വെള്ളം, വെള്ളം സർവ്വത്ര
പ്രഭാതം പൊട്ടിവിടരുന്നു. ആളുകൾ വിശ്രമദായകമായ ഒരു രാത്രിക്കുശേഷം വീടുകളിൽ പിടഞ്ഞെഴുന്നേൽക്കുന്നു. അവരുടെ ശരീരങ്ങൾക്ക് നവോത്തേജനമേകാൻ ജലധാരാസ്നാനവും റ്റബ്ബ് വാട്ടറും വേണം. ഉറക്കംതൂങ്ങുന്ന കണ്ണുകൾ വെള്ളം തെറിപ്പിക്കുമ്പോൾ ഉണരുന്നു. മീശവടിക്കേണ്ടവരുണ്ട്. ചിലർക്ക് അത്യാവശ്യവും അനിവാര്യവുമായി ആദ്യം കിട്ടേണ്ട ചായക്ക് അല്ലെങ്കിൽ കാപ്പിക്ക് കുടം കണക്കിൽ വെള്ളം കോരേണ്ടതുണ്ട്. മലിനമായ പാത്രങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളും ശുദ്ധജലത്തിൽ കഴുകണം.
പ്രഭാത സൂര്യൻ ആകാശത്തിൽ ഉയർന്നുപൊങ്ങുമ്പോൾ വ്യവസായത്തിന്റെ ചക്രങ്ങൾ തിരിഞ്ഞു തുടങ്ങുന്നു. താപനത്തിനും ശീതീകരണത്തിനും വൈദ്യുതിയുല്പാദനത്തിനും രാസവസ്തു നിർമ്മാണത്തിനും മറ്റനേകം കാര്യങ്ങൾക്കും അത്യാവശ്യമായ ആ ജീവരക്തത്തിന്, അതെ വെള്ളത്തിന്, മൈൽകണക്കിനു ദൈർഘ്യമുള്ള കുഴലുകളിലൂടെ ഒഴുകാൻ കഴിയേണ്ടതിന് വാൽവുകൾ തുറക്കപ്പെടുന്നു.
ഇലക്ട്രിക്ക് പ്ലഗ്ഗ് ഊരുമ്പോഴെന്നപോലെ, വെള്ളമില്ലാത്തപ്പോൾ തീർച്ചയായും വ്യവസായത്തിന്റെ ചക്രങ്ങൾ നിശ്ചലമാകുന്നു. ദൃഷ്ടാന്തമായി നിങ്ങളുടെ കാറിലെ 2000 റാത്തൽ ഉരുക്കിന്റെ നിർമ്മാണത്തിന് 60000 ഗ്യാലൻ വെള്ളം പുനഃപരിവൃത്തിയിലൂടെ ഉപയോഗിക്കേണ്ടിവന്നു, അതിന്റെ റ്റാങ്കിലെ ഓരോ ഗ്യാലൻ ഇന്ധനത്തിന്റെയും പ്രോസസ്സിംഗിന് 4 ഗ്യാലൻ വെള്ളം വേണ്ടിവന്നു.a കഫേകളും റസ്റ്റോറണ്ടുകളും തിരക്കുപിടിച്ച മറ്റൊരു ദിവസത്തിനുവേണ്ടി ഒരുങ്ങുന്നു, അന്നും അവരുടെ വാട്ടർമീറ്റർ സൂചികൾ സത്വരം കറങ്ങും. കൂടുതൽ വരണ്ട പ്രദേശങ്ങളിൽ മൈൽകണക്കിനു പൈപ്പുകളും പതിനായിരക്കണക്കിന് തളിക്കൽ ഉപകരണങ്ങളും വിലയേറിയ ദശലക്ഷക്കണക്കിന് ഘനയടി വെള്ളം നിർഗ്ഗമിപ്പിച്ച് കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നു. അവിടെ നിന്നാണ് വളരെയധികം ഭക്ഷ്യവസ്തുക്കൾ നഗരങ്ങളിലേക്കു വരുന്നത്.
വെള്ളം, വെള്ളം, സർവ്വത്ര. വറ്റാത്ത അളവിൽ അതുണ്ടെന്നു തോന്നുന്നു മിക്കവരുടെയും മനസ്സിൽ ഈ ചിന്ത വ്യാപരിക്കുന്നതുകൊണ്ട്, അത് ദുർവിനിയോഗം ചെയ്യുന്നു, തെറ്റായി ഉപയോഗിക്കുന്നു, പാഴാക്കുന്നു, അഗണ്യമാക്കുന്നു, അതിന്റെ ഉറവിനെക്കുറിച്ചു ചിന്തിക്കുന്നുമില്ല. അത് അനായാസം ലഭ്യമായിരിക്കുന്നതിനാൽ നഗരങ്ങളിലെ ധനശേഷി കുറഞ്ഞവർക്കുപോലും പുരാതന രാജാക്കൻമാർ അവരുടെ പ്രതാപത്തിൽ ജീവിച്ചതിനെക്കാൾ മെച്ചമായി ജീവിക്കാൻ കഴിയും. അവരുടെ അടുക്കളയിൽ അല്ലെങ്കിൽ കുളിമുറിയിൽ ഒരു മൊട്ട് തിരിക്കുമ്പോൾ അവർക്ക് പൈപ്പിൽ നിന്ന് ചൂടുവെള്ളമോ പച്ചവെള്ളമോ കിട്ടുന്നു. (ദൃഷ്ടാന്തത്തിന് അമേരിക്കൻ ഐക്യനാടുകളിൽ ഓരോ ആളിനും പ്രതിദിനം ശരാശരി 87 ഗ്യാലൻ).
സകല ജീവികൾക്കും വെള്ളം അത്യന്താപേക്ഷിതമാണ്. വായു കഴിഞ്ഞാൽ മനുഷ്യജീവന്റെ നിലനിൽപ്പിന് അത്യാവശ്യമായിരിക്കുന്നത് അതാണ്. മനുഷ്യന് ആഹാരം കൂടാതെ ഒരു മാസത്തിൽ കൂടുതൽ ജീവിക്കാൻ കഴിയും. വെള്ളമോ വെള്ളമടങ്ങിയ ഭക്ഷണമോ പാനീയമോ കിട്ടാത്തപ്പോൾ അവൻ ഒരാഴ്ചക്കുള്ളിൽ മരിക്കും. അവന്റെ ശരീരത്തിന് സാധാരണയുള്ള ജലത്തിന്റെ 20 ശതമാനത്തിൽ കൂടുതൽ നഷ്ടപ്പെടുമ്പോൾ അവൻ വേദനപ്പെട്ടു മരിക്കും.
മനുഷ്യ ചരിത്രത്തിലുടനീളം വെള്ളത്തിനുവേണ്ടിയുള്ള തീവ്രമായ അന്വേഷണം ഉണ്ടായിട്ടുണ്ട്. അതിന്റെ നിയന്ത്രണത്തിനുവേണ്ടി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ഒരു മരുഭൂമിയിലെ ചെളിനിറഞ്ഞ ഒരു മരുപ്പച്ചക്കുവേണ്ടി മനുഷ്യൻ അന്യോന്യം കൊന്നിട്ടുണ്ട്. വെള്ളം ധാരാളം ഉണ്ടായിരുന്നടത്ത് പട്ടണങ്ങളും നഗരങ്ങളും സാമ്രാജ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. വെള്ളത്തിന്റെ ലഭ്യത നിലച്ചപ്പോൾ ചിലത് ഉപേക്ഷിക്കപ്പെട്ടു. മനുഷ്യർ വെള്ളത്തിന് വിഗ്രഹമുണ്ടാക്കുകയും അവയെ ദൈവങ്ങളായി ആരാധിക്കുകയും ചെയ്തിട്ടുണ്ട്. ജലം ദുർല്ലഭമായിരുന്നപ്പോൾ വലിയ കർമ്മാനുഷ്ഠാനങ്ങളും യാഗങ്ങളും മുഖേന അവയോടു പ്രാർത്ഥിക്കുകയും വെള്ളം കണ്ടെത്തിയപ്പോൾ ബഹുമതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ജലപ്രതിസന്ധി—വരുന്നോ അതോ ഇപ്പോഴുണ്ടോ?
ഭൂമിയിൽ ജനസംഖ്യാ സ്ഫോടനമുണ്ടായപ്പോൾ വെള്ളത്തിന്റെ ആവശ്യം പൂർവ്വോപരി വർദ്ധിച്ചു. കൂടുതൽ വെള്ളത്തിന്റെ ആവശ്യം ചർച്ചചെയ്യുന്നതിന് ലോകത്തെമ്പാടും വിനിയോഗിക്കുന്ന വർത്തമാനപ്പത്ര പംക്തികൾ അനന്തമാണ്. ചില വിദഗ്ദ്ധൻമാർ “വരാൻപോകുന്ന ജലപ്രതിസന്ധി”യെക്കുറിച്ചും “അടുത്ത വിഭവ ഭൗർല്ലഭ്യ”ത്തെക്കുറിച്ചും പറയുന്നു. എന്നിരുന്നാലും, മറ്റു ചിലർ കൂടുതൽ അശുഭകരമായ ഒരു പ്രസ്താവന കൂട്ടിച്ചേർക്കുന്നു. “നമ്മുടെ ജനത ഇപ്പോൾത്തന്നെ ഒരു ജല പ്രതിസന്ധിയിലാണ്” എന്ന് ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റർ പറയുകയുണ്ടായി. “സംഭവിക്കാൻ പോകുന്ന ഒരു പ്രതിസന്ധിയാണതെന്ന് ആളുകൾ പറയുന്നു. അത് ഇപ്പോൾത്തന്നെ ഒരു പ്രതിസന്ധിയാണ്” എന്ന് അവിടത്തെ ഹൗസ്വാട്ടർ റിസോഴ്സസ് സബ്കമ്മിറ്റി ചെയർമാൻ എഴുതി. “അമേരിക്കയുടെ ഏറ്റവും വിലയേറിയ വിഭവം അപകടത്തിലാണ്” എന്ന് 1985 മാർച്ചിലെ യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് എഴുതുകയുണ്ടായി. “ഗാർഹിക വശത്തെ 1990-കളിലെ പ്രതിസന്ധി, ഗാർഹികാവശ്യത്തിനുള്ള വെള്ളത്തിന്റെ കുറവായിരിക്കും” എന്ന് യു.എസ്. ആഭ്യന്തര സെക്രട്ടറി പറഞ്ഞു. “വെള്ളത്തിനുവേണ്ടിയുള്ള ജനസമുദായത്തിന്റെ ആവശ്യത്തെ നേരിടാൻ നമുക്കു കഴിയാത്തപക്ഷം വളർച്ചയെയും തൊഴിൽ ലഭ്യതയേയും വർദ്ധിപ്പിക്കാനും കാർഷികവൃദ്ധിയെ വർദ്ധിപ്പിക്കാനും പരിഃസ്ഥിതിയെ സംരക്ഷിക്കാനും നമ്മുടെ നഗരങ്ങളെ പുനർജ്ജീവിപ്പിക്കാനുമുള്ള നമ്മുടെ സകല ശ്രമങ്ങളും അർത്ഥശൂന്യമായിരിക്കും” എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
നിർഭാഗ്യവശാൽ, ജലപ്രതിസന്ധി ഒരു അമേരിക്കൻ പ്രശ്നം മാത്രമല്ല, പിന്നെയോ മുഴുലോകത്തെയും ബാധിക്കുന്ന ഒന്നാണ്. “ലോകത്തിലെ ജലപ്രതിസന്ധി എണ്ണപ്രതിസന്ധിയെക്കാൾ വളരെയധികം ഗൗരവാവഹമാണ്” എന്ന് ഒരു എഴുത്തുകാരൻ പറയുകയുണ്ടായി. “അടുത്ത ഇരുപതു വർഷങ്ങളിൽ മുപ്പതിലധികം രാജ്യങ്ങളിൽ കഠിനമായ ക്ഷാമുണ്ടാകും. ജനസംഖ്യവർദ്ധിക്കുകയും ജലക്ഷാമം കൂടുതൽ രൂക്ഷമാകുകയും ചെയ്യുമ്പോൾ രാജ്യങ്ങൾ അതിനുവേണ്ടി യുദ്ധം ചെയ്യാനുള്ള സാദ്ധ്യതയെ ഒരുവനു തള്ളിക്കളയാനാവില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സകല സൂചനകളുമനുസരിച്ച് ലോകത്തിന്റെ ജലഭാവി തീർച്ചയായും ഭയാനകമാംവിധം ആശങ്കാജനകമാണെന്നാണ് ലോകവിദഗ്ദ്ധൻമാരുടെയും ആസൂത്രകരുടെയും ഏകകണ്ഠമായ വീക്ഷണം.
വെള്ളത്തെ സംബന്ധിച്ച ഈ ലോക ഉൽക്കണ്ഠ എന്തുകൊണ്ട്? ഭൂമിക്ക് വമ്പിച്ച അളവിൽ വെള്ളമുണ്ട്. ഭൂമിയുടെ ഉപരിതലത്തിന്റെ 70-ൽ പരം ശതമാനം വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു. ഈ വമ്പിച്ച ദ്രാവക വ്യാപ്തം മനസ്സിലാക്കുന്നതിന് മനസ്സിന് അഭ്യാസം ആവശ്യമാണ്. ദൃഷ്ടാന്തത്തിന് ഒരു മൈൽ നീളവും ഒരു മൈൽ വീതിയും ഒരു മൈൽ ആഴവുമുള്ള ഒരു കുഴിയെക്കുറിച്ചു സങ്കൽപ്പിക്കുക—ഒരു ഘനമൈൽ. ഇതിൽ വെള്ളം നിറക്കുന്നതിന് ഒരു ലക്ഷം കോടിയിൽ പരം ഗ്യാലൻ (1,000,000,000,000) വെള്ളം വേണം. ഇപ്പോൾ ഈ വ്യാപ്തത്തെ 326 ദശലക്ഷം ഘനമൈൽ കൊണ്ടു പെരുക്കുക. അപ്പോൾ നിങ്ങൾ ഭൂമിയിലെ വെള്ളത്തിന്റെ ഏകദേശ അളവിലെത്തുന്നു. അത് സൂര്യന്റെ ചൂടിനാൽ വലിച്ചെടുക്കപ്പെട്ട് സമുദ്രത്തിൽനിന്നും നദികളിൽനിന്നും തടാകങ്ങളിൽനിന്നും അന്തരീക്ഷത്തിലേക്ക് നീങ്ങുകയും അനന്തരം മഴയുടെയോ മഞ്ഞിന്റെയോ രൂപത്തിൽ തിരികെ വീഴുകയും ചെയ്യുന്നു.—സഭാപ്രസംഗി 1:7.
മനുഷ്യന്റെ സൃഷ്ടിമുതൽ നിത്യതയിലെല്ലാം സകല ജീവിയുടെയും ആഗ്രഹത്തെ നിറവേറ്റാൻ വേണ്ടതിലധികം വെള്ളം ഭൂമിയിലുണ്ടെന്ന് വസ്തുതകൾ സൂചിപ്പിക്കുന്നു. (സങ്കീർത്തനം 145:16) അപ്പോൾ, ജലപ്രതിസന്ധി എന്തുകൊണ്ട്? (g86 11/22)
[അടിക്കുറിപ്പുകൾ]
a 1 റാത്തൽ=0.5കി.
1 ഗ്യാലൻ=3.8ലി.