അനേകരും രക്തം നിരസിക്കുന്നതിന്റെ കാരണം
രക്തം സ്വീകരിച്ച രണ്ടു പേർക്ക്—രണ്ടു പേർക്കും ലഭിച്ചത് ഒരേ ദാതാവിൽനിന്നുള്ള മലിന രക്തമായിരുന്നു—എയ്ഡ്സ് വൈറസ് ബാധ ഉണ്ടായതിന്റെ ഉത്തരവാദിത്വം ഓൺടേറിയോയിലെ ഒരു കോടതി കനേഡിയൻ റെഡ് ക്രോസ്സിന്റെ മേൽ ചുമത്തിയിരിക്കുന്നു. ആ കോടതിവിധി ഒരു വഴിത്തിരിവായി കരുതപ്പെടുന്നു. “മലിന രക്തംപോല ആപത്കരമായ ഒരു സംഗതി സ്വീകർത്താക്കളുടെ ജീവനു ഭീഷണി ഉയർത്തുമ്പോൾ അടിയന്തിര പ്രതികരണം അനിവാര്യമാണ്” എന്ന് ജഡ്ജി സ്റ്റീഫൻ ബൊറിൻസ് പറഞ്ഞു.
1980-കളിൽ 1,200 കാനഡക്കാർക്ക് എയ്ഡ്സ് വൈറസും വേറെ 12,000 പേർക്ക് ഹെപ്പറ്റൈറ്റിസ് സി-യും പിടിപെട്ടു.—ഇതെല്ലാം മലിനമായ രക്തത്തിൽനിന്നും രക്തോത്പന്നങ്ങളിൽനിന്നുമാണ്. അണുബാധ ഉണ്ടാകുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനു ദാതാക്കളെ കൂടുതൽ കൃത്യതയോടെ സ്ക്രീൻ ചെയ്തുവരികയാണ്. എന്നാൽ എല്ലാ ദാതാക്കളും തങ്ങളുടെ ലൈംഗിക ചരിത്രം സംബന്ധിച്ച് സത്യസന്ധരല്ല. ഉദാഹരണത്തിന്, 50 ദാതാക്കളിൽ ഒരാൾ വീതം സ്വവർഗ ലൈംഗികബന്ധമോ വേശ്യയുമായുള്ള വേഴ്ചയോ പോലുള്ള അപകടകരമായ ഘടകങ്ങളെക്കുറിച്ചു റിപ്പോർട്ടു ചെയ്യാഞ്ഞതായി ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി.
രക്തത്തിന്റെ സ്ക്രീനിങ് കുറ്റമറ്റതല്ല എന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. “എയ്ഡ്സ് വൈറസ് പിടിപെട്ടതിനുശേഷം മൂന്നാഴ്ചയ്ക്കുള്ളിലാണ് ഒരു വ്യക്തി രക്തം ദാനം ചെയ്യുന്നതെങ്കിൽ, അതിൽ വൈറസ് ഉണ്ടോയെന്നു കണ്ടുപിടിക്കാൻ ഇപ്പോഴത്തെ പരിശോധനകൾക്കു കഴിയില്ല. ഹെപ്പറ്റൈറ്റിസ് സി-യുടെ കാര്യത്തിൽ ഈ കാലയളവ് രണ്ടു മാസത്തിലധികം ആയിരിക്കാം” എന്ന് ന്യൂ സയന്റിസ്റ്റ് മാഗസിൻ പറയുന്നു.
സമീപ വർഷങ്ങളിൽ, രക്തം നൽകാൻ—അല്ലെങ്കിൽ, സ്വീകരിക്കാൻ—തയ്യാറുള്ള കാനഡക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. കോളമെഴുത്തുകാരനായ പോൾ ഷ്റാറ്റ്സ് ഇങ്ങനെ എഴുതുന്നു: “[രക്തം] ദാനം ചെയ്യുന്നതിൽ ആളുകൾക്കു താത്പര്യം കുറഞ്ഞുവരുന്നതും ദാനം ചെയ്യാനാകാത്തവരുടെ എണ്ണം വർധിച്ചുവരുന്നതും നിമിത്തം രക്തത്തിനു പകരമുള്ള വസ്തുക്കൾ കണ്ടെത്തുന്നതിൽ യഹോവയുടെ സാക്ഷികൾ മുന്നണിപ്രവർത്തനം നടത്തുന്നതിൽ ദൈവത്തിനു നന്ദി പറയുക.”
രസാവഹമെന്നു പറയട്ടെ, “രക്തപ്പകർച്ചകൾ ആഗ്രഹിക്കാഞ്ഞതു നിമിത്തം യഹോവയുടെ സാക്ഷികളെന്നു വ്യാജമായി അവകാശപ്പെട്ടുകൊണ്ട്” 40-ഓളം പേർ “കാനഡയിലെ ആശുപത്രികളിൽ വന്നതായി” ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. ഏതാണ്ട് 90 ശതമാനം കാനഡക്കാരും ദാനം ചെയ്യപ്പെട്ട രക്തത്തിനു പകരം മറ്റെന്തെങ്കിലുമാണ് ആഗ്രഹിക്കുന്നതെന്ന് സർവേകൾ സൂചിപ്പിക്കുന്നു. തന്മൂലം, രക്തം മേലാൽ കേവലം മതപരമായ ഒരു വിവാദ സംഗതി മാത്രമായിരിക്കുന്നില്ല.