ഞങ്ങളുടെ വായനക്കാരിൽനിന്ന്
സൃഷ്ടിപ്പിനെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കൽ കുട്ടികൾക്കുള്ള പരിശീലനത്തിന്റെ ഭാഗമായി, യഹോവ ഇത്രയധികം സ്നേഹത്തോടെ പ്രദാനം ചെയ്തിരിക്കുന്ന പ്രകൃതി സൗന്ദര്യത്തോടുള്ള വിലമതിപ്പു നട്ടുവളർത്താൻ ഞങ്ങൾ ശ്രമിക്കുന്നു. അതിനായി, “ജെനി റെൻ—കൊച്ചു പക്ഷി, ഗംഭീര നാദം” (സെപ്റ്റംബർ 8, 1998) എന്ന ലേഖനം പോലെ, ഉണരുക!-യിൽ പതിവായി വരാറുള്ള ലേഖനങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. എത്ര ഉത്സാഹത്തോടെയാണ് ഞങ്ങളുടെ മക്കൾ പ്രതികരിക്കുന്നതെന്നോ! ഇത്തരം വിവരങ്ങൾ അവരുമായി പങ്കുവെക്കാൻ എനിക്കു സന്തോഷമാണ്.
കെ. എ., ഐക്യനാടുകൾ
പേക്കിനാവുകൾ “ലോകത്തെ വീക്ഷിക്കൽ” എന്ന ഭാഗത്ത് “കുട്ടികളുടെ പേക്കിനാവുകൾ സാധാരണം” (സെപ്റ്റംബർ 8, 1998) എന്ന ശീർഷകത്തിനു കീഴെ വന്ന നിർദേശങ്ങൾ ഞാൻ വാസ്തവമായും വിലമതിച്ചു. എന്റെ മക്കൾ ദുസ്സ്വപ്നങ്ങൾ കാണാറുണ്ട്. എന്നാൽ അവയെ കുറിച്ച് ഒന്നും പറയാതെ കിടന്നുറങ്ങാനാണ് ഞാൻ എപ്പോഴും അവരോടു പറയാറുള്ളത്. പ്രസ്തുത നിർദേശപ്രകാരം ഇപ്പോൾ എനിക്ക് ഈ പ്രശ്നം കൂടുതൽ മെച്ചമായി കൈകാര്യം ചെയ്യാൻ സാധിക്കും. ഇത്തരം സഹായകമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതു ദയവായി നിർത്തരുതേ.
ആർ. എൻ., സിംബാബ്വേ
കൊലയാളി സിംഹങ്ങൾ “പൂർവാഫ്രിക്കയിലെ ‘വിഡ്ഢി എക്സ്പ്രസ്’” (സെപ്റ്റംബർ 22, 1998) എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദിച്ചു. എന്നാൽ മനുഷ്യരെ കൊന്നു തിന്നിരുന്ന ആ സിംഹങ്ങളിൽ ഒന്ന് ആണും മറ്റേത് പെണ്ണും ആയിരുന്നെന്നു നിങ്ങൾ പറഞ്ഞതു ശരിയല്ല. അവ രണ്ടും ആൺസിംഹങ്ങളായിരുന്നു.
കെ. ബി., ഐക്യനാടുകൾ
ഇക്കാര്യത്തിൽ “ഉണരുക!”-യ്ക്കു തെറ്റു പറ്റിയതായിരുന്നു, തെറ്റു തിരുത്തിത്തന്നതിനെ ഞങ്ങൾ വിലമതിക്കുന്നു.—പത്രാധിപർ
അൽസൈമേഴ്സ് രോഗം ഒരു വലിയ ഔഷധ കമ്പനിക്കുവേണ്ടി അൽസൈമേഴ്സ് രോഗത്തെ കുറിച്ചു ഗവേഷണം നടത്തുന്ന ഒരു സംഘത്തിനു ഞാൻ നേതൃത്വം വഹിക്കുന്നു. അതുകൊണ്ട്, “അൽസൈമേഴ്സ് രോഗം—യാതനകൾ ലഘൂകരിക്കൽ” എന്ന ശ്രദ്ധേയമായ ലേഖനപരമ്പര ഞാൻ അതീവ താത്പര്യത്തോടെയാണു വായിച്ചത്. (സെപ്റ്റംബർ 22, 1998) വ്യാപകമായി കാണപ്പെടുന്ന ഈ ആരോഗ്യപ്രശ്നത്തെ കുറിച്ചുള്ള വിവരങ്ങൾ സൂക്ഷ്മവിശദാംശങ്ങൾ സഹിതം പ്രതിപാദിക്കുന്നതിൽ നിങ്ങൾ കാണിച്ചിരിക്കുന്ന ശ്രദ്ധ എന്നിൽ വളരെ മതിപ്പുളവാക്കി. ഒരു സഭാമൂപ്പൻ എന്ന നിലയ്ക്ക്, ഈ ലേഖനങ്ങളിലെ പ്രായോഗിക ബുദ്ധിയുപദേശങ്ങൾ വളരെ വിലപ്പെട്ടതാണെന്നു ഞാൻ കണ്ടെത്തിയിരിക്കുന്നു.
എസ്. എസ്., ഐക്യനാടുകൾ
ആ ലേഖനങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. കാരണം പത്തിലധികം വർഷമായി അൽസൈമേഴ്സ് രോഗം മൂലം എന്റെ അമ്മ കഷ്ടപ്പെടുകയാണ്. ഈ രോഗം നിമിത്തം ദുരിതം അനുഭവിക്കുന്നവരോടുള്ള ആദരവു പ്രതിഫലിക്കും വിധത്തിലും നയപൂർവവും പ്രസ്തുത വിഷയം അവതരിപ്പിച്ചതിനു ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
ഇ. എം., ഇറ്റലി
എന്റെ അച്ഛന് അൽസൈമേഴ്സ് രോഗം ഉള്ളതുകൊണ്ട് ഉണരുക!-യുടെ വരിസംഖ്യ എടുത്തിട്ടുള്ള ഒരു സഹപ്രവർത്തകൻ എനിക്ക് ഈ ലക്കത്തിന്റെ ഒരു പ്രതി നൽകി. “രോഗിയുടെ മാന്യത കാത്തുസൂക്ഷിക്കുക” എന്ന ലേഖനം എന്റെ ഹൃദയത്തെ വിശേഷിച്ചും സ്പർശിച്ചു. ഈ ആശയം എത്ര ഊന്നിപ്പറഞ്ഞാലും മതിയാകുമെന്ന് എനിക്കു തോന്നുന്നില്ല. സമയോചിതമായ നിർദേശങ്ങൾക്കു നന്ദി. ഈ ലേഖനം ഒട്ടേറെ ആളുകളെ സഹായിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പാണ്.
എം. പി., കാനഡ
ഈ ലേഖനങ്ങൾക്കായി നിങ്ങൾക്കു ഹൃദയംഗമമായ നന്ദി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അമ്മയ്ക്ക് അൽസൈമേഴ്സ് രോഗമാണ് എന്ന് 1986-ൽ കണ്ടെത്തിയതിനെ തുടർന്ന് പ്രസ്തുത വിഷയത്തെ കുറിച്ചുള്ള ഒട്ടേറെ പുസ്തകങ്ങൾ ഞങ്ങൾ വായിച്ചിട്ടുണ്ട്. ഊഷ്മളത, സഹാനുഭൂതി, സമാനുഭാവം എന്നിവയുടെ കാര്യത്തിൽ നിങ്ങളുടെ ലേഖനങ്ങൾ അവയെ എല്ലാം കടത്തിവെട്ടുന്നതായിരുന്നു. അൽസൈമേഴ്സ് രോഗികൾക്ക് അവസാനഘട്ടം വരെ സ്നേഹവും ആർദ്രമായ കരുതലും ആവശ്യമാണ് എന്ന് നിങ്ങൾ പറഞ്ഞതു ശരിയാണ്. അമ്മയ്ക്ക് ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ സാധിക്കില്ല. അമ്മയോടു കൂടുതൽ സ്നേഹവും പരിഗണനയും കാട്ടാനുള്ള ശക്തി ലേഖനം ഞങ്ങൾക്കു നൽകുന്നു.
എച്ച്. ഇ., ഓസ്ട്രിയ
ബ്രസീലിയൻ അൽസൈമേഴ്സ് അസോസ്സിയേഷന്റെ പ്രസിഡന്റ് ആയ ഞാൻ നിങ്ങളെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അൽസൈമേഴ്സ് രോഗത്തെ കുറിച്ചും അത് കുടുംബങ്ങളിൽ ഉളവാക്കുന്ന ഫലങ്ങളെ കുറിച്ചും വളരെ വ്യക്തമായി നിങ്ങൾ വിവരിച്ചു. രോഗിയെ ഒരു വ്യക്തിയെന്ന നിലയിൽ ആദരിക്കാൻ നിങ്ങൾ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, ഏറ്റവും നല്ല ചികിത്സ സ്നേഹം തന്നെയാണെന്ന് കാട്ടുന്ന നേരിട്ടുള്ള വിവരങ്ങളും നിങ്ങൾ നൽകുകയുണ്ടായി.
വി. സി., ബ്രസീൽ