‘അവർ തങ്ങളുടെ മതപരിശീലനം പിൻപറ്റി ജീവിക്കുന്നവരാണ്’
യു.എസ്.എ.-യിലെ ഫ്ളോറിഡയിലുള്ള മിയാമിയിൽനിന്ന് ഒരു സ്ത്രീ ഒരു പ്രാദേശിക പത്രത്തിന് പിൻവരുന്ന കത്തയച്ചു: “ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന ഒരു കമ്പോളത്തിൽവെച്ച് ഡിസം. 10-ന് എന്റെ മകന്റെ പേഴ്സ് ആരോ പോക്കറ്റടിച്ചു. അതിൽ അവന്റെ ഡ്രൈവിങ് ലൈസൻസ്, സാമൂഹിക സുരക്ഷിതത്വ കാർഡ് തുടങ്ങിയവയും 260 ഡോളറും ഉണ്ടായിരുന്നു.
“അതേക്കുറിച്ചു മാനേജരുടെയടുത്തു റിപ്പോർട്ടു ചെയ്തശേഷം അവൻ വീട്ടിൽ എത്തി. ഉച്ചതിരിഞ്ഞ് അവനൊരു ഫോൺ വന്നു. സ്പാനിഷ് സംസാരിക്കുന്ന ഒരു വനിതയുടേതായിരുന്നു അത്. മൊഴിമാറ്റം നടത്താൻ ഒരു [ടെലഫോൺ] ഓപ്പറേറ്ററുടെ സഹായം സ്വീകരിച്ചുകൊണ്ട് തനിക്കു പേഴ്സ് കിട്ടിയതായി അവർ പറഞ്ഞു.
“അവർ തന്റെ മേൽവിലാസം മകനു നൽകി. . . . 260 ഡോളർ ഉൾപ്പെടെ എല്ലാ വസ്തുക്കളും സഹിതം പേഴ്സ് അവനെ ഏൽപ്പിച്ചു.
“മോഷ്ടാവ് പേഴ്സ് തട്ടിയെടുക്കുന്നത് അവർ കണ്ടിരുന്നു. വിളിച്ചുകൂവിയപ്പോൾ മോഷ്ടാവ് പേഴ്സ് ഇട്ടേച്ച് ഓടി. അപ്പോഴേക്കും എന്റെ മകൻ അവരുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരുന്നു. അതുകൊണ്ട് അവർ പേഴ്സ് എടുത്ത് വീട്ടിൽചെന്നിട്ടു ഫോൺ ചെയ്തു.
“അവരും കുടുംബവും യഹോവയുടെ സാക്ഷികളാണ്. അവർ തങ്ങളുടെ മതപരിശീലനം പിൻപറ്റി ജീവിക്കുന്നവരാണെന്നു സ്പഷ്ടം.”
മനുഷ്യർ തങ്ങളെ പുകഴ്ത്താനായിട്ടല്ല യഹോവയുടെ സാക്ഷികൾ സത്യസന്ധത കാട്ടുന്നത്. (എഫെസ്യർ 6:7) പ്രത്യുത, തങ്ങളുടെ സ്വർഗീയ പിതാവായ യഹോവയ്ക്കു സ്തുതി കരേറ്റാൻ അവർ ആത്മാർഥമായി ആഗ്രഹിക്കുന്നു. (1 കൊരിന്ത്യർ 10:31) ദൈവരാജ്യത്തെക്കുറിച്ചുള്ള “സുവാർത്ത” പ്രഘോഷിക്കാൻ ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം അവരെ പ്രേരിപ്പിക്കുന്നു. (മത്തായി 24:14, NW) രാജ്യം മുഖേന ഭൂമിയെ സുന്ദരമായ പറുദീസയായി രൂപാന്തരപ്പെടുത്തുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു. അപ്പോൾ ഭൂമി, ഭൗതിക സൗന്ദര്യം തുടിക്കുന്നിടം മാത്രമല്ല, നിത്യം സത്യസന്ധത കളിയാടുന്ന, ധാർമിക വൈശിഷ്ട്യം കുടികൊള്ളുന്നിടവുമായിരിക്കും.—എബ്രായർ 13:18; 2 പത്രൊസ് 3:13.