സിംഗപ്പൂർ—ഏഷ്യയുടെ ഒളിമങ്ങിയ രത്നം
ക്ലാങ്! ഒരു ദുശ്ശകുനം പോലെ, സിംഗപ്പൂരിലെ ചങ്ങി വനിതാ തടവറയുടെ ഭാരിച്ച ഉരുക്കു കതകുകൾ ക്രിസ്ത്യാനിയും വിധവയുമായ 71 വയസ്സുള്ള ഒരു അബലസ്ത്രീയുടെ പിന്നിൽ വന്നടഞ്ഞു. യഹോവയുടെ സാക്ഷികളിലൊരാളായ അവർ അധ്യക്ഷത വഹിക്കുന്ന ജഡ്ജിയോട് തന്റെ നിലപാട് വിശദീകരിക്കാൻ ശ്രമിച്ചിരുന്നു. “ഞാൻ ഈ ഗവൺമെൻറിനു ഭീഷണിയല്ല,” അവർ പറഞ്ഞു.
ക്ലാങ്! അവർക്കു പിന്നാലെ ക്രിസ്ത്യാനിയായ 72 വയസ്സുള്ള ഒരു മുത്തശ്ശിയെ തടവിലാക്കി. അവർ ചെയ്ത കുറ്റമോ? വിശുദ്ധ ബൈബിളിന്റെ വ്യക്തിപരമായ പ്രതി ഉൾപ്പെടെ വാച്ച് ടവർ സൊസൈറ്റിയുടെ നാലു ബൈബിൾ പ്രസിദ്ധീകരണങ്ങൾ കൈവശംവെച്ചത്രേ.
മൊത്തത്തിൽ, 16 മുതൽ 72 വരെ പ്രായമുള്ള, 64 സിംഗപ്പൂർ പൗരൻമാരെ അറസ്റ്റുചെയ്തു കുറ്റംവിധിച്ചു. നാല്പത്തേഴു പേർ തത്ത്വത്തിന്റെ പേരിൽ പിഴയടയ്ക്കാൻ വിസമ്മതിച്ചതിനാൽ ഒരാഴ്ചമുതൽ നാലാഴ്ചവരെയുള്ള വ്യത്യസ്ത കാലയളവുകളിലേക്കു തടവിലാക്കപ്പെട്ടു. മുഴു ലോകത്തിലുംവെച്ച് ജീവിക്കുന്നതിന് ഏറ്റവും പറ്റിയ സ്ഥലങ്ങളിലൊന്നായി വർണിക്കപ്പെട്ട ഒരു നഗര-രാഷ്ട്രത്തിൽ ഇതെങ്ങനെ സംഭവിക്കും? സാമ്പത്തിക സുസ്ഥിരതയ്ക്കും പ്രാതിഭാസിക വികസനത്തിനും ആധുനിക കെട്ടിടങ്ങൾക്കും അതിന്റെ അവകാശപ്പെടുന്ന മതസഹിഷ്ണുതയ്ക്കും ലോകപ്രസിദ്ധമായ ഒരു നഗര-രാഷ്ട്രത്തിൽ ഇതെങ്ങനെ സംഭവിക്കും?
ഒരു ആധുനിക നഗര-രാഷ്ട്രം
ആദ്യമായി, സിംഗപ്പൂരിന്റെ ഒരു ഹ്രസ്വ ചരിത്രം നോക്കാം. ബ്രിട്ടനിലെ സർ തോമസ് സ്റ്റാംഫോർഡ് റാഫിൾസിന്റെ വരവോടെ 1819-ലാണ് സിംഗപ്പൂരിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു പ്രതിനിധിയായ റാഫിൾസ് പൗരസ്ത്യ ലോകത്തിൽ ഒരു പ്രവർത്തനതാവളം അന്വേഷിച്ചു നടക്കുകയായിരുന്നു. അതിനുവേണ്ടി അദ്ദേഹം സിംഗപ്പൂർ തിരഞ്ഞെടുത്തു. അങ്ങനെ പൗരസ്ത്യ ഏഷ്യയുടെ വികസനത്തിൽ ഇന്നോളം സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു വ്യാപാരതാവളം പ്രവർത്തനമാരംഭിച്ചു.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള സിംഗപ്പൂരിനെ വർണിക്കുന്നത് വൃത്തിഹീനമായ ഒരു നഗരമായിട്ടാണ്. ഇന്ന് ആരും സിംഗപ്പൂർ വൃത്തിഹീനമാണെന്നു പറയുകയില്ല. മറിച്ചാണു സംഗതി. കഴിഞ്ഞ 30 വർഷംകൊണ്ട് നഗരത്തെ മിക്കവാറും മുഴുവനായി പൊളിച്ചുപണിതിരിക്കുന്നു, എന്നാൽ സാധ്യമായിരിക്കുന്നിടത്ത് പഴയ നഗരത്തിന്റെ ഛായ നിലനിർത്തിയിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെ പൂമുഖം അതേപടി നിലനിർത്തിക്കൊണ്ടോ പഴയശൈലിയിലുള്ള കെട്ടിടങ്ങളെ അതേപടി ആധുനിക കെട്ടിടങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടോ ആണ് ഇതു ചെയ്തിരിക്കുന്നത്. സിംഗപ്പൂർ പൗരസ്ത്യ ലോകത്തിലെ സമുദ്ര ഗതാഗതത്തിന്റെ ഒരു കവലയായിത്തീർന്നിരിക്കുന്നു, പലപ്പോഴും അവിടെ ഒരു സമയത്തുതന്നെ 800-ഓളം കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നതു കാണാം. ഉയർന്ന സാങ്കേതികവിദ്യയിലുള്ള ആധുനിക സജ്ജീകരണങ്ങൾ ഉള്ളതുകൊണ്ട് ഒരു വലിയ ചരക്കു കപ്പലിലെ ചരക്കിറക്കി വീണ്ടും ചരക്കുകയറ്റാൻ ഏതാനും മണിക്കൂറുകളേ വേണ്ടൂ. നഗരത്തിന്റെ സമ്പദ്കേന്ദ്രത്തിൽ ഭൂസ്വത്തിന്റെ വില ചതുരശ്ര അടിക്ക് 5,000 ഡോളറോ അതിലധികമോ ആണ്, ആളുകൾ ഇത്രയും വില കൊടുക്കാൻ ഒരുക്കമുള്ളവരുമാണ്.
അവിടുത്തെ ജനസംഖ്യ ഏതാണ്ട് 34,00,000 ആണ്. അതിൽ ചൈനാക്കാർ, മലായ് ഭാഷക്കാർ, ഭാരതീയർ, യൂറോപ്യൻമാർ, മറ്റുള്ളവർ എന്നിങ്ങനെ നാനാതരം ആളുകൾ ഉൾപ്പെടുന്നു. മാൻഡറിൻ, മലായ്, തമിഴ്, ഇംഗ്ലീഷ് എന്നിവയാണ് അവരുടെ സംസാരഭാഷകൾ.
ഭൂമിക്കടിയിലൂടെയും മുകളിലൂടെയും ഉള്ള എൺപത്തിമൂന്നു കിലോമീറ്റർ ശീഘ്ര ഗതാഗതസംവിധാനം സിംഗപ്പൂരിലെ ഗതാഗതവ്യവസ്ഥയെ ലോകത്തിലെ അത്യാധുനികവും കാര്യക്ഷമവുമായ ഗതാഗതവ്യവസ്ഥകളിലൊന്നാക്കിത്തീർക്കുന്നു. നഗരത്തിൽ നാലുപാടും ചിതറിക്കിടക്കുന്ന പച്ചത്തഴപ്പുള്ള ധാരാളം പൂങ്കാവനങ്ങളും തലയെടുപ്പുള്ള ആധുനിക കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇടകലർന്നു കാണാവുന്നതാണ്. ആദ്യമായി അവിടം സന്ദർശിക്കുന്ന ഒരു വിനോദസഞ്ചാരിയെ “ആകർഷിക്കുന്ന” ഒന്നാണ് മൊത്തത്തിൽ പുതുക്കി പണിയപ്പെട്ട റാഫിൾസ് ഹോട്ടൽ. 1889-ൽ പണികഴിപ്പിക്കപ്പെട്ടതുകൊണ്ട് അതിന് ഇപ്പോൾ ഒരു ദേശീയ സ്മാരകമെന്ന പേരു ലഭിച്ചിരിക്കുന്നു. രണ്ടാമതായി അവിടെയുള്ളത് 128 ഏക്കർ സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന സസ്യശാസ്ത്ര-തോട്ടനിർമാണവിദ്യാ കേന്ദ്രമാണ്. അതിന്റെ പത്ത് ഏക്കർ സ്ഥലം സംരക്ഷിത വനമാണ്, അവിടെ ഒരു കാലത്ത് കടുവകൾ വിഹരിച്ചിരുന്നു.
മതസ്വാതന്ത്ര്യം ഉറപ്പുനൽകി
സിംഗപ്പൂരിന്റെ അനുപമമായ സാമ്പത്തിക പുരോഗതിക്കു മാറ്റുകൂട്ടിക്കൊണ്ട് അത് എല്ലാ നിവാസികൾക്കും മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, സിംഗപ്പൂർ അതിന്റെ വാഗ്ദാനം നിറവേറ്റിയില്ല. യഹോവയുടെ സാക്ഷികളുടെ സഭയോടൊത്തു സഹവസിക്കുന്ന ആളുകൾ ഇതു പ്രത്യേകിച്ചും സത്യമാണെന്നു കണ്ടെത്തിയിരിക്കുന്നു.
സിംഗപ്പൂർ റിപ്പബ്ലിക്കിന്റെ ഭരണഘടന 15(1)-ാം വകുപ്പിൽ ആരാധനാ സ്വാതന്ത്ര്യം അടിസ്ഥാനപരമായി ഉറപ്പുനൽകുന്നു: “തന്റെ മതം ആചരിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്.”
ഭരണഘടനയുടെ 15(3)-ാം വകുപ്പ് ഇപ്രകാരം ഉറപ്പുനൽകുന്നു: “എല്ലാ മതവിഭാഗങ്ങൾക്കും—
(എ) മതപരമായ കാര്യങ്ങൾ നടത്തുന്നതിനും;
(ബി) മതപരമോ പരോപകാരപരമോ ആയ ഉദ്ദേശ്യങ്ങൾക്കുവേണ്ടി സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും;
(സി) വസ്തുവകകൾ നിയമാനുസൃതം ആർജിക്കുന്നതിനും സ്വന്തമാക്കുന്നതിനും കൈവശം വെക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള അവകാശമുണ്ട്.”
1936 മുതൽതന്നെ യഹോവയുടെ സാക്ഷികൾ സിംഗപ്പൂർ ജനസമുദായത്തിന്റെ ഭാഗമാണ്. അവർ അനേക വർഷങ്ങളോളം തങ്ങളുടെ സ്വന്തം രാജ്യഹാളിൽവെച്ച് ക്രിസ്തീയ യോഗങ്ങൾ പതിവായി നടത്തിപ്പോന്നു. 8-ാം നമ്പർ എക്സെറ്റർ റോഡിൽ, തിരക്കേറിയ ഒരു ചന്തയുടെ നേരേ എതിർവശത്തായിട്ടായിരുന്നു രാജ്യഹാൾ. സഭ തഴച്ചുവളർന്നു, അതോടൊപ്പം സമുദായ ജീവിതത്തിന്റെ സുസ്ഥിരതയ്ക്ക് അതിന്റെ തനതായ അതുല്യ സംഭാവന ചെയ്തുംപോന്നു.
യഹോവയുടെ സാക്ഷികൾക്കു നിരോധനം
1972 ജനുവരി 12-ന് ഇതിനെല്ലാം ഒരു മാറ്റം വന്നു. ക്രിസ്തീയ മിഷനറിമാരായ നോർമൻ ഡേവിഡ് ബെലൊറ്റിയോടും അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസിനോടും രാജ്യം വിടാൻ ആജ്ഞാപിച്ചുകൊണ്ട് ഗവൺമെൻറ് രാജ്യഭ്രഷ്ടു നിയമത്തിന്റെ 109-ാം വകുപ്പിൻകീഴിൽ ഒരു ബഹിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടു, അവർ സിംഗപ്പൂരിൽ താമസം തുടങ്ങിയിട്ട് 23 വർഷമായിരുന്നു. ഇതു കഴിഞ്ഞ ഉടൻതന്നെ യഹോവയുടെ സാക്ഷികളുടെ സിംഗപ്പൂർ സഭയുടെ രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള ഒരു ഉത്തരവും പുറപ്പെടുവിക്കപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ രാജ്യഹാളിന്റെ മുൻവാതിൽ തല്ലിത്തകർത്തു കയറിയ പൊലീസുകാർ രാജ്യഹാൾ കയ്യടക്കി. അതുകഴിഞ്ഞ് ഉടൻതന്നെ, വാച്ച് ടവർ സൊസൈറ്റിയുടെ എല്ലാ സാഹിത്യങ്ങളും ഔദ്യോഗികമായി നിരോധിച്ചു. അങ്ങനെ യഹോവയുടെ സാക്ഷികളുടെമേലുള്ള അടിച്ചമർത്തലിന്റെ കാലഘട്ടം ആരംഭിച്ചു.
തുടർന്ന് ഗവൺമെൻറ് തങ്ങളുടെ സ്വേച്ഛാപരമായ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യഹാൾ വിറ്റു. ഇതെല്ലാം യാതൊരു അറിയിപ്പും—പ്രാഥമികാന്വേഷണമോ വിചാരണയോ പ്രതികരിക്കാനുള്ള അവസരമോ—കൂടാതെയായിരുന്നു.
യഹോവയുടെ സാക്ഷികൾ സൈനിക സേവനത്തിൽ പങ്കുപറ്റാതിരിക്കുന്നതിനെ മൊത്ത നിരോധനത്തിനുള്ള നിയമപരമായ കാരണമായി സിംഗപ്പൂർ ഗവൺമെൻറ് കൂടെക്കൂടെ എടുത്തുപറഞ്ഞിരിക്കുന്നു. അടുത്തകാലത്ത്, അതായത് 1995 ഡിസംബർ 29-ന് ജനീവയിലെ ഐക്യരാഷ്ട്രസംഘടനയിലെ സിംഗപ്പൂരിന്റെ സ്ഥിര പ്രതിനിധിയായ ശ്രീ. കെ. കേസൊവൊപൊനി, മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള, ഐക്യരാഷ്ട്രസംഘടനയുടെ അസിസ്റ്റൻറ് സെക്രട്ടറി-ജനറലായ മാന്യശ്രീ ഇബ്രാഹിം ഫോളിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തിൽ പിൻവരുന്നപ്രകാരം പ്രസ്താവിച്ചു:
“യഹോവയുടെ സാക്ഷികളുടെ പ്രസ്ഥാനത്തിൻമേലുള്ള എന്റെ ഗവൺമെൻറിന്റെ നിരോധനം ദേശീയ സുരക്ഷിതത്വത്തെ മുൻനിർത്തിയാണ്. ഈ പ്രസ്ഥാനത്തിന്റെ തുടർന്നുള്ള നിലനിൽപ്പ് സിംഗപ്പൂരിന്റെ പൊതുജനക്ഷേമത്തിനും ക്രമസമാധാനത്തിനും ഹാനികരമായിരിക്കും. യഹോവയുടെ സാക്ഷികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയപ്പോൾ സ്വാഭാവികമായും അവരുടെ പ്രസിദ്ധീകരണങ്ങളെല്ലാം നിരോധിക്കപ്പെട്ടു. ഇത് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ആ പ്രസ്ഥാനത്തിൻമേലുള്ള നിരോധനം ഊട്ടിയുറപ്പിക്കാനും അവരുടെ വിശ്വാസങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും നിയന്ത്രിക്കാനും ഇത് ഉതകി.”
സിംഗപ്പൂരിന്റെ ദേശീയ സുരക്ഷിതത്വം നേരിട്ടേക്കാവുന്ന ആപത്സാധ്യത സംബന്ധിച്ച ഗവൺമെൻറിന്റെ എതിർപ്പു പരിഗണിക്കുമ്പോൾ, വർഷംതോറും ഏകദേശം അഞ്ചു യുവാക്കൻമാർ മാത്രമേ സൈനിക സേവനത്തിനു വിസമ്മതിക്കുന്നുള്ളു എന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. സിംഗപ്പൂരിന് ഏതാണ്ട് 3,00,000 പേർ വരുന്ന സൈനികബലമുണ്ട്. ഉൾപ്പെട്ടിരിക്കുന്ന വളരെ കുറച്ച് ആളുകളുടെ കാര്യത്തിൽ സൈനികേതര ദേശീയ സേവനത്തെക്കുറിച്ച് ചർച്ചചെയ്യാൻ പോലും സിംഗപ്പൂർ ഗവൺമെൻറ് കൂട്ടാക്കിയില്ല.
പരസ്യമായ അടിച്ചമർത്തൽ
പല വർഷങ്ങളിലെ അസ്ഥിരമായ സഹിഷ്ണുതയ്ക്കുശേഷം മനുഷ്യാവകാശങ്ങളുടെ പരസ്യമായ അടിച്ചമർത്തലിന്റെ ഒരു പുതിയ അധ്യായം തുറക്കപ്പെട്ടു. 1992-ൽ അനേകർ അറസ്റ്റുചെയ്യപ്പെട്ടപ്പോഴായിരുന്നു അത്, അനഭികാമ്യ പ്രസിദ്ധീകരണ നിയമത്തിൻ കീഴിൽ നിരോധിക്കപ്പെട്ട സാഹിത്യങ്ങൾ കൈവശം വെച്ചുവെന്നതായിരുന്നു അവർക്കെതിരെയുള്ള കുറ്റം. 1994-ൽ വാച്ച് ടവർ സൊസൈറ്റി ഒരു വക്കീലും ആജീവനാന്തം യഹോവയുടെ സാക്ഷികളിലൊരാളുമായ 75 വയസ്സുള്ള ഡബ്ലിയു. ഗ്ലെൻ ഹൗ, ക്യു.സി.-യെ സിംഗപ്പൂരിലേക്കയച്ചു. രാജ്ഞിയുടെ ബാരിസ്റ്ററായുള്ള പദവി അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുക്കുകയും സിംഗപ്പൂർ കോടതികളുടെ മുമ്പാകെ പ്രത്യക്ഷപ്പെടാൻ അദ്ദേഹത്തിന് അനുമതി ലഭിക്കുകയും ചെയ്തു. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുവെന്ന വസ്തുതയുടെ വീക്ഷണത്തിൽ സിംഗപ്പൂരിലെ സുപ്രീംകോടതിക്ക് ഒരു ഹർജി സമർപ്പിക്കപ്പെട്ടു, അതിൽ അറസ്റ്റുകളുടെയും 1972-ലെ നിരോധനത്തിന്റെയും നിയമസാധുതയെ ചോദ്യംചെയ്തിരുന്നു. 1994 ആഗസ്റ്റ് 8-ന് സിംഗപ്പൂർ സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റീസ് യോങ് പങ് ഹൗ ഹർജി തള്ളിക്കളഞ്ഞു. വിധിക്കെതിരെ അപ്പീൽ കൊടുക്കുന്നതിനുള്ള കൂടുതലായ ശ്രമങ്ങൾ പരാജയപ്പെട്ടു.
സിംഗപ്പൂർ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമപരമായ ചോദ്യംചെയ്യൽ കൂടുതലായ അടിച്ചമർത്തൽ നടപടികൾക്കു വഴിമരുന്നിട്ടതായി 1995-ന്റെ ആദ്യം കാണപ്പെട്ടു. ഓപ്പറേഷൻ ഹോപ്പ് എന്നു വിളിക്കപ്പെടുന്ന സൈനിക മാതൃകയിലുള്ള ഒരു പദ്ധതിയുടെ കീഴിൽ, കുറ്റാന്വേഷണ വിഭാഗത്തിന്റെ രഹസ്യ സമൂഹ ശാഖയിൽനിന്നുള്ള രഹസ്യ ഉദ്യോഗസ്ഥൻമാർ സ്വകാര്യ ഭവനങ്ങളിൽ കൂടിവന്ന ക്രിസ്ത്യാനികളുടെ അനേകം ചെറു കൂട്ടങ്ങളുടെമേൽ കടന്നാക്രമണം നടത്തി. ഏകദേശം 70 പൊലീസുദ്യോഗസ്ഥൻമാരും അവരുടെ സഹായികളും മിന്നലാക്രമണ മാതൃകയിൽ റെയ്ഡുകൾ നടത്തി 69 പേരെ അറസ്റ്റു ചെയ്തു. എല്ലാവരെയും ചോദ്യംചെയ്യൽ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയി. ചിലരെ ആ രാത്രി മുഴുവനും ചോദ്യംചെയ്തു. യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ പങ്കുപറ്റുന്നുവെന്നതും ബൈബിൾ പ്രസിദ്ധീകരണങ്ങൾ കൈവശം വെക്കുന്നുവെന്നതും ആയിരുന്നു എല്ലാവർക്കുമെതിരെയുള്ള കുറ്റം. ചിലരെ 18 മണിക്കൂർവരെ മറ്റുള്ളവരുമായി സംസാരിക്കാൻ അനുവദിച്ചില്ല, അവർക്കു തങ്ങളുടെ കുടുംബാംഗങ്ങൾക്കു ഫോൺചെയ്യാൻ കൂടി സാധിച്ചില്ല.
വിദേശികൾക്കെതിരെയുള്ള കുറ്റാരോപണങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ 64 സിംഗപ്പൂർ പൗരൻമാരെ 1995-ന്റെ ഒടുവിലും 1996-ന്റെ ആരംഭത്തിലും കോടതിയിൽ വിചാരണചെയ്തു. 64 പേരും കുറ്റക്കാരാണെന്നു കണ്ടെത്തപ്പെട്ടു. 16-നും 72-നും ഇടയ്ക്കു പ്രായമുള്ള നാൽപ്പത്തേഴു പേർ ആയിരക്കണക്കിനു ഡോളറിന്റെ പിഴ അടയ്ക്കാഞ്ഞതുനിമിത്തം ഒരാഴ്ചമുതൽ നാലാഴ്ചവരെയുള്ള കാലയളവുകളിലേക്കു തടവിലാക്കപ്പെട്ടു.
തടവുമുറികളിലേക്കു പറഞ്ഞയയ്ക്കുന്നതിനുമുമ്പ് പുരുഷൻമാരുടെയും സ്ത്രീകളുടെയും വസ്ത്രമുരിഞ്ഞുകളയുകയും പലരുടെ മുന്നിൽവെച്ച് തിരച്ചിൽ നടത്തുകയും ചെയ്തു. ചില സ്ത്രീകളോട് കൈകൾ വിരിച്ചുപിടിച്ചുകൊണ്ട് അഞ്ചു പ്രാവശ്യം കുത്തിയിരിക്കാനും വായ് തുറന്ന് നാക്ക് മുകളിലേക്ക് ഉയർത്താനും പറഞ്ഞു. വിരലുകൾ ഉപയോഗിച്ച് മലദ്വാരം തുറക്കാൻ ഒരു സ്ത്രീയോടെങ്കിലും ആവശ്യപ്പെട്ടു. തടവിൽ ചില പുരുഷൻമാർക്ക് കക്കൂസ് കുഴിയിൽനിന്നു വെള്ളം കുടിക്കേണ്ടി വന്നു. ചില യുവതികളോട് ഇടപെട്ടത് അപകടകാരികളായ കുറ്റവാളികളോട് ഇടപെടുന്നതുപോലെയാണ്. അവരെ മുഴു ശിക്ഷാവിധികാലത്തേക്കും ഏകാന്ത തടവിലാക്കുകയും അവർക്കുള്ള ആഹാരവീതത്തിന്റെ പകുതി മാത്രം കൊടുക്കുകയും ചെയ്തു. തടവിലെ ചില വാർഡൻമാർ സാക്ഷികൾക്ക് അവരുടെ ബൈബിൾ പോലും കൊടുത്തില്ല.
തടവിലാക്കപ്പെട്ട ചില സ്ത്രീകളിൽനിന്നും ഏതാനും അഭിപ്രായങ്ങൾ നമുക്കു ശ്രദ്ധിക്കാം. അവരിൽനിന്നു നേരിട്ടു ലഭിച്ച റിപ്പോർട്ടുകൾ ഈ ആധുനിക നഗരത്തിന്റെ സംശുദ്ധമായ പുറംമോടിക്കു കടകവിരുദ്ധമായ സംഗതിയെയാണ് വെളിപ്പെടുത്തിയത്.
“തടവുമുറി വൃത്തിഹീനമായിരുന്നു. വാഷ്ബേസിനും കക്കൂസും പരിതാപകരമായ അവസ്ഥയിലായിരുന്നു. അവ വഴുവഴുപ്പുള്ളതും ചെളിപുരണ്ടതുമായിരുന്നു. ഞാനിരുന്നിരുന്ന ബഞ്ചിന്റെ അടിയിൽ ചിലന്തിവലയും അഴുക്കും ഉണ്ടായിരുന്നു.”
“എന്നോട് വസ്ത്രമുരിയാൻ പറഞ്ഞു. തടവിൽ ധരിക്കുന്നതിനുള്ള ഒരു സെറ്റ് വസ്ത്രവും സോപ്പു വെക്കുന്നതിനുള്ള പാത്രവും (സോപ്പില്ലാതെ) പല്ലുതേക്കാനുള്ള ബ്രഷും എനിക്കു നൽകി. ഹ്രസ്വകാല തടവുകാർക്ക് ടൂത്ത്പേസ്റ്റോ കക്കൂസിലെ ഉപയോഗത്തിനുള്ള കടലാസോ കൊടുക്കാറില്ലെന്ന് എന്റെ തടവുമുറിയിലുണ്ടായിരുന്ന മറ്റു തടവുകാർ എന്നോടു പറഞ്ഞു.”
“ഞങ്ങൾ 20 പേരാണ് ഒരു തടവറയിൽ ഉണ്ടായിരുന്നത്. എന്റെ അരക്കെട്ടിന്റെ അത്രയും ഉയരത്തിലുള്ള ഭിത്തിയോടുകൂടിയ കുത്തിയിരിക്കുന്ന തരത്തിലുള്ള കക്കൂസായിരുന്നു അവിടെ ഉണ്ടായിരുന്നത്. കുളിമുറിയിൽ ആകെ ഒരു ഷവറും ഒരു ടാപ്പുള്ള ഒരു വാഷ്ബേസിനും ആണ് ഉണ്ടായിരുന്നത്. ആറു പേരൊന്നിച്ചു വേണമായിരുന്നു കുളിക്കാൻ—രാവിലെ അര മണിക്കൂറുകൊണ്ട് തടവുമുറിയിലുള്ള ഞങ്ങളെല്ലാവരുടെയും കുളി കഴിയണമായിരുന്നു.”
തടവുജീവിതത്തിന്റെ കഷ്ടപ്പാടിലും ദൈവത്തെ സേവിക്കുന്നത് ഒരു പദവിയായി എല്ലാവരും കണക്കാക്കി—എപ്പോഴും, എവിടെയും, ഏതു സാഹചര്യങ്ങളിലും. ഒരു കൗമാരപ്രായക്കാരിയുടെ പിൻവരുന്ന അഭിപ്രായം ശ്രദ്ധിക്കുക:
“തടവറയിൽ കാലുകുത്തിയ നിമിഷംമുതൽ ഞാൻ അവിടെ ആയിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് എല്ലായ്പോഴും ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. എന്റെ പ്രാർഥന കേൾക്കണമേയെന്നും എന്നെ ഉപേക്ഷിക്കരുതേയെന്നും നിത്യവും ഞാൻ യഹോവയോടു പ്രാർഥിച്ചു. അവൻ എന്റെ പ്രാർഥന കേട്ടതായി എനിക്കനുഭവപ്പെട്ടു, എന്തുകൊണ്ടെന്നാൽ സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചത് അവന്റെ പരിശുദ്ധാത്മാവായിരുന്നു. അവനോടുള്ള എന്റെ അടുപ്പം എനിക്കു മനസ്സിലായത് അപ്പോൾ മാത്രമാണ്. അവൻ നമ്മെ കാണുന്നുണ്ട് എന്നറിഞ്ഞത് എന്നെ വളരെയധികം ബലപ്പെടുത്തി. അവന്റെ നാമത്തിനുവേണ്ടി ഈ പരിശോധന നേരിടുന്നത് ഒരു പദവിയായി എനിക്കു തോന്നി.”
ലോകമെമ്പാടുമുള്ള പത്രങ്ങൾ പെട്ടെന്നു സംഭവം മണത്തറിഞ്ഞു. ഓസ്ട്രേലിയ, കാനഡ, യൂറോപ്പ്, ഹോങ്കോംഗ്, മലേഷ്യ, ഐക്യനാടുകൾ എന്നിവിടങ്ങളിലെയും മറ്റു സ്ഥലങ്ങളിലെയും മാധ്യമങ്ങൾ സംഭവങ്ങൾ വീണ്ടും വീണ്ടും റിപ്പോർട്ടു ചെയ്തുകൊണ്ടിരുന്നു. കാനഡയിലെ ദ ടൊറന്റോ സ്റ്റാർ ആ സമയത്തെ കടുത്ത അമർഷത്തെ പിൻവരുന്ന തലക്കെട്ടിൽ സംക്ഷേപിച്ചു: “ബൈബിളിന്റെ പ്രതി സ്വന്തമാക്കിയതിന് മുത്തശ്ശി കുറ്റംവിധിക്കപ്പെട്ടു.” ഇതിലും വളരെയേറെ ആളുകൾ ഉൾപ്പെടുന്ന ഗുരുതരമായ അനേകം പ്രശ്നങ്ങൾ ലോകത്തിനുണ്ട് എന്നതു സമ്മതിക്കുന്നു. എന്നാൽ ഈ സംഭവത്തിൽ എല്ലായിടത്തെയും സ്തബ്ധരായ ജനങ്ങൾ ചോദിക്കുന്നത് ഒരേ ചോദ്യമാണ്, “സിംഗപ്പൂരിലോ?”
ഗോളമെമ്പാടും 200-ലധികം രാജ്യങ്ങളിൽ നിയമത്തിന്റെ പൂർണ സംരക്ഷണയോടെ തുറന്നു പ്രവർത്തിക്കുന്ന ഒരു മതം സിംഗപ്പൂരിൽ പീഡനത്തിന്റെ ലക്ഷ്യമാക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. സിംഗപ്പൂരിലെ മറ്റൊരു മതത്തോടും ഇത്ര അന്യായമായും തോന്നിയവാസമായും ഇടപെട്ടിട്ടില്ല എന്ന കാര്യം നാം പരിചിന്തിക്കുമ്പോൾ അതു മനസ്സിലാക്കാൻ അതിലേറെ ബുദ്ധിമുട്ടാണ്.
വാസ്തവത്തിൽ, മതപരമായ ഒരു യോഗത്തെ തടസ്സപ്പെടുത്താനായി തന്നോടും തന്റെ ഓഫീസർമാരോടും ആജ്ഞാപിക്കുന്നത് ആദ്യമായിട്ടാണെന്ന് യഹോവയുടെ സാക്ഷികളുടെമേൽ റെയ്ഡ് നടത്തിയ ഒരു സംഘത്തിന്റെ തലവനായ ഒരു അസ്സിസ്റ്റൻറ് പൊലീസ് സൂപ്രണ്ട് കോടതിയോടു സമ്മതിച്ചുപറഞ്ഞു. പിൻവരുന്ന ഉദ്ധരണികൾ തെളിവിന്റെ ലിഖിത പകർപ്പിൽനിന്നുള്ളതാണ്:
ചോ: (സാക്ഷിയോട്) നിങ്ങളുടെ അറിവിൽ, യഹോവയുടെ സാക്ഷികളൊഴികെ രജിസ്റ്റർ ചെയ്യപ്പെടാത്ത മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ കാര്യത്തിൽ രഹസ്യ സമൂഹ ശാഖ എന്നെങ്കിലും അന്വേഷണം നടത്തുകയോ അവർക്കെതിരെ നിയമനടപടികളെടുക്കുകയോ ചെയ്തിട്ടുണ്ടോ?
ഉ: എന്റെ അറിവിലില്ല.
ചോദ്യംചെയ്യൽ തുടർന്നു.
ചോ: (സാക്ഷിയോട്) ഒരു ഭവനത്തിൽ കൂടിവരുന്ന, സൊസൈറ്റീസ് ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത, ഒരു ചെറിയ മതവിഭാഗത്തെ നിങ്ങൾ എന്നെങ്കിലും ഇതുപോലെ റെയ്ഡു ചെയ്തിട്ടുണ്ടോ?
ഉ: ഞാൻ ചെയ്തിട്ടില്ല.
പ്രവർത്തനത്തിനുള്ള ആഹ്വാനം
അമ്നെസ്റ്റി ഇന്റർനാഷണലും ഇന്റർനാഷണൽ ബാർ അസ്സോസിയേഷനും വിചാരണകളുടെ സത്യസന്ധത നിരീക്ഷിക്കാനായി അവരുടെതന്നെ ഓരോ പ്രത്യേക നിരീക്ഷകനെ അയച്ചു. അമ്നെസ്റ്റി ഇന്റർനാഷണലിന്റെ നിഷ്പക്ഷ നിരീക്ഷകനും ഹോങ്കോംഗിലെ ഒരു ബാരിസ്റ്ററുമായ ആൻഡ്രൂ റാഫിൾ പിൻവരുന്നപ്രകാരം പറഞ്ഞു: “അതിന് ഒരു പ്രഹസന വിചാരണയുടെ ഭാവമായിരുന്നു ഉണ്ടായിരുന്നതെന്ന് ഞാൻ എന്റെ റിപ്പോർട്ടിൽ എഴുതി.” യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ അനഭികാമ്യമായി കണക്കാക്കപ്പെട്ടതെന്തുകൊണ്ടെന്ന് കോടതിക്കു വിശദീകരിച്ചുകൊടുക്കാൻ കേസിന്റെ സാക്ഷികളായി വിളിക്കപ്പെട്ട ഗവൺമെൻറ് അധികാരികൾക്കു കഴിഞ്ഞില്ലെന്ന് അദ്ദേഹം കൂടുതലായി വിശദീകരിച്ചു. സന്തുഷ്ടി—അത് കണ്ടെത്താൻ കഴിയുന്ന വിധം (ഇംഗ്ലീഷ്), നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്നിവയുൾപ്പെടെയുള്ള നിരോധിക്കപ്പെട്ട ചില ബൈബിൾ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് റാഫിൾ സംസാരിച്ചു. യഥാർഥത്തിൽ അവയെ യാതൊരു പ്രകാരത്തിലും അനഭികാമ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ ബാർ അസ്സോസിയേഷനിൽനിന്നുള്ള നിരീക്ഷകനായ സെസിൽ രാജേന്ദ്ര പിൻവരുന്നപ്രകാരം പ്രസ്താവിച്ചു:
“സിംഗപ്പൂരിൽ ഇപ്പോഴും ജനാധിപത്യം ആചരിക്കപ്പെടുന്നുണ്ടെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാൻവേണ്ടി മാത്രം അരങ്ങേറിയ ഒരു . . . പ്രഹസനമായിരുന്നു വാസ്തവത്തിൽ ആ മുഴു വിചാരണയുമെന്ന് തുടക്കംമുതലേ ഈ നിരീക്ഷകനു കാണാൻ കഴിഞ്ഞു.
“ഫലമെന്തായിരിക്കുമെന്ന് ഉറപ്പായിരുന്നു, കുറ്റാരോപണവിധേയരായവരെല്ലാം കുറ്റമാരോപിക്കപ്പെട്ടതുപോലെ കുറ്റക്കാരായി കണ്ടെത്തപ്പെടുകയില്ലെന്ന് വിചാരണയ്ക്കു മുമ്പും വിചാരണ സമയത്തും വിചാരണയുടെ ഒടുവിലും എല്ലാവർക്കും ഉറപ്പായിരുന്നു.
“വിചാരണ നടന്നതു കീഴ്ക്കോടതിയിലാണ്, മാത്രമല്ല കുറ്റാരോപണങ്ങൾ വാസ്തവത്തിൽ സൊസൈറ്റീസ് ആക്റ്റിന്റെ ചെറിയ തോതിലുള്ള ലംഘനങ്ങളും ആയിരുന്നു. എന്നിട്ടും കോടതിക്കെട്ടിടത്തിനു ചുറ്റുമുള്ള അന്തരീക്ഷം ഭയത്തിന്റെയും ഭീഷണിയുടെയും ഒന്നായിരുന്നു.
“ഭയത്തിന്റെ പ്രധാന കാരണം, യൂണിഫാറമിട്ട് അവിടെ നിന്നിരുന്ന ചുരുങ്ങിയത് 10 പൊലീസുകാരുടെയും (6 പേർ കോടതിമുറിക്കുള്ളിലും 4 പേർ വെളിയിലും ആയിരുന്നു) സാധാരണ വസ്ത്രം ധരിച്ച് ഗാലറിയിലിരുന്നിരുന്ന പ്രത്യേക ശാഖയിൽപ്പെട്ട പല ആളുകളുടെയും സാന്നിധ്യമായിരുന്നു.”
വിചാരണ നടത്തപ്പെട്ട വിധത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് രാജേന്ദ്ര തുടർന്നു:
“എന്റെ നിരീക്ഷണ സമയത്ത് (പകർപ്പുകൾ കാണിക്കുന്നതനുസരിച്ച്, വിചാരണ നടന്ന മുഴു സമയത്തും), മുമ്പേ പറഞ്ഞ ജഡ്ജിയുടെ പെരുമാറ്റം അഭികാമ്യമായിരുന്നില്ല. . . . ഒരു നിഷ്പക്ഷമായ വിചാരണയുടെ എല്ലാ മാനദണ്ഡങ്ങളെയും ലംഘിച്ചുകൊണ്ട് ജഡ്ജി ഇടയ്ക്കിടെ പ്രോസിക്യൂഷന്റെ ഭാഗം ചേരുകയും തെളിവിനായി ഹാജരാക്കപ്പെട്ട ജയിംസ് രാജാവിന്റെ ബൈബിൾ ഭാഷാന്തരം പോലെയുള്ള വസ്തുക്കളെക്കുറിച്ച് പ്രോസിക്യൂഷൻ സാക്ഷികളെ ക്രോസ്വിസ്താരം ചെയ്യുന്നതിൽനിന്നു പ്രതിഭാഗത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. കുറ്റാരോപിതർ നിരോധിക്കപ്പെട്ട പ്രസിദ്ധീകരണങ്ങൾ കൈവശംവെച്ചിരുന്നു എന്നു കാണിക്കാനായി പ്രോസിക്യൂഷൻ ഹാജരാക്കിയതാണ് ആ വസ്തുക്കൾ!”
സിംഗപ്പൂർ മനുഷ്യാവകാശങ്ങളെ അടിച്ചമർത്തിയത് വളരെയധികം അന്തർദേശീയ ഉത്കണ്ഠയ്ക്ക് ഇടയാക്കുന്നു. അതിർവരമ്പുകളില്ലാത്ത മനുഷ്യാവകാശങ്ങൾ (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള ഒരു ബെൽജിയം മാഗസിൻ യഹോവയുടെ സാക്ഷികളുടെമേലുള്ള സിംഗപ്പൂർ ഗവൺമെൻറിന്റെ ആക്രമണത്തെക്കുറിച്ചുതന്നെ ചർച്ചചെയ്യുന്ന 18 പേജുള്ള ഒരു റിപ്പോർട്ടു പ്രസിദ്ധീകരിച്ചത് അതിനു തെളിവാണ്. പത്രാധിപലേഖനത്തിൽ എഴുതവേ, ആ ആനുകാലികപ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റർ, ഏതൊരു രാഷ്ട്രീയ ഗവൺമെൻറിലും ഉണ്ടായിരിക്കേണ്ട മനുഷ്യ സ്വാതന്ത്ര്യത്തിന്റെ യഥാർഥ അളവിനെ ഏറ്റവും സംക്ഷിപ്തമായി ഇങ്ങനെ നിർവചിച്ചു:
“ഏതൊരു സമൂഹത്തിലെയും ആളുകൾ പൊതുവേ എത്രത്തോളം മനുഷ്യ സ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്നതിന്റെ ഏറ്റവും നല്ല സൂചനകളിലൊന്നാണ് മതസ്വാതന്ത്ര്യമെങ്കിലും, മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള വിവേചനയും അസഹിഷ്ണുതയും നീക്കംചെയ്യുകയോ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങൾ വികസിപ്പിക്കുകയോ ചെയ്യുന്ന മതേതര മനുഷ്യാവകാശ സംഘടനകൾ വളരെ കുറവാണ്.”
അതിർവരമ്പുകളില്ലാത്ത മനുഷ്യാവകാശങ്ങൾ, തങ്ങളുടെ റിപ്പോർട്ടിന്റെ പിൻപേജിൽ തടിച്ച അക്ഷരത്തിൽ അതു ശുപാർശ ചെയ്യുന്ന കാര്യങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി.
യഹോവയുടെ സാക്ഷികൾ സിംഗപ്പൂരിന് ഒരു അനുഗ്രഹമാണ്. അയൽക്കാരുടെ അവകാശങ്ങളെ മാനിക്കുന്ന അവർ അയൽക്കാർക്കെതിരെ യാതൊരു കുറ്റകൃത്യവും ചെയ്യുകയില്ല. യഹോവയുടെ സാക്ഷികളിലൊരാൾ തങ്ങളുടെ വീട്ടിൽ കുത്തിക്കവർച്ച നടത്തുമെന്നോ തങ്ങളെ കൊള്ളയടിക്കുമെന്നോ മർദിക്കുമെന്നോ ബലാൽസംഗം ചെയ്യുമെന്നോ ഒരു സിംഗപ്പൂർ പൗരനും ഭയപ്പെടേണ്ടതില്ല.
അവർ സ്വമേധയാ നിർവഹിക്കുന്ന പരസ്യ ശുശ്രൂഷ കുടുംബജീവിതത്തെ ബലപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ആളുകളെ നല്ല പൗരൻമാരായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബൈബിളിന്റെ കെട്ടുപണിചെയ്യുന്ന തത്ത്വങ്ങളും അവ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്ന വിധവും പഠിക്കാൻ ആഗ്രഹമുള്ള ഏതൊരാളുമായി അവർ സൗജന്യ ബൈബിളധ്യയനങ്ങൾ നടത്തുന്നു. ബൈബിൾ പഠനത്തിനും പ്രാർഥനയ്ക്കുമായുള്ള അവരുടെ യോഗങ്ങൾ അവരുടെ ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇത് അവരെ നല്ല പൗരൻമാരാക്കിയിരിക്കുന്നു.
തങ്ങളുടെ റിപ്പബ്ലിക്കിനെ ആദരിക്കുകയും അതിന്റെ ഏറ്റവും നല്ല നാളെക്കായി ആഗ്രഹിക്കുകയും ചെയ്യുന്ന സിംഗപ്പൂർ പൗരൻമാർ, സിംഗപ്പൂർ സമൂഹത്തിലെ യഹോവയുടെ സാക്ഷികളുടെ ഉചിതമായ സ്ഥാനം സംബന്ധിച്ച് പുനർവിചിന്തനം നടത്താൻ ഗവൺമെൻറിനെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവർക്കെതിരെയുള്ള ഉത്തരവുകൾ പിൻവലിച്ച് എല്ലാ പൗരൻമാരും അർഹിക്കുന്ന മതസ്വാതന്ത്ര്യം അവർക്കു തിരികെ കൊടുക്കുന്നതിനുള്ള സമയമായിരിക്കുകയാണ്.
[26-ാം പേജിലെ ചതുരം]
ലോകം വീക്ഷിക്കുന്നു
1. “സിംഗപ്പൂർ പൊലീസ് കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു രാത്രിയിൽ അഞ്ചു ഭവനങ്ങളുടെ മേൽ സൈനിക മാതൃകയിൽ മിന്നലാക്രമണം നടത്തി സ്ത്രീപുരുഷൻമാരും കൗമാരപ്രായക്കാരും ഉൾപ്പെടെ 69 പേരെ അറസ്റ്റുചെയ്ത് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. ബൈബിളധ്യയന യോഗങ്ങൾ അവസാനിക്കേണ്ടത് ഈ രീതിയിലായിരുന്നില്ല.”—ദി ഒട്ടാവ സിറ്റിസൺ, കാനഡ, ഡിസംബർ 28, 1995, പേജ് എ10.
2. “നിഷ്കളങ്കരും നിരുപദ്രവകാരികളുമായ ഈ ജനാംഗങ്ങളോടുള്ള നിലപാടിൽ സിംഗപ്പൂർ ഗവൺമെൻറ് മാറ്റംവരുത്തി ഭയമോ പ്രതിബന്ധമോ കൂടാതെ തങ്ങളുടെ വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനും അവരെ അനുവദിച്ചാൽ മതസ്വാതന്ത്ര്യത്തെക്കുറിച്ചും മനസ്സാക്ഷിയുടെ അവകാശങ്ങളെക്കുറിച്ചും വിചാരമുള്ള എല്ലാവരും കൃതാർഥരായിരിക്കും.”—പ്രൊഫസർ ബ്രൈയൻ ആർ. വിൽസൺ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ഇംഗ്ലണ്ട്.
3. “സിംഗപ്പൂർ കോടതികൾ കഴിഞ്ഞ നവംബർമുതൽ 63 യഹോവയുടെ സാക്ഷികളെ, അന്തർദേശീയ പൗരസ്വാതന്ത്ര്യ വിഭാഗങ്ങളുടെ എതിർപ്പിളക്കിവിട്ട വിചാരണാ പരമ്പരകളിൽ കുറ്റംവിധിച്ചിരിക്കുന്നു.”—ആസാഹി ഈവനിങ് ന്യൂസ്, ജപ്പാൻ, ജനുവരി 19, 1996, പേജ് 3.
4. “അറസ്റ്റു ചെയ്യപ്പെടുമെന്നോ തടവിലാക്കപ്പെടുമെന്നോ ഉള്ള ഭയം കൂടാതെ സമാധാനമായി കൂടിവരാനും തങ്ങളുടെ മതം ആചരിക്കാനും യഹോവയുടെ സാക്ഷികളെ അനുവദിക്കണം. മതസ്വാതന്ത്ര്യം, സിംഗപ്പൂരിലെ ഭരണഘടന ഉറപ്പുനൽകുന്ന ഒരു മൗലികാവകാശമാണ്.”—അമ്നെസ്റ്റി ഇന്റർനാഷണൽ, നവംബർ 22, 1995.
5. ഹോങ്കോംഗ് കത്തോലിക്കാ രൂപതയുടെ നീതിസമാധാന കമ്മീഷന്റെ അധ്യക്ഷയായ ചൻ സിയൂ-ചിങ്, പ്രധാനമന്ത്രിയുടെ ഓഫീസിലെ സീനിയർ മിനിസ്റ്ററായ ലീ ക്വാൻ യൂവിന് 1995 ജൂൺ 1-ന് അയച്ച ഒരു കത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “പ്രധാന സംഗതി ഇതാണ്: സൈനിക സേവനം നിരസിക്കുന്നവർ നിയമലംഘികളാണെന്നും അതുകൊണ്ട് അവർക്കെതിരെ കുറ്റമാരോപിക്കേണ്ടതാണെന്നും സിംഗപ്പൂർ ഗവൺമെൻറ് വിചാരിച്ചാൽത്തന്നെയും കേവലം ആരാധനാപരമായ ഉദ്ദേശ്യത്തിനുവേണ്ടി മതപരമായ കൂടിവരവിൽ പങ്കെടുക്കുന്ന മറ്റംഗങ്ങളെ ശിക്ഷിച്ചുകൂടാ. . . .
“അതുകൊണ്ട് നിങ്ങളുടെ ഗവൺമെൻറിനോട് പിൻവരുന്ന കാര്യങ്ങൾക്കായി അപേക്ഷിക്കാൻ ഞങ്ങൾ എഴുതുകയാണ്:
1. മതസ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും ആസ്വദിക്കാൻ തക്കവണ്ണം യഹോവയുടെ സാക്ഷികളെ നിരോധിക്കാതിരിക്കുന്നതിന്;
2. കേവലം മതപരമായ കൂടിവരവുകളിൽ സംബന്ധിക്കുന്ന യഹോവയുടെ സാക്ഷികൾക്കെതിരെ കുറ്റമാരോപിക്കാതിരിക്കുന്നതിന്.
3. മതപരമായ പ്രവർത്തനങ്ങളിൽ സംബന്ധിച്ചതുകൊണ്ടുമാത്രം അടുത്തകാലത്ത് അറസ്റ്റുചെയ്യപ്പെട്ട യഹോവ[യുടെ] സാക്ഷികളെ വിട്ടയയ്ക്കുന്നതിന്.”
[23-ാം പേജിലെ ചിത്രം]
കുറ്റാരോപിതരായശേഷം യഹോവയുടെ സാക്ഷികൾ കോടതിമുറിയിൽ
[23-ാം പേജിലെ ചിത്രം]
71 വയസ്സുള്ള ഈ സാക്ഷി ജഡ്ജിയോടു പറഞ്ഞു: “ഞാൻ ഈ ഗവൺമെൻറിനു ഭീഷണിയല്ല.” എന്നിട്ടും അവരെ തടവിലാക്കി