വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
റോമർ 9:3-ൽ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരൻമാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” സഹയഹൂദൻമാരെ രക്ഷിക്കാൻ തന്റെ ജീവൻ താൻ ബലി ചെയ്യുമായിരുന്നു എന്ന് അദ്ദേഹം അർഥമാക്കിയോ?
യേശു സ്നേഹത്തിന്റെ അത്യുത്തമ ദൃഷ്ടാന്തം വച്ചു. തന്റെ ദേഹിയെ അഥവാ ജീവനെ പാപപൂർണരായ മനുഷ്യവർഗത്തിനുവേണ്ടി ഏൽപ്പിച്ചുകൊടുക്കാൻ അവിടുന്നു സന്നദ്ധനായിരുന്നു. തന്റെ പരസ്യ ശുശ്രൂഷക്കാലത്ത്, തന്റെ മറുവിലയാഗത്തിൽനിന്നു പ്രയോജനം കിട്ടുന്നവരിൽ സാധ്യമാകുന്നടത്തോളം പേർ ഉൾപ്പെടാൻ തക്കവണ്ണം തന്റെ നാട്ടുകാർക്കുവേണ്ടി—യഹൂദൻമാർക്കുവേണ്ടി—അവിടുന്ന് സ്വയം ചെലവിട്ടു. (മർക്കൊസ് 6:30-34) രക്ഷയുടെ സന്ദേശത്തോടുള്ള അവരുടെ പ്രതികരണമില്ലായ്മയും എതിർപ്പും യഹൂദ ജനങ്ങളോടുള്ള യേശുവിന്റെ സ്നേഹപൂർവകമായ താത്പര്യത്തെ ഒരിക്കലും കുറച്ചുകളഞ്ഞില്ല. (മത്തായി 23:37) ‘തന്റെ ചുവടുകളെ പിന്തുടരാൻ അവിടുന്ന് ഒരു മാതൃക’ വെച്ചേച്ചുപോയിരിക്കുന്നു.—1 പത്രോസ് 2:21, NW.
യേശു വച്ച സ്നേഹത്തിന്റെ ദൃഷ്ടാന്തം പിൻപററുന്നത് അപൂർണ മനുഷ്യർക്കു സാധ്യമാണോ? അതേ, അപ്പോസ്തലനായ പൗലോസിൽ ഇതിന്റെ ഒരു ദൃഷ്ടാന്തം നമുക്കു കാണാൻ കഴിയും. സഹയഹൂദൻമാരോടുള്ള സ്നേഹം നിമിത്തം അവർക്കുവേണ്ടി “ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ” ആഗ്രഹിക്കാമായിരുന്നു എന്നു പറയത്തക്കവണ്ണം അവരെക്കുറിച്ച് അദ്ദേഹം വളരെ താത്പര്യമുള്ളവനായിരുന്നു.
തന്റെ ആശയം വ്യക്തമാക്കാൻ പൗലോസ് അത്യുക്തിയുടെ അഥവാ അതിശയോക്തിയുടെ ഒരു രൂപം അവിടെ ഉപയോഗിച്ചു. മത്തായി 5:18-ൽ “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്നു പറഞ്ഞപ്പോൾ യേശു സമാനമായ ഒരു അതിശയോക്തി ഉപയോഗിച്ചു. ആകാശവും ഭൂമിയും നീങ്ങിപ്പോകുകയില്ലെന്നു യേശുവിന് അറിയാമായിരുന്നു. പൗലോസ് ശപിക്കപ്പെട്ടവനായിത്തീരുകയോ സകല യഹൂദൻമാരും ക്രിസ്ത്യാനിത്വം സ്വീകരിക്കുകയോ ചെയ്യുമായിരുന്നുമില്ല. എന്നാൽ യേശുക്രിസ്തുവിലൂടെ രക്ഷ നേടാനുള്ള ദൈവത്തിന്റെ മാർഗത്തെ പ്രയോജനപ്പെടുത്തുന്നതിനു യഹൂദൻമാരെ സഹായിക്കുന്നതിനു ഫലത്തിൽ എന്തും ചെയ്യാൻ താൻ ഒരുക്കമായിരുന്നു എന്നതായിരുന്നു പൗലോസ് പറഞ്ഞതിന്റെ സാരം. ഈ അപ്പോസ്തലനു സഹക്രിസ്ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞതിൽ അത്ഭുതപ്പെടാനില്ല: “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ”!—1 കൊരിന്ത്യർ 11:1.
അവിശ്വാസികളോടു യേശുവിനും പൗലോസിനും ഉണ്ടായിരുന്ന അതേ താത്പര്യം ഇന്നു ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കണം. നമ്മുടെ സാക്ഷീകരണ പ്രദേശത്തെ ആളുകളുടെ താത്പര്യക്കുറവോ നേരിട്ടുള്ള എതിർപ്പോ അയൽക്കാരോടുള്ള നമ്മുടെ സ്നേഹത്തെയും രക്ഷയുടെ വഴി പഠിക്കുന്നതിന് അവരെ സഹായിക്കാനുള്ള നമ്മുടെ തീക്ഷ്ണതയെയും കുറച്ചുകളയരുത്.—മത്തായി 22:39.