‘വൈദികർക്കും അൽമായർക്കും ഇടയിൽ വർധിച്ചുവരുന്ന വിടവ്’
“അമേരിക്കൻ ഇവാഞ്ചലിക്കൽ സഭകളിലെ വൈദികർക്കും അൽമായർക്കും ഇടയിൽ വർധിച്ചുവരുന്ന ഒരു വിടവുണ്ട്,” ദൈവശാസ്ത്രം, സംസ്കാരം എന്നീ വിഷയങ്ങളിൽ പ്രൊഫസറായ റോബർട്ട് കെ. ജോൺസ്റ്റൺ അഭിപ്രായപ്പെടുന്നു. സഭകളുടെ ലോകസമിതിയുടെ മാസികയായ മിനിസ്റ്റീരിയൽ ഫോർമേഷനിൽ, പ്രസ്തുത അകൽച്ചയ്ക്കുള്ള ചില കാരണങ്ങൾ അദ്ദേഹം സൂചിപ്പിക്കുന്നു: കുടുംബ ഉത്തരവാദിത്വങ്ങളുടെ സമ്മർദം വർധിക്കുന്നതിനാൽ, ‘ഡോക്ടർമാർ ഊഴമനുസരിച്ച് വാരാന്തത്തിൽ സന്ദർശനം’ നടത്തുന്നതുപോലുള്ള ഒരു പ്രവർത്തനപട്ടികയാണ് പാസ്റ്റർമാർ ആഗ്രഹിക്കുന്നത്. കൂടുതലായി ചെയ്യുന്ന പ്രവർത്തനത്തിന് അതിന്റേതായ പ്രതിഫലവും അവർ പ്രതീക്ഷിക്കുന്നു. മാത്രമല്ല, ആ പ്രൊഫസർ തുടരുന്നു, “സദാചാരപരവും നിയമപരവുമായ സമ്മർദം വർധിക്കുന്നതുകൊണ്ട് . . . വൈദിക‘വൃന്ദ’ത്തിലെ മറ്റു വൈദികരുമായി മാത്രം ഉറ്റ ചങ്ങാത്ത”മുള്ളവരായിരുന്നുകൊണ്ടു പ്രശ്നങ്ങൾക്കു തടയിടാനും ഇടവകക്കാരോടു “പതിവ് ഇടപാടുകാ”രോടെന്നപോലെ പെരുമാറാനും ദൈവശാസ്ത്ര സെമിനാരികളിൽവെച്ച് ബിരുദധാരികൾക്കു മുന്നറിയിപ്പു ലഭിക്കുന്നു. മിക്ക ഇടവകക്കാരും തങ്ങളുടെ പാസ്റ്റർമാരെ, ഒരു സാധാരണ പള്ളിയംഗത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാൻ കഴിയാത്ത ഒരു ശ്രേഷ്ഠ വർഗമായി കാണുന്നതിൽ അതിശയിക്കാനില്ല.
ഈ വിടവ് നികത്താൻ ഏതുതരം പാസ്റ്റർമാർക്കാണു സാധിക്കുക? ഇടവകക്കാർ അതിപ്രധാനമായി കണക്കാക്കുന്നത്, ഒരു പാസ്റ്ററിന്റെ വിദ്യാവബോധവും തൊഴിൽപരമായ വൈദഗ്ധ്യങ്ങളുമല്ല എന്ന് പാസ്റ്റർമാർ ശുശ്രൂഷയിൽ പരാജയപ്പെടുന്നതിന്റെ കാരണത്തെക്കുറിച്ച് അപഗ്രഥിച്ച ഒരു പഠനം കണ്ടെത്തി. പള്ളിയംഗങ്ങൾക്കു വേണ്ടത് ഒരു ബുദ്ധിജീവിയെയോ വാഗ്വൈഭവമുള്ള ഒരു പ്രസംഗകനെയോ വിദഗ്ധനായ ഒരു നടത്തിപ്പുകാരനെയോ അല്ല. മറിച്ച് പാസ്റ്റർ, പ്രസംഗിക്കുന്നതുപോലെ പ്രവർത്തിക്കുന്ന ഒരു “ദൈവ ശുശ്രൂഷകൻ” ആയിരിക്കണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം “എത്രമാത്രം വിവരങ്ങൾ പകർന്നുകൊടുത്താലും വൈദഗ്ധ്യം പ്രകടിപ്പിച്ചാലും” ഈ വിടവ് നികത്താനാകില്ലെന്ന് പ്രൊഫസർ ജോൺസ്റ്റൺ അഭിപ്രായപ്പെടുന്നു.
ഒരു സഭാമൂപ്പന് ഏതെല്ലാം യോഗ്യതകൾ ഉണ്ടായിരിക്കണമെന്നാണ് ബൈബിൾ പറയുന്നത്? “അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. മദ്യപ്രിയനും തല്ലുകാരനും അരുതു; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം . . . നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.”—1 തിമൊഥെയൊസ് 3:2-4, 7.