ജലം—ഭൂമിയുടെ ജീവരക്തം
നിറമില്ലാത്ത, മണമില്ലാത്ത, രുചിയില്ലാത്ത, കലോറിയില്ലാത്ത വെള്ളം ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജീവത്പ്രധാനമാണ്. യാതൊരു മനുഷ്യനോ മൃഗത്തിനോ സസ്യത്തിനോ അതില്ലാതെ ജീവിക്കാൻ സാധ്യമല്ല. ആനമുതൽ സൂക്ഷ്മാണുവരെ എല്ലാറ്റിനും വെള്ളം അനിവാര്യമാണ്, മറ്റൊന്നും അതിനു പകരമാകില്ല. ഭൂമിയിലെ 500 കോടിയിലേറെ വരുന്ന ജനങ്ങളിൽ ഓരോരുത്തരും ആരോഗ്യം നിലനിർത്താൻ ഓരോ ദിവസവും രണ്ടര ലിറ്റർ വെള്ളം—ദ്രാവകരൂപത്തിലും ആഹാരരൂപത്തിലും—കുടിക്കേണ്ടത് ആവശ്യമാണ്. വെള്ളമില്ലെങ്കിൽ ജീവനുമില്ല.
വെള്ളമില്ലെങ്കിൽ കൃഷി ചെയ്യാനോ കന്നുകാലികളെ വളർത്താനോ സാധിക്കുകയില്ല. വെള്ളമില്ലെങ്കിൽ ആഹാരമില്ല—ആഹാരമില്ലെങ്കിൽ ജീവനുമില്ല.
ആശ്വാസകരമെന്നു പറയട്ടെ, ജലം ധാരാളമുണ്ട്. ബഹിരാകാശത്തുനിന്ന് ഫോട്ടോ എടുത്തപ്പോൾ നമ്മുടെ മനോഹരമായ നീല ഗ്രഹം ഭൂമിയെന്നല്ല പിന്നെയോ, ജലം എന്നു വിളിക്കപ്പെടേണ്ടതാണെന്നു തോന്നി. ലോകത്തിലുള്ള ജലം മുഴുവനും ഒരേപോലെ ഭൂമിയുടെ ഉപരിതലത്തെ മൂടുകയാണെങ്കിൽ അത് 2.5 കിലോമീറ്റർ ആഴമുള്ള ഒരു ആഗോള സമുദ്രമായി മാറും. ഭൂമിയിലെ കരപ്രദേശങ്ങളെല്ലാം പസഫിക്ക് സമുദ്രത്തിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. അരികുകളിൽ അൽപ്പം സ്ഥലം മിച്ചവും വന്നേക്കാം.
തീർച്ചയായും, ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും കടലിലാണുള്ളത്. കടൽവെള്ളമാണെങ്കിൽ ഉപ്പുരസമുള്ളതുമാണ്. ഒരു വ്യക്തി കടൽവെള്ളം മാത്രമാണു കുടിക്കുന്നതെങ്കിൽ, ശരീരം കൂടുതലുള്ള ഉപ്പ് പുറന്തള്ളാൻ ശ്രമിക്കവേ അവൻ അല്ലെങ്കിൽ അവൾ ദാഹവും നിർജലീകരണവും നിമിത്തം മരിച്ചുപോകും. കടൽവെള്ളം കൃഷിക്കോ വ്യവസായത്തിനോ പറ്റിയതല്ല. അത് മിക്ക വിളകളെയും നശിപ്പിക്കുന്നു, മിക്ക യന്ത്രങ്ങളെയും വേഗത്തിൽ തുരുമ്പു പിടിപ്പിക്കുന്നു. അതുകൊണ്ട്, മിക്കപ്പോഴും ഉപ്പ് നീക്കം ചെയ്താൽ മാത്രമേ മനുഷ്യർക്കു കടൽവെള്ളം ഉപയോഗിക്കാൻ സാധിക്കൂ. അത് ചെലവേറിയ ഒരു പ്രക്രിയയാണുതാനും.
ലോകത്തിലെ ജലത്തിന്റെ 3 ശതമാനം മാത്രമാണ് ഉപ്പുരസമില്ലാത്ത ശുദ്ധജലം. ആ ജലമെല്ലാംതന്നെ—അതിന്റെ 99 ശതമാനത്തോളം—ഹിമനദികളിലോ ഹിമാനികളിലോ ഭൂമിക്കടിയിൽ ആഴത്തിലോ ആണുള്ളത്. മനുഷ്യവർഗത്തിനു നേരിട്ടു ലഭ്യമായത് ഒരു ശതമാനം മാത്രം.
ഒരു ശതമാനം എന്നുപറയുന്നത് അധികമുണ്ടെന്നു തോന്നുന്നില്ല. നമുക്കു ശുദ്ധജല ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ? ഒരുപക്ഷേ ഇല്ലായിരിക്കാം. മനുഷ്യരും ഭൂമിയും (ഇംഗ്ലീഷ്) എന്ന മാഗസിൻ ഇങ്ങനെ പറയുന്നു: “ഈ [1 ശതമാനം] പോലും ലോകമൊട്ടാകെ ഒരേപോലെ വിതരണം ചെയ്ത് ബുദ്ധിപൂർവം ഉപയോഗിക്കുകയാണെങ്കിൽ ലോകത്തിലെ ഇന്നത്തെ ജനസംഖ്യയുടെ രണ്ടോ മൂന്നോ ഇരട്ടിയെ പുലർത്താൻ മതിയായതാണ്.”
അടിസ്ഥാനപരമായി, ഭൂമിയിലെ മൊത്തം ജലം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. സയൻസ് വേൾഡ് പറയുന്നു: “നിങ്ങൾ ഇന്നുപയോഗിക്കുന്ന വെള്ളം ഒരിക്കൽ ഒരു ദിനോസറസിന്റെ ദാഹം ശമിപ്പിച്ചിരിക്കാം. ഭൂമിയിൽ ഇപ്പോഴുള്ള ജലം മാത്രമാണ് നമുക്ക് എപ്പോഴും ഉണ്ടായിരുന്നിട്ടുള്ളത്—അല്ലെങ്കിൽ എപ്പോഴും ഉണ്ടായിരിക്കുക—എന്നതാണ് അതിനുള്ള കാരണം.”
ഗോളമെമ്പാടുമുള്ള ജലം അനന്തമായി—സമുദ്രത്തിൽനിന്ന് അന്തരീക്ഷത്തിലേക്കും തിരിച്ചു ഭൂമിയിലേക്കും നദികളിലേക്കും സമുദ്രങ്ങളിലേക്കും—പര്യയനം ചെയ്യുന്നു എന്നതാണു കാരണം. ജ്ഞാനിയായ മനുഷ്യൻ ദീർഘകാലംമുമ്പ് എഴുതിയതുപോലെയാണത്: “സകല അരുവികളും കടലിലേക്ക് ഒഴുകിച്ചേരുന്നു; എന്നിട്ടും കടൽ നിറഞ്ഞുകവിയുന്നില്ല; അരുവികൾ വീണ്ടും ഒഴുകാൻ അവ ഒഴുകിവന്ന ഇടത്തേക്ക് പിന്നെയും ചെല്ലുന്നു.”—സഭാപ്രസംഗി 1:7, ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ഭൂമിയിൽ ശുദ്ധജലം സുലഭമാണെങ്കിലും ഭൂമിയിലെ പല പ്രദേശങ്ങളും ഇന്നു പ്രതിസന്ധിയിലാണ്. പിൻവരുന്ന ലേഖനങ്ങൾ ആ പ്രശ്നങ്ങളെയും അവ പരിഹരിക്കപ്പെടാനുള്ള സാധ്യതകളെയും കുറിച്ചു ചർച്ച ചെയ്യും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo