മുതൽ 40 വരെ വർഷം മുമ്പാണ്. 35 വയസ്സിനുശേഷം പുരുഷന്മാർക്കും സ്ത്രീകൾക്കും അസ്ഥിയുടെ തൂക്കം കുറയാൻ തുടങ്ങുന്നു. അസ്ഥികൾക്കു തൂക്കവും കട്ടിയും കുറയുന്നതനുസരിച്ച് അത് ഒടിയാൻ കൂടുതൽ സാധ്യതയുണ്ട്. അസ്ഥി പുനർനിർമിക്കാൻ ശരീരത്തിനു മുമ്പുണ്ടായിരുന്ന കഴിവു കുറഞ്ഞുപോയതിനാൽ പൂർവസ്ഥിതി പ്രാപിക്കാൻ വളരെ സമയമെടുക്കുകയും ചെയ്യും. അസ്ഥിദ്രവീകരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഭക്ഷണക്രമത്തിലെ കാൽസ്യത്തിന്റെയും ജീവകം ഡി-യുടെയും കുറവ്, സ്ത്രീകളിൽ ഈസ്ട്രജന്റെ കുറവ്, വ്യായാമത്തിന്റെ അപര്യാപ്തത എന്നിവയെല്ലാം ഇതിനു കാരണമാകാം.”
നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കൽ—ആയുഷ്കാല ആരോഗ്യത്തിന് ഓരോ സ്ത്രീയുടെയും വഴികാട്ടി (ഇംഗ്ലീഷ്) എന്ന പുസ്തകം ആർത്തവവിരാമവുമായി ബന്ധപ്പെട്ടു കാണുന്ന രോഗലക്ഷണങ്ങളിൽ സർവസാധാരണമായ ഒന്നാണ് അസ്ഥിയുടെ ബലക്ഷയം എന്ന് അഭിപ്രായപ്പെടുന്നു. അതിങ്ങനെ പറയുന്നു: “അസ്ഥിദ്രവീകരണം, അതായത് അക്ഷരാർഥത്തിൽ സുഷിരങ്ങൾ വീണ അസ്ഥികൾ, ആർത്തവം നിലച്ച സ്ത്രീകളുടെ ഇടയിലെ മുഖ്യവും സാധാരണവുമായ ഒരു ആരോഗ്യപ്രശ്നമാണ്.”
അസ്ഥിദ്രവീകരണത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും സാധിക്കുമെന്നാണു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഒരു പ്രതിരോധ നടപടി, വേണ്ടത്ര കാൽസ്യവും അത് ആഗിരണം ചെയ്യുന്നതിന് അനിവാര്യമായ ജീവകം ഡി-യും ശരീരത്തിനു ലഭിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുകയാണ്. മറ്റൊരു പ്രതിരോധ നടപടി ഓട്ടമോ നടപ്പോപോലെ കരുത്തു പകരുന്ന ക്രമമായ വ്യായാമമാണ്.
ഡോ. കാരൾ ഇ. ഗുഡ്മാൻ വൃദ്ധചികിത്സയിൽ (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “ശരീരനില നേരേയാക്കാനും ശക്തി പ്രദാനം ചെയ്യുന്ന വ്യായാമങ്ങളിലേർപ്പെടാനും നിർദേശിക്കണം—മരുന്നു കൊടുക്കുന്നതിൽ നാം എത്രമാത്രം ശ്രദ്ധ ചെലുത്തുന്നുവോ അത്രതന്നെ പ്രാധാന്യം ഈ നിർദേശങ്ങൾ പാലിക്കുന്നതിനും കൊടുക്കണം. അസ്ഥിദ്രവീകരണം ബാധിച്ച പ്രായമായ ഒരു വ്യക്തിക്കു നൽകുന്ന മാതൃകാ വ്യായാമ പരിപാടിയുടെ നിർദേശങ്ങൾ മനസ്സിലാക്കാൻ എളുപ്പമുള്ളതും ലളിതവും സുരക്ഷിതവുമായിരിക്കണം.”
അസ്ഥിദ്രവീകരണം ചികിത്സിച്ചു മാറ്റാൻ സാധ്യമല്ലെങ്കിലും സഹായകമായ പുതിയതരം മരുന്നുകൾ ഇപ്പോൾ ലഭ്യമായിവരുന്നു. കൂടുതലായി, ശരിയായ പോഷകാഹാരം കൊണ്ടും വേണ്ടവിധത്തിലുള്ള വ്യായാമംകൊണ്ടും ചിലരിൽ ഹോർമോൺ പ്രതിസ്ഥാപന ചികിത്സകൊണ്ടും രോഗപ്രതിരോധം സാധ്യമാണ്. ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കുന്നതിന്, അസ്ഥിയുടെ തൂക്കം നഷ്ടപ്പെടാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഈ നടപടികൾ കൈക്കൊള്ളുകയും ജീവിതകാലം മുഴുവൻ തുടരുകയും വേണം.
[17-ാം പേജിലെ ചതുരം]
സാധാരണ ആഹാരങ്ങളിലുള്ള കാൽസ്യം
ഭക്ഷണത്തിലെ കാൽസ്യം (മില്ലിഗ്രാം)
കൊഴുപ്പു നീക്കം ചെയ്ത പാൽ, 1 കപ്പ് 300
ചെഡർ പാൽക്കട്ടി, 1 ഇഞ്ച് സമചതുരക്കട്ട 130
തൈര്, 1 കപ്പ് 300
മാട്ടിറച്ചി, കോഴിയിറച്ചി, മത്സ്യം, 170 ഗ്രാം 30-80
ടിന്നിലടച്ച സാൽമൺ മത്സ്യം, 85 ഗ്രാം 170
റൊട്ടി, ധാന്യങ്ങൾ, ചോറ്, 1 കപ്പ് 20-50
ടോഫൂ (സോയാബീൻ ചേർത്ത തൈര്), 100 ഗ്രാം 150
ബദാം പരിപ്പ്, 1/2 കപ്പ് 160
വാൽനട്ട്, 1/2 കപ്പ് 50
ബ്രോക്കൊലി, 1 തണ്ട് 150
ചീര, 1 കപ്പ് 200
മധുരമുള്ളങ്കി ഇലകൾ, 1 കപ്പ് 250
മറ്റു മിക്ക പച്ചക്കറികളും, 1 കപ്പ് 40-80
ഉണങ്ങിയ ശീമബദാം പഴം, 1 കപ്പ് 100
കുരുകളഞ്ഞ ഈന്തപ്പഴം, 1 കപ്പ് 100
റൂബർബ്, 1 കപ്പ് 200
മറ്റു മിക്ക പഴങ്ങളും, 1 കപ്പ് 20-70
ഫെലീഷിയ സ്റ്റ്യുവെർട്ട്, ഗാരി സ്റ്റ്യുവെർട്ട്, ഫെലിഷ്യ ഗെസ്റ്റ്, റോബർട്ട് ഹാച്ചെർ എന്നിവരുടെ നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 596-ാം പേജിൽനിന്ന്.
[17-ാം പേജിലെ ചതുരം]
അസ്ഥിദ്രവീകരണത്തിൽ നിന്നുള്ള സംരക്ഷണത്തിന്
1. കാൽസ്യം
2. ജീവകം ഡി
3. സൂര്യപ്രകാശം
4. നല്ല ശരീരനില
5. മുതുകിനു വേണ്ട പരിപാലനം നൽകാൻ നടപടികളെടുക്കൽ
6. വ്യായാമം
7. പുകവലിക്കാതിരിക്കൽ
[17-ാം പേജിലെ ചതുരം]
അസ്ഥിദ്രവീകരണത്തിന് ഇടയാക്കുന്ന ചില ഘടകങ്ങൾ
പാരമ്പര്യ ഘടകങ്ങൾ
സ്ത്രീയായിരിക്കുന്നത്
കറുത്ത വർഗത്തിൽപ്പെടാത്തത്
വടക്കൻ യൂറോപ്യൻ വംശപരമ്പരയിൽപ്പെടുന്നത്
വെളുത്ത നിറം
മെലിഞ്ഞിരിക്കുന്നത്
പൊക്കക്കുറവ് (അഞ്ചടി രണ്ടിഞ്ചോ അതിൽ താഴെയോ)
ജീവിതരീതിയുടെ ഘടകങ്ങൾ
ആഴ്ചയിൽ മൂന്നു മണിക്കൂറെങ്കിലും പുറത്തുപോയി സൂര്യപ്രകാശമേൽക്കാതിരിക്കുന്നത്
കാൽസ്യത്തിന്റെ കുറവ്
കഫീനും ഫോസ്ഫേറ്റും അധികം കഴിക്കുന്നത്
ചികിത്സകൾ
അലുമിനിയം അടങ്ങിയ അൻറാസിഡുകൾ
തൈറോയിഡ് അല്ലെങ്കിൽ ലീവോതൈറാക്സിൻ
സ്റ്റീറോയിഡ് (കോർട്ടിസോൺ)
ഡിലാൻറിൻ (ദീർഘനാൾ നീണ്ടുനിൽക്കുന്ന ചികിത്സ)
ഫ്യൂറോസിമൈഡ് (ഡൈയൂറെറ്റിക്)
വൈദ്യസംബന്ധമായ പ്രശ്നങ്ങൾ
നേരത്തേ അല്ലെങ്കിൽ അകാലത്തിലുള്ള ആർത്തവവിരാമം
അമെനോറിയ (ആർത്തവമില്ലായ്മ)
മാനസികവും ശാരീരികവുമായ കാരണങ്ങളാലുള്ള വിശപ്പില്ലായ്മ
ഹൈപ്പർതൈറോയിഡിസം (തൈറോയിഡിന്റെ ആധിക്യം)
വൃക്ക രോഗങ്ങളോ അതിലെ കല്ലുകളോ
പ്രമേഹം
ലാക്റ്റേസിന്റെ കുറവ് (പാൽ ഇഷ്ടമില്ലായ്മ)
ഉദര രോഗങ്ങൾ (വൻകുടൽവീക്കം, ചെറുകുടൽവീക്കം)
മദ്യാസക്തി
പരിപൂർണ വിശ്രമം അല്ലെങ്കിൽ മൂന്നാഴ്ചയിലേറെ ശരീരമനക്കാതിരിക്കൽ
വാതരോഗസംബന്ധമായ സന്ധിവീക്കം