ലോകത്തെ വീക്ഷിക്കൽ
സഭകളിലെ അംഗത്വം കുറയുന്നു
ഐക്യനാടുകളിൽ, കഴിഞ്ഞ 30 വർഷങ്ങളിലായി മുഖ്യധാരാ പ്രൊട്ടസ്റ്റൻറ് സഭകളിലെ അംഗങ്ങളായി വളർത്തപ്പെട്ടവരിൽ പകുതിയിൽ താഴെ ആളുകളേ മുതിർന്ന ശേഷവും അതിൽത്തന്നെ തുടരുന്നുള്ളൂ എന്നു കരുതപ്പെടുന്നു. ഐക്യനാടുകളിലെ 7 കോടി 80 ലക്ഷം ആളുകൾ വെറും “നാമമാത്ര” പ്രൊട്ടസ്റ്റൻറുകാരാണെന്നു കണക്കാക്കപ്പെടുന്നു. ഇതിന്റെ അർഥം, അവർ തങ്ങളെത്തന്നെ ബാപ്റ്റിസ്റ്റുകാരോ മെഥഡിസ്റ്റുകാരോ പ്രെസ്ബിറ്റേറിയന്മാരോ മറ്റേതെങ്കിലും പ്രൊട്ടസ്റ്റൻറ് സഭയിലെ അംഗങ്ങളോ ആയി തിരിച്ചറിയിക്കുന്നുവെങ്കിലും അവർ ഏതെങ്കിലും പ്രാദേശിക പള്ളിയുടെ ഭാഗമായിരിക്കുകയോ, അവിടെ ഹാജരാകുകയോ ചെയ്യുന്നില്ല എന്നാണ്.
അസ്ഥി വിൽപ്പനക്കാർ
“യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട കാബൂളിലെ ഹതാശരായ ജനങ്ങൾ കോഴിത്തീറ്റയിൽ ചേർക്കുന്നതിനായി മനുഷ്യാസ്ഥികൾ കുഴിച്ചെടുത്തു വിൽക്കുന്നു” എന്ന് റോയിറ്റഴ്സ് വാർത്താ വിഭാഗം റിപ്പോർട്ടു ചെയ്യുന്നു. കാൽസ്യം, ഫോസ്ഫേറ്റ്, കാർബണേറ്റ് എന്നിവയാൽ സമ്പന്നമായ അസ്ഥികൾ കാലിത്തീറ്റ, സോപ്പ്, പാചകയെണ്ണ എന്നിവ നിർമിക്കുന്നതിന് ഉപയോഗിക്കുന്നു. ആറു കിലോഗ്രാം തൂക്കമുള്ള ഒരു അസ്ഥികൂടത്തിന് 50 സെൻറ്വരെ വിലവരും. ദാരിദ്ര്യം കൊടികുത്തിവാഴുന്ന ആ നഗരത്തിൽ അതു താരതമ്യേന വലിയ തുകതന്നെയാണ്. “ഇതു ലാഭകരമായ ഒരു ബിസിനസ്സാണ്,” 14-കാരനായ ഫെയ്സുദ്ദീൻ പറയുന്നു. “ഞാൻ മിക്കപ്പോഴും മൃഗങ്ങളുടെ അസ്ഥികളാണു പെറുക്കാറുള്ളതെങ്കിലും, ഇവിടങ്ങളിൽ മനുഷ്യാസ്ഥികൾ കിട്ടാനാണു കൂടുതലെളുപ്പം.” ദുഃഖകരമെന്നു പറയട്ടെ, അഫ്ഗാനിസ്ഥാനിൽ വർഷങ്ങളായി നടമാടുന്ന ആഭ്യന്തര യുദ്ധം ധാതുസമ്പന്നമായ ഈ ഉത്പന്നത്തിന്റെ ലഭ്യത വർധിപ്പിക്കുന്നു.
സമയം സൂചിപ്പിക്കുന്നതിലുമധികം ചെയ്യുന്ന വാച്ചുകൾ
റിയോ ദെ ജെനിറോയിലെ സർവകലാശാലാ പ്രവേശന പരീക്ഷകളിൽ കോപ്പിയടിക്കാനായി ഡിജിറ്റൽ വാച്ചുകൾ കൈവശംവെച്ചതിന് 77 വിദ്യാർഥികളെ പരീക്ഷയെഴുതാൻ അയോഗ്യരായി കണക്കാക്കിയതായി യൂ ഗ്ലോബൂ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. വാച്ചുകൾ മിക്കവാറും ടെലഫോൺ പേജറുകൾപോലെ വർത്തിക്കുമായിരുന്നു. പക്ഷേ ടെലഫോൺ നമ്പറുകൾ സംഭരിക്കുന്നതിനുപകരം പരീക്ഷയിലെ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങളാണ് അവ പ്രദാനം ചെയ്തത്. വാച്ചൊന്നിന് 14,000 ഡോളർവരെ വിദ്യാർഥികൾ ചെലവഴിച്ചിട്ടുണ്ടെന്നു പത്രം പറയുന്നു. രസാവഹമായി, 1987-ൽത്തന്നെ ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും സ്കൂൾ പരീക്ഷാ ബോർഡുകൾ, കമ്പ്യൂട്ടർവത്കൃത റിസ്റ്റ്വാച്ചുകൾ ഉപയോഗിച്ചു കോപ്പിയടിക്കുന്നവരെ സൂക്ഷിക്കാൻ അധ്യാപകർക്കു മുന്നറിയിപ്പു നൽകിയിരുന്നതാണ്.
വികൃത ദർശനം
കണ്ണാടിയിൽ നോക്കുന്ന മിക്കയാളുകളും അതിൽ കാണുന്ന പ്രതിരൂപംപോലെതന്നെയാണു തങ്ങളെന്ന് അംഗീകരിക്കുന്നു. എന്നാൽ ശരീരവൈകൃതം സങ്കൽപ്പിക്കുന്ന തകരാറ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയിലുള്ളവർ കണ്ണാടിയിലേക്കു തുറിച്ചു നോക്കുകയും തങ്ങളുടെ വികൃതമായ പ്രതിരൂപം അതിൽ കാണുകയും ചെയ്യുന്നു. “ആളുകൾ തങ്ങളുടെ ഏതെങ്കിലുമൊരു ശാരീരിക പ്രത്യേകതയെക്കുറിച്ച്—യാതൊരു കുഴപ്പവും ഇല്ലാഞ്ഞിട്ടും—അത് അറപ്പുളവാക്കുന്നത്ര വിരൂപമാണെന്നു സങ്കൽപ്പിച്ചുകൊണ്ട് ആകുലപ്പെടുന്ന ഒരു അവസ്ഥയാണത്,” കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയുടെ ദ പ്രൊവിൻസ് പ്രസ്താവിക്കുന്നു. ന്യൂയോർക്കിലെ മനോരോഗവിദഗ്ധനായ എറിക് ഹോളൻഡർ പറയുന്നതനുസരിച്ച്, സങ്കൽപ്പിത വൈകല്യങ്ങളെച്ചൊല്ലിയുള്ള മനോവിഷമം മുഴുത്ത് ഈ തകരാറു നിമിത്തം ദുരിതമനുഭവിക്കുന്നവരിൽ ഏകദേശം 25 ശതമാനം ആത്മഹത്യ ചെയ്യുന്നു.
പ്രാർഥനകൾ ഇലക്ട്രോണിക് തപാലിലൂടെ
ദൈവഭക്തരായ യഹൂദർ വിലപിക്കുന്നതിനും പ്രാർഥിക്കുന്നതിനുംവേണ്ടി കാലങ്ങളായി യെരൂശലേമിലെ വിലാപ മതിലിങ്കൽ ഒരുമിച്ചു കൂടിയിരുന്നു. മിക്കപ്പോഴും ഭക്തർ ഒരു തുണ്ടുകടലാസിൽ പ്രാർഥനകളെഴുതി മതിലിലെ വിള്ളലുകളിൽ വെച്ചിരുന്നു. എന്നിരുന്നാലും, ഇപ്പോൾ ലോകത്തെമ്പാടുമുള്ള യഹൂദർക്ക് പ്രാർഥനകൾ ഇൻറർനെറ്റു വഴി ഇലക്ട്രോണിക് തപാലുകളായി അയയ്ക്കാൻ സാധിക്കും. കമ്പ്യൂട്ടർലോകം (ഇംഗ്ലീഷ്) എന്ന മാസിക പറയുന്നതനുസരിച്ച് വെർച്ച്വൽ ജെറൂസലേം എന്ന വെബ്സൈറ്റിലെ ജോലിക്കാർ പ്രാർഥനകൾ ശേഖരിച്ച് അച്ചടിച്ച്, വിലാപ മതിലിൽ കൊണ്ടുപോയി വെക്കുന്നു. “യഹൂദ പാരമ്പര്യപ്രകാരം ദൈവത്തിന് അവരെ വീണ്ടെടുക്കാൻ സാധിക്കുന്നത് അവിടെവെച്ചാണ്.”
വരുമാന വിടവു വർധിക്കുന്നു
ഐക്യരാഷ്ട്ര സംഘടനയുടെ അടുത്തകാലത്തെ ഒരു സാമൂഹിക വികസന റിപ്പോർട്ടു പറയുന്നതനുസരിച്ച് ലോകത്തിലെ വരുമാനത്തിന്റെ 83 ശതമാനവും ധനികരിൽ ധനികരായ 20 ശതമാനം ആളുകൾക്കാണു പോകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോകത്തിലെ പരമദരിദ്രരായ 2,40,00,00,000 ആളുകളുടെ മൊത്തവരുമാനത്തിനു തുല്യമാണ് 358 കോടിപതികളുടെ മൊത്തവരുമാനം. 1960-ൽ വ്യവസായവത്കൃത രാജ്യങ്ങളിലെ ആളുകളുടെ ശരാശരി വാർഷിക വരുമാനം വികസ്വര രാജ്യങ്ങളിലുള്ള ആളുകളുടേതിനെക്കാൾ 5,700 ഡോളർ അധികമായിരുന്നു. എന്നാൽ 1993 ആയപ്പോഴേക്കും വാർഷിക പ്രതിശീർഷ വരുമാനത്തിൽ വ്യവസായവത്കൃത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള ശരാശരി വ്യത്യാസം 15,400 ഡോളറായി വർധിച്ചു.
ചരിത്രപ്രധാനമായ കൊയ്ത്ത്
“ചൈനയിൽ, ചരിത്രത്തിലാദ്യമായി മെഷീനുകൾ ഗോതമ്പു വയലുകളിൽനിന്നു മനുഷ്യനെ പുറന്തള്ളിയിരിക്കുന്നു,” റോയിറ്റഴ്സ് വാർത്താ വിഭാഗം റിപ്പോർട്ടുചെയ്യുന്നു. 8,00,000-ത്തിലേറെ കൊയ്ത്തു യന്ത്രങ്ങളാണ് അവിടെ ഉപയോഗിച്ചത് എന്നു പറയപ്പെടുന്നു. ചൈനയിൽ ഗോതമ്പ് ഉപയോഗിക്കാൻ തുടങ്ങിയത് പൊ.യു.മു. 1300-നു കുറച്ചു മുമ്പായിട്ടാണ്. അന്നുമുതൽ കുടുംബവക ചെറിയ കൃഷിയിടങ്ങളിൽ—ഭൂരിഭാഗവും കൈകൊണ്ട്—അതു വിജയകരമായി കൃഷിചെയ്തുവരുകയും ചെയ്തു. എന്നാൽ, ചൈന ലോക ജനസംഖ്യയുടെ 20-ലേറെ ശതമാനത്തെ പ്രതിനിധീകരിക്കുന്നുവെങ്കിലും കൃഷിക്ക് ഉപയുക്തമായ നിലത്തിന്റെ വെറും 7 ശതമാനത്തിൽ മാത്രമേ കൃഷിയിറക്കിയിട്ടുള്ളൂവെന്നതിനാൽ “കാർഷിക ഉദ്യോഗസ്ഥർ രാജ്യത്തിന്റെ വയലുകളുടെ യന്ത്രവത്കരണത്തിൽ അതീവ തത്പരരാണ്” എന്നു റിപ്പോർട്ടു പറഞ്ഞു.
വൈദിക ഇൻഷ്വറൻസ് പ്രശ്നങ്ങൾ
മിക്ക സഭകളും അവരുടെ നേരെ ഉന്നയിക്കപ്പെടുന്ന വ്യക്തി-ദ്രോഹ ക്ലെയിമുകളിൽനിന്നുള്ള സംരക്ഷണത്തിനായി പൊതു ഋണബാധ്യതാ ഇൻഷ്വറൻസ് നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഐക്യനാടുകളിലെ ചില ഇൻഷ്വറൻസ് കമ്പനികൾ തങ്ങളുടെ ഇൻഷ്വറൻസ് പോളിസികളിൽ വൈദികരുടെ “ലൈംഗിക ദുഷ്പെരുമാറ്റങ്ങൾ” ഉൾപ്പെടുത്തിയിരിക്കുന്നതു പിൻവലിക്കാൻ തുടങ്ങി എന്ന് നാഷ്നൽ അണ്ടർറൈറ്റർ റിപ്പോർട്ടു ചെയ്യുന്നു. ചർച്ച് മ്യൂച്ച്വൽ ഇൻഷ്വറൻസ് കമ്പനിയുടെ വിദഗ്ധോപദേഷ്ടാവായ ജോൺ ക്ലിയറി ഇങ്ങനെ പറഞ്ഞു: “ഭൂരിഭാഗം . . . ഋണബാധ്യതാ പോളിസികളും ലൈംഗിക ദുഷ്പെരുമാറ്റം ഒഴിവാക്കുന്നതായിരിക്കും. കാരണം അതു മനഃപൂർവമുള്ള ഒരു പ്രവൃത്തിയാണ്, വാസ്തവത്തിൽ ഒരു കുറ്റകൃത്യം.” മാത്രമല്ല, വ്യത്യസ്ത മത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു അഭിഭാഷകനായ ഡോണൾഡ് ക്ലാർക് ജൂണിയർ പറഞ്ഞതനുസരിച്ച് ഈ ഇൻഷ്വറൻസ് മാറ്റങ്ങൾ കാണിക്കുന്നത് “മനുഷ്യർ മുഖാന്തരം ഉളവാകുന്ന ഇത്തരം അത്യാഹിതങ്ങളുടെ പ്രതികൂല സാമ്പത്തിക നഷ്ടങ്ങളിൽ അന്തർഭവിച്ചിരിക്കുന്ന ഭീഷണി, പ്രകൃതിവിപത്തുകളിൽ നിന്നുളവാകുന്ന നഷ്ടങ്ങളെക്കാൾ കൂടുതൽ വിനാശകമാണ്” എന്നാണ്. 1984 മുതൽ, ഐക്യനാടുകളിലെ പ്രമുഖ സഭാ ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ചർച്ച് മ്യൂച്ച്വലിനുതന്നെ ഏകദേശം 1,500-നും 2,000-ത്തിനും ഇടയ്ക്ക് ലൈംഗിക ദുഷ്പെരുമാറ്റ ക്ലെയിം അപേക്ഷകൾ ലഭിച്ചുവെന്ന് ശ്രീ. ക്ലിയറി പറയുന്നു.
സിംഗപ്പൂർ വിദ്യാർഥികൾ മുൻപന്തിയിൽ
ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ ഗുണനിലവാരം താരതമ്യം ചെയ്യുന്നതിനായി 41 രാജ്യങ്ങളിൽനിന്നുള്ള അഞ്ചു ലക്ഷത്തിലേറെ കുട്ടികൾക്ക് 90-മിനിറ്റ് ദൈർഘ്യമുള്ള ഒരു പരീക്ഷ നടത്തി. ഫലമെന്തായിരുന്നു? കണക്കിലും ശാസ്ത്രത്തിലും ലോകത്തിലേറ്റവും മികച്ചുനിൽക്കുന്ന വിദ്യാർഥികൾ സിംഗപ്പൂർകാരാണെന്നു പരീക്ഷാഫലങ്ങൾ കാണിച്ചു. സിംഗപ്പൂർ കഴിഞ്ഞാൽ കണക്കിൽ ഏറ്റവും കൂടുതൽ മാർക്കു നേടിയ അടുത്ത പത്തു രാജ്യങ്ങൾ ദക്ഷിണ കൊറിയ, ജപ്പാൻ, ഹോങ്കോംഗ്, ബെൽജിയം, ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്ക് റിപ്പബ്ലിക്ക്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, സ്ലോവേനിയ എന്നിവയാണ്. സയൻസിൽ മികച്ച മാർക്കുകൾ നേടിയത് സിംഗപ്പൂർ, ചെക്ക് റിപ്പബ്ലിക്ക്, ജപ്പാൻ, ദക്ഷിണ കൊറിയ, ബൾഗേറിയ, നെതർലൻഡ്സ്, സ്ലോവേനിയ, ഓസ്ട്രിയ, ഹംഗറി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളായിരുന്നു. ഏകദേശം 34,00,000 ആളുകൾ മാത്രം ജീവിക്കുന്ന ഒരു രാഷ്ട്രം ലോകത്തിന്റെ ഇതര ഭാഗങ്ങളെയെല്ലാം പ്രത്യക്ഷത്തിൽ കടത്തിവെട്ടിയതെങ്ങനെ? കഠിനാധ്വാനത്തിലൂടെ ആയിരിക്കണം. സിംഗപ്പൂരിലെ വിദ്യാർഥികൾ ഗൃഹപാഠം ചെയ്യുന്നതിനായി ശരാശരി 4.6 മണിക്കൂർ പ്രതിദിനം ചെലവഴിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര ശരാശരി 2 മുതൽ 3 വരെ മണിക്കൂർ ആയിരിക്കുമ്പോഴാണിത് എന്ന് ഏഷ്യാവീക്ക റിപ്പോർട്ടു ചെയ്യുന്നു.
സ്വർഗത്തിൽനിന്നു പണമോ?
ഫ്ളോറിഡയിലെ മിയാമിയുടെ സമീപത്തുള്ള ഓവർടൗൺ എന്ന ദരിദ്ര പ്രദേശത്തെ സ്ഥലവാസികൾ ആകാശത്തുനിന്നു പണം പൊഴിയുന്നതു കണ്ട് അങ്ങേയറ്റം ആഹ്ലാദിച്ചു. എങ്കിലും, അതു സ്വർഗത്തിൽനിന്നുള്ള മന്നായല്ല, പകരം സമീപത്തുള്ള ഒരു മേൽപ്പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ഒരു സായുധ ട്രക്ക് ഇടിച്ചു തകർന്നപ്പോൾ അതിലുണ്ടായിരുന്ന 37 ലക്ഷം ഡോളർ താഴെയുള്ള തെരുവുകളിലേക്കു വീണതായിരുന്നു എന്നു തെളിഞ്ഞു. ചുരുങ്ങിയത് 100 പേരെങ്കിലും പണം കൈക്കലാക്കാൻ അവിടേക്കു പാഞ്ഞുചെന്നുവെന്നു പൊലീസ് കണക്കാക്കുന്നു. എന്നാൽ അതിലേറെ പേർ ഉണ്ടായിരുന്നിരിക്കാനാണു സാധ്യത. ദ ന്യൂയോർക്ക് ടൈംസ് പറഞ്ഞതനുസരിച്ച്, “മിയാമി പൊലീസ് പണം കൈവശംവെച്ചിരിക്കുന്നവർക്ക് മോഷണക്കുറ്റം ചുമത്തപ്പെടാതെ അതു മടക്കിക്കൊടുക്കുന്നതിനു 48 മണിക്കൂർ സമയമനുവദിച്ചു.” പൊതുമാപ്പിന്റെ സമയം തീർന്നപ്പോഴേക്കും മൂന്നുപേർ മാത്രമേ കുറച്ചെങ്കിലും പണം തിരിച്ചേൽപ്പിച്ചുള്ളൂ. ഏകദേശം 5,00,000 ഡോളർ അപ്പോഴും കിട്ടാനുണ്ടായിരുന്നു. ഒരു 18 വയസ്സുകാരൻ യുവാവ് ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടു: “അത് ആളുകളുടെ വീട്ടുമുറ്റത്തു വീണതല്ലേ, ഇതല്ലാതെ മറ്റെന്തു നിങ്ങൾക്കവരിൽനിന്നു പ്രതീക്ഷിക്കാനാകും?”
ശസ്ത്രക്രിയാ സമയത്തു രോഗികളെ ചൂടുള്ളവരായി നിലനിർത്തുന്നു
വായുവിലെ ബാക്ടീരിയകളുടെ വളർച്ച തടയുന്നതിനുവേണ്ടി തണുപ്പുള്ളവയായി നിലനിർത്തുന്ന ആശുപത്രികളിലെ ശസ്ത്രക്രിയാ മുറികൾ അണുബാധയുണ്ടാകാനുള്ള അപകടസാധ്യത മൂന്നിരട്ടിയാക്കുകയാണു ചെയ്യുന്നതെന്ന് കാലിഫോർണിയാ സർവകലാശാലയിലെ അനസ്തേഷ്യാ വിദഗ്ധനായ ഡാനിയൽ സെസ്ലർ നടത്തിയ ഒരു ആധുനിക പഠനം അവകാശപ്പെടുന്നു. “വാസ്തവത്തിൽ അണുബാധയുണ്ടാകുന്നത് ചുറ്റുമുള്ള വായുവിൽ ഒഴുകി നടക്കുന്ന ബാക്ടീരിയകളാലല്ല, പകരം തൊലിപ്പുറമെയോ ശരീരത്തിനുള്ളിൽതന്നെയോ ഉള്ള ബാക്ടീരിയകളെ ചെറുക്കാനുള്ള രോഗിയുടെ ശക്തി കുറഞ്ഞുപോകുന്നതിനാലാണ്,” സെസ്ലർ പറയുന്നു. തണുത്തുറഞ്ഞ ശസ്ത്രക്രിയാ മുറികൾക്ക് രോഗിയുടെ ശരീര താപനില രണ്ടര ഡിഗ്രി സെൽഷ്യസ്വരെയാക്കി കുറയ്ക്കാൻ സാധിക്കും. താണ ശരീരോഷ്മാവ് അണുബാധ തടയുന്നതിന് അത്യാവശ്യമായ ഓക്സീകരിക്കപ്പെട്ട രക്തത്തിന്റെ ചംക്രമണം കുറയ്ക്കുന്നു. “രോഗപ്രതിരോധത്തിനു ചുമതലപ്പെട്ട കോശങ്ങളും എൻസൈമുകളും ശരീരം തണുത്തിരിക്കുമ്പോൾ നന്നായി പ്രവർത്തിക്കുന്നില്ല” എന്ന് സെസ്ലർ പറയുന്നു. ശസ്ത്രക്രിയാ സമയത്ത് ശരീരോഷ്മാവ് സാധാരണമാക്കി നിലനിർത്തുമ്പോൾ അണുബാധയുടെ നിരക്കു കുറയുന്നുവെന്നും അത്തരം രോഗികൾക്ക് ചൂടുള്ളവരാക്കി നിലനിർത്താത്ത രോഗികളെക്കാൾ ഏകദേശം മൂന്നു ദിവസം കുറച്ചേ ആശുപത്രിയിൽ കിടക്കേണ്ടി വരുന്നുള്ളുവെന്നും സെസ്ലറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കണ്ടെത്തി.
പൊതു നന്മയ്ക്കല്ല
ജപ്പാനിൽ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 49 ശതമാനം ആളുകൾ തങ്ങളുടെ ഗവൺമെൻറ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതു പ്രധാനമായും അവനവനു വേണ്ടിയാണെന്നു പറഞ്ഞുവെന്ന് മെയ്നിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. പ്രതികരിച്ചവരിൽ 7 ശതമാനം മാത്രമേ തങ്ങളുടെ ഓഫീസ് മേധാവികൾ “പൊതു നന്മയ്ക്കുവേണ്ടിയാണ്” ജോലിചെയ്യുന്നതെന്നു കരുതുന്നുള്ളൂ. വെറും 3 ശതമാനം മാത്രമാണ് അവർ രാജ്യത്തിനുവേണ്ടിയാണു ജോലി ചെയ്യുന്നതെന്നു പറഞ്ഞത്. വളരെ ചുരുക്കം ജപ്പാൻകാരേ തങ്ങളുടെ ഓഫീസ് മേധാവികളെ അധ്വാനശീലരും ആത്മാർഥതയുള്ളവരുമായി വർണിക്കുന്നുള്ളൂ. കഴിഞ്ഞ ഡിസംബറിലാണു സർവേ നടത്തിയത്. പിറ്റേ വർഷംതന്നെ ജപ്പാന്റെ ഏറ്റവും ഉന്നതരായ ചില സിവിൽ ഉദ്യോഗസ്ഥർക്കു പങ്കുള്ള നിരവധി അഴിമതിയാരോപണങ്ങൾ വെളിച്ചത്തുവന്നു.