യുവാക്കളേ, സ്കൂളിൽ ഫലകരമായി സാക്ഷീകരിക്കുക
1 നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ യഹോവയെ സേവിക്കുന്നതും അവന്റെ വാഗ്ദത്തങ്ങളിൽ പൂർണ്ണ വിലമതിപ്പുണ്ടായിരിക്കുന്നതും ഒരു അത്ഭുതകരമായ സംഗതിയാണ്. (സഭാ. 12:1) ചെറുപ്പക്കാർക്ക് സഹപാഠികളോടും അദ്ധ്യാപകരോടും സത്യം പങ്കുവെക്കുന്നതിന് പ്രത്യേകമായ അവസരമുണ്ട്, ഇത് സാധാരണയായി മുതിർന്നവർക്ക് അനഭിഗമ്യമായ ഒരു പ്രദേശമാണ്. നിങ്ങൾ സ്കൂളിൽ അനൗപചാരികമായി സാക്ഷ്യം കൊടുക്കാൻ കഴിയുന്ന അനേക വിധങ്ങൾ സംബന്ധിച്ച് ജാഗ്രതയുളളവരാണോ?
2 ചിലർ സ്കൂളിൽ മററുളളവരോട് സത്യം പങ്കുവെക്കുന്നത് പ്രയാസമെന്ന് കണ്ടെത്തുന്നതെന്തുകൊണ്ട്? തങ്ങൾ ദൈവത്തെക്കുറിച്ചു സംസാരിച്ചാൽ തങ്ങളുടെ സഹപാഠികൾ തങ്ങളെക്കുറിച്ച് എന്തു വിചാരിക്കുമെന്നുളള ഭയമായിരിക്കുമോ കാരണം? (മർക്കോ. 8:38 താരതമ്യപ്പെടുത്തുക.) ഒരു പക്ഷെ നിങ്ങൾ സുവാർത്തയുമായി വീടുതോറും പോകാൻ തുടങ്ങിയപ്പോൾ നിങ്ങൾക്ക് ഇതേ തരത്തിലുളള ഭയം അനുഭവപ്പെട്ടിരുന്നിരിക്കാം. എന്നിരുന്നാലും, നിങ്ങൾ മററു യുവാക്കൾക്ക് സത്യം ലഭിക്കേണ്ടതാവശ്യമാണെന്നും ഒരു സുവിശേഷകൻ എന്ന നിലയിൽ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വം നിറവേറേറണ്ടതാവശ്യമാണെന്നും വിലമതിക്കുന്നെങ്കിൽ നിങ്ങൾ രാജ്യദൂതു മററുളളവർക്കു പങ്കുവെക്കുന്നതിനുളള അവസരങ്ങൾ തേടും. (മത്താ. 9:36-38; ലൂക്കോ. 12:8, 9) നിങ്ങളുടെ സ്കൂളിലുളളവരോട് അനൗപചാരികമായ സാക്ഷീകരണം ഫലപ്രദമായി നടത്തുന്നതിന് നിങ്ങളുടെ ഭാഗത്ത് മുൻകൂട്ടിയുളള തയ്യാറാകലും ആസൂത്രണവും ആവശ്യമാണ്.
അതു ചെയ്യുന്ന വിധം
3 ഒരു ചെറുപ്പക്കാരി സ്കൂളിൽ ഓരോ ദിവസവും 15 മിനിററ് നേരത്തെ ക്ലാസില്ലാത്ത പീരീഡിൽ അവളുടെ ബൈബിൾ കഥാപുസ്തകം വായിച്ചിരുന്നു. ഒരു സഹപാഠി ആ പുസ്തകത്തെസംബന്ധിച്ച് അന്വേഷിച്ചപ്പോൾ ഒരു കഥ ഒരുമിച്ചിരുന്ന് പരിചിന്തിക്കുന്നതിന് അവളെ ക്ഷണിച്ചു. അതിനു ശേഷം അദ്ധ്യയനത്തിനു ക്ഷണിക്കാതെതന്നെ അവൾ അടുത്ത കഥ പരിചിന്തിക്കുന്നതിനുവേണ്ടി ആകാംക്ഷയോടെ വന്നു. അവൾ പഠിച്ചുകൊണ്ടിരുന്നത് അവൾ തന്റെ മാതാവുമായി പങ്കുവെച്ചു. അതിന്റെ ഫലമായി ആ അമ്മ ബൈബിൾ പഠിക്കാനും അവളുടെ ചെറുപ്പക്കാരിയായ മകളുമൊത്ത് രാജ്യഹോളിൽ മീററിംഗിനു വരാനും തുടങ്ങി
4 എന്തുകൊണ്ട് ബൈബിൾ കഥാ പുസ്തകത്തെക്കുറിച്ച് മററുളളവരോടു സംസാരിക്കുന്നതിൽ മുൻകൈയെടുത്തുകൂടാ? ദൃഷ്ടാന്തത്തിന്, നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “ഈ പുസ്തകം ദൈവത്തിന് തന്റെ വിശ്വസ്ത ദാസൻമാരെ സംരക്ഷിക്കാൻ കഴിയുന്ന വിധം കാണിക്കുന്നു. [79-ാം കഥയിലേക്കു തിരിയുക.] യഹോവ ദാനിയേലിനെ സിംഹങ്ങളുടെ കുഴിയിൽ സംരക്ഷിച്ചു. ഭാവിയിൽ ദൈവം തിൻമക്ക് അന്തം വരുത്തിക്കൊണ്ട് തന്റെ ജനത്തെ രക്ഷിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?” അഭിപ്രായം പറയാൻ അനുവദിച്ചശേഷം യഹോവ ദുഷ്ടതക്ക് അന്തം വരുത്തുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്യും എന്ന് കാണിക്കാൻ നിങ്ങൾക്ക് 114-ാം കഥയിലേക്ക് തിരിയാൻ കഴിയും.
5 നിങ്ങൾക്ക് നിങ്ങളുടെ സൃഷ്ടിപുസ്തകം മററുളളവർ ശ്രദ്ധിക്കത്തവണ്ണം നിങ്ങളുടെ ഡസ്ക്കിൽ വെക്കാൻ കഴിയും. അല്ലെങ്കിൽ അവസരം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് 83-ാം പേജിലെ ചിത്രത്തിലേക്ക് തിരിയുന്നതിനും ഒരു സഹപാഠിയോടൊ ഒരു അദ്ധ്യാപകനോടൊ ഇപ്രകാരം ചോദിക്കാനും കഴിയും: “നമ്മുടെ പൂർവികർ ഇങ്ങനെയിരുന്നിരുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നുവോ?” ഒരു പ്രതികരണം ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് 89-ാം പേജിലെ 19ഉം 20ഉം ഖണ്ഡികകളിലെ വിവരങ്ങൾ ചർച്ചചെയ്യാൻ കഴിയും. മററുളളവരെ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അദ്ധ്യായങ്ങളുടെ വിഷയങ്ങൾ കാണിച്ചുകൊണ്ട് അവരുടെ ജിജ്ഞാസയെ ഉണർത്താൻ കഴിയും. അവരുടെ പ്രതികരണത്തിനനുസരണമായി, നിങ്ങൾക്ക് സൃഷ്ടി പുസ്തകത്തിലെ മററു ഭാഗങ്ങളിൽ നിന്നുളള കൂടുതലായ വിവരങ്ങൾ പങ്കുവെക്കുന്നതിനു കഴിയും. അല്ലെങ്കിൽ ഒരു ഖണ്ഡിക വായിക്കയും പിന്നീട് താഴെ കൊടുക്കുന്ന ഒരു ചോദ്യം ചോദിക്കയും ചെയ്തുകൊണ്ട് ഈ പുസ്തകം പഠിക്കുന്ന വിധം പ്രകടിപ്പിക്കാൻ കഴിഞ്ഞേക്കും.
6 ഹൈസ്കൂളിൽ ചേർന്നപ്പോൾ ഒരു കൗമാരപ്രായക്കാരിയായ പ്രസാധക ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്നത് തന്റെ ലാക്കാക്കിത്തീർത്തു. ഒരു സഹപാഠിക്ക് അവളുടെ മാതാപിതാക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു, അവൾ അതു സംബന്ധിച്ച് ഈ സാക്ഷിപ്പെൺകുട്ടിയോട് സംസാരിച്ചു. ചെറുപ്പക്കാരിയായ ആ പ്രസാധക ഉണരുക!യിൽ നിന്ന് ഉചിതമായ ഒരു “ചെറുപ്പക്കാർ ചോദിക്കുന്നു. . .” എന്ന ലേഖനം അവളെ കാണിച്ചു. ആ സഹപാഠിക്ക് വിഷയത്തിൽ മതിപ്പുളവാകുകയും കൂടുതൽ ചോദ്യങ്ങൾ ചോദിക്കയും ചെയ്തു. ചെറുപ്പക്കാരിയായ പ്രസാധക എന്നേക്കും ജീവിക്കാൻ പുസ്തകം അവൾക്കു സമർപ്പിക്കുകയും ഇതിന് അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് സഹായിക്കാൻ കഴിയുമെന്ന് വിശദീകരിക്കയും ഒരു ബൈബിൾ അദ്ധ്യയനം തുടങ്ങുകയും ചെയ്തു.
7 യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിന് നാം അവനെക്കുറിച്ച് സംസാരിക്കണം. (യെശ. 43:10-12) നിങ്ങൾ നിങ്ങളുടെ സ്കൂളിലെ സഹപാഠികളോടും അദ്ധ്യാപകരോടും സത്യം പങ്കുവെക്കുന്നതിന് ആത്മാർത്ഥമായ ശ്രമം ചെയ്തിട്ടുണ്ടോ? അവരുമായി ചർച്ചചെയ്യുന്നതിന് രസകരമായ വിഷയങ്ങൾ തയ്യാറാവുക. പ്രയത്നം ചെയ്യുക. നിങ്ങളുടെ മാതാപിതാക്കളോടൊ മററുളളവരോടൊ നിങ്ങളെ സഹായിക്കാൻ അഭ്യർത്ഥിക്കുക. സ്ക്കൂളിൽ യഹോവയുടെ ഫലപ്രദരായ സാക്ഷികളായിരിക്കുന്ന മററു ചെറുപ്പക്കാരായ പ്രസാധകരെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതുപോലെതന്നെ നിങ്ങളുടെ പ്രയത്നങ്ങളെയും അനുഗ്രഹിക്കുന്നതിന് അവനോടു പ്രാർത്ഥിക്കുക.—കൊലോ. 1:9, 10.