ഞങ്ങളുടെ വായനക്കാരിൽനിന്ന്
വസ്ത്രങ്ങൾ “നാം ധരിക്കുന്ന വസ്ത്രങ്ങൾ—അവ പ്രാധാന്യം അർഹിക്കുന്നുവോ?” (ഫെബ്രുവരി 8, 1999) എന്ന ലേഖനത്തെ കുറിച്ചാണു ഞാൻ എഴുതുന്നത്. “തത്സമയത്തു ഭക്ഷണം” പ്രദാനം ചെയ്യുന്നതിലുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞാൻ വിലമതിക്കുന്നു. (മത്തായി 24:45) എന്നാൽ ലേഖനത്തിലെ ചില പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായങ്ങളെ പ്രതിഫലിപ്പിച്ചതായി തോന്നി. “സിനിമാലോകത്തെയും കായികരംഗത്തെയും ഇഷ്ടതാരങ്ങളുടെ . . . പരസ്യമുള്ള ടീ-ഷർട്ടുകൾ നായക ആരാധനയിലേക്ക്—വിഗ്രഹാരാധനയിലേക്ക്—നിങ്ങളെ വലിച്ചിഴച്ചേക്കാം” എന്ന് എഴുതിയത് ശരിയായില്ല. ബൈബിളിലെ കൽപ്പനകൾ ഒന്നും ലംഘിക്കാതെതന്നെ ഒരു കായികതാരത്തെ ഇഷ്ടപ്പെടാൻ എന്തിന്, വിലമതിപ്പോടെ വീക്ഷിക്കാൻ പോലും കഴിയും.
എം. ഡി., ഫ്രാൻസ്
ഈ തുറന്ന അഭിപ്രായപ്രകടനത്തെ ഞങ്ങൾ വിലമതിക്കുന്നു. എന്നാൽ വസ്ത്രധാരണം സംബന്ധിച്ച് നിയമങ്ങളോ ചട്ടങ്ങളോ വെക്കുക ആയിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. മറിച്ച്, വസ്ത്രങ്ങൾ സ്വന്തം അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കുമ്പോൾത്തന്നെ ‘സുബോധം’ ഉള്ളവരായിരിക്കാനാണ് ഞങ്ങളുടെ ലേഖനം വായനക്കാരെ പ്രോത്സാഹിപ്പിച്ചത്. (1 തിമൊഥെയൊസ് 2:9, 10) ടീ-ഷർട്ടുകളെ കുറിച്ചുള്ള പ്രസ്താവനയിലൂടെ ഞങ്ങൾ സ്വന്തം അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നില്ല. മറിച്ച്, പ്രത്യേക തരത്തിലുള്ള ചില വസ്ത്രങ്ങൾ അവ ധരിക്കുന്നവർക്കു തന്നെ ദോഷം ചെയ്തേക്കാം എന്ന വസ്തുത ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്തത്. ഒരു വ്യക്തിയുടെ പ്രാപ്തികളെയോ കഴിവുകളെയോ വിലമതിപ്പോടെ വീക്ഷിക്കുന്നതിൽ തെറ്റൊന്നും ഇല്ലായിരിക്കാം. എന്നാൽ ബൈബിൾ നിലവാരങ്ങൾക്കൊത്ത് ജീവിക്കാത്ത ഒരു വ്യക്തിയുടെ ജീവിതരീതിയെയോ ധാർമിക നിലവാരങ്ങളെയോ താൻ വിലമതിക്കുന്നുവെന്ന ധാരണ ഉളവാക്കിയേക്കാവുന്ന എന്തെങ്കിലും ധരിക്കുന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ബുദ്ധി ആയിരിക്കുമോ?—പത്രാധിപർ
സൈബീരിയൻ പ്രവാസം “ഏകാധിപത്യ ഭരണത്തിനു കീഴിൽ അര നൂറ്റാണ്ട്” (ഫെബ്രുവരി 22, 1999) എന്ന ലെമ്പിറ്റ് ടോമിന്റെ ആവേശജനകമായ ജീവിത കഥ എന്നെ ശരിക്കും സ്പർശിച്ചു. അതുകൊണ്ട് ഉടൻതന്നെ എന്റെ വിലമതിപ്പ് എഴുതി അറിയിക്കണമെന്നു തോന്നി. യഹോവയാം ദൈവത്തിൽ ശക്തമായ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് വെല്ലുവിളി നിറഞ്ഞ ആ സാഹചര്യങ്ങളെ തരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞത്. മുൻ സോവിയറ്റ് യൂണിയനിലെ നമ്മുടെ സഹോദരങ്ങൾ പുതുതായി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു തീർച്ചയായും അവർ അർഹരാണ്.
ജെ. ഡി., ഐക്യനാടുകൾ
പാടുന്ന മരം പ്രകൃതിയെ കുറിച്ചു നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. വിശേഷാൽ, “പാടുന്ന മരം” എന്ന ലേഖനം എനിക്ക് ആകർഷകമായി തോന്നി. (മാർച്ച് 8, 1999) ചൂളമടിക്കുന്ന മുൾമരത്തെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. ഈ മരത്തിന്റെ നീളമുള്ള മുള്ളുകളും പൊള്ളയായ മുഴകളും കാറ്റത്ത് കമ്പനം ചെയ്യവെ ഉതിരുന്ന ഇമ്പമധുരമായ സംഗീതത്തെ പറ്റി വായിച്ച ശേഷം ഞാൻ സങ്കീർത്തനം 96:12, 13-നെ (NW) കുറിച്ചു ധ്യാനിച്ചു: “യഹോവയുടെ സന്നിധിയിൽ വനവൃക്ഷങ്ങൾ ആനന്ദഗീതം ഉതിർക്കും.” അതിന്റേതായ വിധത്തിൽ ഈ അസാധാരണ മരം യഹോവയെ സ്തുതിക്കുന്നു.
എം. ഡി., ഇറ്റലി
റിയോ ഡി ജനീറോ റിയോയിലെ ഒരു നിവാസി അഥവാ ഒരു കരിയോക്ക ആയ എനിക്ക് “റിയോ ഡി ജനീറോ—മനോഹരവും മനംകവരുന്നതും” (മാർച്ച് 8, 1999) എന്ന ലേഖനം വളരെ ആസ്വാദ്യവും വിജ്ഞാനപ്രദവുമായി തോന്നി. വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ചു പ്രസിദ്ധീകരിച്ചുകൊണ്ട് പത്രമാസികകളും മറ്റും റിയോയുടെ മേൽ കരിവാരിത്തേച്ചിരിക്കുന്നു.
ഒ. ഡി. സി., ബ്രസീൽ
എപ്പോഴത്തെയും പോലെ ഇതിലെ വിവരങ്ങളും ശ്രദ്ധാപൂർവം തയ്യാറാക്കിയതായിരുന്നു. സാധാരണ, റിയോയിലെ സാമൂഹിക പ്രശ്നങ്ങൾക്കു പാവപ്പെട്ടവരെയാണ് പഴിചാരുന്നത്. എന്നാൽ മുൻവിധിയോടു കൂടിയ അത്തരം സമീപനം നിങ്ങൾ ഒഴിവാക്കി.
വി. ആർ. എൽ., ബ്രസീൽ
മാതാപിതാക്കൾക്ക് ഒരു കത്ത് “മാതാപിതാക്കൾക്ക് സവിശേഷമായ ഒരു കത്ത്” (മാർച്ച് 8, 1999) എന്ന ലേഖനം എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ആ കത്ത് വാസ്തവത്തിൽ ഞാൻ എന്റെ മാതാപിതാക്കൾക്ക് എഴുതേണ്ടിയിരുന്നതാണ്. ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതിലും ശുശ്രൂഷയിൽ ക്രമം ഉള്ളവരായിരിക്കുന്നതിലും ആതിഥ്യമര്യാദ കാണിക്കുന്നതിലും അവർ നല്ല മാതൃകകളായിരുന്നു. ഒരു ശുശ്രൂഷാദാസനായിരുന്ന എന്റെ അച്ഛനു സഭാ ഉത്തരവാദിത്വങ്ങൾ നിമിത്തം വളരെയേറെ തിരക്കുണ്ടായിരുന്നിരിക്കണം. എങ്കിലും പലപ്പോഴും ഞങ്ങൾക്കായി അദ്ദേഹം വിനോദങ്ങൾ ക്രമീകരിച്ചു. ഞങ്ങൾക്കൊരിക്കലും സ്കൂളിലെ മറ്റു കുട്ടികളോട് അസൂയപ്പെടേണ്ടി വന്നിട്ടില്ല. ഒരു ക്രിസ്തീയ കൺവെൻഷനിൽ സംബന്ധിച്ച് മടങ്ങവെ വാഹനാപകടത്തിൽ പെട്ട് അദ്ദേഹം മരിച്ചു. അത് ഞങ്ങളുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു. എന്നാൽ രാജ്യം ഒന്നാമതു വെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ജീവിതരീതിയെയും അമ്മയുടെ വിശ്വാസത്തെയും കുറിച്ച് ഓർക്കുന്നത് യഹോവയെ തുടർന്ന് സേവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
എസ്. കെ., ജപ്പാൻ