പാഠം 9
യിരെമ്യാവ് യഹോവയെക്കുറിച്ചു സംസാരിക്കുന്നത് നിറുത്തിക്കളഞ്ഞില്ല
ആളുകൾ യിരെമ്യാവിനോട് ദേഷ്യപ്പെട്ടത് എന്തുകൊണ്ട്?
യഹോവ യിരെമ്യാവിനെ രക്ഷിച്ചു
നമ്മൾ യഹോവയെക്കുറിച്ച് ആളുകളോടു സംസാരിക്കുമ്പോൾ ചിലപ്പോൾ അവർ നമ്മളെ കളിയാക്കുകയോ നമ്മളോട് ദേഷ്യപ്പെടുകയോ ചെയ്തേക്കാം. അപ്പോൾ ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് നിറുത്തിക്കളയാൻ നമുക്കു തോന്നിപ്പോകും. മോന് അങ്ങനെ തോന്നിയിട്ടുണ്ടോ?— അങ്ങനെ തോന്നിയ ഒരു യുവാവിനെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ഇനി യഹോവയെക്കുറിച്ചു സംസാരിക്കേണ്ടാ എന്ന് അവൻ തീരുമാനിച്ചു. പക്ഷേ, അവന് യഹോവയോടു സ്നേഹമുണ്ടായിരുന്നു. അവന്റെ പേര് യിരെമ്യാവ് എന്നായിരുന്നു. അവനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ നമുക്കു നോക്കാം.
യിരെമ്യാവ് യുവാവായിരുന്നപ്പോൾ ഒരു കാര്യം ചെയ്യാൻ യഹോവ അവനോട് ആവശ്യപ്പെട്ടു. മോശമായ കാര്യങ്ങൾ ചെയ്തിരുന്ന ആളുകളോട് അതു നിറുത്താൻ പറയാനാണ് യഹോവ ആവശ്യപ്പെട്ടത്. ഇത് യിരെമ്യാവിന് വളരെ ബുദ്ധിമുട്ടായിരുന്നു; അവന് വല്ലാത്ത ഭയവും തോന്നി. അവൻ യഹോവയോട് ഇങ്ങനെ പറഞ്ഞു: ‘എന്തു പറയണമെന്ന് എനിക്കറിഞ്ഞുകൂടാ, ഞാൻ ചെറുപ്പമല്ലേ?’ അപ്പോൾ യഹോവ പറഞ്ഞു: ‘നീ പേടിക്കേണ്ട, ഞാൻ നിന്നെ സഹായിക്കും.’
അതു കേട്ടപ്പോൾ അവന് ധൈര്യമായി. മോശമായ കാര്യങ്ങൾ ചെയ്യുന്നത് നിറുത്താൻ ആളുകളോട് അവൻ പറയാൻതുടങ്ങി. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ യഹോവ അവരെ ശിക്ഷിക്കുമെന്നും പറഞ്ഞു. യിരെമ്യാവ് പറഞ്ഞതുപോലെ ആളുകൾ ചെയ്തോ? മോന് എന്തു തോന്നുന്നു?— ഇല്ല. അവർ അവനെ കളിയാക്കുകയും അവനോട് വല്ലാതെ ദേഷ്യപ്പെടുകയും ചെയ്തു. അവനെ കൊന്നുകളയാൻപോലും ചിലർ ആഗ്രഹിച്ചു! യിരെമ്യാവിന് അപ്പോൾ എന്തു തോന്നിക്കാണും?— ഭയപ്പെട്ടുപോയ അവൻ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഇനി യഹോവയെക്കുറിച്ച് ഒന്നും സംസാരിക്കുകയില്ല.’ ആകട്ടെ, പിന്നെ യിരെമ്യാവ് യഹോവയെക്കുറിച്ച് ഒന്നും സംസാരിച്ചില്ലേ?— അങ്ങനെയല്ല, അവൻ സംസാരിച്ചു. അവന് യഹോവയോട് അത്രയ്ക്കു സ്നേഹമുണ്ടായിരുന്നതിനാൽ യഹോവയെക്കുറിച്ചു സംസാരിക്കുന്നത് നിറുത്തിക്കളയാൻ അവനു കഴിഞ്ഞില്ല. അതുകൊണ്ട് യഹോവ അവന് അപകടം വരാതെ കാത്തു.
ഒരിക്കൽ, ചില ചീത്തയാളുകൾ യിരെമ്യാവിനെ കിണറുപോലുള്ള ഒരു കുഴിയിൽ തള്ളിയിട്ടു. ആ കുഴി നിറയെ ചെളിയായിരുന്നു. ആ ദുഷ്ടന്മാർ അവന് ഭക്ഷണവും വെള്ളവും ഒന്നും കൊടുത്തില്ല. അവൻ ആ കുഴിയിൽ കിടന്നു മരിക്കുമെന്നാണ് അവർ വിചാരിച്ചത്. പക്ഷേ യഹോവയുടെ സഹായത്താൽ യിരെമ്യാവ് രക്ഷപ്പെട്ടു!
യിരെമ്യാവിന്റെ കഥയിൽനിന്ന് മോന് എന്താണു പഠിക്കാനുള്ളത്?— ചിലപ്പോഴൊക്കെ പേടി തോന്നിയെങ്കിലും യിരെമ്യാവ് യഹോവയെക്കുറിച്ചു പറയുന്നത് നിറുത്തിക്കളഞ്ഞില്ല. യഹോവയെക്കുറിച്ച് മോൻ ആളുകളോടു സംസാരിക്കുമ്പോൾ അവർ കളിയാക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തേക്കാം. അപ്പോൾ മോന് നാണക്കേടും പേടിയും ഒക്കെ തോന്നിയെന്നുവരാം. പക്ഷേ, യഹോവയെക്കുറിച്ചു പറയുന്നത് മോൻ ഒരിക്കലും നിറുത്തിക്കളയരുത്. യഹോവ യിരെമ്യാവിനെ സഹായിച്ചതുപോലെ എപ്പോഴും മോനെയും സഹായിക്കും.