ക്രൈസ്തവലോകം ആഫ്രിക്കയിൽ വിതച്ചിരിക്കുന്നത്
ആയിരത്തിയെണ്ണൂററിയറുപത്തേഴിൽ ഒരു ഫ്രഞ്ച് കത്തോലിക്കനായിരുന്ന ചാൾസ് ലാവിഴ്റി അൽജിയേഴ്സിലെ പുതുതായി നിയമിക്കപ്പെട്ട ആർച്ച്ബിഷപ്പെന്ന നിലയിൽ ആഫ്രിക്കയിലേക്കു പോയി. “അൽജീറിയായെ മഹത്തായ ഒരു ക്രിസ്തീയ ജനതയുടെ പിള്ളത്തൊട്ടിലാക്കാൻ ദൈവം ഫ്രാൻസിനെ തെരഞ്ഞെടുത്തിരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
ലാവിഴ്റിയുടെ സ്വപ്നം അൽജീറിയായിക്കപ്പുറത്തേക്കു വ്യാപിച്ചു. യഥാർത്ഥത്തിൽ അദ്ദേഹം “മദ്ധ്യാഫ്രിക്കയെയും വടക്കൻ ആഫ്രിക്കയെയും ക്രൈസ്തവലോകത്തിന്റെ പൊതു ജീവിതത്തോടു സംയോജിപ്പിക്കുക”യെന്ന ലക്ഷ്യത്തോടെ മരുഭൂമിക്കപ്പുറത്തേക്കു മിഷനറിമാരെ അയച്ചു.
ഇതിനിടയിൽ, ഈ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറും തെക്കും കിഴക്കുമുള്ള ഭാഗങ്ങളിൽ, പ്രൊട്ടസ്ററൻറ് മിഷനറിമാർ അപ്പോൾത്തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവർ വിറയൽ, വിയർക്കൽ, മോഹാലസ്യം എന്നിങ്ങനെയുള്ള ലക്ഷണങ്ങളോടെ ആവർത്തിച്ചുണ്ടാകുന്ന മലമ്പനിയുടെ ആക്രമണങ്ങളെയും സധൈര്യം തരണംചെയ്തു. അനേകർ വന്നെത്തിയ ഉടനെ ഉഷ്ണമേഖലാരോഗങ്ങളാൽ പെട്ടെന്നു ദുർബലരായി മരണമടഞ്ഞു. എന്നാൽ മററുള്ളവർ വന്നുകൊണ്ടേയിരുന്നു. “ആഫ്രിക്കയിൽ സഞ്ചരിക്കുന്ന ഏതൊരാളും മിഷനറിമാരുടെ സാഹസികതയെക്കുറിച്ചു നിരന്തരം അനുസ്മരിപ്പിക്കപ്പെടുന്നു. . . .അവർ മഞ്ഞപ്പനിയോടും അതിസാരത്തോടും പരാദങ്ങളോടും പൊരുതി, ഞാൻ . . . അവരുടെ ശവകുടീരശിലകൾ കണ്ടു—ആഫ്രിക്കയിലുടനീളം” എന്നു അഡ്ലേയ് സ്ററീവൻസൺ പ്രസ്താവിച്ചു.
മിഷനറിമാരുടെ ഫലം
മിഷനറിമാർ ആഫ്രിക്കയുടെ ഉള്ളിലേക്കു കടന്നുചെന്നപ്പോൾ മിക്ക ഗോത്രങ്ങളും നിരക്ഷരരാണെന്ന് അവർ കണ്ടെത്തി. ആഫ്രിക്കക്കാർ കാണുന്ന വിധത്തിലുള്ള ആഫ്രിക്കയിലെ ക്രിസ്ത്യാനിത്വം (Christianity in Africa as Seen by Africans) എന്ന തന്റെ പുസ്തകത്തിൽ, “ഏതാണ്ട് എണ്ണൂറോളം [ആഫ്രിക്കൻ] ഭാഷകളിൽ, മിഷനറിമാരുടെ വരവിനുമുമ്പു നാലെണ്ണം മാത്രമേ ലിഖിതരൂപത്തിലായിരുന്നുള്ളു” എന്നു റാം ദേശായി വിശദീകരിക്കുന്നു. തന്നിമിത്തം മിഷനറിമാർ അലിഖിതമായ ഈ ഭാഷകൾ എഴുതുന്നതിനുള്ള ഒരു മാർഗ്ഗം കണ്ടുപിടിച്ചു. അനന്തരം അവർ പാഠപ്പുസ്തകങ്ങൾ നിർമ്മിക്കുകയും ആളുകളെ വായിക്കാൻ പഠിപ്പിക്കുന്നതിന് ഒരുമ്പെടുകയും ചെയ്തു. ആ ലക്ഷ്യത്തിൽ അവർ ആഫ്രിക്കയിലുടനീളം സ്കൂളുകൾ പണിതു.
മിഷനറിമാർ ആശുപത്രികളും നിർമ്മിച്ചു. “അവരുടെ മനുഷ്യസ്നേഹപരമായ പ്രവർത്തനത്തോടു കിടനിൽക്കാൻ കഴിയുന്ന മറെറാരു ഏജൻസിയില്ല” എന്ന് റാം ദേശായി സമ്മതിച്ചുപറയുന്നു. വൈദ്യപരിചരണത്തിനു പുറമേ, ആഫ്രിക്കക്കാർ യൂറോപ്പിലെ ഭൗതിക വസ്തുക്കൾ തേടി. ചില മിഷനറിമാർ വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിച്ചു, അത് പുതുവിശ്വാസികളെ ആകർഷിക്കുമെന്നാണ് അവർ വിചാരിച്ചത്. ദൃഷ്ടാന്തത്തിന്, സ്വിററ്സർലണ്ടിൽനിന്നുള്ള ബാസൽ മിഷൻ ഘാനായിൽ ഒരു വ്യാപാരക്കമ്പനി സ്ഥാപിച്ചു. കക്കാവോ മരങ്ങൾ അവിടെ നന്നായി വളരുമെന്ന് അവർ കണ്ടുപിടിച്ചു, ഇന്നു ഘാനാ ഏററവും കൂടുതൽ കൊക്കോ ഉല്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ്.
ക്രൈസ്തവലോകത്തിലെ മിഷനറിമാരുടെ ഒരു പ്രമുഖ നേട്ടം അവരുടെ ബൈബിൾ വിവർത്തനപ്രവർത്തനമായിരുന്നു. എന്നിരുന്നാലും, ബൈബിളിന്റെ പ്രചരിപ്പിക്കൽ അതോടുകൂടെ കൂടുതലായ ഒരു ഉത്തരവാദിത്തം കൈവരുത്തുന്നു. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ചോദിച്ചുകൊണ്ട് ഇതു പ്രകടമാക്കി: “അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?” ക്രിസ്ത്യാനിത്വം പഠിപ്പിക്കുന്നവർ ദൈവവചനത്തിൽ വിവരിച്ചിരിക്കുന്ന നല്ല തത്ത്വങ്ങളനുസരിച്ചു ജീവിക്കണം എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—റോമർ 2:21, 24.
കൈസ്ത്രവലോകത്തിന്റെ ആഫ്രിക്കയിലെ ദൗത്യം സംബന്ധിച്ചെന്ത്? അതു ബൈബിളിലെ ദൈവത്തെ ബഹുമാനിച്ചിട്ടുണ്ടോ, അതോ അതു ക്രിസ്തീയ ഉപദേശങ്ങളെ തെററിദ്ധരിപ്പിക്കുകയായിരുന്നോ?