മക്കളെ പഠിപ്പിക്കാൻ
യിരെമ്യാവ് ഭയന്നു പിന്മാറിയില്ല
സങ്കടപ്പെട്ട്, ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇട്ടിട്ടുപോകാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?—a പലർക്കും അങ്ങനെ തോന്നിയിട്ടുണ്ട്. യിരെമ്യാവ് എന്ന ബാലനും അങ്ങനെ തോന്നി. എന്നാൽ മറ്റുള്ളവർ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾ, ചെയ്തുകൊണ്ടിരുന്ന നല്ല പ്രവൃത്തിയിൽനിന്ന് അവനെ പിന്തിരിപ്പിച്ചില്ല. ദൈവത്തിനു വളരെ ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു യിരെമ്യാവ്. എന്നിട്ടും ഒരവസരത്തിൽ എല്ലാം ഇട്ടിട്ടുപോകാൻ അവനു തോന്നിപ്പോയി. അതിനെക്കുറിച്ചാണ് നാം ഇപ്പോൾ കാണാൻപോകുന്നത്.
യിരെമ്യാവ് ജനിക്കുന്നതിനുമുമ്പുതന്നെ സത്യദൈവമായ യഹോവ ഒരു പ്രവാചകനായി അവനെ തിരഞ്ഞെടുത്തിരുന്നു. ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ആളുകൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് യിരെമ്യാവ് അവരോടു പോയി പറയണമായിരുന്നു. എന്നാൽ ജനിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ യിരെമ്യാവ് യഹോവയോട് എന്താണു പറഞ്ഞത് എന്ന് അറിയാമോ?— “എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.”
യിരെമ്യാവിനോട് യഹോവ എന്തു മറുപടി പറഞ്ഞുകാണും?— ദയയോടെ, എന്നാൽ വളരെ ശക്തമായിത്തന്നെ യഹോവ അവനോടു പറഞ്ഞു: “ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുത്.” അവൻ ഭയക്കേണ്ടതില്ലാഞ്ഞത് എന്തുകൊണ്ടായിരുന്നു? “നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ”യുണ്ട് എന്ന് യഹോവ അവന് ഉറപ്പുകൊടുത്തു.—യിരെമ്യാവു 1:4-8.
എന്നിട്ടും കുറേക്കഴിഞ്ഞപ്പോൾ യിരെമ്യാവിന് മടുപ്പു തോന്നി. അവൻ ദൈവത്തെ സേവിച്ചിരുന്നതിന്റെപേരിൽ ആളുകൾ അവനെ കളിയാക്കാൻ തുടങ്ങിയതായിരുന്നു കാരണം. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.” അതുകൊണ്ട്, അവൻ പിന്മാറാൻ തീരുമാനിച്ചു. “ഞാൻ ഇനി (യഹോവയെ) ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല” എന്ന് യിരെമ്യാവ് ഉറപ്പിച്ചു. എന്നാൽ അവൻ പിന്മാറിയോ?
“അതു എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി” എന്ന് യിരെമ്യാവ് പറഞ്ഞു. (യിരെമ്യാവു 20:7-9) യിരെമ്യാവിന് ഇടയ്ക്കൊക്കെ പേടി തോന്നിയിരുന്നെങ്കിലും യഹോവയെ സ്നേഹിച്ചിരുന്നതിനാൽ അവൻ പിന്മാറിയില്ല. അതുകൊണ്ട് യഹോവ യിരെമ്യാവിനെ സംരക്ഷിച്ചു. എങ്ങനെയെന്ന് നമുക്കു നോക്കാം.
ഇസ്രായേല്യർ ഇനിയും തെറ്റുചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ അവർ താമസിക്കുന്ന യെരുശലേം നഗരത്തെ നശിപ്പിച്ചുകളയണമെന്ന് യഹോവ തീരുമാനിച്ചു. അക്കാര്യം യെരുശലേമിലുള്ളവരെ അറിയിക്കാൻ യഹോവ യിരെമ്യാവിനോട് ആവശ്യപ്പെട്ടു. യിരെമ്യാവ് അതു പറഞ്ഞപ്പോൾ അവിടത്തെ ആളുകൾ അവനോട് കോപിച്ചു. “ഈ മനുഷ്യൻ മരണയോഗ്യൻ” എന്ന് അവർ പറഞ്ഞു. (യിരെമ്യാവു 26:8-24) എന്നാൽ, “യഹോവയുടെ വാക്കു കേട്ടനുസരി”ക്കാൻ യിരെമ്യാവ് അവരോട് കേണപേക്ഷിച്ചു. (യിരെമ്യാവു 26:8-24) അവൻ ഇപ്രകാരം പറഞ്ഞു: ‘ദൈവമാണ് എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത്. അതുകൊണ്ട് നിങ്ങൾ എന്റെ മേൽ കൈവെച്ചാൽ നിരപരാധിയായ ഒരാളെയായിരിക്കും നിങ്ങൾ കൊല്ലുന്നത്.’ പിന്നീട് എന്താണു സംഭവിച്ചത്?—
ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.” അതെ, യഹോവ യിരെമ്യാവിനെ സംരക്ഷിച്ചു. യിരെമ്യാവ് പേടിച്ചു പിന്മാറാഞ്ഞതുകൊണ്ടായിരുന്നു യഹോവ അങ്ങനെ ചെയ്തത്. ഇനി നമുക്ക് യിരെമ്യാവിനെപ്പോലെ പ്രവർത്തിക്കാഞ്ഞ ഒരു വ്യക്തിയുടെ അനുഭവം നോക്കാം. യഹോവയുടെ ഒരു പ്രവാചകനായ ഊരീയാവിന്റേതാണ് അത്.
‘അവൻ യെരുശലേമിനെക്കുറിച്ച് യിരെമ്യാവു പറഞ്ഞ അതേ കാര്യങ്ങൾതന്നെ പ്രവചിച്ചു’ എന്ന് ബൈബിൾ പറയുന്നു. അതുകേട്ട് രാജാവായ യെഹോയാക്കീം ഊരീയാവിനോടു കോപിച്ചു. ഊരീയാവ് എന്തു ചെയ്തു എന്ന് അറിയാമോ?— അവൻ പേടിച്ച് യഹോവ പറഞ്ഞ കാര്യം ചെയ്യുന്നത് നിറുത്തിക്കളഞ്ഞു. എന്നിട്ട് അവൻ ഈജിപ്റ്റിലേക്ക് ഓടിപ്പോയി. അവനെ കണ്ടെത്തി പിടിച്ചുകൊണ്ടുവരാൻ രാജാവ് ആളയച്ചു. ഊരീയാവിനെ പിടിച്ചുകൊണ്ടുവന്നപ്പോൾ ദുഷ്ടനായ ആ രാജാവ് എന്തു ചെയ്തെന്ന് അറിയാമോ?— അവൻ ഊരീയാവിനെ വാളുകൊണ്ട് കൊന്നുകളഞ്ഞു!—യിരെമ്യാവു 26:8-24.
യഹോവ യിരെമ്യാവിനെ സംരക്ഷിക്കുകയും ഊരീയാവിനെ സംരക്ഷിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് പറയാമോ?— യിരെമ്യാവിനും ഊരീയാവിനും ഒരുപോലെ പേടി തോന്നിയിരിക്കാം. എന്നാൽ യിരെമ്യാവ് യഹോവയെ സേവിക്കുന്നത് നിറുത്തിയിട്ട് ഓടിപ്പോയില്ല. യിരെമ്യാവിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാനാകും?— ചിലപ്പോഴൊക്കെ ദൈവം പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമായിരിക്കില്ല. എങ്കിലും നാം എല്ലായ്പോഴും യഹോവയിൽ ആശ്രയിക്കുകയും അവനെ അനുസരിക്കുകയും വേണം.
[അടിക്കുറിപ്പ്]
a നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനു ശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
ചോദ്യങ്ങൾ:
❍ യഹോവ യിരെമ്യാവിനോട് എന്തു ചെയ്യാനാണ് പറഞ്ഞത്?
❍ യിരെമ്യാവിന് പിന്മാറാൻ തോന്നിയത് എന്തുകൊണ്ടാണ്?
❍ യഹോവ യിരെമ്യാവിനെ സംരക്ഷിക്കുകയും ഊരീയാവിനെ സംരക്ഷിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്?
❍ യിരെമ്യാവിന്റെ മാതൃകയിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?