നന്ദിയുള്ളവരായിരിക്കാൻ കൂടുതലായ കാരണങ്ങൾ
സ്രഷ്ടാവിനോടു നന്ദി പ്രകടിപ്പിക്കാൻ മററുള്ളവരെക്കാൾ കൂടുതൽ കാരണം പുരാതന ഇസ്രയേൽജനത്തിനുണ്ടായിരുന്നു. നമുക്കിതു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
ശരി, മറെറല്ലാ മനുഷ്യരെയുംപോലെ, ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനോഹരവും അത്ഭുതകരവുമായ സകല വസ്തുക്കൾക്കുംവേണ്ടി നന്ദിയുള്ളവരായിരിക്കാൻ ഇസ്രയേല്യർക്കു കാരണമുണ്ടായിരുന്നു. എന്നാൽ സർവ്വശക്തൻ അവരെ തന്റെ സ്വന്ത ജനമായിരിക്കാൻ തെരഞ്ഞെടുത്തതുകൊണ്ടും അവരെ വിശേഷാൽ പരിപാലിച്ചതുകൊണ്ടും അവർക്ക് നന്ദിക്കു കൂടുതലായ കാരണങ്ങളുണ്ടായിരുന്നു. (ആമോസ് 3:1, 2) നന്ദി പ്രകടമാക്കാൻ അവർക്കുണ്ടായിരുന്ന മുന്തിയ കാരണങ്ങളിൽ ചിലതു പരിചിന്തിക്കുക.
മരണത്തിൽനിന്നുള്ള രണ്ടു വിടുതലുകൾ
ക്രി.മു. 1513 നീസാൻ 14-ലെ രാത്രിയിൽ ഇസ്രായേല്യരെല്ലാം എത്ര നന്ദിയുള്ളവരായിരുന്നിരിക്കണം! ആ സുപ്രധാന രാത്രിയിൽ ദൈവദൂതൻ “ഈജിപ്ററ് ദേശത്തിലെ മനുഷ്യൻ മുതൽ മൃഗം വരെ സകല കടിഞ്ഞൂലുകൾക്കും” മരണം വരുത്തി. എന്നാൽ കട്ടിളക്കാലുകളിൻമേലും കുറുമ്പടികളിൻമേലും പെസഹാമൃഗങ്ങളുടെ രക്തം തളിച്ചിരുന്ന ഇസ്രായേല്യ ഭവനങ്ങളെ അവൻ ഒഴിഞ്ഞുപോയി. “ഒരാളെങ്കിലും മരിക്കാത്ത ഒരു വീടുമില്ലാഞ്ഞതുകൊണ്ട് ഈജിപ്ററുകാരുടെ ഇടയിൽ ഒരു വലിയ മുറവിളി ഉയർന്നുതുടങ്ങി”യതിനാൽ പ്രശാന്തത ഭഞ്ജിക്കപ്പെട്ടു. എന്നിരുന്നാലും, അപ്പോഴും ഇസ്രായേല്യഭവനങ്ങളിലെല്ലാം വിലപ്പെട്ട ആദ്യജാതൻ ജീവനോടെ സുഖമായി കഴിയുന്നുണ്ടായിരുന്നു.—പുറപ്പാട് 12:12, 21-24, 30.
അധികം താമസിയാതെ, ഈജിപ്ററിലെ ഫറവോന്റെ സൈന്യം വീറോടെ പിന്തുടർന്നപ്പോൾ തങ്ങൾ ചെങ്കടൽകരയിൽ കുടുങ്ങിപ്പോയതായി തോന്നിയ സമയത്ത് യഹോവയാലുള്ള അത്ഭുതകരമായ ഇടപെടലിന് സാക്ഷ്യം വഹിക്കവേ ഇസ്രായേല്യരുടെ ഹൃദയങ്ങൾ നന്ദികൊണ്ടു നിറഞ്ഞിരിക്കണം. ആദ്യമായി, അവരെ നയിച്ചുകൊണ്ടിരുന്ന മേഘസ്തംഭം അവരുടെ പിമ്പിലേക്ക് മാറുന്നതു അവർ കണ്ടു, പിന്തുടർന്നവരെ ഫലപ്രദമായി മന്ദഗതിയിലാക്കിക്കൊണ്ടുതന്നെ. അനന്തരം മോശ തന്റെ കൈ കടലിൻമീതെ നീട്ടുന്നതു ഇസ്രയേല്യർ കണ്ടു. വെള്ളത്തെ വിഭജിച്ചുകൊണ്ടും കടൽത്തട്ടിനെ ഉണങ്ങിയ നിലമാക്കി മാററിക്കൊണ്ടും മുഴുരാത്രിയിലും ഒരു ശക്തമായ കിഴക്കൻ കാററടിക്കാൻ ദൈവം ഇടയാക്കിയപ്പോൾ അവർ അത്ഭുതം കൂറി നിൽക്കുകയുണ്ടായി. ഈ ദിവ്യമായി പ്രദാനംചെയ്യപ്പെട്ട ഗൂഢപഥത്തിലൂടെ തിടുക്കത്തിൽ കടന്നുപോകാൻ ഇസ്രായേല്യർക്ക് അധികം പ്രേരണ വേണ്ടിവന്നില്ല.
എന്നാൽ ഇപ്പോൾ ഭയത്തിന് ഒരു പുതിയ കാരണം! ഇസ്രായേല്യരുടെ മുമ്പിലെത്താമെന്നുള്ള ഉറപ്പോടെ ഈജിപ്ററുകാർ കടൽത്തട്ടിലേക്ക് പ്രവഹിച്ചു. എന്നാൽ നോക്കൂ! ഈജിപ്ററുകാരെല്ലാം ജലമതിലിനോടുകൂടിയ പഥത്തിലെത്തിയപ്പോൾ അവരുടെ രഥചക്രങ്ങൾ ഊരാൻ തുടങ്ങി, പെട്ടെന്ന് ബഹളമായി. ഇസ്രായേല്യരെല്ലാം സുരക്ഷിതമായി മറുകരെ എത്തിയപ്പോൾ തന്റെ കൈ നീട്ടാൻ മോശയോട് യഹോവ വീണ്ടും പറഞ്ഞു. “പ്രഭാതം വന്നതോടെ കടൽ അതിന്റെ സാധാരണ അവസ്ഥയിലേക്കു മടങ്ങിവരാൻ തുടങ്ങി.” ഫലമെന്തായിരുന്നു? അഹങ്കാരിയായ ഫറവോന്റെ വിലപ്പെട്ട സൈന്യങ്ങളിലൊരാൾ പോലും മുങ്ങിമരിക്കാതിരുന്നില്ല, അഹങ്കാരിയായ ഭരണാധികാരിപോലും. (പുറപ്പാട് 14:19-28; സങ്കീർത്തനം 136:15) വിടുവിക്കപ്പെട്ട ഇസ്രായേല്യർ യഹോവയോട് എത്ര നന്ദിയുള്ളവരായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?
ദൈവത്തിന്റെ പകിട്ടാർന്ന യുദ്ധരീതികൾ
ഈജിപ്ററിൽനിന്നുള്ള തങ്ങളുടെ വിടുതലിനും ചെങ്കടലിലൂടെയുള്ള അവിസ്മരണീയ കടന്നുപോക്കിനും നന്ദിയുള്ളവരായിരുന്നെങ്കിലും ഇസ്രായേല്യർ വാഗ്ദത്തദേശത്തെത്തുംമുമ്പ് അനേകം കഠോരമായ അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ മരുഭൂമിയിലെ 40വർഷ സഞ്ചാരക്കാലത്തെ ഓരോ അനുഭവവും യഹോവയോടുള്ള പ്രത്യേക നന്ദിക്ക് കൂടുതലായ കാരണമായിരിക്കേണ്ടതായിരുന്നു.
ഒടുവിൽ, ഇസ്രായേല്യർ യോർദ്ദാൻനദി കടക്കുകയും ദൈവം അവർക്കു കൊടുത്ത ദേശത്തു എത്തുകയും ചെയ്തു. പെട്ടെന്നുതന്നെ അവർ തങ്ങൾക്കുവേണ്ടിയുള്ള യഹോവയുടെ പകിട്ടാർന്ന യുദ്ധരീതികളുടെ ഒരു ദൃഷ്ടാന്തത്തിനു സാക്ഷ്യംവഹിച്ചു. എങ്ങനെ? എന്തിന്, അവർ അഭിമുഖീകരിച്ച ആദ്യത്തെ കനാന്യനഗരത്തിന്റെ—യരീഹോയുടെ—അത്ഭുതകരമായ പിടിച്ചടക്കലും നാശവും നിമിത്തം! (യോശുവാ അദ്ധ്യായം 6) നിയമപെട്ടകവും ചുമന്നുകൊണ്ട് യരീഹോയിക്കു ചുററും മാർച്ച്ചെയ്യുകയെന്ന ദൈവനിർദ്ദിഷ്ട തന്ത്രം എത്ര അസാധാരണമായിരുന്നു! തുടർച്ചയായി ആറു ദിവസം അവർ മതിലിനു ചുററും ഓരോ പ്രാവശ്യം മാർച്ച്ചെയ്തു. ഏഴാം ദിവസം അവർ ഏഴു പ്രാവശ്യം മതിലിനു ചുററും മാർച്ചുചെയ്തു. പുരോഹിതൻമാർ കാഹളമൂതിയപ്പോൾ ഇസ്രായേല്യർ “ഒരു വലിയ യുദ്ധാരവത്തോടെ” അന്തരീക്ഷത്തെ ഭേദിച്ചു. “മതിൽ നിലംപതിച്ചുതുടങ്ങി”! (വാക്യം 20) രാഹാബിന്റെ വീടും അതിന്റെ കീഴിലെ മതിലും മാത്രമേ നിന്നുള്ളു. കടന്നുകയറാൻ കഴിയാത്തതെന്നുതോന്നിയ ഈ നഗരത്തിന്റെ മതിൽ യോശുവായും അവന്റെ സൈന്യവും ഒരൊററ അമ്പുപോലും പായിക്കേണ്ടതില്ലാതെ ഇടിഞ്ഞുവീണു! തീർച്ചയായും, യരീഹോയിലെ ആ അനുഭവം യഹോവയോടുള്ള നന്ദിക്ക് കൂടുതലായ ഒരു മുന്തിയ കാരണമായിരുന്നു.
മറെറാരു സന്ദർഭത്തിൽ, യഹോവയുടെ പകിട്ടാർന്ന യുദ്ധരീതികളുടെ മുന്തിയ വേറൊരു പ്രകടനമുണ്ടായി. ഗിബെയോനിലെ ആളുകൾ ഇസ്രായേല്യരുമായി സമാധാനം സ്ഥാപിച്ചപ്പോൾ അഞ്ച് അമോര്യ രാജാക്കൻമാർ ഗിബെയോന്യരുടെമേൽ യുദ്ധം പ്രഖ്യാപിച്ചു. യോശുവാ അവരുടെ സഹായത്തിനെത്തി, തുടർന്നുണ്ടായ യുദ്ധത്തിൽ യഹോവയുടെ അത്ഭുതകരമായ കൈ ആവർത്തിച്ചു പ്രകടമായി. യഹോവ അമോര്യരെ കുഴപ്പത്തിലാക്കി, “അവർ ഇസ്രായേലിന്റെ മുമ്പാകെ നിന്ന് പലായനംചെയ്ത് ബേത്ത്-ഹോരോൻ ഇറക്കത്തിൽ എത്തിയപ്പോൾ യഹോവ അസാക്കാ വരെ അവരുടെമേൽ ആകാശത്തുനിന്ന് വലിയ കല്ലുകൾ പൊഴിച്ചു, തന്നിമിത്തം അവർ മരിച്ചു.” ഇസ്രായേല്യർ വാളുകൊണ്ടു കൊന്നവരെക്കാൾ കൂടുതൽ പേർ ആ കൻമഴയാൽ മരിച്ചു.—യോശുവാ 10:1-11.
അന്ന് യോശുവ യഹോവയോട് സംസാരിക്കുകയും “ഇസ്രായേലിന്റെ കൺമുമ്പിൽ” “സൂര്യാ ഗിബെയോനിന്റെ മീതെയും ചന്ദ്രാ അയ്യാലോൻ താഴ്വരയുടെ മീതെയും നിശ്ചലമായി നിൽക്കുക” എന്നു പറയുകയുംചെയ്തു. ഫലമോ? “അതനുസരിച്ച് ജനതക്ക് അതിന്റെ ശത്രുക്കളുടെമേൽ പ്രതികാരംചെയ്യാൻ കഴിയുന്നതുവരെ സൂര്യൻ നിശ്ചലമാകുകയും ചന്ദ്രൻ നിശ്ചലമായി നിൽക്കുകയുംചെയ്തു” എന്ന് വിവരണം പറയുന്നു.—യോശുവാ 10:12, 13.
എത്ര അതിശയിപ്പിക്കുന്ന സംഭവങ്ങൾ! യഹോവയുടെ ജനത്തിന്റെ ഭാഗത്ത് നന്ദിക്കുള്ള കൂടുതലായ എത്ര മുന്തിയ കാരണങ്ങൾ!
നന്ദി അല്പകാലത്തേക്കു മാത്രം
യഹോവയുടെ ഇടപെടലിന്റെ ഓരോ പ്രത്യക്ഷതക്കും ശേഷം ഇസ്രായേല്യർ നന്ദികൊണ്ടു നിറഞ്ഞിരുന്നു. താൻ കണ്ട കാര്യങ്ങൾ ഒരിക്കലും മറക്കുകയില്ലെന്ന് ഓരോ ഇസ്രായേല്യനും തന്റെ ഹൃദയത്തിൽ പറഞ്ഞിരിക്കാനിടയുണ്ട്. എന്നിരുന്നാലും അത്തരം നന്ദി അവിശ്വസനീയമാംവിധം അല്പായുസ്സായിരുന്നു. പലപ്പോഴും ഇസ്രായേല്യർ നന്ദിരഹിതമായ ഒരു മനോഭാവം പ്രകടമാക്കി. അങ്ങനെ, ദൈവം അവരെ “വെറുക്കുന്നവർ അവരുടെമേൽ ഭരിക്കേണ്ടതിന് അവരെ ആവർത്തിച്ച് ജനതകളുടെ കൈയിൽ ഏൽപ്പിച്ചു.”—സങ്കീർത്തനം 106:41.
എന്നിരുന്നാലും, ഇസ്രായേല്യർ ദുർഘടങ്ങളിൽ എത്തുപെടുകയും തങ്ങളുടെ തെററും നന്ദിയില്ലാത്ത പ്രവർത്തനവും സംബന്ധിച്ച് അനുതപിക്കുകയും സഹായത്തിനായി യഹോവയെ വിളിക്കുകയും ചെയ്തപ്പോൾ അവൻ തന്റെ ക്ഷമയുടെ മഹാമനസ്കത പ്രകടമാക്കി. “അവരുടെ യാചനാപരമായ നിലവിളി അവൻ കേൾക്കുമ്പോൾ അവൻ അവരുടെ അരിഷ്ടത കാണുമായിരുന്നു. അവരെ സംബന്ധിച്ച് തന്റെ ഉടമ്പടി അവൻ ഓർക്കും, അവന്റെ മഹത്തായ സ്നേഹദയയുടെ സമൃദ്ധിയിൻപ്രകാരം അവനു സങ്കടം തോന്നുമായിരുന്നു.” (സങ്കീർത്തനം 106:44, 45) അവരുടെ ക്ഷമാശീലനായ ദൈവം കൂടെക്കൂടെ അവരെ മർദ്ദകരിൽനിന്ന് വിടുവിക്കുകയും തന്റെ പ്രീതിയിലേക്കു തിരികെ സ്വീകരിക്കുകയും ചെയ്തു.
ദൈവത്തിന്റെ ദീർഘക്ഷമയും ഇസ്രായേല്യരുടെ ചിന്തയെ ശരിപ്പെടുത്താൻ ആവർത്തിച്ച് പ്രവാചകൻമാരെ അയച്ചതും ഗണ്യമാക്കാതെ അവർ ഗുണീകരിക്കപ്പെടാത്തവരെന്നു തെളിഞ്ഞു. ഒടുവിൽ, യഹോവയുടെ ക്ഷമ അററു, ക്രി.മു. 607-ൽ യഹൂദാജനത ബാബിലോന്യരാൽ ജയിച്ചടക്കപ്പെടാൻ അവൻ അനുവദിച്ചു. നെബുഖദ്നേസ്സർരാജാവിന്റെ സൈന്യത്താൽ കൊല്ലപ്പെടാഞ്ഞവർ ബാബിലോനിലേക്കു അടിമകളായി കൊണ്ടുപോകപ്പെട്ടു.
ദൈവത്തോടു കാണിച്ച ആവർത്തിച്ച നന്ദിയില്ലായ്മക്കും അവിശ്വസ്തതക്കും എത്ര വിപൽക്കരമായ അന്ത്യം! നന്ദിയുള്ളവരായിരിക്കാൻ ധാരാളം കാരണങ്ങളുണ്ടായിരുന്നിട്ടും ഇതു സംഭവിക്കുകയാണുണ്ടായത്.
പൊതുമനുഷ്യവർഗ്ഗത്തോടുള്ള യഹോവയാം ദൈവത്തിന്റെ നൻമപ്രവൃത്തികൾക്കു പുറമേ തങ്ങൾക്കുവേണ്ടി അവൻ ചെയ്തിട്ടുള്ളതിനെല്ലാംവേണ്ടി നന്ദി പ്രകടമാക്കുന്നതിൽ പരാജയപ്പെടുന്ന അതേ തെററ് ഇന്ന് ക്രിസ്ത്യാനികൾക്ക് എങ്ങനെ ഒഴിവാക്കാം? ഇത് “നിങ്ങൾ നന്ദിയുള്ളവർ എന്നു പ്രകടമാക്കുക” എന്ന ലേഖനത്തിൽ പരിചിന്തിക്കാൻ ഞങ്ങൾ വിടുകയാണ്. (w88 7/1)