പാടുന്ന മരം
കെനിയയിലെ ഉണരുക! ലേഖകൻ
ആഫ്രിക്കയിലെ വിശാലമായ പുൽപ്പുറങ്ങളിൽ, മിക്കസമയവും പാടുന്ന ഒരു മരമുണ്ട്. അക്കേഷ്യാ വർഗത്തിൽ പെട്ട ഈ മരം അറിയപ്പെടുന്നതു ചൂളമടിക്കുന്ന മുൾമരം എന്ന പേരിലാണ്. എന്തുകൊണ്ട്? ഇതിന്റെ ദുർബലമായ ചില്ലകളിലൂടെ കാറ്റ് ഊക്കോടെ വീശുമ്പോൾ മരം ശബ്ദം ഉയർത്തുന്നതു പോലെ തോന്നുന്നതു കൊണ്ടാണ് അതിന് ഈ പേരു ലഭിച്ചത്.
ഈ മരത്തിന്റെ അസാധാരണ നീളമുള്ള നേർത്ത മുള്ളുകൾ കാറ്റത്ത് ഇളകിയാടവേ, ഇമ്പമാർന്ന ഒരു താളാത്മക ശബ്ദം ഉതിരുകയായി. മരത്തിലുള്ള പൊള്ളയായ മുഴകൾ പുറപ്പെടുവിക്കുന്ന ശബ്ദം മുള്ളുകളുടെ ഈ സ്വരമാധുരിക്കു കൊഴുപ്പേകുന്നു. ഒരു ഒഴിഞ്ഞകുപ്പിയുടെ വായ്ഭാഗത്തിനു കുറുകെ ഊതുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തോടു വളരെ സമാനമാണ് ഇത്. ഈ “വാദ്യോപകരണങ്ങൾ” മെനഞ്ഞെടുക്കുന്നത് ഉറുമ്പുകളാണ്. കാരണം വൃക്ഷങ്ങളിലുള്ള മുഴകൾ തുരന്നു ഗോളാകൃതിയിലുള്ള തങ്ങളുടെ കൂടുകൾ ഉണ്ടാക്കിയെടുക്കുന്നതും അവയിൽ പ്രവേശന നിർഗമന ദ്വാരങ്ങൾ ഇടുന്നതും അവയാണെന്നു പറയപ്പെടുന്നു. വൃക്ഷത്തിലെ മുഴകളും ദ്വാരങ്ങളും വ്യത്യസ്ത വലിപ്പത്തിൽ ഉള്ളതാകയാൽ അവ വ്യത്യസ്ത സ്ഥായിയിലുള്ള സ്വരങ്ങൾ പുറപ്പെടുവിക്കുന്നു. ചൂളമടിക്കുന്ന മുൾമരത്തിന്റെ അതുല്യതയ്ക്കും അഴകിനും മാറ്റു വർധിപ്പിക്കുന്നു ഈ സ്വരങ്ങൾ.
ചൂളമടിക്കുന്ന മുൾമരം സങ്കീർത്തനക്കാരന്റെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. അവൻ ആലങ്കാരികമായി ഇങ്ങനെ ഉദ്ഘോഷിച്ചു: “അപ്പോൾ കർത്താവിന്റെ സന്നിധിയിൽ വനവൃക്ഷങ്ങൾ ആനന്ദഗീതം ഉതിർക്കും.” (സങ്കീർത്തനം 96:12, പി.ഒ.സി ബൈബിൾ) അതേ, ചൂളമടിക്കുന്ന മുൾമരത്തിന്റെ മുള്ളുകളിലൂടെയും ഓടക്കുഴൽ സമാനമായ മുഴകളിലൂടെയും കാറ്റ് ആഞ്ഞടിക്കുമ്പോൾ ഇമ്പമധുരവും ഭാവസാന്ദ്രവുമായ ഒരു ആഫ്രിക്കൻ ഗാനം ഉതിരുകയായി.