ലോകം ഭയത്തിന്റെപിടിയിലമരുന്നത് എന്തുകൊണ്ട്?
ആരാണു ഭയത്തിൽ ജീവിക്കാൻ ആഗ്രഹിക്കുക? സാധാരണമായി ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നത് ജീവനോ സ്വത്തിനോ ഭീഷണിയില്ലാത്ത സുരക്ഷിതത്വമാണ്. അതുകൊണ്ട്, കുററകൃത്യങ്ങൾ നടമാടുന്ന പ്രദേശങ്ങളിൽനിന്ന് അനേകരും ഒഴിഞ്ഞുപോകുകയാണ്. പക്ഷേ, ഭയത്തിനുള്ള കാരണങ്ങൾ എല്ലായിടത്തുമുണ്ട്.
അണ്വായുധങ്ങൾ, ആണവ റിയാക്ടറുകൾ എന്നിവമൂലം അപകടങ്ങളുണ്ടായാൽ അതുളവാക്കുന്ന അനർഥങ്ങൾക്കു മനുഷ്യവർഗത്തെത്തന്നെ ഇല്ലാതാക്കാനാവുമെന്ന ഭീതിയുണ്ട്. പെരുകിവരുന്ന അക്രമം ഭയത്തെ ഊട്ടിവളർത്തുകയാണ്. ഈ നൂററാണ്ടിൽ ഏററവും കൂടുതൽ ആളുകളെ കൊന്നൊടുക്കുന്ന മഹാമാരിയായി എയ്ഡ്സ് മാറുമെന്ന ഭയം അനേകർക്കുമുണ്ട്. ഭയത്തിന്റെ മററു കാരണങ്ങളിൽ ഒന്നാണ് നമ്മുടെ പരിസ്ഥിതിയുടെ നശീകരണം. ഈ ഭയങ്ങൾ വിശേഷാൽ പ്രാധാന്യമുള്ളതാണോ? അത്തരം ഭയമില്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ എന്നെങ്കിലും നമുക്കു പ്രത്യാശിക്കാനാവുമോ?
ലോകവിസ്തൃത ഭയത്തിനു സവിശേഷതയുണ്ട്
ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതു കണക്കിലെടുക്കുമ്പോൾ ഇന്നു ലോകവ്യാപകമായി കാണുന്ന ഭയത്തിനു സവിശേഷതയുണ്ട്. അവസാന നാളുകളെക്കുറിച്ചു പ്രവചിച്ചപ്പോൾ ഭീതി ജനിപ്പിക്കുന്ന അവസ്ഥകൾ യേശുക്രിസ്തു വിവരിക്കുകയുണ്ടായി. അവൻ പറഞ്ഞു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.” പിന്നെ “അധർമം [“നിയമരാഹിത്യം,” NW] പെരുകുന്ന”തിനെക്കുറിച്ചും അവൻ സംസാരിച്ചു. 1914 മുതൽ അനുപമമാംവിധമുള്ള യുദ്ധങ്ങളും ക്ഷാമങ്ങളും ഭൂകമ്പങ്ങളും സംഭവിച്ചു. മഹാഭയവും ജീവനഷ്ടവുമായിരുന്നു അതിന്റെയെല്ലാം അനന്തരഫലം.—മത്തായി 24:7-14.
ആളുകളുടെ മനോഭാവങ്ങൾപോലും ഇന്നു ഭയത്തിനു കാരണമാകുന്നു. 2 തിമൊഥെയൊസ് 3:1-4-ൽ നാം പൗലോസിന്റെ പ്രാവചനിക വാക്കുകൾ വായിക്കുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയ”രുമായിരിക്കും. ഈ അവസാന നാളുകളിൽ നാം അത്തരക്കാരായ ആളുകളുടെ നടുവിലായിരിക്കുന്നതിനാൽ ഇത്രമാത്രം ഭീതിയുണ്ടായിരിക്കുന്നതിൽ ഒരു അത്ഭുതവുമില്ല!
ഈ ലോകത്തിനു പ്രതീക്ഷിക്കാനാവുന്നത്
യേശു ഈ കാലഘട്ടത്തെ നോഹയുടെ കാലത്തിന്റെ അവസാന നാളുകളോടു താരതമ്യപ്പെടുത്തി. നിസ്സംശയമായും, അന്നും മഹാഭീതി നിലനിന്നിരുന്നു. ബൈബിൾചരിത്രരേഖ ഇങ്ങനെ പറയുന്നു: “ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” അതുകൊണ്ട്, “ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (ഉല്പത്തി 6:11, 13) ആ ദുഷ്ടലോകം അങ്ങേയററം അക്രമാസക്തമായിരുന്നതുകൊണ്ട് ഒരു ആഗോള പ്രളയത്തിലൂടെ ദൈവം അതിന് അന്തംവരുത്തി. എന്നിരുന്നാലും, സ്നേഹം നിമിത്തം യഹോവയാം ദൈവം നീതിമാനായ നോഹയെയും അവന്റെ കുടുംബത്തെയും സംരക്ഷിച്ചു.—2 പത്രോസ് 2:5.
അതുകൊണ്ട്, ഇന്നത്തെ അക്രമാസക്തമായ ലോകത്തിന് എന്താണു പ്രതീക്ഷിക്കാനാവുക? കൊള്ളാം, മററുള്ളവരുടെ ക്ഷേമത്തോടു കൊടിയ അനാദരവു കാട്ടുന്നവരെ ദൈവം വെറുക്കുന്നു. സങ്കീർത്തനക്കാരന്റെ വാക്കുകളിൽ ഈ ആശയം വ്യക്തമാണ്: “യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.” (സങ്കീർത്തനം 11:5) നോഹയുടെ നാളിലെ അക്രമാസക്തമായ ലോകത്തിനു യഹോവ അന്തംവരുത്തി. അങ്ങനെയെങ്കിൽ, കിടിലംകൊള്ളിക്കുന്ന അക്രമത്തിൽപ്പെട്ടുഴലുന്ന ഈ ലോകത്തിനു ദൈവം അന്തംവരുത്തുമെന്നു നാം പ്രതീക്ഷിക്കേണ്ടതല്ലേ?
ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചു സംസാരിക്കാനും ഈ ദുഷ്ടലോകത്തിനു വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ചു പ്രവചിക്കാനും പത്രോസ് ദിവ്യനിശ്വസ്തനാക്കപ്പെട്ടു. അദ്ദേഹം എഴുതി: “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കൻമാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു” വരും. എന്നിട്ട് പത്രോസ് മനുഷ്യവർഗത്തിൻമേലുള്ള അപൂർണ ഭരണസംവിധാനത്തെ സൂചിപ്പിക്കാൻ “ആകാശ”മെന്ന പദവും നീതികെട്ട മനുഷ്യസമൂഹത്തെ സൂചിപ്പിക്കാൻ “ഭൂമി”യെന്ന പദവും ഉപയോഗിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞു: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള [നോഹയുടെ നാളിലെ] ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.”—2 പത്രൊസ് 3:3-7.
“ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും” ക്രിസ്തുവും അവന്റെ ശക്തരായ ദൂതൻമാരും “പ്രതികാരം കൊടു”ക്കും. ഇവർ “നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും” എന്നു സൂചിപ്പിച്ച പൗലോസും സമാനമായ ചിന്ത അവതരിപ്പിക്കുകയായിരുന്നു. (2 തെസ്സലൊനീക്യർ 1:6-8, 10) “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു” സകല രാഷ്ട്രങ്ങളെയും കൂട്ടിച്ചേർക്കുന്നതിനെ കുറിച്ചു ബൈബിളിന്റെ അവസാന പുസ്തകം പറയുന്നു. കൂടാതെ, യഹോവ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നും അതു നമുക്ക് ഉറപ്പുനൽകുന്നു.—വെളിപ്പാടു 11:18; 16:14-16.
ഭയത്തിനല്ല, ആഹ്ളാദത്തിനുള്ള സമയം
ഈ ലോകത്തെക്കുറിച്ചു ബൈബിൾ മുൻകൂട്ടിപ്പറയുന്നതിലൊന്നും പരമാർഥരായ ജനങ്ങൾക്കു ഭീതിയില്ല. അവർക്കു സന്തോഷത്തിനാണു വകയുള്ളത്. ഈ ദുഷ്ടലോകത്തിനു യഹോവ ഉടനടി അന്തംവരുത്തും. പക്ഷേ, അതു നീതിയെ ഇഷ്ടപ്പെടുന്നവരുടെ നൻമയ്ക്കുവേണ്ടിയിട്ടായിരിക്കും. ഇപ്പോഴത്തെ വ്യവസ്ഥിതിക്കു ദൈവം അന്തംവരുത്തിക്കഴിയുമ്പോൾ തുടർന്ന് എന്താണു സംഭവിക്കാനിരിക്കുന്നത്? കൊള്ളാം. ദൈവത്തിന്റെ സ്വർഗീയരാജ്യത്തിനു കീഴിലുള്ള ഒരു പുതിയ വ്യവസ്ഥിതിതന്നെ. അതിനുവേണ്ടിയാണ് യേശു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചത്! അവൻ പറഞ്ഞു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) ഭൂമിയിൽ ദൈവേഷ്ടം ചെയ്യപ്പെടുമ്പോൾ എന്തെല്ലാം മാററങ്ങളായിരിക്കും ഉണ്ടാവുക?
യുദ്ധങ്ങളും അതുമായി ബന്ധപ്പെട്ട ഭീകരതകളും അവസാനിച്ചിരിക്കും. സങ്കീർത്തനം 46:9 പറയുന്നു: “അവൻ [യഹോവയാം ദൈവം] ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു [യുദ്ധ] രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.” അന്ന് ആളുകൾ അവരവരുടെ “മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
മാരകമായ രോഗങ്ങൾ മേലാൽ ഭയമുളവാക്കുകയും ജീവനപഹരിക്കുകയും ചെയ്യില്ല. ദിവ്യവാഗ്ദത്തം ഇതാണ്: “അവിടത്തെ നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല.” (ഏശയ്യാ 33:24, പി.ഒ.സി. ബൈബിൾ) സന്തോഷിക്കാൻ എന്തൊരു കാരണം!
കുററകൃത്യങ്ങൾ, അക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഭയങ്ങളൊക്കെ കഴിഞ്ഞകാല ഓർമകൾ മാത്രമാവും. സങ്കീർത്തനം 37:10, 11 ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചു നോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”
ഇന്നുള്ള ഭയത്തിന്റെ സ്ഥാനത്തു യഥാർഥ സമാധാനവും സുരക്ഷിതത്വവും എങ്ങനെ സ്ഥാപിതമാകും? ദൈവരാജ്യമെന്ന നീതിയുള്ള ഗവൺമെൻറിനാൽ. നമ്മുടെ കാലഘട്ടത്തെ സംബന്ധിച്ചു ദാനീയേൽ 2:44 പ്രസ്താവിക്കുന്നു: “ഈ രാജാക്കൻമാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” ‘സകലശത്രുക്കളെയും ദൈവം അവന്റെ കാല്ക്കീഴാക്കുവോളം’ യഹോവയുടെ നിയമിത രാജാവായ യേശുക്രിസ്തു ‘വാഴേണ്ടതാകുന്നു.’ (1 കൊരിന്ത്യർ 15:25) സന്തോഷഭരിതരായ മനുഷ്യർ എന്നേക്കും വസിക്കുന്ന ഒരു പറുദീസാ ഭൂമിയുണ്ടാകണം എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം യേശുവിന്റെ ആയിരംവർഷ ഭരണത്തിൽ നിവർത്തിക്കും.—ലൂക്കൊസ് 23:43; വെളിപ്പാടു 20:6: 21:1-5.
ആ പറുദീസാ ഭൂമിയിൽ ആരോഗ്യാവഹമായ ഒരു ഭയമുണ്ടായിരിക്കും. അതു “യഹോവയോടുള്ള ഭയ”മായിരിക്കും. (സദൃശവാക്യങ്ങൾ 1:7, NW) വാസ്തവത്തിൽ, ഈ ഭയം നമുക്ക് ഇപ്പോൾത്തന്നെ ഉണ്ടായിരിക്കേണ്ടതാണ്. അത് ആഴത്തിലുള്ള ഭക്തിയാണ്, അതേസമയംതന്നെ ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിനുള്ള ആദരപ്രയുക്തഭയവുമാണ്. കാരണം നാം അവന്റെ സ്നേഹദയയിലും നൻമയിലും മതിപ്പുള്ളവരാണ്. ഈ ഭയം യഹോവയിൽ പരിപൂർണ ആശ്രയവും അവനോടുള്ള വിശ്വസ്തമായ അനുസരണവും ആവശ്യമാക്കിത്തീർക്കുന്നു.—സങ്കീർത്തനം 2:11; 115:11.
ഭയാനക സംഭവങ്ങൾ ഈ നാളുകളെ അവസാന നാളുകൾ എന്ന് അടയാളപ്പെടുത്തുന്നു. എന്നിരുന്നാലും, നമുക്കു ഭയപ്പെടാനില്ല, പകരം നമുക്കു സന്തോഷിക്കാനാവും. പക്ഷേ, ദൈവത്തോടുള്ള സ്നേഹം തെളിയിക്കണം. ദൈവത്തിന്റെ ഇടപെടലിനെത്തുടർന്നു സംഭവിക്കുന്ന ഈ ലോകത്തിന്റെ അന്ത്യം ആസന്നമായിരിക്കുന്നു എന്ന് ബൈബിൾ പ്രവചനങ്ങൾ പ്രകടമാക്കുന്നു. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നീതിയുള്ള പുതിയ ലോകം അതിന്റെ സ്ഥാനത്തു വരും. (2 പത്രൊസ് 3:13) തീർച്ചയായും, രാജ്യഭരണത്തിൻ കീഴിൽ അനാരോഗ്യകരമായ ഭയമില്ലാത്ത ഒരു ലോകം ഉടനെ വരും.
[6-ാം പേജിലെ ചതുരം]
ഒരു ഒററപ്രതിയുടെ ശക്തി
നിയമപരമായ എന്തോ കുരുക്കിലകപ്പെട്ടപ്പോൾ പോളണ്ടുകാരനായ റേറാമാഷ് എന്ന ചെറുപ്പക്കാരൻ നാടുവിട്ടു. കിട്ടുന്ന വണ്ടികളിലൊക്കെയായിരുന്നു യാത്ര, ഉറക്കം കൂടാരങ്ങളിൽ, പിന്നെ പലതരം ജോലികൾ. അങ്ങനെ യൂറോപ്പിൽ ആറു മാസം ചെലവഴിച്ചു. അപ്പോഴെല്ലാം ഒരു ചോദ്യം അദ്ദേഹത്തിന്റെ മനസ്സിനെ ഇടവിടാതെ അലട്ടുന്നുണ്ടായിരുന്നു: ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?
പോളീഷ് ഭാഷയിലുള്ള വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി ലഭിച്ചതോടെ റേറാമാഷിന്റെ ചോദ്യത്തിന് ഉത്തരമായി. പലയാവർത്തി അതു വായിച്ചപ്പോൾ അദ്ദേഹത്തിന് ഒരു സംഗതി ബോധ്യമായി, താൻ തേടിയിരുന്ന സത്യം ഈ മാസികയിലുണ്ട്. പിന്നെ കിട്ടിയ വണ്ടിയിൽ റേറാമാഷ് ജർമനിയിലെ സെൽറെറഴ്സ്⁄ററൗനുസിലുള്ള വാച്ച് ടവർ ബ്രാഞ്ച് ഓഫീസിലേക്ക് 200 കിലോമീററർ യാത്രചെയ്തു. തിങ്കളാഴ്ച വൈകുന്നേരം എത്തിച്ചേർന്ന അദ്ദേഹം വീക്ഷാഗോപുരം മാസിക എടുത്തുപിടിച്ചുകൊണ്ട് പറഞ്ഞു: “എനിക്ക് ഈ മാസികയിലുള്ള സംഗതികളെക്കുറിച്ച് വിശദമായി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അതിനു ഞാൻ എന്തു ചെയ്യണം?”
അന്നു വൈകുന്നേരം രണ്ടു യഹോവയുടെ സാക്ഷികൾ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു റേറാമാഷിനോടു സംസാരിച്ചു. അവരുടെ സംഭാഷണത്തിനുള്ള അടിസ്ഥാനം ബൈബിളായിരുന്നു. റേറാമാഷിനു പിന്നെ കൂടുതൽ അറിയണമെന്നായി. ആ ആഴ്ചയിൽ എല്ലാ ദിവസവും അദ്ദേഹം ബ്രാഞ്ചിലേക്കു ചെന്ന് ബൈബിളും നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകവും പഠിക്കാനാരംഭിച്ചു.
പോളണ്ടിലേക്കു തിരിച്ചുചെന്നാൽ പ്രശ്നങ്ങളാണ്. എന്നാലും തിരിച്ചുപോകാൻതന്നെ റേറാമാഷ് തീരുമാനിച്ചു. അങ്ങനെ, സെൽറെറഴ്സ് ബ്രാഞ്ചിലെത്തി നാലു ദിവസം കഴിഞ്ഞ് ഒരു വെള്ളിയാഴ്ച റേറാമാഷ് ജൻമനാട്ടിലേക്കു തിരിച്ചു. പോളണ്ടിൽ യഹോവയുടെ സാക്ഷികളുമൊത്ത് ഉടനെ പഠനം ആരംഭിച്ചു. ദ്രുതഗതിയിൽ പുരോഗതി നേടിയ റേറാമാഷ് താൻ പഠിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു സതീക്ഷ്ണം മററുള്ളവരോടു പറയാൻ തുടങ്ങി. സെൽറെറഴ്സിലേക്കുള്ള ആദ്യസന്ദർശനം നടത്തി നാലു മാസം കഴിഞ്ഞ്, 1993 ഒക്ടോബറിൽ അദ്ദേഹം ഒരു യഹോവയുടെ സാക്ഷിയായി സ്നാപനമേററു.
വീക്ഷാഗോപുരത്തിന്റെ കേവലം ഒരു പ്രതിയാണ് ഈ യുവാവിനെ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷിച്ചറിയാൻ സഹായിച്ചത്!
[7-ാം പേജിലെ ചിത്രം]
യേശുക്രിസ്തുവിനാലുള്ള രാജ്യഭരണത്തിൻ കീഴിൽ ലോകം വീണ്ടുമൊരിക്കലും ഭയത്തിന്റെ പിടിയിലമരുകയില്ല