അൽസൈമേഴ്സ് രോഗത്തെ നേരിടൽ
“എന്റെ ഭർത്താവ് ആൽഫി ദക്ഷിണാഫ്രിക്കയിലുള്ള ഒരു സ്വർണ ഖനിയിലെ ഫോർമാൻ ആയിരുന്നു,” സാലി വിശദീകരിക്കുന്നു. “താൻ ജോലിയിൽനിന്നു വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞപ്പോൾ ഞാൻ അമ്പരന്നുപോയി. അദ്ദേഹത്തിന് 56 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, അദ്ദേഹം സമർഥനും കഠിനാധ്വാനിയും ആയിരുന്നു. തീരുമാനങ്ങളിൽ അദ്ദേഹം പതിവില്ലാത്ത പിശകുകൾ വരുത്താൻ തുടങ്ങിയിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹ ജോലിക്കാരിൽനിന്നു പിന്നീടു ഞാൻ മനസ്സിലാക്കി. അവർ അദ്ദേഹത്തിന്റെ പിശകുകൾ പലപ്പോഴും മൂടിവെച്ചിരുന്നുവത്രേ.
“അദ്ദേഹം ജോലിയിൽനിന്നു വിരമിച്ച ശേഷം ഞങ്ങൾ ഒരു ഹോട്ടൽ വാങ്ങി. ആൽഫിക്ക് നല്ല കൈവിരുത് ഉണ്ടായിരുന്നതുകൊണ്ട് ഹോട്ടലിന്റെ അറ്റകുറ്റം തീർക്കുന്നതിൽ അദ്ദേഹം തിരക്കുള്ളവൻ ആയിരുന്നുകൊള്ളും എന്നു ഞങ്ങൾ വിചാരിച്ചു. എന്നാൽ അദ്ദേഹം എല്ലായ്പോഴും ജോലിക്കാരുടെ സഹായം തേടുകയാണുണ്ടായത്.
“അതേ വർഷം തന്നെ ഞങ്ങൾ മൂന്നു വയസ്സുള്ള പേരക്കുട്ടിയുമായി ഡർബനിലെ കടൽത്തീരത്ത് ഒഴിവുകാലം ചെലവിടാൻ പോയി. ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിനു മുമ്പിലുള്ള റോഡിന് നേരെ അപ്പുറത്തു വെച്ചിരുന്ന ട്രാംപൊളിനിൽ കളിക്കാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ്, ഏതാണ്ട് 4:30 ആയി കാണും, ആൽഫി അവളെയും കൊണ്ട് ട്രാംപൊളിന്റെ അടുത്തേക്കു പോയി. അര മണിക്കൂറിനുള്ളിൽ തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. വൈകിട്ട് 7:00 മണിയായിട്ടും അവർ മടങ്ങിവന്നില്ല. ഞാൻ പൊലീസിനു ഫോൺ ചെയ്തു. ആളെ കാണാതായി 24 മണിക്കൂർ കഴിയാതെ തിരച്ചിൽ നടത്തുകയില്ലെന്ന് അവർ പറഞ്ഞു. ആ രാത്രിയിൽ എനിക്കു ഭ്രാന്തു പിടിക്കുമെന്നു തോന്നിപ്പോയി. കാരണം അവരെ ആരെങ്കിലും കൊന്നു കാണും എന്നാണ് ഞാൻ വിചാരിച്ചത്. പിറ്റേന്ന് ഏതാണ്ട് ഉച്ച ആയപ്പോഴേക്കും ആരോ വന്നു വാതിലിൽ മുട്ടി. കതകു തുറന്നപ്പോൾ അതാ ആൽഫി, അദ്ദേഹത്തിന്റെ കയ്യിൽ പേരക്കുട്ടിയും.
“‘നിങ്ങൾ എവിടെ ആയിരുന്നു?’ ഞാൻ ചോദിച്ചു.
“‘എന്നോടു ചൂടാകാതിരിക്കൂ. എനിക്കൊന്നും അറിയില്ല,’ അദ്ദേഹം പ്രതിവചിച്ചു.
“‘മുത്തശ്ശീ, ഞങ്ങൾക്കു വഴി തെറ്റിപ്പോയതാണ്,’ പേരക്കുട്ടി വിശദീകരിച്ചു.
“റോഡിന് അപ്പുറത്തേക്കു പോയപ്പോഴേക്കും വഴി തെറ്റിപ്പോയത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! അവർ ആ രാത്രി എവിടെയാണ് ഉറങ്ങിയത് എന്ന് എനിക്ക് അറിയില്ല. എന്തായാലും, എന്റെ ഒരു സുഹൃത്ത് അവരെ കണ്ടുപിടിച്ച് ഞങ്ങളുടെ താമസസ്ഥലത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു.”
ഈ സംഭവത്തെ തുടർന്ന് സാലി ആൽഫിയെ ഒരു നാഡീരോഗ വിദഗ്ധനെ കാണിച്ചു. ആൽഫിക്ക് ഡിമെൻഷ്യ (ബുദ്ധിപരമായ പ്രവർത്തന തകരാറ്) ആണെന്ന് അദ്ദേഹം പറഞ്ഞു. ആൽഫിക്ക് അൽസൈമേഴ്സ് രോഗം ഉള്ളതായി തെളിഞ്ഞു, അതിന് ഫലപ്രദമായ ചികിത്സയോ പ്രതിവിധിയോ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.a “വികസിത രാജ്യങ്ങളിൽ ഹൃദ്രോഗവും അർബുദവും മസ്തിഷ്കാഘാതവും കഴിഞ്ഞാൽ പിന്നെ നാലാമത്തെ ഏറ്റവും വലിയ കൊലയാളി” അൽസൈമേഴ്സ് രോഗമാണ് എന്ന് ന്യൂ സയന്റിസ്റ്റ് എന്ന ബ്രിട്ടീഷ് ജേർണൽ പറയുന്നു. “വാർധക്യത്തിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത പ്രമുഖ വ്യാധി” എന്ന് അതിനെ വർണിച്ചിരിക്കുന്നു. എന്നാൽ ആൽഫിയുടെ കാര്യത്തിൽ സംഭവിച്ചതു പോലെ അൽസൈമേഴ്സ് രോഗം കുറേക്കൂടെ പ്രായം കുറഞ്ഞവർക്കും പിടിപെടാവുന്നതാണ്.
സമ്പന്ന രാജ്യങ്ങളിലെ ദീർഘായുസ്സുള്ളവരുടെ എണ്ണം വർധിച്ചു വരുന്നതോടെ ഡിമെൻഷ്യ പിടിപെടുന്നവരുടെ എണ്ണവും ഞെട്ടിക്കും വിധം വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 1980-നും 2000-ത്തിനും ഇടയ്ക്ക് ബ്രിട്ടനിൽ ഡിമെൻഷ്യ രോഗികളിൽ 14 ശതമാനം വർധനവും ഐക്യനാടുകളിൽ 33 ശതമാനം വർധനവും കാനഡയിൽ 64 ശതമാനം വർധനവും ഉണ്ടായേക്കാം എന്ന് ഒരു പഠനം കാണിക്കുന്നു. 1990-ൽ ഒരു ഓസ്ട്രേലിയൻ ടെലിവിഷൻ ഡോക്യുമെന്ററി ഇങ്ങനെ പ്രസ്താവിച്ചു: “ഓസ്ട്രേലിയയിൽ ഇപ്പോൾ 1,00,000 പേർക്ക് അൽസൈമേഴ്സ് ഉള്ളതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ആ സംഖ്യ 2,00,000 ആയി ഉയരും.” 2000 ആകുമ്പോഴേക്കും ലോകവ്യാപകമായി 10 കോടി ആളുകൾക്ക് അൽസൈമേഴ്സ് പിടിപെടും എന്നാണു കണക്ക്.
എന്താണ് ഈ അൽസൈമേഴ്സ് രോഗം?
അൽസൈമേഴ്സ് രോഗത്തിന്റെ സാധ്യമായ അനേകം കാരണങ്ങളെക്കുറിച്ചു ഗവേഷണം നടക്കുന്നുണ്ടെങ്കിലും അതിന്റെ യഥാർഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും, ഈ രോഗം ഉണ്ടാകുമ്പോൾ മസ്തിഷ്ക കോശങ്ങൾ ക്രമേണ നശിക്കുന്നതിന്റെ ഫലമായി മസ്തിഷ്ക ഭാഗങ്ങൾ ചുരുങ്ങുന്നു എന്ന വസ്തുത അറിവായിട്ടുണ്ട്. ഓർമയുടെയും ചിന്താപ്രാപ്തിയുടെയും ഇരിപ്പിടങ്ങളായ മസ്തിഷ്ക ഭാഗങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക കോശങ്ങൾ രോഗത്തിന്റെ ആദ്യ ദശയിൽ തന്നെ ബാധിക്കപ്പെടുന്നു. ഇത് രോഗിയുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നു. മറ്റു മസ്തിഷ്ക ഭാഗങ്ങൾ—കാഴ്ചയെയും സ്പർശനത്തെയും നിയന്ത്രിക്കുന്ന ഭാഗങ്ങൾ, പേശീ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മോട്ടർ കോർട്ടക്സ് എന്നിവ—പിന്നെയും കുറേക്കാലം കുഴപ്പമൊന്നും കൂടാതെ ഇരുന്നേക്കാം. ഈ മാറ്റങ്ങളുടെയെല്ലാം ഫലമായി രോഗി “നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിവുള്ള, എന്നാൽ സങ്കടകരമെന്നു പറയട്ടെ, ലോകത്തിൽ നടക്കുന്ന കാര്യങ്ങളൊന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരു വ്യക്തിയായി മാറുന്നു” എന്ന് സയന്റിഫിക് അമേരിക്കൻ വിശദീകരിക്കുന്നു.
സാധാരണഗതിയിൽ രോഗത്തിന്റെ കാലാവധി 5 മുതൽ 10 വരെ വർഷമാണ്. എന്നാൽ, ചിലപ്പോൾ അത് 20-ലധികം വർഷം നീണ്ടുനിന്നെന്നും വരാം. രോഗം വഷളാകുന്നതിന് അനുസരിച്ച് രോഗിയുടെ പ്രവർത്തനശേഷിയും കുറഞ്ഞു വരുന്നു. ഒടുവിൽ, രോഗി തന്റെ പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിഞ്ഞില്ലെന്നു വരാം. അവസാന ഘട്ടങ്ങളിലെത്തുമ്പോൾ രോഗികൾ പലപ്പോഴും കിടപ്പിലാകുന്നു. അവർക്കു സംസാരിക്കാനോ തനിയെ ഭക്ഷണം കഴിക്കാനോ കഴിയില്ല. എന്നാൽ പല രോഗികളും ഈ അവസാന ഘട്ടങ്ങളിൽ എത്തുന്നതിനു മുമ്പുതന്നെ മറ്റു കാരണങ്ങളാൽ മരണമടയുന്നു.
അൽസൈമേഴ്സ് രോഗം വളരെയധികം വൈകാരിക വേദന ഉളവാക്കുന്നെങ്കിലും തുടക്കത്തിൽ രോഗി ശാരീരിക ലക്ഷണങ്ങളൊന്നും പ്രകടമാക്കുന്നില്ല. അതുകൊണ്ട് പ്രശ്നം തനിയെ മാറിക്കൊള്ളും എന്നു വിചാരിച്ച് ചിലയാളുകൾ ആരംഭത്തിൽ അതിനെ തിരിച്ചറിഞ്ഞ് അതിന് എതിരെ പോരാടാൻ പരാജയപ്പെടുന്നു.b എന്നാൽ അതിനെ തിരിച്ചറിഞ്ഞ് അതിന് എതിരെ പോരാടുന്നതും അത് ഉളവാക്കുന്ന വൈകാരിക വേദന എങ്ങനെ ലഘൂകരിക്കാമെന്നു പഠിക്കുന്നതും വളരെ പ്രയോജനകരമാണ്. “ഓർമത്തകരാറ് രോഗിയെ ബാധിച്ചേക്കാവുന്ന വിധത്തെക്കുറിച്ചു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു” എന്ന് 63 വയസ്സുള്ള ഒരു അൽസൈമേഴ്സ് രോഗിയുടെ ഭർത്താവായ ബെർട്ട് പറഞ്ഞു. അതേ, അൽസൈമേഴ്സ് രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും അതിന് എതിരെ ഏതു വിധങ്ങളിൽ പോരാടാമെന്നും പഠിക്കുന്നത് കുടുംബങ്ങൾക്കു സഹായകമാണ്. അടുത്ത രണ്ടു ലേഖനങ്ങളിൽ ഉണരുക! ഇവയെക്കുറിച്ചും മറ്റു ഘടകങ്ങളെക്കുറിച്ചും പരിചിന്തിക്കവേ ഒപ്പം നിങ്ങളെയും ക്ഷണിക്കുന്നു.
[അടിക്കുറിപ്പുകൾ]
a അൽസൈമേഴ്സ് രോഗത്തിന് ആ പേരു ലഭിച്ചത് ജർമൻ ഡോക്ടറായ ആലോയിസ് അൽസൈമേറിൽ നിന്നാണ്. 1906-ൽ, കലശലായ ഡിമെൻഷ്യ ഉണ്ടായിരുന്ന ഒരാളുടെ മൃതശരീര പരിശോധനയെ തുടർന്ന് അദ്ദേഹമാണ് ആ രോഗത്തെക്കുറിച്ച് ആദ്യമായി വിവരിച്ചത്. ഡിമെൻഷ്യ കേസുകളുടെ 60 ശതമാനത്തിലധികത്തിനും കാരണം അൽസൈമേഴ്സ് രോഗമാണെന്നു കരുതപ്പെടുന്നു. അത് 65 വയസ്സിനുമേൽ പ്രായമുള്ള 10 പേരിൽ ഒരാളെ വീതം ബാധിക്കുന്നു. മറ്റൊരു ഡിമെൻഷ്യയായ മൾട്ടി-ഇൻഫാർക്റ്റ് ഡിമെൻഷ്യ ഉണ്ടാകുന്നത് മസ്തിഷ്കത്തിനു ഹാനിവരുത്തുന്ന ചെറിയ ചെറിയ മസ്തിഷ്കാഘാതങ്ങളുടെ ഫലമായിട്ടാണ്.
b ഒരു മുന്നറിയിപ്പ്: ഒരാൾക്ക് അൽസൈമേഴ്സ് രോഗം ആണെന്നു നിഗമനം ചെയ്യും മുമ്പ് സമഗ്രമായ വൈദ്യ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ഡിമെൻഷ്യ കേസുകളുടെ ഏതാണ്ട് 10 മുതൽ 20 വരെ ശതമാനവും ഉണ്ടാകുന്നത് ചികിത്സിച്ചു മാറ്റാവുന്ന അസുഖങ്ങൾ നിമിത്തമാണ്. അൽസൈമേഴ്സ് രോഗനിർണയത്തെക്കുറിച്ച് വൃദ്ധ മാതാപിതാക്കളെ പരിപാലിക്കേണ്ട വിധം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ഒരാളുടെ മൃതശരീര പരിശോധനാ സമയത്ത് അയാളുടെ മസ്തിഷ്കത്തെക്കുറിച്ചു പഠിച്ചെങ്കിൽ മാത്രമേ അയാൾക്ക് അൽസൈമേഴ്സ് ഉണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയൂ. എന്നാൽ ഡോക്ടർമാർക്ക് രോഗലക്ഷണങ്ങൾ പരിശോധിച്ച് അൽസൈമേഴ്സ് രോഗത്തിന് ബാധകമല്ലാത്ത ലക്ഷണങ്ങൾ അവഗണിക്കുന്ന പ്രക്രിയയിലൂടെ—അതായത്, മറ്റു രോഗസാധ്യതകൾ തള്ളിക്കളയുന്നതിലൂടെ—രോഗനിർണയം നടത്താൻ കഴിയും.”
[4-ാം പേജിലെ ആകർഷകവാക്യം]
2000 ആകുമ്പോഴേക്കും ലോകവ്യാപകമായി 10 കോടി ആളുകൾക്ക് അൽസൈമേഴ്സ് പിടിപെടും എന്നാണു കണക്ക്