മൂപ്പൻമാർ—ചുമതലകൾ ഏൽപ്പിച്ചുകൊടുക്കട്ടെ!
ക്ഷമയും താഴ്മയുമുള്ളവനും ജീവിതാനുഭവങ്ങളാൽ പക്വമാക്കപ്പെട്ട തികഞ്ഞ ന്യായബോധമുള്ളവനുമായിരുന്നു അയാൾ. അപ്രകാരം, മുപ്പതുലക്ഷത്തിലധികം വരുന്ന പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഉപദേശത്തിനായി ആത്മവിശ്വാസത്തോടെ അയാളിലേക്കു നോക്കി. അവരെ നിരാശപ്പെടുത്താതിരിക്കാൻ അയാൾ ശ്രമിച്ചു. രാവിലെമുതൽ വൈകുന്നേരംവരെ അയാൾ അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ദൈവത്തിന്റെ നിയമങ്ങൾ അവരുടെ സാഹചര്യത്തിൽ എങ്ങനെ ബാധകമാകുന്നുവെന്നു കാണാൻ ക്ഷമാപൂർവ്വം അവരെ സഹായിക്കുകയും ചെയ്തു. അതെ, ഏതാണ്ട് 3,500 വർഷങ്ങൾക്കു മുമ്പ് ഒരു ചുരുങ്ങിയ കാലഘട്ടത്തേക്ക് ഇസ്രയേലിലെ 12 ഗോത്രങ്ങളെയും ന്യായം വിധിച്ചതു മോശ എന്ന ഒരു മനുഷ്യൻ ഒററക്കായിരുന്നു.
എന്നിരുന്നാലും, മോശയുടെ അമ്മായിയപ്പനായ യിത്രോ അതു സംബന്ധിച്ച് ഉൽക്കണ്ഠാകുലനായിരുന്നു. അത്രയും തിരക്കേറിയ ഒരു ജീവിതരീതി തുടരാൻ മോശക്ക് എങ്ങനെ കഴിയും? അതുകൊണ്ടു യിത്രോ ഇങ്ങനെ പറഞ്ഞു: “നീ ചെയ്യുന്നകാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചു പോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.” (പുറപ്പാടു 18:17, 18) അതിനുള്ള പോംവഴി എന്തായിരുന്നു? തന്റെ ഉത്തരവാദിത്വങ്ങളിൽ ചിലതു മററുള്ളവരെ ഏൽപ്പിച്ചു കൊടുക്കാൻ യിത്രോ മോശയെ ഉപദേശിച്ചു. (പുറപ്പാടു 18:19-23) തീർച്ചയായും നല്ല ഉപദേശം!
ഇന്ന് ക്രിസ്തീയ സഭക്കുള്ളിൽ മോശയെപ്പോലെ സാദ്ധ്യതയനുസരിച്ചു തങ്ങൾക്ക് ഒററക്കു ചെയ്യാൻ കഴിയുന്നതിലേറെ ചെയ്യാൻ ശ്രമിക്കുന്ന മൂപ്പൻമാരുണ്ട്. അവർ മീററിംഗുകൾ സംഘടിപ്പിക്കുകയും പരിപാടികളുടെ ഭാഗങ്ങൾ തയ്യാറാകുകയും ക്രമമായ ഒരു വിധത്തിലും ഫലകരമായും അവ അവതരിപ്പിക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 14:26, 33, 40; 1 തിമൊഥെയൊസ് 4:13) മൂപ്പൻമാർ സഭയിലെ ഓരോ അംഗത്തിന്റെയും ആവശ്യങ്ങൾക്കുവേണ്ടിയും കരുതുന്നു. (ഗലാത്യർ 6:1; 1 തെസ്സലൊനീക്യർ 5:14; യാക്കോബ് 5:14) രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുക എന്ന സർവ്വപ്രധാനമായ വേലയിൽ അവർ നേതൃത്വമെടുക്കുന്നു. (മത്തായി 24:14; എബ്രായർ 13:7) പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യാനുള്ള സാഹിത്യം സഭക്കു ലഭ്യമാക്കുന്നതിനും അവർ ക്രമീകരണം ചെയ്യുന്നു.
കൂടാതെ ചില മൂപ്പൻമാർക്കു സർക്കിട്ട് സമ്മേളനങ്ങളിലെയും ഡിസ്ട്രിക്ററ് കൺവെൻഷനുകളിലെയും പരിപാടിയിൽ ചില ഭാഗങ്ങൾ നിയമിച്ചു കൊടുക്കപ്പെടുന്നു. അവർ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലും ഹോസ്പ്പിററൽ ലെയ്സൺ കമ്മററികളിലും സേവിക്കുന്നു. ചിലർ രാജ്യഹാൾ നിർമ്മാണത്തിൽ സഹായിക്കുന്നു. ഇത് അവരുടെ കുടുംബപരമായ ഉത്തരവാദിത്വങ്ങൾക്കും തങ്ങളേത്തന്നെ ആത്മീയമായി പോഷിപ്പിക്കാനുള്ള ആവശ്യത്തിനും പുറമേയാണ്. (യോശുവ 1:8; സങ്കീർത്തനം 110:3; 1 തിമൊഥെയൊസ് 3:4, 5; 4:15, 16 താരതമ്യം ചെയ്യുക.) അത്തരം ക്രിസ്തീയ പുരുഷൻമാർ ഇവയെല്ലാം നിർവ്വഹിക്കുന്നത് എങ്ങനെയാണ്? മോശയുടെ കാര്യത്തിലെന്നപോലെ അവർക്കു സഹായം ലഭിക്കണം. കാര്യങ്ങൾ മററുള്ളവരെ ഭരമേൽപ്പിക്കാൻ അവർ പഠിക്കണം. വാസ്തവത്തിൽ കാര്യങ്ങൾ മററുള്ളവരെ ഏൽപ്പിച്ചു കൊടുക്കാത്തയാൾ ഒരു മോശം സംഘാടകനാണ്.
മററുള്ളവരെ പരിശീലിപ്പിക്കുന്നതിന്റെ മൂല്യം
മററുള്ളവരെ ഉത്തരവാദിത്വം ഏൽപ്പിക്കുന്നതിനു കൂടുതലായ കാരണങ്ങളുണ്ട്. യേശു ഉപയോഗിച്ച താലന്തുകളുടെ ദൃഷ്ടാന്തത്തിൽ ദീർഘയാത്ര പോകുന്നതിനു മുമ്പു യജമാനൻ തന്റെ അടിമകളെ വിളിച്ച് അവർക്ക് വ്യത്യസ്തതോതിലുള്ള ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുത്തു. (മത്തായി 25:14, 15) അങ്ങനെ ചെയ്യുകവഴി യജമാനനു പല ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞു. ഒന്നാമതായി, അയാൾ വിദൂരത്തിലായിരുന്നപ്പോൾ അയാളുടെ അടിമകൾ അയാൾക്കുവേണ്ടി പ്രവർത്തിച്ചു, അയാളുടെ അസാന്നിദ്ധ്യത്തിൽ അത്യാവശ്യ ജോലികൾ നിലച്ചുപോയില്ല. രണ്ടാമതായി, പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നതുകൊണ്ടു യജമാനനു തന്റെ അടിമകളുടെ പ്രാപ്തികളും വിശ്വസ്തതയും നിരീക്ഷിക്കാൻ കഴിയുമായിരുന്നു. മൂന്നാമത്, യജമാനൻ വളരെ ആവശ്യമായ അനുഭവപരിചയം സമ്പാദിക്കാൻ തന്റെ അടിമകൾക്കൊരവസരം നൽകി.
ഈ ദൃഷ്ടാന്തം ഇന്നു നമ്മേ സംബന്ധിച്ചിടത്തോളം അർത്ഥവത്താണ്. യേശു ഭൂമിയിൽനിന്നു വിട്ടുപോയപ്പോൾ അവൻ തന്റെ അഭിഷിക്ത ശിഷ്യരെ ഉത്തരവാദിത്വമേൽപ്പിച്ചു. അവരിൽ ശേഷിച്ചിരിക്കുന്നവർ ഇന്നും ലോകവിസ്തൃതമായ രാജ്യതാൽപര്യങ്ങൾ സംബന്ധിച്ച് ഉത്തരവാദിത്വം വഹിക്കുന്നു. (ലൂക്കൊസ് 12:42) ആധുനികനാളിലെ അഭിഷിക്തരുടെ ഗൃഹവിചാരണകാലത്തു യഹോവയുടെ സ്ഥാപനത്തിൻമേൽ അവന്റെ അനുഗ്രഹം പ്രകടമായിരുന്നിട്ടുണ്ട്. തൽഫലമായി അത് അത്ഭുതകരമായി വളർന്നിരിക്കുന്നു. എന്തിന്, കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ മാത്രം പത്തുലക്ഷത്തിലേറെ പുതിയവർ ജലസ്നാപനത്താൽ തങ്ങളുടെ സമർപ്പണത്തെ ലക്ഷ്യപ്പെടുത്തിയിരിക്കുന്നു! അത് ആയിരക്കണക്കിനു സഭാകൂട്ടങ്ങളും നൂറുകണക്കിനു സർക്കിട്ടുകളും ഉണ്ടാകാൻ ഇടയാക്കിയിരിക്കുന്നു.
യേശു “വിശ്വസ്തനും വിവേകിയുമായ അടിമ”യെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചതുപോലെതന്നെ അവർ “വേറെയാടുകളിൽ”പ്പെട്ട മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും സഭകളിൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു. (മത്തായി 24:45-47; യോഹന്നാൻ 10:16) എന്നിരുന്നാലും, ഈ വലിയ വർദ്ധനവു കൈകാര്യം ചെയ്യുന്നതിനു സമർപ്പിതരായ കൂടുതൽ പുരുഷൻമാരെ ആവശ്യമുണ്ട്. അവർ എവിടെ നിന്നു വരും? മൂപ്പൻമാർ അവരെ പരിശീലിപ്പിക്കണം. എന്നാൽ പ്രാപ്തരെന്നു പ്രകടമാക്കുന്ന വ്യക്തികളെ ഉചിതമായ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നില്ലെങ്കിൽ അങ്ങനെയുള്ള പുരുഷൻമാരെ മൂപ്പൻമാർക്ക് എങ്ങനെയാണു പരിശീലിപ്പിക്കാൻ കഴിയുക? വേറെ ഏതുവിധത്തിൽ മൂപ്പൻമാർക്കു ചെറുപ്പക്കാരുടെ പ്രാപ്തികളും വിശ്വസ്തതയും നിരീക്ഷിക്കാൻ അവസരം ലഭിക്കുന്നു?
ഏൽപ്പിച്ചു കൊടുക്കുക എന്നതിന്റെ അർത്ഥമെന്താണ്?
ചിലരെ സംബന്ധിച്ചിടത്തോളം “ഏൽപ്പിച്ചു കൊടുക്കുക” എന്നാൽ ഭാരമിറക്കുക, സ്വന്തം ഉത്തരവാദിത്വങ്ങൾ ഒഴിവാക്കുക, അവഗണിക്കുക അല്ലെങ്കിൽ ഉപേക്ഷിച്ചുകളയുക എന്നാണ് അർത്ഥം. എന്നിരുന്നാലും ഉചിതമായി ഉപയോഗിക്കപ്പെടുമ്പോൾ “ഏൽപ്പിച്ചു കൊടുക്കൽ” യഥാർത്ഥത്തിൽ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാനുള്ള ഒരു മാർഗ്ഗമാണ്. “ഏൽപ്പിച്ചു കൊടുക്കൽ” എന്നു വിവർത്തനം ചെയ്യാവുന്ന “ഡെലിഗേററ്” എന്ന ഇംഗ്ലീഷ് ക്രിയാരൂപം, “മറെറാരാളെ ഭരമേൽപ്പിക്കുക; ഒരുവന്റെ പ്രതിനിധിയായി നിയമിക്കുക; ഉത്തരവാദിത്വം അല്ലെങ്കിൽ അധികാരം നിയോഗിച്ചു കൊടുക്കുക” എന്നിങ്ങനെ നിർവ്വചിക്കപ്പെടുന്നു. എന്നിരുന്നാലും നിർവ്വഹിക്കപ്പെടുന്ന കാര്യങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നയാൾ അന്തിമമായി ഉത്തരവാദിയായിരിക്കും.
നിയന്ത്രണം കൈവിട്ടുപോകുമോ എന്ന ഭയത്താൽ ചിലർ മററുള്ളവരെ കാര്യങ്ങൾ ഏൽപ്പിക്കുന്നത് ഒഴിവാക്കിയേക്കാം. എന്നാൽ ഏൽപ്പിച്ചുകൊടുക്കൽ നിയന്ത്രണം കൈവിട്ടുപോകുന്നതിനെ അർത്ഥമാക്കുന്നില്ല. അദൃശ്യനായി സ്വർഗ്ഗത്തിലിരുന്നുകൊണ്ടാണു ഭരിക്കുന്നതെങ്കിലും യേശു ക്രിസ്തീയ സഭയെ നന്നായിത്തന്നെ നിയന്ത്രിക്കുന്നു. അവൻ ക്രമത്തിൽ സഭയെ അനുഭവപരിചയമുള്ള പുരുഷൻമാരാലുള്ള പരിപാലനത്തിന് ഏൽപ്പിക്കുന്നു.—എഫെസ്യർ 5:23-27; കൊലൊസ്സ്യർ 1:13.
ഒരു ജോലി കൂടുതൽ വേഗത്തിൽ ചെയ്യാൻ തങ്ങൾക്കു കഴിയുമെന്നു കരുതുന്നതിനാൽ മററു ചിലർ യതൊന്നും ഏൽപ്പിച്ചുകൊടുക്കാൻ ചായ്വില്ലാത്തവരായിരുന്നേക്കാം. എന്നിരുന്നാലും മററുള്ളവരെ പരിശീലിപ്പിക്കുന്നതിന്റെ മൂല്യം യേശു തിരിച്ചറിഞ്ഞു. ഭൂമിയിൽ ആരും യേശുവിനേക്കാൾ ഫലപ്രദമായി പഠിപ്പിച്ചില്ല. (യോഹന്നാൻ 7:46) എന്നിട്ടും തന്റെ ശിഷ്യൻമാരിൽ 70 പേർക്കു നിർദ്ദേശങ്ങൾ നൽകിയശേഷം അവൻ അവരെ പ്രസംഗവേലക്കു പറഞ്ഞയച്ചു. പഠിപ്പിക്കൽ പ്രാപ്തിയിൽ യേശുവിന്റെ ഒപ്പമെത്താൻ കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ വിജയത്തിൽ അത്യധികം സന്തോഷിച്ചുകൊണ്ട് അവർ മടങ്ങിവന്നു. യേശു അവരോടൊപ്പം സന്തോഷിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്തു, എന്തുകൊണ്ടെന്നാൽ താൻ പോയി ദീർഘകാലം കഴിഞ്ഞും അവർ വേല തുടരുമെന്നും ഒടുവിൽ, തനിക്കു ഒററക്കു ചെയ്തു തീർക്കാൻ കഴിയുന്നതിൽ വളരെയേറെ വേല ചെയ്യുമെന്നും യേശു അറിഞ്ഞിരുന്നു.—ലൂക്കൊസ് 10:1-24; യോഹന്നാൻ 14:12.
ഏൽപ്പിച്ചുകൊടുക്കലിൽ ആവശ്യമായ വിശദാംശങ്ങൾ സംബന്ധിച്ചു സഹായം സ്വീകരിക്കുന്നതും ഉൾപ്പെടുന്നു, യേശു മരിക്കുന്നതിന്റെ തലേദിവസം തന്റെ അവസാനത്തെ പെസഹാ ഭക്ഷണത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിന് അവൻ പത്രോസിനെയും യോഹന്നാനെയും നിയോഗിച്ചു. (ലൂക്കൊസ് 22:7-13) ഒരു ആട്ടിൻകുട്ടി, വീഞ്ഞ്, പുളിക്കാത്ത അപ്പം, കൈപ്പുചീര എന്നിവ വാങ്ങുന്നതു സംബന്ധിച്ചു യേശുവിന് ഉൽക്കണ്ഠപ്പെടേണ്ടിവന്നില്ല; അവൻ പാത്രങ്ങളോ വിറകോ മറെറന്തെങ്കിലുമോ അന്വേഷിക്കേണ്ടതുമില്ലായിരുന്നു. ആ വിശദാംശങ്ങൾക്കെല്ലാം വേണ്ടി പത്രോസും യോഹന്നാനും കരുതൽ ചെയ്തു.
യേശുവിന്റെ ദൃഷ്ടാന്തം അനുകരിക്കുന്നതിനാൽ ഇന്നു മൂപ്പൻമാർക്കു സമാനമായ പ്രയോജനങ്ങൾ ആസ്വദിക്കാൻ കഴിയും. ഉദാഹരണത്തിന്, അടുത്തു വരുന്ന പ്രസ്ഥാനകാലത്തേക്ക് ആവശ്യമായ സാഹിത്യം ഓർഡർ ചെയ്യുന്നതിനു സാഹിത്യം കൈകാര്യം ചെയ്യുന്നയാളിനോട് ആവശ്യപ്പെടാവുന്നതാണ്. ഇതിനുമുമ്പു പ്രസ്ഥാനകാലങ്ങളിൽ അതുപോലുള്ള സാഹിത്യങ്ങൾ എങ്ങനെയാണ് ഉപയോഗിക്കപ്പെട്ടത് എന്നു കാണാൻ കൈവശമുള്ള രേഖകൾ പരിശോധിക്കാൻ അയാൾക്കു നിർദ്ദേശം നൽകാം. ഉചിതമായ ഓർഡർ ഫാറം തയ്യാറാക്കുന്നതിനുമുമ്പ് അയാൾക്കു സഭാപ്രദേശത്തിന്റെ സവിശേഷതയും കണക്കിലെടുക്കാവുന്നതാണ്. പിന്നീട് അയാൾ പരിശോധനക്കായി ഫാറം സഭാസെക്രട്ടറിയെ ഏൽപ്പിക്കുന്നു. സാഹിത്യദാസൻ തന്റെ ജോലി പഠിച്ചുകഴിഞ്ഞാൽ ഫാറത്തിലെ മൊത്തം തുകകൾ ന്യായമായ പരിധിക്കുള്ളിലാണെങ്കിൽ സെക്രട്ടറി രേഖകളെല്ലാം വീണ്ടും പരിശോധിക്കേണ്ടയാവശ്യമില്ലായിരിക്കാം. വ്യക്തമായും ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു കൊടുക്കുന്ന ഈ ലളിതമായ നടപടി സാഹിത്യത്തിന്റെ ഓർഡർ അയയ്ക്കുന്നത് ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും എളുപ്പവും ലളിതവുമാക്കിത്തീർക്കും.
സാദ്ധ്യമായ അത്തരം പ്രയോജനങ്ങളുടെ വീക്ഷണത്തിൽ ഒരുവന് എങ്ങനെ ഫലപ്രദമായി കാര്യങ്ങൾ മററുള്ളവരെ ഏൽപ്പിക്കാൻ കഴിയും?
ഏൽപ്പിച്ചുകൊടുക്കേണ്ട വിധം
ഉത്തരവാദിത്വം നിർവ്വചിക്കുക. ഒന്നാമതായി, എന്തു ഫലങ്ങളാണു പ്രതീക്ഷിക്കുന്നത് എന്നു വ്യക്തമാക്കുക. താലന്തുകളെയും പത്തു ദാസൻമാരെയും സംബന്ധിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽ “ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ” എന്നാണു “കുലീനനായ മനുഷ്യൻ” പറഞ്ഞത്. (ലൂക്കൊസ് 19:12, 13) താൻ കൊടുത്ത ധനംകൊണ്ടു ദാസൻമാർ ലാഭകരമായി വ്യാപാരം ചെയ്യുന്നതിനും താൻ മടങ്ങി വരുമ്പോൾ അവർ ഉണ്ടാക്കിയ ലാഭത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്നതിനുമാണു യജമാനൻ പ്രതീക്ഷിച്ചത്. തങ്ങൾ എന്തു ചെയ്യണമെന്ന് അവർക്ക് അറിയാമായിരുന്നു. ആധുനികനാളിലെ രാജ്യഹാൾ നിർമ്മാണ പദ്ധതികളിൽ ഈ തത്ത്വം എപ്രകാരമാണു ബാധകമാകുന്നത്? ഉദാഹരണത്തിന്, മേൽക്കൂരയുടെ കേടുപോക്കാൻ നിയുക്തനായ സഹോദരനോടു സാധാരണയായി ഏതു വസ്തുക്കൾ ഉപയോഗിക്കണമെന്നും അവ എവിടെ കണ്ടെത്താമെന്നും കാലാവസ്ഥ അനുവദിക്കുന്നുവെങ്കിൽ എന്നു പണി തുടങ്ങണമെന്നും പറയുന്നു. അത്തരം കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വേല സുസംഘടിതമായി നിർവ്വഹിക്കപ്പെടാൻ ഇടയാക്കുന്നു.
ഉത്തരവാദിത്വങ്ങളിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നു മാത്രമല്ല എന്തെല്ലാം തീരുമാനങ്ങൾ ചെയ്യാൻ അയാൾക്ക് അനുവാദമുണ്ടെന്നും ഏതെല്ലാം കാര്യങ്ങൾക്കു മററാരോടെങ്കിലും ചോദിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിക്കൊടുക്കുന്നതു പ്രധാനമാണ്. താൻ നിയോഗിച്ചവരോടു ചെറിയ കാര്യങ്ങളെല്ലാം അവർ തീർക്കണമെന്നും വലിയ കാര്യങ്ങളെല്ലാം തന്റെയടുക്കൽ കൊണ്ടുവരണമെന്നും മോശ നിർദ്ദേശിച്ചു.—പുറപ്പാടു 18:22.
ഉത്തരവാദിത്വങ്ങൾ നിയമിച്ചുകൊടുക്കുമ്പോൾ രണ്ടുപേർക്ക് ഒരേ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു കൊടുക്കാതിരിക്കാൻ സൂക്ഷിക്കണം. ഒരേ ചുമതലകൾ ഒന്നിലധികം പേർക്ക് ഏൽപ്പിച്ചുകൊടുത്താൽ അതു കുഴച്ചിലിനിടയാക്കും. യഹോവയുടെ സാക്ഷികളുടെ ഒരു വലിയ കൺവെൻഷനിൽ ഭക്ഷ്യവിതരണസ്ഥാനങ്ങൾ ശുചിയാക്കാനുള്ള ചുമതല ശുചീകരണ ഡിപ്പാർട്ടുമെൻറിനും ഭക്ഷ്യവിതരണ ഡിപ്പാർട്ടുമെൻറിനും ഏൽപ്പിച്ചുകൊടുത്താൽ അല്ലെങ്കിൽ സ്നാപനസമയത്തു കാണികളെ നിയന്ത്രിക്കാനുള്ള ചുമതല അററൻഡൻറ് ഡിപ്പാർട്ടുമെൻറിനും സ്നാപന ഡിപ്പാർട്ടുമെൻറിനും നിയമിച്ചുകൊടുത്താൽ സംഭവിക്കാവുന്നത് ഒന്നു വിഭാവനം ചെയ്യുക.
പ്രാപ്തരായ പുരുഷൻമാരെ തെരഞ്ഞെടുക്കുക. യിത്രോ മോശയെ ഇപ്രകാരം ബുദ്ധ്യുപദേശിച്ചു: “നീ തന്നെ പ്രാപ്തരും ദൈവഭയമുള്ളവരുമായ പുരുഷൻമാരെ സകല ജനത്തിന്റെയും ഇടയിൽനിന്നും കണ്ടുപിടിച്ചു സത്യസന്ധരും അഴിമതിയില്ലാത്തവരുമായ പുരുഷൻമാരെ ജനത്തിനു അധിപതിമാരായി നിയമിക്ക.” (പുറപ്പാട് 18:21, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) പ്രത്യക്ഷത്തിൽ ഒരു മനുഷ്യൻ ആദ്യം തന്നെ ആത്മീയ യോഗ്യതകളിൽ എത്തിച്ചേരണം. ചെയ്യാനുള്ള ജോലി ചെയ്തുതീർക്കാൻ ഒരുവൻ “പ്രാപ്തനാണോ” എന്നു തീരുമാനിക്കുന്നതിന് അയാളുടെ വ്യക്തിത്വ സവിശേഷതകൾ, അനുഭവപരിചയം, പരിശീലനം, കഴിവുകൾ എന്നിവ കണക്കിലെടുക്കേണ്ടതുണ്ട്. അപ്രകാരം സൗഹൃദമുള്ള, സന്തുഷ്ടമായ, സഹായകമായ, മനോഭാവമുള്ള ഒരു ക്രിസ്ത്യാനി സാദ്ധ്യതയനുസരിച്ചു മാസികാ കൗണ്ടറിലോ അല്ലെങ്കിൽ ഒരു അററൻഡൻറ് ആയിട്ടോ നന്നായി പ്രവർത്തിക്കാനിടയുണ്ട്. സമാനമായി സഭാ സെക്രട്ടറിയെ സഹായിക്കാൻ ഒരാളെ തെരഞ്ഞെടുക്കുമ്പോൾ യുക്ത്യാനുസരണം അയാൾ എത്ര ക്രമവും ചിട്ടയുമുള്ളവനാണ് എന്നതു പരിഗണിക്കപ്പെടണം. അയാൾ വിശദാംശങ്ങൾക്കു ശ്രദ്ധ കൊടുക്കുമോ, അയാൾ ആശ്രയയോഗ്യനാണോ അയാൾക്ക് ഒരു രഹസ്യം സൂക്ഷിക്കാൻ കഴിയുമോ? (ലൂക്കൊസ് 16:10) ആവശ്യമായ ആത്മീയ യോഗ്യതകൾക്കു പുറമേ അത്തരം ഘടകങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നതു ശരിയായ ആളെ ഒരു ജോലി ഏൽപ്പിക്കുന്നതിനു സഹായിക്കും.
മതിയായ വിഭവശേഷി നൽകുക. സേവിക്കുന്നയാളിന് ഒരു നിയമിത വേല പൂർത്തിയാക്കുന്നതിനു മതിയായ വിഭവശേഷി ലഭ്യമായിരിക്കേണ്ടതുണ്ട്. അയാൾക്ക് ഉപകരണങ്ങളോ പണമോ സഹായമോ ആവശ്യമായിരുന്നേക്കാം. മതിയായ അളവിൽ അവ നൽകുക. ഉദാഹരണത്തിന്, രാജ്യഹാളിൽ ചില കേടുപോക്കലുകൾ നടത്താൻ ഒരു സഹോദരനു നിയമനം ലഭിച്ചേക്കാം. എന്താണു ചെയ്യേണ്ടതെന്നു തീർച്ചയായും അയാളോടു പറയപ്പെടും. എന്നാൽ അതിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് അയാൾക്കു കുറച്ചു പണം ആവശ്യമാണ്. ഒരുപക്ഷേ അയാൾക്കു സഹായം ആവശ്യമാണ്. അതുകൊണ്ട് അയാളെ സഹായിക്കാൻ മൂപ്പൻമാർ മററുള്ളവരോട് ആവശ്യപ്പെടുകയോ അല്ലെങ്കിൽ, ഹാളിലെ ഒരു പ്രത്യേക ജോലിക്കായി ഇന്ന സഹോദരൻ നിയോഗിക്കപ്പെട്ടിരിക്കുന്നു, സഹായം ആവശ്യപ്പെടുന്നതിന് അദ്ദേഹം നിങ്ങളിൽ ചിലരെ സമീപിച്ചേക്കാം, എന്നു സഭക്ക് ഒരു അറിയിപ്പു കൊടുക്കുകയോ ചെയ്തേക്കാം. അത്തരം മുൻകൂട്ടിയുള്ള വിചിന്തനം മതിയായ വിഭവങ്ങൾ നൽകാതെ ജോലി ഏൽപ്പിച്ചു കൊടുക്കുന്നതു തടയും. “ഭാഗികമായി ഏൽപ്പിച്ചുകൊടുക്കരുത്” എന്നാണ് ഒരു മാനേജ്മെൻറ് വിദഗ്ദ്ധൻ അഭിപ്രായപ്പെടുന്നത്.
ഉത്തരവാദിത്വങ്ങൾ ഏല്പിച്ചുകൊടുക്കുമ്പോൾ ആ വ്യക്തി നിങ്ങൾക്കു പകരമായി പ്രവർത്തിക്കുകയാണെന്നു മററുള്ളവരെ അറിയിക്കുക. നിങ്ങൾക്കു പകരമായി പ്രവർത്തിക്കാനുള്ള അധികാരവും ഒരു വിഭവശേഷിയാണ്. യിസ്രയേലിൽ ജനത്തിന്റെ പുതിയ നായകനായി യോശുവ “സർവ്വസഭയുടെയും മുമ്പാകെ” നിയമിക്കപ്പെട്ടു. മോശയുടെ “മഹിമയിൽ കുറേ അവന്റെമേൽ വയ്ക്കാൻ” മോശ നിർദ്ദേശിക്കപ്പെട്ടു. (സംഖ്യാപുസ്തകം 27:18-23) നിയമനമുള്ളവരുടെ പേരുകൾ നോട്ടീസ്ബോർഡിൽ പ്രദർശിപ്പിക്കുന്നതിനാൽ സഭാതലത്തിൽ ഇതേ സംഗതി സാധിക്കാവുന്നതാണ്.
അവരുടെ തീരുമാനങ്ങളെ പിന്താങ്ങുക. ഇപ്പോൾ ചുമതല ഏല്പിക്കപ്പെട്ടയാളിന് അയാളുടെ വേല ഏറെറടുത്തു നടത്താൻ കഴിയും. എന്നാൽ അയാൾ എടുക്കുന്ന ഉചിതമായ തീരുമാനങ്ങളെ നിങ്ങൾ പിന്താങ്ങുന്നുവെങ്കിൽ നിങ്ങൾ അയാൾക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കും എന്നോർക്കുക. ഉദാഹരണത്തിന്, രാജ്യഹാളിലെ പ്ലാററ്ഫോമിൽ മൈക്രോഫോണുകളും മററു ഉപകരണങ്ങളും ക്രമീകരിക്കുന്നതു സംബന്ധിച്ച് ഒരു മൂപ്പനെന്നനിലയിൽ നിങ്ങൾക്കു നിങ്ങളുടേതായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടായിരുന്നേക്കാം, അതു നിങ്ങൾ ചുമതല ഏല്പിച്ച സഹോദരൻ അതുചെയ്യുന്ന വിധത്തിൽനിന്നു ഒട്ടൊക്കെ വ്യത്യസ്തവുമായിരുന്നേക്കാം. എന്നിരുന്നാലും സ്റേറജിന്റെ ചുമതല വഹിക്കുന്നയാളിനു തന്റെ ജോലിയിൽ കുറേയൊക്കെ സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നുവെങ്കിൽ സാദ്ധ്യതയനുസരിച്ച് അയാൾ ആത്മവിശ്വാസവും അനുഭവപരിചയവും നേടും. മാത്രവുമല്ല, അയാൾ ഒരുപക്ഷേ കാര്യങ്ങൾ മെച്ചപ്പെടുത്തുകപോലും ചെയ്തേക്കാം. ഒരു വ്യാപാരോപദേഷ്ടാവ് ഇപ്രകാരം പ്രസ്താവിച്ചു: “ഒരു ഉത്തരവാദിത്വം ഭരമേൽപ്പിക്കുക, അതു എപ്രകാരം നിർവ്വഹിക്കണം എന്നതല്ല. . .മിക്കപ്പോഴും സൃഷ്ടിപരമായ കഴിവുകളുടെ കയർ ഊരി വിടപ്പെടുന്നു.”
കൂടാതെ, കലപ്പ പിടിച്ചു ജോലിചെയ്യുന്ന സഹോദരനാണ് ആ സാഹചര്യത്തോട് അടുത്തായിരിക്കുന്നതും അതിനോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ മെച്ചമായി മനസ്സിലാകുന്നതും. അയാൾ പ്രായോഗികമായ പരിഹാരങ്ങളോടെ പ്രശ്നങ്ങളോടു പ്രതികരിച്ചേക്കാം. കാഴ്ചക്കാർക്ക് എളുപ്പത്തിൽ കാണാൻ കഴിയാത്ത ഘടകങ്ങൾ അയാൾ കൈകാര്യം ചെയ്യുന്നുണ്ടായിരിക്കാം. അതുകൊണ്ട് അനുഭവസമ്പന്നനായ തന്റെ സഹായിയെക്കുറിച്ച് ഒരു ക്രിസ്തീയ മേൽവിചാരകൻ ഇപ്രകാരം പറഞ്ഞു: “ആ മണ്ണിൽ ഏതാനും പാറകളുണ്ടെന്ന് അയാൾ പറഞ്ഞാൽ ഞാൻ അതു വിശ്വസിക്കണ്ടേതുണ്ട്.”
അതെ, ക്രിസ്തീയ മേൽവിചാരകൻമാർക്കു ലഭ്യമായ ഏററം വിലപ്പെട്ട വിഭവശേഷി എതുവിധത്തിൽ നയിക്കപ്പെട്ടാലും സഹായിക്കാൻ മനസ്സൊരുക്കവും പ്രാപ്തിയുമുള്ള സമർപ്പിത സ്ത്രീപുരുഷൻമാരാണ്. മൂപ്പൻമാരേ, ഈ വിശിഷ്ട വിഭവം നന്നായി ഉപയോഗിക്കുക! കാര്യങ്ങൾ മററുള്ളവരെ ഭരമേല്പിക്കുന്നതു താഴ്മയുടെ ഒരു ലക്ഷണമാണ്, അത് സമ്മർദ്ദവും മോഹഭംഗങ്ങളും പരമാവധി കുറക്കുകയും ചെയ്യുന്നു. അതുവഴി കൂടുതൽ ചെയ്യാൻ നിങ്ങൾ പ്രാപ്തരായിത്തീരുക മാത്രമല്ല ആവശ്യമായ അനുഭവപരിചയം നേടാൻ നിങ്ങൾ മററുള്ളവർക്ക് അവസരം നൽകുകയും ചെയ്യും.