അധ്യായം ഇരുപത്തിയേഴ്
യഹോവ ശുദ്ധാരാധനയെ അനുഗ്രഹിക്കുന്നു
1. യെശയ്യാവിന്റെ അവസാന അധ്യായത്തിൽ ഏതെല്ലാം വിഷയങ്ങൾ എടുത്തുപറഞ്ഞിരിക്കുന്നു, അവയിൽ ഏതെല്ലാം ചോദ്യങ്ങളുടെ ഉത്തരങ്ങൾ കാണാം?
യെശയ്യാവിന്റെ അവസാന അധ്യായത്തിൽ, ഈ പ്രാവചനിക പുസ്തകത്തിലെ പ്രമുഖ വിഷയങ്ങളിൽ ചിലത് ശ്രദ്ധേയമായ പാരമ്യത്തിലേക്കു വരുന്നതും പല പ്രധാന ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതും കാണാം. എടുത്തു പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ യഹോവയുടെ ഔന്നത്യം, കാപട്യത്തോടുള്ള അവന്റെ വിദ്വേഷം, ദുഷ്ടന്മാരെ ശിക്ഷിക്കാനുള്ള അവന്റെ ദൃഢനിശ്ചയം, വിശ്വസ്തരോടുള്ള അവന്റെ സ്നേഹപൂർവകമായ പരിഗണന എന്നിവയൊക്കെ ഉൾപ്പെട്ടിരിക്കുന്നു. മാത്രമല്ല, അവയിൽ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും കാണാം: സത്യാരാധനയെ വ്യാജാരാധനയിൽനിന്നു വേർതിരിച്ചു നിറുത്തുന്നത് എന്താണ്? ദൈവജനത്തെ ദ്രോഹിക്കുകയും അതേസമയം വിശുദ്ധരാണെന്നു നടിക്കുകയും ചെയ്യുന്ന കപടഭക്തിക്കാർക്ക് യഹോവ പകരം കൊടുക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ? തന്നോടു വിശ്വസ്തരായി നിലകൊള്ളുന്നവരെ യഹോവ എങ്ങനെ അനുഗ്രഹിക്കും?
ശുദ്ധാരാധനയുടെ താക്കോൽ
2. തന്റെ മഹത്ത്വം സംബന്ധിച്ച് യഹോവ എന്തു പ്രഖ്യാപനം നടത്തുന്നു, ഈ പ്രഖ്യാപനം എന്ത് അർഥമാക്കുന്നില്ല?
2 ഒന്നാമതായി, പ്രവചനം യഹോവയുടെ മഹത്ത്വത്തെ ഊന്നിപ്പറയുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?” (യെശയ്യാവു 66:1) യഹൂദ ജനതയെ സ്വദേശത്തേക്കു പുനഃസ്ഥിതീകരിച്ചപ്പോൾ യഹോവയ്ക്കുള്ള ആലയം പുനർനിർമിക്കുന്നതിൽനിന്നു പ്രവാചകൻ ഇവിടെ യഹൂദന്മാരെ നിരുത്സാഹപ്പെടുത്തുകയാണെന്ന് ചിലർ കരുതുന്നു. എന്നാൽ വാസ്തവത്തിൽ സംഗതി അതല്ല; ആലയം പുനർനിർമിക്കാൻ യഹോവതന്നെ കൽപ്പിക്കും. (എസ്രാ 1:1-6; യെശയ്യാവു 60:13; ഹഗ്ഗായി 1:7, 8) അപ്പോൾ ഈ പാഠഭാഗത്തിന്റെ അർഥം എന്താണ്?
3. ഭൂമിയെ യഹോവയുടെ ‘പാദപീഠം’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്?
3 ഭൂമിയെ യഹോവയുടെ ‘പാദപീഠം’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന് നമുക്കു നോക്കാം. അതു നിന്ദാകരമായ ഒരു പദപ്രയോഗമല്ല. പ്രപഞ്ചത്തിൽ ശതകോടിക്കണക്കിന് ആകാശഗോളങ്ങൾ ഉണ്ടെങ്കിലും, ഭൂമിക്കു മാത്രമാണ് ആ പ്രത്യേക വിശേഷണം ലഭിച്ചിരിക്കുന്നത്. നമ്മുടെ ഗ്രഹത്തിന് ഈ അപൂർവ സവിശേഷത എക്കാലവും ഉണ്ടായിരിക്കും. കാരണം, യഹോവയുടെ ഏകജാതപുത്രൻ മറുവില കൊടുത്തതും മിശിഹൈക രാജ്യം മുഖാന്തരം യഹോവ തന്റെ പരമാധികാരം സംസ്ഥാപിക്കാൻ പോകുന്നതും ഇവിടെയാണ്. തന്മൂലം ഭൂമിയെ യഹോവയുടെ പാദപീഠം എന്നു വിളിച്ചിരിക്കുന്നത് എത്ര ഉചിതമാണ്! തന്റെ ഉയർന്ന സിംഹാസനത്തിലേക്കു കയറാനായും തുടർന്ന് തന്റെ പാദങ്ങൾക്കുള്ള ഒരു വിശ്രമസ്ഥാനമായും ഒരു രാജാവ് അത്തരമൊരു പീഠം ഉപയോഗിച്ചേക്കാം.
4. (എ) ഭൂമിയിലുള്ള ഏതെങ്കിലും കെട്ടിടത്തിന് യഹോവയാം ദൈവത്തിന്റെ വിശ്രമസ്ഥലം ആയിരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? (ബി) “ഇതൊക്കെയും” എന്ന പ്രയോഗത്തിന്റെ അർഥമെന്ത്, യഹോവയുടെ ആരാധന സംബന്ധിച്ച് നാം എന്തു നിഗമനത്തിൽ എത്തണം?
4 ഒരു രാജാവ് തീർച്ചയായും തന്റെ പാദപീഠത്തിൽ ഇരിക്കാത്തതു പോലെ, യഹോവ ഭൂമിയിൽ വസിക്കുന്നില്ല. അതിബൃഹത്തായ ഭൗതിക ആകാശത്തിനു പോലും യഹോവയെ ഉൾക്കൊള്ളാനാവില്ല! അപ്പോൾ ഭൂമിയിലെ ഏതെങ്കിലും ഒരു കെട്ടിടത്തിന് അക്ഷരാർഥത്തിൽ അവന്റെ ഭവനമായിരിക്കാൻ എങ്ങനെ കഴിയും? (1 രാജാക്കന്മാർ 8:27) യഹോവയുടെ സിംഹാസനവും അവന്റെ വിശ്രമസ്ഥലവും ആത്മമണ്ഡലത്തിലാണ്, യെശയ്യാവു 66:1-ൽ ഉപയോഗിച്ചിരിക്കുന്ന “സ്വർഗ്ഗം” എന്ന പ്രയോഗത്തിന്റെ അർഥം അതാണ്. അതു മനസ്സിലാക്കാൻ അടുത്ത വാക്യം നമ്മെ സഹായിക്കുന്നു: “എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 66:2എ) “ഇതൊക്കെയും”—ആകാശത്തിലും ഭൂമിയിലുമുള്ള സകലതും—എന്നു പറഞ്ഞുകൊണ്ട് യഹോവ വിശാലതയെ അർഥമാക്കാൻ ഒരു ആംഗ്യം കാണിക്കുന്നതായി സങ്കൽപ്പിക്കുക. (യെശയ്യാവു 40:26; വെളിപ്പാടു 10:7) മുഴു അഖിലാണ്ഡത്തിന്റെയും മഹാസ്രഷ്ടാവ് എന്ന നിലയിൽ, വെറുമൊരു കെട്ടിടത്തെക്കാളധികം സംഗതികൾ അവന് അർപ്പിതമായിരിക്കേണ്ടതാണ്. കേവലം ബാഹ്യമായ ഒരു ആരാധനാരീതിയിലും കവിഞ്ഞത് അവൻ അർഹിക്കുന്നു.
5. നാം ‘അരിഷ്ടരും മനസ്സു തകർന്നവരും’ ആണെന്നു പ്രകടമാക്കുന്നത് എങ്ങനെ?
5 അഖിലാണ്ഡ പരമാധികാരിക്ക് എങ്ങനെയുള്ള ആരാധനയാണ് യോജിക്കുന്നത്? അവൻതന്നെ നമ്മോടു പറയുന്നു: “എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.” (യെശയ്യാവു 66:2ബി) ശുദ്ധാരാധനയ്ക്ക് പ്രധാനം ആരാധകന്റെ ഭാഗത്തെ ശരിയായ ഹൃദയനിലയാണ്. (വെളിപ്പാടു 4:11) യഹോവയുടെ ആരാധകൻ “അരിഷ്ടനും മനസ്സു തകർന്നവനും” ആയിരിക്കണം. നാം അസന്തുഷ്ടരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്നാണോ അതിനർഥം? അല്ല. അവൻ “സന്തുഷ്ട ദൈവ”മാണ്. തന്റെ ആരാധകരും സന്തുഷ്ടർ ആയിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 1:11, NW; ഫിലിപ്പിയർ 4:4) എന്നാൽ, നാമെല്ലാം കൂടെക്കൂടെ പാപം ചെയ്യുന്നവരാണ്, അതു നാം നിസ്സാരമായി കാണരുത്. നാം അവയാൽ ‘അരിഷ്ടർ,’ യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരാത്തതിൽ ദുഃഖിതർ, ആയിരിക്കണം. (സങ്കീർത്തനം 51:17) അനുതപിച്ചുകൊണ്ടും പാപപൂർണമായ പ്രവണതകൾക്കെതിരെ പോരാടിക്കൊണ്ടും ക്ഷമയ്ക്കായി യഹോവയോട് അപേക്ഷിച്ചുകൊണ്ടും നാം ‘മനസ്സു തകർന്നവർ’ ആണെന്നു പ്രകടമാക്കണം.—ലൂക്കൊസ് 11:4; 1 യോഹന്നാൻ 1:8-10.
6. സത്യാരാധകർ ഏത് അർഥത്തിൽ ‘ദൈവത്തിന്റെ വചനത്തിങ്കൽ വിറയ്ക്കണം’?
6 കൂടാതെ, തന്റെ ‘വചനത്തിങ്കൽ വിറയ്ക്കുന്നവരെ’ യഹോവ കടാക്ഷിക്കുന്നു. അവന്റെ പ്രഖ്യാപനങ്ങളെ കുറിച്ചു വായിക്കുമ്പോഴൊക്കെ നാം ഭയന്നു വിറയ്ക്കാൻ അവൻ ആഗ്രഹിക്കുന്നു എന്നാണോ അതിന്റെ അർഥം? അല്ല. മറിച്ച്, അവൻ പറയുന്ന കാര്യങ്ങളെ നാം ഭയത്തോടും ആദരവോടും കൂടെ വീക്ഷിക്കാൻ അവൻ ആഗ്രഹിക്കുന്നു എന്നാണ്. നാം അവന്റെ ബുദ്ധിയുപദേശം ആത്മാർഥമായി തേടുന്നു, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നമ്മെ വഴിനയിക്കാൻ നാം അത് ഉപയോഗിക്കുന്നു. (സങ്കീർത്തനം 119:105) ദൈവത്തോട് അനുസരണക്കേട് കാണിക്കുക, മനുഷ്യ പാരമ്പര്യങ്ങളാൽ ദൈവത്തിന്റെ സത്യം ദുഷിപ്പിക്കുക, അല്ലെങ്കിൽ അതിനെ നിസ്സാരമായി എടുക്കുക എന്ന ചിന്തപോലും നമ്മിൽ ഭയമുളവാക്കുന്നു എന്ന അർഥത്തിൽ നാം ‘വിറയ്ക്കണം.’ അത്തരം എളിയ മനോഭാവം സത്യാരാധനയ്ക്കു പ്രധാനമാണ്—എന്നാൽ ദുഃഖകരമെന്നു പറയട്ടെ ഇന്നത്തെ ലോകത്തിൽ വിരളമായിരിക്കുന്നതും അതാണ്.
കപടഭക്തിപരമായ ആരാധന യഹോവ വെറുക്കുന്നു
7, 8. കപടഭക്തിക്കാരുടെ പ്രഹസനപരമായ ആരാധനാരീതികളെ യഹോവ എങ്ങനെയാണ് വീക്ഷിക്കുന്നത്?
7 യഹോവ തന്റെ ആരാധകരിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നതരം മനോഭാവമുള്ള അധികം പേരൊന്നും തന്റെ സമകാലികരിൽ ഇല്ലെന്ന് യെശയ്യാവിന് അറിയാം. അക്കാരണത്താൽ, വിശ്വാസത്യാഗിനിയായ യെരൂശലേം ആസന്ന ന്യായവിധി അർഹിക്കുന്നു. അവിടത്തെ ആരാധനയെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്ന് ശ്രദ്ധിക്കുക: ‘കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കയും പന്നിച്ചോര അർപ്പിക്കയും ചെയ്യുന്നവൻ, ധൂപംകാണിക്കയും മിത്ഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നു.’—യെശയ്യാവു 66:3.
8 ഈ വാക്കുകൾ, യെശയ്യാ പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാക്കുകളെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. തന്റെ വഴിപിഴച്ച ജനത്തിന്റെ പ്രഹസനപരമായ ആരാധനാരീതികൾ തന്നെ പ്രസാദിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അവർ കപടഭക്തരായതിനാൽ വാസ്തവത്തിൽ അത് തന്റെ നീതിനിഷ്ഠമായ കോപത്തെ വർധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നും യഹോവ അവരോടു പറഞ്ഞു. (യെശയ്യാവു 1:11-17) അതുപോലെ, യഹോവ ഇപ്പോൾ അവരുടെ വഴിപാടുകളെ ഹീനമായ കുറ്റകൃത്യങ്ങളോടു താരതമ്യം ചെയ്യുന്നു. നല്ല വിലയുള്ള ഒരു കാളയെ യാഗമർപ്പിക്കുന്നതിൽ യഹോവ പ്രസാദിക്കുന്നില്ല, മറിച്ച് മനുഷ്യനെ കൊല ചെയ്യുന്നതിനു തുല്യമായാണ് അവൻ അതിനെ വീക്ഷിക്കുന്നത്! മറ്റു യാഗാർപ്പണങ്ങളെ പട്ടിയെയും പന്നിയെയും ബലിയായി അർപ്പിക്കുന്നതിനോടു ഉപമിച്ചിരിക്കുന്നു. മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അത്തരം മൃഗങ്ങൾ അശുദ്ധമാണ്, അതുകൊണ്ടുതന്നെ തീർച്ചയായും യാഗത്തിനു യോജിച്ചവയല്ല. (ലേവ്യപുസ്തകം 11:7, 27) അത്തരം മതകാപട്യം കാട്ടുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുമോ?
9. യെശയ്യാവ് മുഖാന്തരം യഹോവ നൽകിയ ഓർമിപ്പിക്കലുകളോട് മിക്ക യഹൂദന്മാരും എങ്ങനെ പ്രതികരിച്ചിരിക്കുന്നു, അതിന്റെ ഒഴിവാക്കാനാവാത്ത ഫലം എന്തായിരിക്കും?
9 യഹോവ ഇപ്പോൾ ഇങ്ങനെ പറയുന്നു: “ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു അവർ ഭയപ്പെടുന്നതു അവർക്കും വരുത്തും; ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ.” (യെശയ്യാവു 66:4) നിസ്സംശയമായും, ഹൃദയംഗമമായ ബോധ്യത്തോടെ ആ വാക്കുകൾ സംസാരിക്കാൻ യെശയ്യാവിനു കഴിയും. യഹോവയുടെ ജനത്തോട് ‘വിളിച്ചുപറയുക’യും ‘അരുളിച്ചെയ്യുക’യും ചെയ്തുകൊണ്ട് നിരവധി വർഷങ്ങൾ അവൻ യഹോവയുടെ ഒരു ഉപകരണമായി വർത്തിച്ചിരിക്കുന്നു. പൊതുവെ, ആരുംതന്നെ തന്റെ സന്ദേശത്തിനു ശ്രദ്ധ നൽകുന്നില്ലെന്നു പ്രവാചകനു നന്നായി അറിയാം. അവർ ഹീനമായതു ചെയ്തിരിക്കുന്നതിനാൽ, ദൈവം അവരോടു കണിശമായും പകരം ചോദിക്കും. യഹോവ തീർച്ചയായും അവരെ ശിക്ഷിക്കുകയും വിശ്വാസത്യാഗികളായ ആ ജനത്തിന്മേൽ ഭയങ്കര കാര്യങ്ങൾ വരുത്തുകയും ചെയ്യും.
10. യഹൂദയോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ ക്രൈസ്തവലോകത്തെ അവൻ വീക്ഷിക്കുന്ന വിധത്തെ കുറിച്ചു നമ്മോട് എന്തു പറയുന്നു?
10 സമാനമായി, യഹോവയെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങളാണ് ആധുനികകാല ക്രൈസ്തവലോകവും ചെയ്തിരിക്കുന്നത്. അവളുടെ സഭകളിൽ വിഗ്രഹാരാധന തഴച്ചുവളരുന്നു. അൾത്താരകളിൽ തിരുവെഴുത്തുവിരുദ്ധമായ തത്ത്വശാസ്ത്രങ്ങളും ആചാരങ്ങളും വാഴ്ത്തപ്പെടുന്നു. രാഷ്ട്രീയ അധികാരത്തിനായുള്ള വാഞ്ഛ ലോകരാഷ്ട്രങ്ങളുമായുള്ള ആത്മീയ വ്യഭിചാര ബന്ധത്തിലേക്ക് അവളെ ഒന്നിനൊന്നു തള്ളിവിട്ടിരിക്കുന്നു. (മർക്കൊസ് 7:13; വെളിപ്പാടു 18:4, 5, 9) പുരാതന യെരൂശലേമിന്റെ കാര്യത്തിലെന്ന പോലെ, ക്രൈസ്തവലോകത്തിന്മേലുള്ള നീതിനിഷ്ഠമായ ന്യായവിധി—“ഭയപ്പെടുന്ന” കാര്യം—അപ്രതിരോധ്യമാം വിധം ദ്രുതഗതിയിൽ അടുത്തുവരികയാണ്. അവൾക്കു ശിക്ഷ ലഭിക്കാനുള്ള കാരണങ്ങളിൽ ഒന്ന് ദൈവജനത്തോടുള്ള അവളുടെ ഹീനമായ പെരുമാറ്റമാണ്.
11. (എ) യെശയ്യാവിന്റെ നാളിലെ വിശ്വാസത്യാഗികളുടെ പാപത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത് എന്താണ്? (ബി) യെശയ്യാവിന്റെ സമകാലികർ വിശ്വസ്തരായവരെ ‘ദൈവത്തിന്റെ നാമംനിമിത്തം’ പുറത്താക്കുന്നത് ഏത് അർഥത്തിൽ?
11 യെശയ്യാവ് തുടരുന്നു: “യഹോവയുടെ വചനത്തിങ്കൽ വിറെക്കുന്നവരേ, അവന്റെ വചനം കേട്ടുകൊൾവിൻ; നിങ്ങളെ പകെച്ചു, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ തന്നെത്താൻ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചുപോകും.” (യെശയ്യാവു 66:5) യെശയ്യാവിന്റെ “സഹോദരന്മാർ”ക്ക്, അവന്റെ സ്വന്തദേശക്കാർക്ക്, യഹോവയാം ദൈവത്തെ പ്രതിനിധാനം ചെയ്യാനും അവന്റെ പരമാധികാരത്തിനു കീഴ്പെടാനുമുള്ള ദൈവദത്ത ഉത്തരവാദിത്വമുണ്ട്. അതിൽ പരാജയപ്പെടുക വഴി അവർ ചെയ്തിരിക്കുന്ന പാപം തീർച്ചയായും അതീവ ഗുരുതരമാണ്. എന്നാൽ യെശയ്യാവിനെ പോലെ വിശ്വസ്തതയും താഴ്മയുമുള്ള ആളുകളെ അവർ വെറുക്കുന്നുവെന്നത് അവരുടെ പാപത്തിന്റെ ഗൗരവത്തെ ഒന്നുകൂടി വർധിപ്പിക്കുന്നു. വിശ്വസ്തരായവർ യഹോവയെ സത്യസന്ധമായി പ്രതിനിധാനം ചെയ്യുന്നതിനാൽ, ഈ വിശ്വാസത്യാഗികൾ അവരെ വെറുക്കുകയും പുറത്താക്കുകയും ചെയ്യുന്നു. ആ അർഥത്തിൽ അവരെ പുറത്താക്കിയിരിക്കുന്നത് ‘ദൈവത്തിന്റെ നാമംനിമിത്തം’ ആണെന്നു പറയാം. അതേസമയം, “യഹോവ തന്നെത്താൻ മഹത്വീകരിക്കട്ടെ” എന്നിങ്ങനെയുള്ള മതപരമായ പ്രയോഗങ്ങൾ ഭക്തിപൂർവം ഉപയോഗിച്ചുകൊണ്ട് അവന്റെ ഈ വ്യാജദാസന്മാർ അവനെ പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുന്നു.a
12. കപടഭക്തർ യഹോവയുടെ വിശ്വസ്ത ദാസന്മാരുടെ നേർക്ക് അഴിച്ചുവിട്ട പീഡനത്തിന്റെ ചില ഉദാഹരണങ്ങൾ ഏവ?
12 സത്യാരാധകരോട് വ്യാജമതത്തിനുള്ള വെറുപ്പ് പുതിയ സംഗതിയൊന്നുമല്ല. അത് ഉല്പത്തി 3:15-ലെ പ്രവചനത്തിന്റെ കൂടുതലായ ഒരു നിവൃത്തിയാണ്. സാത്താന്റെ സന്തതിയും ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയും തമ്മിലുള്ള ദീർഘകാല ശത്രുതയെ കുറിച്ച് ആ വാക്യത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ തന്റെ അഭിഷിക്ത അനുഗാമികൾക്കും സ്വന്തനാട്ടുകാരുടെ കൈകളാൽ കഷ്ടം അനുഭവിക്കേണ്ടി വരുമെന്ന് യേശു അവരോടു പറയുകയുണ്ടായി. ശത്രുക്കൾ അവരെ സിനഗോഗുകളിൽനിന്നു പുറത്താക്കുകയും പീഡിപ്പിക്കുകയും കൊല്ലുക പോലും ചെയ്യുമെന്ന് അവൻ മുൻകൂട്ടി പറഞ്ഞു. (യോഹന്നാൻ 16:2) ആധുനിക കാലത്തോ? അത്തരം പീഡനം തങ്ങൾക്കും ഉണ്ടാകുമെന്ന് ‘അന്ത്യകാലത്തി’ന്റെ തുടക്കത്തിൽ ദൈവജനം മനസ്സിലാക്കി. (2 തിമൊഥെയൊസ് 3:1) 1914-ൽ, യെശയ്യാവു 66:5 ഉദ്ധരിച്ചുകൊണ്ട് വീക്ഷാഗോപുരം ഇങ്ങനെ പ്രസ്താവിച്ചു. “ദൈവജനത്തിന് ഉണ്ടായിട്ടുള്ള മിക്ക പീഡനങ്ങളും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്.” അതേ ലേഖനം ഇങ്ങനെയും പ്രസ്താവിച്ചു: “അവർ നമ്മുടെ നാളിൽ അങ്ങേയറ്റം ഉഗ്രമായി പ്രവർത്തിക്കുമോ എന്ന്—സാമൂഹിക ഭ്രഷ്ട് കൽപ്പിക്കുകയും സംഘടനയുടെ പ്രവർത്തനത്തെ വിഘ്നപ്പെടുത്തുകയും നമ്മെ കൊല്ലുകയും ചെയ്യുമോ എന്ന്—നമുക്ക് അറിയില്ല.” ആ വാക്കുകൾ എത്ര സത്യമായി ഭവിച്ചിരിക്കുന്നു! അതു പ്രസിദ്ധീകരിച്ച് താമസിയാതെ, വൈദികവർഗത്തിന്റെ പ്രേരണയാൽ ഉണ്ടായ പീഡനം ഒന്നാം ലോകമഹായുദ്ധ കാലത്ത് അതിന്റെ പാരമ്യത്തിൽ എത്തി. എന്നാൽ മുൻകൂട്ടി പറയപ്പെട്ടതു പോലെ ക്രൈസ്തവലോകം ലജ്ജിതമാക്കപ്പെട്ടു. എങ്ങനെ?
ശീഘ്രമായ പുനഃസ്ഥിതീകരണം
13. ആദ്യ നിവൃത്തിയിൽ ‘നഗരത്തിൽനിന്നുള്ള ശബ്ദകോലാഹലം’ എന്താണ്?
13 യെശയ്യാവ് പ്രവചിക്കുന്നു: “നഗരത്തിൽനിന്നു ഒരു മുഴക്കം [“ശബ്ദകോലാഹലം,” “പി.ഒ.സി. ബൈ.”] കേൾക്കുന്നു; മന്ദിരത്തിൽനിന്നു ഒരു നാദം കേൾക്കുന്നു; തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നേ.” (യെശയ്യാവു 66:6) ഈ വാക്കുകളുടെ ആദിമ നിവൃത്തിയിൽ ‘നഗരം’ യഹോവയുടെ ആലയം സ്ഥിതി ചെയ്യുന്ന യെരൂശലേമാണ്. “ശബ്ദകോലാഹലം” പൊ.യു.മു. 607-ൽ ബാബിലോണിയൻ സൈന്യങ്ങൾ ആക്രമിച്ചെത്തുമ്പോഴുള്ള യുദ്ധകോലാഹലത്തെ സൂചിപ്പിക്കുന്നു. എന്നാൽ, അതിന്റെ ആധുനികകാല നിവൃത്തി എന്തായിരിക്കും?
14. (എ) യഹോവ തന്റെ ആലയത്തിലേക്കു വരുന്നതിനെ കുറിച്ച് മലാഖി എന്തു മുൻകൂട്ടി പറഞ്ഞു? (ബി) യെഹെസ്കേൽ പ്രവചനം അനുസരിച്ച്, യഹോവ തന്റെ ആലയത്തിലേക്കു വന്നതിന്റെ ഫലം എന്തായിരുന്നു? (സി) യഹോവയും യേശുവും ആത്മീയ ആലയം പരിശോധിച്ചത് എപ്പോൾ, ശുദ്ധാരാധനയെ പ്രതിനിധാനം ചെയ്യുന്നവർ എന്ന് അവകാശപ്പെട്ടവരെ ഇത് എങ്ങനെ ബാധിച്ചു?
14 യെശയ്യാവിന്റെ ഈ വാക്കുകൾ, യെഹെസ്കേൽ 43:4, 6-9-ലും മലാഖി 3:1-5-ലും രേഖപ്പെടുത്തിയിരിക്കുന്ന മറ്റു രണ്ടു പ്രാവചനിക പ്രഖ്യാപനങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. യഹോവയാം ദൈവം തന്റെ ആലയത്തിലേക്കു വരുന്ന സമയത്തെ കുറിച്ച് യെഹെസ്കേലും മലാഖിയും മുൻകൂട്ടി പറയുന്നു. യഹോവ തന്റെ ശുദ്ധാരാധനയുടെ ആലയം പരിശോധിക്കാൻ വരുന്നതായും ശുദ്ധി വരുത്തുന്നവനെ പോലെ പ്രവർത്തിച്ചുകൊണ്ട് അവനെ തെറ്റായി പ്രതിനിധാനം ചെയ്യുന്നവരെ തള്ളിക്കളയുന്നതായും മലാഖിയുടെ പ്രവചനം വ്യക്തമാക്കുന്നു. യഹോവ ആലയത്തിൽ പ്രവേശിച്ച് സകലതരം അധാർമികതയും വിഗ്രഹാരാധനയും നീക്കം ചെയ്യാൻ കൽപ്പിക്കുന്നതായി യെഹെസ്കേലിന്റെ പ്രവചനം വ്യക്തമാക്കുന്നു.b ഈ പ്രവചനങ്ങളുടെ ആധുനികകാല നിവൃത്തിയിൽ, യഹോവയുടെ ആരാധനയുമായി ബന്ധപ്പെട്ട് 1918-ൽ ആത്മമണ്ഡലത്തിൽ ഒരു വലിയ സംഭവം അരങ്ങേറുകയുണ്ടായി. വ്യക്തമായും യഹോവയും യേശുവും ശുദ്ധാരാധനയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട എല്ലാവരെയും പരിശോധിച്ചു. ആ പരിശോധനയ്ക്കു ശേഷം ദുഷിച്ച ക്രൈസ്തവലോകത്തെ അവർ തള്ളിക്കളഞ്ഞു. ക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികളെ സംബന്ധിച്ചാണെങ്കിൽ ആ പരിശോധന, ഹ്രസ്വമായ ഒരു കാലത്തെ ശുദ്ധീകരണത്തെയും 1919-ലെ പെട്ടെന്നുള്ള ആത്മീയ പുനഃസ്ഥിതീകരണത്തെയും അർഥമാക്കി.—1 പത്രൊസ് 4:17.
15. യെശയ്യാ പ്രവചനത്തിൽ ഏതു ജനനത്തെ കുറിച്ചു മുൻകൂട്ടി പറഞ്ഞിരിക്കുന്നു, പൊ.യു.മു. 537-ൽ അതിനു നിവൃത്തി ഉണ്ടായത് എങ്ങനെ?
15 യെശയ്യാവിലെ പിൻവരുന്ന വാക്യങ്ങളിൽ ഈ പുനഃസ്ഥിതീകരണത്തെ കുറിച്ച് ഉചിതമായി പ്രതിപാദിച്ചിരിക്കുന്നു: “നോവു കിട്ടും മുമ്പെ അവൾ പ്രസവിച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഈവക ആർ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി [“ജനത,” NW] ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളെ പ്രസവിച്ചിരിക്കുന്നു.” (യെശയ്യാവു 66:7, 8) ബാബിലോണിൽ പ്രവാസികളായ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾക്ക് ആവേശകരമായ ഒരു നിവൃത്തിയുണ്ട്. ഒരു കുഞ്ഞിനു ജന്മം നൽകുന്ന സ്ത്രീയായി സീയോനെ അഥവാ യെരൂശലേമിനെ വീണ്ടും ചിത്രീകരിച്ചിരിക്കുന്നു, എന്നാൽ ഈ പ്രസവം തികച്ചും അസാധാരണമാണ്! കാരണം, വളരെ പെട്ടെന്ന്, നോവു കിട്ടുന്നതിനു മുമ്പുതന്നെ പ്രസവം നടക്കുന്നു! അത് ഉചിതമായ ഒരു ചിത്രമാണ്. ഒരു വ്യത്യസ്ത ജനത എന്ന നിലയിലുള്ള ദൈവജനത്തിന്റെ പൊ.യു.മു. 537-ലെ പുനർജനനം വളരെ പെട്ടെന്ന് ആയതിനാൽ അത് അത്ഭുതകരമായി തോന്നുന്നു. കോരെശ് യഹൂദന്മാരെ പ്രവാസത്തിൽനിന്നു വിടുവിച്ചശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു വിശ്വസ്ത ശേഷിപ്പ് തങ്ങളുടെ സ്വദേശത്ത് തിരികെ എത്തുന്നു! ഇസ്രായേൽ ജനത്തിന്റെ ആദ്യ ജനനത്തിലേക്കു നയിച്ച സംഭവങ്ങളിൽനിന്ന് എത്ര ഭിന്നമാണിത്! പൊ.യു.മു. 537-ൽ ഇസ്രായേൽ ജനതയ്ക്ക് മത്സരിയായ ഒരു രാജാവിനോട് അപേക്ഷിക്കേണ്ടതായോ ശത്രുസൈന്യത്തിൽനിന്ന് ഓടിയൊളിക്കേണ്ടതായോ 40 വർഷം മരുഭൂമിയിലൂടെ യാത്ര ചെയ്യേണ്ടതായോ വരുന്നില്ല.
16. യെശയ്യാവു 66:7, 8-ന്റെ ആധുനിക നിവൃത്തിയിൽ സീയോൻ എന്തിനെ ചിത്രീകരിക്കുന്നു, അവളുടെ സന്തതി പുനർജനിച്ചത് എങ്ങനെ?
16 ആധുനികകാല നിവൃത്തിയിൽ, സീയോൻ യഹോവയുടെ സ്വർഗീയ “സ്ത്രീ”യെ—ആത്മജീവികൾ ഉൾപ്പെട്ട അവന്റെ സ്വർഗീയ സംഘടനയെ—പ്രതിനിധാനം ചെയ്യുന്നു. 1919-ൽ ഒരു സംഘടിത ജനം അഥവാ “ഒരു ജനത” എന്നനിലയിലുള്ള, ഭൂമിയിലെ തന്റെ അഭിഷിക്ത പുത്രന്മാരുടെ ജനനം കണ്ടതിൽ ഈ “സ്ത്രീ” സന്തോഷിച്ചു. ആ പുനർജനനം വളരെ ശീഘ്രമായിരുന്നു.c ഏതാനും മാസങ്ങൾക്കുള്ളിൽ, അഭിഷിക്തർ ഒരു കൂട്ടമെന്ന നിലയിൽ മരണതുല്യമായ പ്രവർത്തന രാഹിത്യത്തിന്റെ ഒരു അവസ്ഥയിൽനിന്ന് തങ്ങളുടെ “ദേശ”ത്തെ അഥവാ ആത്മീയ പ്രവർത്തനത്തിന്റെ ദൈവദത്ത മണ്ഡലത്തിലെ ഊർജസ്വലവും സജീവവുമായ ഒരു ജീവിതഗതിയിലേക്കു പ്രവേശിച്ചു. (വെളിപ്പാടു 11:8-12) 1919-ലെ ശരത്കാലം ആയപ്പോഴേക്കും വീക്ഷാഗോപുരത്തിന്റെ കൂട്ടുമാസികയായി ഒരു പുതിയ പത്രിക അവർ പ്രസിദ്ധീകരിച്ചു. സുവർണയുഗം (ഇപ്പോൾ ഉണരുക!) എന്നു വിളിക്കപ്പെട്ട ആ പുതിയ പ്രസിദ്ധീകരണം, ദൈവജനം ഊർജസ്വലരാക്കപ്പെട്ടതിന്റെയും സേവനത്തിനായി വീണ്ടും സംഘടിപ്പിക്കപ്പെട്ടതിന്റെയും തെളിവായിരുന്നു.
17. ആത്മീയ ഇസ്രായേലിനെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽനിന്ന് യാതൊന്നിനും തന്നെ തടയാൻ കഴിയില്ലെന്ന് യഹോവ തന്റെ ജനത്തിന് ഉറപ്പു നൽകുന്നത് എങ്ങനെ?
17 ഈ ആത്മീയ പുനർജനനത്തെ തടയാൻ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും സാധിച്ചില്ല. അടുത്ത വാക്യം അതു വളരെ വ്യക്തമായി പ്രസ്താവിക്കുന്നു: “ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തീട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കീട്ടു ഞാൻ ഗർഭപാത്രം അടെച്ചുകളയുമോ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശയ്യാവു 66:9) ജന്മമേകുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞാൽ കുഞ്ഞ് പുറത്തുവരേണ്ടത് അനിവാര്യമായിരിക്കുന്നതു പോലെ, ഇസ്രായേൽ ജനതയുടെ പുനർജനനം ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ അതിനെ തടയാനാവില്ല. മുമ്പ് എതിർപ്പ് ഉണ്ടായിരുന്നു, ഭാവിയിൽ കൂടുതൽ എതിപ്പ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ യഹോവ തുടങ്ങിവെക്കുന്നത് നിറുത്താൻ അവനു മാത്രമേ കഴിയൂ. പക്ഷേ അവൻ ഒരിക്കലും അതു ചെയ്യുകയില്ല! തന്റെ പുനരുജ്ജീവിപ്പിക്കപ്പെട്ട ജനത്തോട് യഹോവ എങ്ങനെയാണ് ഇടപെടുന്നത്?
യഹോവയുടെ ആർദ്ര പരിപാലനം
18, 19. (എ) ഹൃദയസ്പർശിയായ എന്തു ദൃഷ്ടാന്തം യഹോവ ഉപയോഗിക്കുന്നു, പ്രവാസികളായ ജനത്തിന് അത് ബാധകമാകുന്നത് എങ്ങനെ? (ബി) സ്നേഹപുരസ്സരമായ പോഷണത്തിൽനിന്നും പരിപാലനത്തിൽനിന്നും അഭിഷിക്ത ശേഷിപ്പ് എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
18 യഹോവയുടെ ആർദ്ര പരിപാലനത്തിന്റെ ഹൃദയസ്പർശിയായ ഒരു ചിത്രമാണ് അടുത്ത നാലു വാക്യങ്ങൾ വരച്ചുകാട്ടുന്നത്. ഒന്നാമത്, യെശയ്യാവ് ഇപ്രകാരം പറയുന്നു: “യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ അത്യന്തം ആനന്ദിപ്പിൻ. അവളുടെ സാന്ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും, അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ നുകർന്നു രമിക്കയും ചെയ്വിൻ.” (യെശയ്യാവു 66:10, 11) മുലയൂട്ടുന്ന ഒരു സ്ത്രീയുടെ ദൃഷ്ടാന്തമാണ് യഹോവ ഇവിടെ ഉപയോഗിക്കുന്നത്. കുഞ്ഞിന് വിശപ്പു തോന്നുമ്പോൾ, അതു നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കും. എന്നാൽ മുലയൂട്ടാൻ മാതാവ് അതിനെ സ്തനത്തോട് അടുപ്പിക്കുമ്പോൾ അതിന്റെ സങ്കടം സന്തോഷത്തിനും സംതൃപ്തിക്കും വഴിമാറുന്നു. സമാനമായി, വിമോചനത്തിനും പുനഃസ്ഥിതീകരണത്തിനുമുള്ള സമയം വരുമ്പോൾ ബാബിലോണിലെ വിശ്വസ്ത യഹൂദന്മാരുടെ ശേഷിപ്പ് ദുഃഖാവസ്ഥയിൽനിന്ന് സന്തുഷ്ടിയുടെ അവസ്ഥയിലേക്കു വരുത്തപ്പെടും. അവർ സന്തോഷമുള്ളവർ ആയിരിക്കും. യെരൂശലേമിനെ പുനർനിർമിക്കുകയും അവിടെ ആളുകൾ വീണ്ടും വസിക്കുകയും ചെയ്യുമ്പോൾ യെരൂശലേമിന് അതിന്റെ നഷ്ടപ്പെട്ട മഹത്ത്വം തിരിച്ചുകിട്ടും. തുടർന്ന് ആ നഗരത്തിന്റെ മഹത്ത്വം അതിന്റെ വിശ്വസ്ത നിവാസികളിലേക്കു വ്യാപിക്കും. അവർ പിന്നെയും, സജീവമായ പൗരോഹിത്യത്തിലൂടെ ആത്മീയമായി പോഷിപ്പിക്കപ്പെടും.—യെഹെസ്കേൽ 44:15, 23.
19 ആത്മീയ ഇസ്രായേലും, 1919-ലെ അതിന്റെ പുനഃസ്ഥിതീകരണത്തെ തുടർന്ന് സമൃദ്ധമായി പോഷിപ്പിക്കപ്പെട്ടിരിക്കുന്നു. അന്നു മുതൽ “വിശ്വസ്തനും വിവേകിയുമായ അടിമ” ക്രമമായി ആത്മീയ ഭക്ഷണം പ്രദാനം ചെയ്തുകൊണ്ടിരിക്കുകയാണ്. (മത്തായി 24:45-47, NW) അത് അഭിഷിക്ത ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഒരു സമയം ആയിരിക്കുന്നു. എന്നാൽ കൂടുതൽ അനുഗ്രഹങ്ങളും അതിനു ലഭിക്കുകയുണ്ടായി.
20. യെരൂശലേം പുരാതന കാലത്തും ആധുനിക കാലത്തും ‘കവിഞ്ഞൊഴുകുന്ന തോടിനാൽ’ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
20 പ്രവചനം ഇങ്ങനെ തുടരുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും.” (യെശയ്യാവു 66:12) ഇവിടെ അമ്മ കുഞ്ഞിനെ മുലയൂട്ടുന്നതിനെയും അനുഗ്രഹങ്ങളുടെ സമൃദ്ധമായ പ്രവാഹത്തെയും—“നദി”യും ‘കവിഞ്ഞൊഴുകന്ന തോടും’—ബന്ധിപ്പിച്ച് ഉപയോഗിച്ചിരിക്കുന്നു. യഹോവയിൽ നിന്നുള്ള സമൃദ്ധമായ സമാധാനത്താൽ മാത്രമല്ല, ദൈവജനത്തിന്റെ പക്കലേക്ക് ഒഴുകുകയും അവരെ ആശീർവദിക്കുകയും ചെയ്യുന്ന “ജാതികളുടെ മഹത്വ”ത്താലും യെരൂശലേം അനുഗ്രഹിക്കപ്പെടും. അതിന്റെ അർഥം ജാതികളിൽ പെട്ടവർ യഹോവയുടെ ജനത്തിന്റെ പക്കലേക്ക് ഒഴുകിയെത്തുമെന്നാണ്. (ഹഗ്ഗായി 2:7) അതിന്റെ പുരാതന നിവൃത്തിയിൽ, നാനാ ദേശങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇസ്രായേലിനോടൊപ്പം സഹവസിക്കുകയും യഹൂദ മതാനുസാരികൾ ആയിത്തീരുകയും ചെയ്തു. എന്നാൽ, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള . . . ഒരു മഹാപുരുഷാരം” ആത്മീയ യഹൂദന്മാരുടെ ശേഷിപ്പുമായുള്ള സഹവാസത്തിലേക്കു വന്നിരിക്കുന്ന നമ്മുടെ കാലത്ത് അതിനു വലിയ ഒരു നിവൃത്തി ഉണ്ടായിരിക്കുന്നു.—വെളിപ്പാടു 7:9; സെഖര്യാവു 8:23.
21. ആകർഷകമായ ഒരു വാങ്മയ ചിത്രത്തിൽ, എങ്ങനെയുള്ള ആശ്വാസത്തെ കുറിച്ചു മുൻകൂട്ടി പറഞ്ഞിരിക്കുന്നു?
21 യെശയ്യാവു 66:12 മാതൃസ്നേഹത്തിന്റെ പ്രകടനങ്ങളെ കുറിച്ചും പറയുന്നു—കുഞ്ഞിനെ മുട്ടിന്മേലിരുത്തി ലാളിക്കുന്നതും ഒക്കത്തിരുത്തി കൊണ്ടുപോകുന്നതുമൊക്കെ. അടുത്ത വാക്യത്തിൽ, സമാന ആശയം വ്യത്യസ്തമായ ഒരു വീക്ഷണകോണത്തിൽ അവതരിപ്പിച്ചിരിക്കുന്നു. “[ഒരു പുരുഷനെ] അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.” (യെശയ്യാവു 66:13) കുട്ടി ഇപ്പോൾ ‘പുരുഷൻ,’ പ്രായപൂർത്തിയായ ആൾ, ആയിരിക്കുകയാണ്. എന്നിട്ടും, അരിഷ്ടതയുടെ സമയത്ത് അവനെ ആശ്വസിപ്പിക്കാനുള്ള ആഗ്രഹം ആ അമ്മയ്ക്കു നഷ്ടമായിട്ടില്ല.
22. തന്റെ സ്നേഹത്തിന്റെ ആർദ്രതയും കരുത്തും യഹോവ പ്രകടമാക്കുന്നത് എങ്ങനെ?
22 ഇങ്ങനെ ആകർഷകമായ ഒരു വിധത്തിൽ, തന്റെ ജനത്തോടു തനിക്കുള്ള സ്നേഹത്തിന്റെ ആർദ്രതയും കരുത്തും യഹോവ ചിത്രീകരിക്കുന്നു. ഏറ്റവും ശക്തമായ മാതൃസ്നേഹം പോലും തന്റെ വിശ്വസ്ത ജനത്തോട് യഹോവയ്ക്കുള്ള ആഴമായ സ്നേഹത്തിന്റെ ചെറിയൊരു പ്രതിഫലനം മാത്രമേ ആകുന്നുള്ളൂ. (യെശയ്യാവു 49:15) തങ്ങളുടെ സ്വർഗീയ പിതാവിന്റെ ഈ ഗുണത്തെ കുറിച്ച് എല്ലാ ക്രിസ്ത്യാനികളും ചിന്തിക്കേണ്ടത് എത്ര മർമപ്രധാനമാണ്! അങ്ങനെ ചെയ്ത പൗലൊസ് അപ്പൊസ്തലൻ ക്രിസ്തീയ സഭയിലെ മൂപ്പന്മാർക്കായി നല്ലൊരു മാതൃക വെക്കുകയുണ്ടായി. (1 തെസ്സലൊനീക്യർ 2:7) തന്റെ അനുഗാമികളെ തിരിച്ചറിയിക്കുന്ന അടയാളം സഹോദര സ്നേഹം ആയിരിക്കുമെന്ന് യേശു പറഞ്ഞു.—യോഹന്നാൻ 13:34, 35.
23. യഹോവയുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ജനത്തിന്റെ സന്തുഷ്ട അവസ്ഥ വിവരിക്കുക.
23 യഹോവ തന്റെ സ്നേഹം പ്രവൃത്തിയിൽ കാണിക്കുന്നു. അതിനാൽ അവൻ ഇങ്ങനെ തുടർന്നു പറയുന്നു: “അതു കണ്ടിട്ടു [“നിങ്ങൾ അതു തീർച്ചയായും കാണും,” NW] നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോടോ അവൻ ക്രോധം കാണിക്കും.” (യെശയ്യാവു 66:14) “നിങ്ങൾ അതു തീർച്ചയായും കാണും” എന്ന പ്രയോഗം, തിരിച്ചെത്തുന്ന പ്രവാസികൾ പുനഃസ്ഥാപിത ദേശത്ത് എവിടെ നോക്കിയാലും “അവരുടെ കണ്ണുകൾ സന്തോഷത്തെ മാത്രമേ കാണൂ” എന്ന് അർഥമാക്കുന്നതായി ഒരു എബ്രായ ഭാഷാ വൈയാകരണൻ പറയുന്നു. അവർ തീർച്ചയായും ആനന്ദിക്കും, തങ്ങളുടെ പ്രിയപ്പെട്ട സ്വദേശത്തേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടതിന്റെ അവർണനീയ സന്തോഷം അവർ അനുഭവിക്കും. തങ്ങളുടെ അസ്ഥികൾക്ക് കൂടുതൽ കരുത്ത് ലഭിച്ചതായി, വസന്തകാലത്തു തഴയ്ക്കുന്ന പുല്ലു പോലെ തങ്ങൾ വീണ്ടും ഊർജസ്വലരായിരിക്കുന്നതായി അവർക്കു തോന്നും. ഇതെല്ലാം സാധ്യമായിരിക്കുന്നത് മനുഷ്യരുടെ ശ്രമത്താൽ അല്ല, മറിച്ച് “യഹോവയുടെ കൈ”യാൽ ആയിരിക്കും.
24. (എ) ഇന്ന് യഹോവയുടെ ജനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ നിങ്ങൾ ഏതു നിഗമനത്തിൽ എത്തുന്നു? (ബി) നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
24 ഇന്ന് യഹോവയുടെ ജനത്തിനിടയിൽ അവന്റെ കൈ പ്രവർത്തനനിരതമായിരിക്കുന്നത് നിങ്ങൾ കാണുന്നുവോ? ശുദ്ധാരാധനയുടെ ആ പുനഃസ്ഥാപനം യാതൊരു മനുഷ്യനും കൈവരുത്താനാവില്ല. വിശ്വസ്ത ശേഷിപ്പിന്റെ ആത്മീയ ദേശത്ത് അവരോടു ചേരാൻ സകല ജനതകളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രവാഹം ഇടയാക്കാൻ യാതൊരു മനുഷ്യനും സാധ്യമല്ല. അത്തരം സംഗതികൾ യഹോവയ്ക്കു മാത്രമേ സാധിക്കൂ. യഹോവയുടെ സ്നേഹത്തിന്റെ ഈ പ്രകടനങ്ങൾ ആഴമായ സന്തോഷത്തിനുള്ള കാരണങ്ങൾ നമുക്കേകുന്നു. നമുക്ക് അവന്റെ സ്നേഹത്തെ ഒരിക്കലും വിലകുറച്ച് കാണാതിരിക്കാം. തുടർന്നും നമുക്ക് ‘അവന്റെ വചനത്തിങ്കൽ വിറയ്ക്കാം.’ ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കാനും യഹോവയെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്താനും നമുക്കു ദൃഢചിത്തരായിരിക്കാം.
[അടിക്കുറിപ്പുകൾ]
a ഇന്നു ക്രൈസ്തവലോകത്തിലെ പലരും യഹോവയുടെ വ്യക്തിപരമായ നാമം ഉപയോഗിക്കാൻ വിസമ്മതിക്കുന്നു. അവർ അതു തങ്ങളുടെ ബൈബിൾ പരിഭാഷകളിൽനിന്നു മാറ്റുക പോലും ചെയ്തിരിക്കുന്നു. ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുന്നതിനെ പ്രതി അവന്റെ ജനത്തെ ചിലർ പരിഹസിക്കുന്നു. എങ്കിലും, അവരിൽ പലരും “യാഹിനെ സ്തുതിപ്പിൻ” എന്നർഥമുള്ള “ഹല്ലെലൂയ്യാ” എന്ന പ്രയോഗം ഭക്തിപൂർവം ഉപയോഗിക്കുന്നു.
b യെഹെസ്കേൽ 43:7, 9-ൽ ഉപയോഗിച്ചിരിക്കുന്ന “രാജാക്കന്മാരുടെ ശവങ്ങൾ” എന്ന പദപ്രയോഗം വിഗ്രഹങ്ങളെ പരാമർശിക്കുന്നു. യെരൂശലേമിലെ മത്സരികളായ നേതാക്കന്മാരും ജനങ്ങളും വിഗ്രഹങ്ങളാൽ ദൈവത്തിന്റെ ആലയത്തെ മലിനമാക്കിയിരുന്നു, അവർ ഫലത്തിൽ അവയെ രാജാക്കന്മാർ ആക്കി.
c ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്ന ജനനവും വെളിപ്പാടു 12:1, 2, 5-ൽ പറഞ്ഞിരിക്കുന്ന ജനനവും ഒന്നുതന്നെയല്ല. വെളിപ്പാടിലെ ആ അധ്യായത്തിലെ “ആൺകുട്ടി” 1914 മുതൽ പ്രവർത്തനത്തിലിരിക്കുന്ന മിശിഹൈക രാജ്യത്തെ ചിത്രീകരിക്കുന്നു. എന്നാൽ, ഈ രണ്ടു പ്രവചനങ്ങളിലെയും “സ്ത്രീ” ഒന്നുതന്നെയാണ്.
[395-ാം പേജിലെ ചിത്രം]
“എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി”
[402-ാം പേജിലെ ചിത്രം]
യഹോവ സീയോന് ‘ജാതികളുടെ മഹത്വം’ കൊടുക്കും