പ്രതിസന്ധി രൂക്ഷമായിരിക്കുന്നിടം
ഐക്യനാടുകളിൽ താമസിക്കുന്ന മേരി ഷവറിനുകീഴെനിന്നുള്ള ഒരു കുളിയോടെയാണ് തന്റെ ദിവസം ആരംഭിക്കുന്നത്. പിന്നെ അവൾ പൈപ്പ് തുറന്നിട്ടുകൊണ്ടു പല്ലുതേക്കുന്നു, കക്കൂസിൽ പോയശേഷം വെള്ളമൊഴിക്കുന്നു, എന്നിട്ട് കൈ കഴുകുന്നു. ഇതിനെല്ലാംകൂടി, പ്രാതലിനുമുമ്പുതന്നെ അവൾ ശരാശരി വലിപ്പമുള്ള 10 ബക്കറ്റ് നിറയാനാവശ്യമായത്ര വെള്ളം ഉപയോഗിച്ചിട്ടുണ്ടാകും. വൈകുന്നേരമാകുമ്പോഴേക്കും ഐക്യനാടുകളിൽ താമസിക്കുന്ന മറ്റു പലരെയുംപോലെ മേരി 350 ലിറ്ററിലേറെ വെള്ളം, അതായത് 25 ബക്കറ്റ് വെള്ളം, ഉപയോഗിച്ചിരിക്കും. അവളെ സംബന്ധിച്ചിടത്തോളം ശുദ്ധജലം ഏറ്റവും അടുത്തുള്ള പൈപ്പിൽനിന്ന്—എപ്പോഴും—ലഭ്യമാണ്. അതുകൊണ്ടുതന്നെ അവൾക്കത് അത്ര വലിയ കാര്യമല്ല.
പശ്ചിമാഫ്രിക്കയിൽ താമസിക്കുന്ന ദെദെയുടെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. നേരം പുലരുന്നതിനുമുമ്പുതന്നെ അവൾ എഴുന്നേൽക്കുന്നു. വസ്ത്രംമാറി, തലയിൽ ഒരു വലിയ കുടവുമേന്തി അവൾ ഏറ്റവും അടുത്തുള്ള നദിയിലേക്കു പോകുന്നു. എട്ടു കിലോമീറ്റർ നടന്നുവേണം അവിടെയെത്താൻ. അവിടെ വെച്ച് അവൾ കുളിക്കുന്നു, കുടം നിറയ്ക്കുന്നു, വീട്ടിലേക്കു മടങ്ങുന്നു. ഏതാണ്ട് നാലു മണിക്കൂർ വേണ്ടിവരുന്ന ദിനചര്യ. അടുത്ത ഒരു മണിക്കൂർ നേരത്തേക്ക് അവൾ ചെയ്യുന്നത്, പരാദജീവികളെ നീക്കം ചെയ്യാനായി വെള്ളം അരിച്ചശേഷം അത് മൂന്നു പാത്രങ്ങളിലാക്കി വെക്കുകയാണ്—ഒന്ന് കുടിക്കാൻ, ഒന്ന് വീട്ടാവശ്യത്തിന്, മറ്റൊന്ന് അവൾക്ക് സന്ധ്യക്കു കുളിക്കാൻ. തുണി അലക്കാനുണ്ടെങ്കിൽ നദിക്കരയിലേക്കു പോകണം.
“ഇവിടെ ജലദൗർലഭ്യം ഞങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ്,” ദെദെ പറയുന്നു. “വെള്ളം കൊണ്ടുവരുമ്പോൾത്തന്നെ ഏതാണ്ട് ഉച്ചയാകും. കൃഷി ചെയ്യാനോ മറ്റു പ്രവർത്തനങ്ങൾക്കോ പിന്നെ എത്ര സമയം ബാക്കിയുണ്ട്?”
ദെദെയുടെ സാഹചര്യം അസാധാരണമല്ല. ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) പറയുന്നതനുസരിച്ച്, മിക്കപ്പോഴും മലീമസമായ, ദൂരെയുള്ള ഉറവുകളിൽനിന്ന് വെള്ളം കൊണ്ടുവരാൻ സ്ത്രീകളും കുട്ടികളും പ്രതിവർഷം ചെലവിടുന്ന മൊത്തം സമയം ഒരു കോടിയിലേറെ വർഷത്തിനു തുല്യമാണ്!
ചിലർക്കു സുലഭം, ചിലർക്കു ദുർലഭം
അങ്ങനെ, ലോകവ്യാപകമായി ജലം ധാരാളമുണ്ടെങ്കിലും അത് ഒരേപോലെ വിതരണം ചെയ്യപ്പെടുന്നില്ല. പ്രധാന പ്രശ്നം അതാണ്. ഉദാഹരണത്തിന്, ലോകത്തിലെ തടാകങ്ങളെയും നദികളെയും പോഷിപ്പിക്കുന്ന ജലത്തിന്റെ 36 ശതമാനം ഏഷ്യയിലാണെങ്കിലും ലോകജനസംഖ്യയുടെ 60 ശതമാനവും വസിക്കുന്നത് ആ ഭൂഖണ്ഡത്തിലാണെന്നു ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു. എന്നാൽ ഇതിനു വിപരീതമായി, ലോകനദീജലത്തിന്റെ 15 ശതമാനം ആമസോൺ നദിയിലാണെങ്കിലും അത് ഉപയുക്തമാക്കാൻ തക്കവണ്ണം ലോകജനസംഖ്യയുടെ 0.4 ശതമാനം മാത്രമേ അവിടെ വസിക്കുന്നുള്ളൂ. വിതരണത്തിലുള്ള ഈ അസമത്വം മഴയുടെ കാര്യത്തിലും ബാധകമാണ്. ഭൂമിയിലെ ചില പ്രദേശങ്ങൾ ഏതാണ്ട് എല്ലായ്പോഴും ഉണങ്ങിവരണ്ടതാണ്; മറ്റു ചിലയിടങ്ങൾ എപ്പോഴുമൊന്നും വരണ്ടതായിരിക്കുകയില്ലെങ്കിലും അവിടങ്ങളിൽ ഇടയ്ക്കിടെ വരൾച്ച ഉണ്ടാകുന്നു.
മഴ ഉൾപ്പെടെയുള്ള, കാലാവസ്ഥയിലെ ചില മാറ്റങ്ങൾക്കു കാരണക്കാർ മനുഷ്യരാണെന്ന് ഒട്ടേറെ വിദഗ്ധർ വിശ്വസിക്കുന്നു. വനനശീകരണം, അമിതമായ കൃഷി, അമിതമായ കാലിമേയ്ക്കൽ എന്നിവയെല്ലാം മണ്ണിനെ അനാവൃതമാക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ ഭൂതലം കൂടുതൽ സൂര്യപ്രകാശത്തെ അന്തരീക്ഷത്തിലേക്കു പ്രതിഫലിപ്പിക്കുന്നതായി ചിലർ നിഗമനം ചെയ്യുന്നു. ഫലമോ: അന്തരീക്ഷത്തിന്റെ ചൂടു കൂടുന്നു, മേഘങ്ങൾ അങ്ങിങ്ങായി ചിതറിപ്പോകുന്നു, അങ്ങനെ മഴ കുറയുന്നു.
തരിശുനിലങ്ങളും മഴയുടെ തോത് കുറയുന്നതിന് ഇടയാക്കിയേക്കാം. കാരണം, വനങ്ങളിൽ പെയ്യുന്ന മഴയിലധികവും, സസ്യങ്ങളിൽനിന്ന്—വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും ഇലകളിൽനിന്ന്—ബാഷ്പീകരിച്ച ജലമാണ്. മറ്റു വിധത്തിൽ പറഞ്ഞാൽ, സസ്യങ്ങൾ, മഴവെള്ളം വലിച്ചെടുക്കുകയും പിടിച്ചുവെക്കുകയും ചെയ്യുന്ന ഒരു വലിയ സ്പോഞ്ജുപോലെ വർത്തിക്കുന്നു. വൃക്ഷങ്ങളും കുറ്റിച്ചെടികളും നീക്കം ചെയ്താൽ കാർമേഘങ്ങൾ രൂപംകൊള്ളാൻ വേണ്ട വെള്ളം ലഭിക്കുകയില്ല.
മനുഷ്യന്റെ പ്രവർത്തനങ്ങൾ മഴയെ എത്ര ഗുരുതരമായി ബാധിക്കുന്നു എന്നുള്ളത് ഇന്നും ഒരു തർക്കവിഷയമാണ്; ഇനിയും ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. എന്നാൽ ഒന്നു തീർച്ചയാണ്: ജലദൗർലഭ്യം വ്യാപകമാണ്. ഇപ്പോൾത്തന്നെ ജലദൗർലഭ്യം 80 രാജ്യങ്ങളുടെ സാമ്പത്തികഭദ്രതയ്ക്കും ആരോഗ്യത്തിനും ഭീഷണി ഉയർത്തിയിരിക്കുന്നതായി ലോക ബാങ്ക് മുന്നറിയിപ്പു നൽകുന്നു. കൂടാതെ, ഇപ്പോൾത്തന്നെ ലോകത്തിലെ നിവാസികളുടെ 40 ശതമാനത്തിന്—200 കോടിയിലേറെ ജനങ്ങൾക്ക്—ശുദ്ധജലമോ ശുചിത്വ സംവിധാനങ്ങളോ ലഭ്യമല്ല.
ജലദൗർലഭ്യം നേരിടുമ്പോൾ, സമ്പന്ന രാഷ്ട്രങ്ങൾക്കു സാധാരണഗതിയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. അവർ അണകൾ കെട്ടുകയോ ലഭ്യമായ ജലം പുനരുപയോഗപ്പെടുത്താൻ വേണ്ടി ചെലവേറിയ സാങ്കേതിക വിദ്യകൾ ഉപയുക്തമാക്കുകയോ കടൽവെള്ളത്തിൽനിന്ന് ഉപ്പു നീക്കുകയോ ചെയ്യുന്നു. ദരിദ്ര രാഷ്ട്രങ്ങൾക്ക് അത്തരം പോംവഴികളൊന്നുമില്ല. മിക്കപ്പോഴും, ഒന്നുകിൽ പുരോഗതിയെ തടസ്സപ്പെടുത്തിക്കൊണ്ടും ഭക്ഷ്യോത്പാദനത്തെ കുറച്ചുകൊണ്ടും അവർ ശുദ്ധജലത്തിന്റെ ഉപയോഗം വെട്ടിച്ചുരുക്കേണ്ടതായിവരും. അല്ലെങ്കിൽ രോഗം പടർന്നുപിടിക്കാനിടയാകുംവിധം ഉപയോഗിച്ച വെള്ളംതന്നെ വീണ്ടും അവർക്ക് ഉപയോഗിക്കേണ്ടതായിവരും. വെള്ളത്തിനു വേണ്ടിയുള്ള ആവശ്യം എല്ലായിടത്തും വർധിച്ചുവരവേ ഭാവി തികച്ചും ഇരുണ്ടതായി കാണപ്പെടുന്നു.
പ്രത്യാശയുടെ ഒരു പതിറ്റാണ്ട്
1980 നവംബർ 10-ന് ഐക്യരാഷ്ട്ര പൊതുസഭ, വരാൻ പോകുന്ന “സാർവദേശീയ കുടിവെള്ള വിതരണ-ശുചിത്വ ദശക”ത്തെക്കുറിച്ച് വളരെ ദൃഢവിശ്വാസത്തോടെ സംസാരിച്ചു. 1990-ഓടെ വികസ്വര രാജ്യങ്ങളിൽ ജീവിക്കുന്ന എല്ലാവർക്കും ശുദ്ധജലവും ശുചിത്വ സംവിധാനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പൊതുസഭ പ്രഖ്യാപിച്ചു. ദശകത്തിന്റെ അവസാനത്തോടെ, 100 കോടി ആളുകൾക്കു ശുദ്ധജലം എത്തിച്ചുകൊടുക്കാനും 75 കോടി ആളുകൾക്ക് മാലിന്യനിർമാർജന സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കാനുമായി 13,400 കോടി ഡോളർ ചെലവഴിച്ചിരുന്നു.—ഇത് നല്ലൊരു നേട്ടംതന്നെ.
എങ്കിലും, വികസ്വര രാജ്യങ്ങളിലെ ജനസംഖ്യ 80 കോടിയായി വർധിച്ചതോടെ ഈ നേട്ടങ്ങളെല്ലാം കാറ്റിൽ പറന്നു. അങ്ങനെ 1990 ആയപ്പോൾ, ശുദ്ധജലവും ആവശ്യത്തിന് ശുചിത്വ സംവിധാനങ്ങളും ലഭ്യമല്ലാത്തവരായി 100 കോടിയിലേറെ ആളുകൾ ഉണ്ടായിരുന്നു. ഈ വിഷമാവസ്ഥ, കുട്ടികൾക്കുള്ള കണ്ണാടിയിലൂടെ (ഇംഗ്ലീഷ്) എന്ന കഥയിലെ രാജ്ഞി ആലീസിനോടു പറഞ്ഞതിനെ പ്രതിധ്വനിപ്പിക്കുന്നു: “നോക്കൂ, ഇപ്പോഴത്തെ നില തുടരണമെങ്കിൽ നീ ആവുന്നത്ര വേഗത്തിൽ ഓടണം. നിനക്ക് മുമ്പോട്ടു പോകണമെങ്കിൽ കുറഞ്ഞത് ഇതിന്റെ രണ്ടിരട്ടി വേഗത്തിലെങ്കിലും ഓടണം!”
1990 മുതൽ, ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, വെള്ളവും ശുചിത്വ സംവിധാനങ്ങളും ഇല്ലാത്ത ആളുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ കൈവരിച്ചിരിക്കുന്ന ആകമാന പുരോഗതി “മോശമാണ്.” വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് സാൻഡ്ര പോസ്റ്റൽ ഇപ്രകാരം എഴുതി: ‘120 കോടി ജനങ്ങൾക്ക് രോഗത്തിന്റെയോ മരണത്തിന്റെയോ ഭീഷണിയില്ലാതെ വെള്ളം കുടിക്കാനാകുന്നില്ലെന്നതു കൊടിയ ധാർമിക അപരാധമായി അവശേഷിക്കുന്നു.’ മിക്കപ്പോഴും ജലദൗർലഭ്യമോ സാങ്കേതികവിദ്യയുടെ അപര്യാപ്തതയോ അല്ല, മറിച്ച്, ദരിദ്രരുടെ അടിസ്ഥാന ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധതയുടെ അഭാവമാണ് കാരണം. നമ്മിൽ മിക്കവരും നിസ്സാരമായിട്ടെടുക്കുന്ന സംഗതികൾ—ശുദ്ധമായ കുടിവെള്ളവും മാലിന്യനിർമാർജനത്തിനുള്ള ഒരു ശുചിത്വസംവിധാനവും—മുഴു മാനവരാശിക്കും ലഭ്യമാക്കാൻ പ്രതിവർഷം ഏതാണ്ട് 3,600 കോടി ഡോളർ വേണ്ടിവരും. ലോക സൈനിക ചെലവുകളുടെ ഏതാണ്ട് 4 ശതമാനത്തിനു തുല്യമാണ് ഈ തുക.”
പെരുകുന്ന ജനസംഖ്യ, വർധിക്കുന്ന ആവശ്യം
മറ്റൊരു പ്രശ്നവും ജല വിതരണത്തിലെ അസമത്വത്തെ സങ്കീർണമാക്കുന്നു: ജനസംഖ്യ പെരുകുന്നതോടൊപ്പം വെള്ളത്തിനുവേണ്ടിയുള്ള ആവശ്യവും വർധിക്കുന്നു. ലോകമൊട്ടാകെ പെയ്യുന്ന മഴയുടെ അളവ് ഏറെക്കുറെ സ്ഥിരമാണെങ്കിലും ജനസംഖ്യ കുത്തനെ ഉയരുന്നു. ജലത്തിന്റെ ഉപഭോഗം ഈ നൂറ്റാണ്ടിൽ കുറഞ്ഞതു രണ്ടിരട്ടിയെങ്കിലുമായി ഉയർന്നിട്ടുണ്ട്. അടുത്ത 20 വർഷംകൊണ്ട് അത് വീണ്ടും ഇരട്ടിച്ചേക്കാമെന്നു ചിലർ കണക്കുകൂട്ടുന്നു.
തീർച്ചയായും, ജനസംഖ്യ വർധിക്കുന്നതോടെ കൂടുതൽ കുടിവെള്ളം മാത്രമല്ല, കൂടുതൽ ആഹാരവും ആവശ്യമായി വരുന്നു. ഭക്ഷ്യോത്പാദനത്തിനു വളരെയധികം ജലം ആവശ്യമാണ്. കൃഷിക്ക് ജലം ആവശ്യമായിരിക്കുമ്പോൾത്തന്നെ വ്യവസായശാലകൾക്കും ആളുകൾക്കും ജലം ആവശ്യമാണ്, അങ്ങനെ ഒരു മത്സരംതന്നെ നടക്കുന്നു. നഗരങ്ങളും വ്യവസായമേഖലകളും വികസിക്കുന്നതോടെ മിക്കപ്പോഴും ഈ ഏറ്റുമുട്ടലിൽ പരാജയം സംഭവിക്കുന്നതു കൃഷിക്കായിരിക്കും. “ആഹാരം എവിടെനിന്നുണ്ടാക്കും?” ഒരു ഗവേഷകൻ ചോദിക്കുന്നു. “500 കോടി ആളുകളുടെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ കഴിയാതിരിക്കെ, യഥാർഥത്തിൽ കൃഷിക്കാവശ്യമായ ജലം മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കേണ്ടിവരുന്ന സ്ഥിതിക്ക്, നാം 1,000 കോടി ജനങ്ങളുടെ ആവശ്യത്തെ എങ്ങനെ തൃപ്തിപ്പെടുത്താനാണ്?”
ജനസംഖ്യയിലെ വർധനവ് ഏറ്റവുമധികം അനുഭവപ്പെടുന്നത് ഇപ്പോൾത്തന്നെ ജലദൗർലഭ്യം നേരിടുന്ന വികസ്വര രാഷ്ട്രങ്ങളിലാണ്. സങ്കടകരമെന്നു പറയട്ടെ, ഈ രാജ്യങ്ങൾക്ക് ജലസംബന്ധമായ പ്രശ്നങ്ങളെ സാമ്പത്തികമായും സാങ്കേതികമായും കൈകാര്യം ചെയ്യാനുള്ള കഴിവ് തീരെ കുറവാണുതാനും.
മലിനീകരണം
ജലദൗർലഭ്യ പ്രശ്നങ്ങൾക്കും വർധിക്കുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾക്കും പുറമേ ബന്ധപ്പെട്ട മൂന്നാമതൊരു പ്രശ്നമുണ്ട്: മലിനീകരണം. “ജീവജലനദി”യെക്കുറിച്ച് ബൈബിൾ പറയുന്നു. എന്നാൽ ഇന്നത്തെ പല നദികളും മരണനദികളാണ്. (വെളിപ്പാടു 22:1) ഒരു കണക്കനുസരിച്ച്, ഓരോ വർഷവും വീടുകളിൽനിന്നും വ്യവസായശാലകളിൽനിന്നും ലോകമെമ്പാടുമുള്ള നദികളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം 450 ഘന കിലോമീറ്ററോളം വരും. പല നദികളിലെയും അരുവികളിലെയും ജലം മുഴുവൻ മലീമസമാണ്.
ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളിൽ അസംസ്കൃത മാലിന്യങ്ങൾ പ്രമുഖ നദികളെയെല്ലാംതന്നെ മലീമസമാക്കുന്നു. റഷ്യയിലെ 200 പ്രമുഖ നദികളുടെ സർവേ എടുത്തപ്പോൾ 10-ൽ 8 എണ്ണത്തിൽ വീതം ബാക്ടീരിയ-വൈറസ് വാഹകരായ ജീവികൾ വളരെ ഉയർന്ന അളവിൽ ഉള്ളതായി കണ്ടെത്തി. വ്യവസായവത്കൃത രാഷ്ട്രങ്ങളിലെ നദികളിലും ഭൗമജലവിതാനങ്ങളിലും അഴുക്കുവെള്ളം നിറഞ്ഞിട്ടില്ലെങ്കിലും മിക്കപ്പോഴും അവ കാർഷികവളങ്ങളിൽനിന്നു വരുന്നവയുൾപ്പെടെയുള്ള അപകടകാരികളായ രാസവസ്തുക്കളാൽ വിഷലിപ്തമാക്കപ്പെടുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുംതന്നെ കടലോര രാജ്യങ്ങൾ അസംസ്കൃത മാലിന്യങ്ങൾ കടൽത്തീരത്തോടടുത്ത ആഴംകുറഞ്ഞ ഭാഗത്തേക്ക് ഒഴുക്കിവിടുന്നു. ഇത് കടലോരങ്ങളെ ഗുരുതരമായ വിധത്തിൽ മലീമസമാക്കുന്നു.
അതുകൊണ്ട്, ജല മലിനീകരണം ഒരാഗോള പ്രശ്നമാണ്. ഈ സാഹചര്യത്തെ സംക്ഷേപിച്ചുകൊണ്ട് ഒഡബെൻ സൊസൈററിയുടെ ഒരു ചെറുപുസ്തകമായ ജലം: അനിവാര്യമായ വിഭവം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “മനുഷ്യരാശിയുടെ മൂന്നിലൊരു ഭാഗം മലിന ജലം നിമിത്തമുണ്ടാകുന്ന രോഗങ്ങളാലോ വൈകല്യങ്ങളാലോ സ്ഥിരമായി ദുരിതമനുഭവിക്കുന്നു; മൂന്നിലൊരു ഭാഗം രാസവസ്തുക്കൾ ജലത്തിലേക്കു പുറന്തള്ളപ്പെടുന്നതു നിമിത്തമുള്ള അപകടത്തെ അഭിമുഖീകരിക്കുന്നു, അവയുടെ ദീർഘകാല പരിണതഫലങ്ങൾ അജ്ഞാതമാണ്.”
അഴുക്കു ജലം, മോശമായ ആരോഗ്യം
മുമ്പു പരാമർശിച്ച ദെദെ, “ജലദൗർലഭ്യം ഞങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ്” എന്നു പറഞ്ഞത് അക്ഷരാർഥത്തിലായിരുന്നില്ല. എന്നാൽ, മാലിന്യമില്ലാത്ത ശുദ്ധജലത്തിന്റെ അഭാവം തികച്ചും അക്ഷരീയമായിത്തന്നെ ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണ്. അവളെയും അവളെപ്പോലുള്ള മറ്റു ജനകോടികളെയും സംബന്ധിച്ചിടത്തോളം അരുവികളിലെയും നദികളിലെയും വെള്ളം ഉപയോഗിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. അവയാകട്ടെ, മിക്കപ്പോഴും തുറന്ന അഴുക്കുചാലുകളാണുതാനും. ജലസംബന്ധമായ രോഗം നിമിത്തം ഓരോ എട്ട് സെക്കൻഡിലും ഒരു കുട്ടി വീതം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നതിൽ തെല്ലും അതിശയിക്കാനില്ല!
വേൾഡ് വാച്ച് മാഗസിൻ പറയുന്നതനുസരിച്ച്, വികസ്വര രാഷ്ട്രങ്ങളിൽ 80 ശതമാനത്തോളം രോഗങ്ങൾ പടരുന്നത് മലിന ജലത്തിന്റെ ഉപഭോഗം നിമിത്തമാണ്. ജലജന്യ രോഗാണുക്കളും മലിനീകരണവും പ്രതിവർഷം രണ്ടര കോടി ആളുകളെ കൊല്ലുന്നു.
അതിസാരം, കോളറ, ടൈഫോയിഡ് എന്നിവ ഉൾപ്പെടെ ജലസംബന്ധമായ കൊലയാളി രോഗങ്ങൾക്ക് അധികവും ഇരയാകുന്നത് ഉഷ്ണമേഖലയിലുള്ളവരാണ്. എങ്കിലും ജലജന്യ രോഗങ്ങൾ വികസ്വര രാഷ്ട്രങ്ങളിൽമാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. 1993-ൽ, ക്ലോറിനോട് പ്രതിരോധശേഷിയുള്ള ഒരു സൂക്ഷ്മാണു അടങ്ങിയിരുന്ന പൈപ്പ് വെള്ളം കുടിച്ചതിന്റെ ഫലമായി ഐക്യനാടുകളിലെ മിൽവൗകീയിലുള്ള വിസ്കോൺസിനിൽ 4,00,000 ആളുകൾ രോഗബാധിതരായി. അതേ വർഷംതന്നെ, അപകടകാരികളായ സൂക്ഷ്മാണുക്കൾ ഐക്യനാടുകളിലെ മറ്റു പട്ടണങ്ങളിലെ—വാഷിങ്ടൺ, ഡി.സി.; ന്യൂയോർക്ക് നഗരം; മിസ്സോറിയിലുള്ള കാബൂൾ—ജലവിതരണ സംവിധാനങ്ങളിലേക്കു കടന്നുകൂടിയതു നിമിത്തം അവിടത്തെ നിവാസികൾക്കു പൈപ്പുവെള്ളം തിളപ്പിച്ചു കുടിക്കേണ്ടതായി വന്നു.
നദികളിലെ ജലം പങ്കുവെക്കൽ
പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ജലദൗർലഭ്യ പ്രശ്നങ്ങൾ, വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയുടെ അടിയന്തിരാവശ്യങ്ങൾ, ആരോഗ്യം ക്ഷയിക്കാനിടയാക്കുന്ന മലിനീകരണം എന്നിവയെല്ലാം സംഘർഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും നയിച്ചേക്കാവുന്ന ഘടകങ്ങളാണ്. പാഴാക്കിക്കളയാവുന്ന ഒന്നല്ലല്ലോ വെള്ളം. ജല പ്രതിസന്ധിയോട് മല്ലിട്ടുകൊണ്ടിരുന്ന, സ്പെയിനിലെ ഒരു രാഷ്ട്രീയക്കാരൻ ഇങ്ങനെ പറഞ്ഞു: “മേലാൽ അതൊരു സാമ്പത്തിക പോരാട്ടമായിരിക്കുന്നില്ല. പിന്നെയോ അതിജീവനത്തിനുവേണ്ടിയുള്ള ഒരു പോരാട്ടമാണ്.”
നദീജലം പങ്കുവെക്കലാണ് സംഘർഷത്തിന്റെ ഒരു മണ്ഡലം. ഐക്യനാടുകളിലെ ഒരു ഗവേഷകനായ പേറ്റർ ഗ്ലൈക്കിന്റെ അഭിപ്രായപ്രകാരം, ലോക ജനസംഖ്യയുടെ 40 ശതമാനം ജീവിക്കുന്നത് 250 നദീതടങ്ങളിലായാണ്. ഒന്നിലേറെ രാഷ്ട്രങ്ങൾ ഇതിലെ ജലത്തിനുവേണ്ടി കടിപിടി കൂട്ടുന്നുണ്ട്. ബ്രഹ്മപുത്ര, സിന്ധു, മെക്കോങ്, നൈജർ, നൈൽ, ടൈഗ്രിസ് എന്നീ നദികളിൽ ഓരോന്നും പല രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത്—ഈ രാജ്യങ്ങൾ അവയിൽനിന്നു സാധിക്കുന്നത്ര വെള്ളം ഊറ്റിയെടുക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾത്തന്നെ ഇതിനെച്ചൊല്ലി തർക്കങ്ങളുണ്ട്.
വെള്ളത്തിനുവേണ്ടിയുള്ള ആവശ്യം വർധിക്കവേ, അത്തരം സംഘർഷങ്ങളും വർധിക്കുന്നു. ലോക ബാങ്കിന്റെ, പരിസ്ഥിതി പരിരക്ഷക വികസനപദ്ധതിയുടെ വൈസ് പ്രസിഡൻറ് ഇങ്ങനെ പറയുന്നു: “ഈ നൂറ്റാണ്ടിൽ ഒട്ടേറെ യുദ്ധങ്ങൾ അരങ്ങേറിയത് എണ്ണയെ ചൊല്ലിയായിരുന്നു. എന്നാൽ അടുത്ത നൂറ്റാണ്ടിൽ ജലത്തെ ചൊല്ലിയായിരിക്കും യുദ്ധങ്ങൾ നടക്കുന്നത്.”
[XX-ാം പേജിലെ ചതുരം/ചിത്രങ്ങൾ ]
സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു തന്മാത്ര
അനന്തമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ജലതന്മാത്രയെ നമുക്ക് അനുഗമിക്കാം. എഴുതിയിരിക്കുന്ന വിവരത്തോട് ഒത്തുവരത്തക്കവണ്ണം നമ്പരിട്ടുകൊടുത്തിരിക്കുന്ന പിൻവരുന്ന ചിത്രങ്ങളുടെ പരമ്പര, ഒരൊറ്റ ജലതന്മാത്ര അത് വന്ന സ്ഥലത്തേക്കുതന്നെ തിരിച്ചുപോകാനായി സ്വീകരിച്ചേക്കാവുന്ന ആയിരക്കണക്കിനു പഥങ്ങളിൽ ഒന്നിനെ മാത്രം ചിത്രീകരിക്കുന്നു.—ഇയ്യോബ് 36:26; സഭാപ്രസംഗി 1:7.
സമുദ്രോപരിതലത്തിലുള്ള ഒരു തന്മാത്രയിൽനിന്ന് നമുക്കു തുടങ്ങാം.(1) സൂര്യന്റെ ചൂടേറ്റ് ജലം ബാഷ്പീകരിക്കപ്പെടവേ, ഭൂമിയിൽനിന്ന് ആയിരക്കണക്കിനു മീറ്റർ ഉയരത്തിലെത്തുന്നതുവരെ ജലതന്മാത്ര ഉയർന്നുകൊണ്ടിരിക്കുന്നു.(2) ഇപ്പോൾ അത് മറ്റു ജല തന്മാത്രകളുമായി യോജിച്ച് ഒരു ചെറിയ ജലകണമായി തീരുന്നു. ജലകണം കാറ്റിനോടൊപ്പം നൂറുകണക്കിനു കിലോമീറ്ററുകൾ സഞ്ചരിക്കുന്നു. ക്രമേണ അത് ബാഷ്പീകരിക്കപ്പെടുന്നു. തന്മാത്ര വീണ്ടും ഉയരുന്നു, ഒടുവിൽ അത് നിലത്തേക്കു വീഴാൻ മാത്രം വലുപ്പമുള്ള ഒരു മഴത്തുള്ളിയോടൊപ്പം ചേരുന്നു.(3) മഴത്തുള്ളി കോടിക്കണക്കിന് മറ്റു മഴത്തുള്ളികളോടൊപ്പം ഒരു കുന്നിൻചെരുവിൽ പതിക്കുന്നു; വെള്ളം ഒരു നദിയിലേക്കു കുത്തിയൊഴുകുന്നു.(4)
പിന്നെ ഒരു മാൻ അരുവിയിൽനിന്നു വെള്ളം കുടിക്കുന്നു, കൂട്ടത്തിൽ നമ്മുടെ തന്മാത്രയെയും അകത്താക്കുന്നു.(5) മണിക്കൂറുകൾക്കുശേഷം മാൻ മൂത്രമൊഴിക്കുന്നു, തന്മാത്ര മണ്ണിലെത്തുന്നു. വൃക്ഷത്തിന്റെ വേരുകൾ അതിനെ വലിച്ചെടുക്കുന്നു.(6) അവിടെനിന്ന്, തന്മാത്ര വൃക്ഷത്തിന്റെ മുകളിലേക്കു സഞ്ചരിക്കുന്നു. ഒടുവിൽ അത് ഒരു ഇലയിൽനിന്നു വായുവിലേക്കു ബാഷ്പീകരിക്കപ്പെടുന്നു.(7) മുമ്പത്തെപ്പോലെ അത് മറ്റൊരു ചെറിയ ജലകണം രൂപീകരിക്കപ്പെടാൻ തക്കവണ്ണം ഉയർന്നുപൊങ്ങുന്നു. ജലകണം കാറ്റിനോടൊപ്പം തെന്നിനീങ്ങുന്നു. ഒടുവിൽ അത് ഇരുണ്ട, കനത്ത ഒരു കാർമേഘത്തോടൊപ്പം ചേരുന്നു.(8) വീണ്ടും നമ്മുടെ തന്മാത്ര മഴയോടൊപ്പം താഴെ പതിക്കുന്നു, എന്നാൽ ഇപ്രാവശ്യം അത് ഒരു നദിയിൽ ചെന്നുചേരുന്നു. നദി അതിനെ ഒരു സമുദ്രത്തിലേക്കു വഹിച്ചുകൊണ്ടുപോകുന്നു.(9) ഉപരിതലത്തിൽ വന്ന്, ബാഷ്പീകരിക്കപ്പെട്ട്, വീണ്ടും വായുവിലേക്ക് ഉയരുന്നതുവരെ അവിടെ അത് ആയിരക്കണക്കിനു വർഷങ്ങൾ കഴിച്ചുകൂട്ടിയേക്കാം.(10)
ഈ പരിവൃത്തിക്ക് അന്തമില്ല: ജലം കടലിൽനിന്നു ബാഷ്പീകരിക്കപ്പെടുന്നു, കരയ്ക്കു മീതെകൂടി സഞ്ചരിക്കുന്നു, മഴയായി പെയ്യുന്നു, കടലുകളിലേക്കു തിരികെ ഒഴുകുന്നു. അപ്രകാരം ചെയ്യുന്നതുവഴി, ജലം ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും പുലർത്തുന്നു.
[9-ാം പേജിലെ ചതുരം/ചിത്രം]
നിർദേശിക്കപ്പെട്ടിരിക്കുന്നത്
ഉപ്പു നീക്കൽ നിലയങ്ങൾ പണിയൽ. ഇവ കടൽവെള്ളത്തിൽനിന്ന് ഉപ്പു നീക്കംചെയ്യുന്നു. സാധാരണമായി വെള്ളം താഴ്ന്ന മർദത്തിലുള്ള അറകളിലേക്കു പമ്പു ചെയ്താണ് ഇതു നിർവഹിക്കുന്നത്. അവിടെ വെള്ളം തിളയ്ക്കുന്നതുവരെ ചൂടാക്കുന്നു. ബാഷ്പീകരിക്കപ്പെടുന്ന ജലം മറ്റൊരു സ്ഥലത്തേക്കു നീക്കം ചെയ്യപ്പെടും. ഉപ്പു പരലുകൾ അവശേഷിക്കും. ഇത് ചെലവേറിയ ഒരു പ്രക്രിയയാണ്, പല വികസ്വര രാഷ്ട്രങ്ങൾക്കും നടപ്പിലാക്കാൻ പറ്റാത്ത ഒരു കാര്യം.
ഹിമാനികൾ ഉരുക്കൽ. മാലിന്യമില്ലാത്ത ശുദ്ധജലം അടങ്ങിയിരിക്കുന്ന കൂറ്റൻ ഹിമാനികൾ അൻറാർട്ടിക്കിൽനിന്ന് വലിയ ടഗ്ബോട്ടുകൾ ഉപയോഗിച്ച് കെട്ടിവലിച്ചുകൊണ്ടുവന്ന് ഉരുക്കിയെടുക്കുന്നതുവഴി ദക്ഷിണാർധഗോളത്തിലുള്ള ഊഷരരാജ്യങ്ങൾക്കു വെള്ളം പ്രദാനം ചെയ്യാനാകുമെന്നു ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. എന്നാൽ ഒരു പ്രശ്നമുണ്ട്: ലക്ഷ്യസ്ഥാനത്തെത്തുന്നതിനുമുമ്പ് ഹിമാനിയുടെ പകുതി ഭാഗത്തോളം കടലിൽവെച്ചുതന്നെ ഉരുകും.
ജലഭരങ്ങളിൽനിന്നു വെള്ളം വലിച്ചെടുക്കൽ. ഭൂമിയിൽ ആഴത്തിലുള്ള ജലവാഹികളായ പാറകളാണ് ജലഭരങ്ങൾ. ഇവയിൽനിന്ന് ഏറ്റവും ഉണങ്ങിവരണ്ട മണലാരണ്യങ്ങളിലേക്കുപോലും വെള്ളം പമ്പു ചെയ്യാൻ സാധിക്കും. എന്നാൽ ഈ ജലം വലിച്ചെടുക്കുന്ന പ്രക്രിയ ചെലവേറിയതാണെന്നു മാത്രമല്ല, അത് ഭൂഗർഭ ജലവിതാന നിരപ്പ് താഴ്ത്തുകയും ചെയ്യും. മറ്റൊരു ദോഷവശം: മിക്ക ജലഭരങ്ങളും പൂർവസ്ഥിതി പ്രാപിക്കുന്നത് സാവധാനത്തിലാണ്—ചിലതാകട്ടെ പൂർവസ്ഥിതി പ്രാപിക്കുന്നതേയില്ല.
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Mora, Godo-Foto
[5-ാം പേജിലെ ചിത്രം]
വെള്ളം കൊണ്ടുവരാൻ ഓരോ ദിവസവും നാലു മണിക്കൂർ എടുത്തേക്കാം
[8-ാം പേജിലെ ചിത്രം]
450 ഘന കിലോമീറ്ററോളം അഴുക്കുവെള്ളം ഓരോ വർഷവും നദികളിലേക്ക് ഒഴുകുന്നു