ജ്ഞാനിയായിരിക്ക—നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുക
1 സന്തുഷ്ടവും സമാധാനപൂർണ്ണവുമായ ഒരു ജീവിതം നയിക്കുകയെന്നതാണ് മിക്ക മനുഷ്യരുടെയും ലക്ഷ്യം. ഒരു വിജയപ്രദമായ വിവാഹജീവിതം നയിക്കുന്നതെങ്ങനെ, കുട്ടികളെ വളർത്തുന്നതെങ്ങനെ, സാമ്പത്തികമായി വിജയിക്കുന്നതെങ്ങനെ, നല്ല ആരോഗ്യം നേടുകയും നിലനിർത്തുകയും ചെയ്യുന്നതെങ്ങനെ എന്നിവയും കൂടാതെ സന്തുഷ്ടി നേടാൻ ആളുകളെ സഹായിക്കുന്നതിനോട് ബന്ധപ്പെട്ട മററനേകം വിഷയങ്ങളും സംബന്ധിച്ച് ആയിരക്കണക്കിനു പുസ്തകങ്ങളും ലേഖനങ്ങളും ഉപദേശം നൽകുന്നു. ലൗകിക പ്രസിദ്ധീകരണങ്ങളിൽ കുറെ പ്രായോഗിക ജ്ഞാനം കണ്ടെത്തിയേക്കാമെങ്കിലും ലോകത്തിലെ മിക്ക ആളുകളും അശേഷം സന്തോഷവും സമാധാനവും ഉളളവരല്ല. ഇത് അപ്രകാരമായിരിക്കുന്നതെന്തുകൊണ്ട്?
2 ബൈബിളിൽ സദൃശവാക്യങ്ങൾ 1:7-ൽ ഉത്തരം കണ്ടെത്താൻ കഴിയും, അതിങ്ങനെ പറയുന്നു: “യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ജ്ഞാനവും ശിക്ഷണവുമാണ് വെറും ഭോഷൻമാർ നിരസിച്ചിരിക്കുന്നത്.” ഒരുവൻ യഥാർത്ഥ അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായ യഹോവയാം ദൈവത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവന് സമാധാനവും സന്തുഷ്ടിയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയുകയില്ല.
3 ലോകം ആത്മീയമായി ദാരിദ്ര്യത്തിൽ—പട്ടിണിയിൽ—ആണ്. വിരോധാഭാസമെന്നു പറയട്ടെ, ഈ ദുസ്ഥിതി സ്വയം അടിച്ചേൽപ്പിച്ചതാണ്, എന്തുകൊണ്ടെന്നാൽ ഭൂമിയിലെങ്ങും എല്ലാവർക്കും സമൃദ്ധമായ ആത്മീയാഹാരം ലഭ്യമാണ്, അതു സൗജന്യമായി സ്വീകരിക്കുകയും ചെയ്യാം. (സദൃ. 1:20, 21; വെളി. 22:17) ലോകത്തിലെ ആളുകൾ യഹോവയിൽനിന്നുളള ജ്ഞാനം നിരസിക്കുന്നതിനാൽ, അവർ ആത്മീയാന്ധകാരത്തിൽ തപ്പിത്തടയുന്നതിൽ തുടരുകയാണ്. (സദൃ. 1:22-32) നേരേമറിച്ച് യഹോവയുടെ നിയമങ്ങൾ ആദരിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നവരായ യഹോവയുടെ ജനമെന്ന നിലയിൽ നാം ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെടുകയും സന്തോഷമനുഭവിക്കുകയും ചെയ്യുന്നു. (യെശ. 65:13, 14) കൂടാതെ ദൈവത്തിന്റെ സ്ഥാപനത്തിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹം നമ്മെ ക്രസ്തുവിന്റെ യഥാർത്ഥ ശിഷ്യൻമാർ എന്ന് തിരിച്ചറിയിക്കുന്നു. (യോഹ. 13:35) അതെ, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സാഹോദര്യം ബൈബിളുപദേശങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്നതാണ് പിൻപററാവുന്ന ജ്ഞാനപൂർവകമായ ഗതി എന്നതിന് ജീവനുളള തെളിവ് നൽകുന്നു.
4 എന്നിരുന്നാലും, യഹോവയുടെ സ്ഥാപനത്തോടൊത്ത് സഹവസിക്കുന്ന ചിലർ തങ്ങൾക്ക് ലഭിക്കാവുന്ന സന്തോഷം അനുഭവിക്കുന്നില്ലായിരിക്കാം. അവർ പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളാൽ അവർക്കു ചുററുമുളള മററുളളവരുടെ സന്തോഷത്തെപ്പോലും അവർ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് അപ്രകാരമായിരിക്കാൻ കഴിയുന്നതെങ്ങനെ? അത് അവർ കേവലം തങ്ങളുടെ ജീവിതത്തിൽ ദൈവികജ്ഞാനം ബാധകമാക്കുന്നില്ല എന്നതുകൊണ്ടാണ്. അവർ സഭായോഗങ്ങളിലും സർക്കിട്ട് സമ്മേളനങ്ങളിലും ഡിസ്ട്രിക്ട് കൺവെൻഷനുകളിലും ഹാജരാകുന്നുണ്ടായിരിക്കാം. അവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിലെ ഏററവും പുതിയ വിവരങ്ങളും നിശ്ചയമുളളവരായിരിക്കാം, എന്നാൽ അവരുടെ ജീവിതരീതിയും അവർ സഹക്രിസ്ത്യാനികൾ ഉൾപ്പെടെ മററുളളവരോട് ഇടപെടുന്ന വിധവും അവർ പഠിച്ച സത്യത്തിന്റെ ബാധകമാക്കലിനെ പ്രതിഫലിപ്പിക്കുന്നില്ല. എന്തു ചെയ്യേണ്ടതാവശ്യമാണ്? അത്തരം വ്യക്തികൾ തങ്ങളുടെ സ്വന്തം ജീവിതത്തിൽ യഥാർത്ഥ സന്തോഷം കൈവരുത്തുന്നതിനും തങ്ങൾക്കു ചുററുമുളള മററുളളവരുടെ സന്തോഷത്തിന് സംഭാവനചെയ്യുന്നതിനും “ആത്മാവിന്റെ വീക്ഷണത്തിൽ വിതക്കുന്നതിൽ” കേന്ദ്രീകരിക്കേണ്ടയാവശ്യമുണ്ട്.—ഗലാ. 6:7, 8.
ബാധകമാക്കേണ്ടത്
5 നാം തന്നെ അയഞ്ഞവരായിത്തീരുകയും നമ്മുടെ ജാഗ്രത വെടിയുകയും സാത്താനൊ ഈ ലോകത്തിനൊ നമ്മുടെ അപൂർണ്ണ ജഡത്തിനൊ കീഴ്പ്പെടുകയും ചെയ്യുന്നെങ്കിൽ നമുക്ക് യഹോവയോട് ഒരു അടുത്ത ബന്ധമുണ്ടായിരിക്കുന്നതിന്റെ സന്തോഷം നഷ്ടപ്പെടും. ഇപ്പോൾ, മുമ്പെന്നത്തേതിലുമുപരി സഭായോഗങ്ങളിലും സമ്മേളനങ്ങളിലും സ്ഥാപനത്തിന്റെ മററു കരുതലുകളിൽകൂടിയും നാം പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നതിൽ ജാഗ്രതയുണ്ടായിരിക്കേണ്ടതിന്റെ ആവശ്യമുണ്ട്. നാം ജീവിക്കുന്ന ലോകം ക്രമമായി മാറിക്കൊണ്ടിരിക്കുന്ന ഒരു അപകടം പിടിച്ച സ്ഥലമാണ്. നാം “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖേന യഹോവ സ്നേഹപൂർവം പ്രദാനം ചെയ്യുന്ന ബുദ്ധിയുപദേശം, തക്കസമയത്തെ ആഹാരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ബാധകമാക്കുന്നതിൽ ജാഗ്രതയുളളവരായിരിക്കണം.—മത്താ. 24:45-47.
6 നമ്മുടെ പ്രത്യേക സമ്മേളനദിനത്തിനുവേണ്ടിയുളള അടുത്ത പരിപാടിയിൽ ഒരു കൂട്ടമെന്ന നിലയിൽ ഉറച്ചുനിൽക്കുന്ന വിധം സംബന്ധിച്ച് വളരെ നല്ല വിവരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങൾ, ലോകത്തിന്റെ സ്വതന്ത്രാത്മാവ്, സമയം പാഴാക്കുന്ന ആകുലതകൾ മുതലായ ക്ഷീണിപ്പിക്കുന്ന സ്വാധീനങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതുസംബന്ധിച്ച പ്രായോഗിക നിർദ്ദേശങ്ങൾ നൽകപ്പെടുന്നു. യഹോവയിലും അവന്റെ വഴികളിലും പൂർണ്ണമായി ആശ്രയിക്കുന്നതിനും ദിവ്യാധിപത്യ അധികാരത്തെ തിരിച്ചറിയുകയും കീഴ്പ്പെടുകയും ചെയ്യുന്നതിനും എളിമയും താഴ്മയും ഉളളവരായിരിക്കുന്നതിനും ദിവ്യാധിപത്യ യത്നങ്ങൾക്കുവേണ്ടി അവസരോചിത സമയങ്ങൾ വിലക്കുവാങ്ങുന്നതിനും ഉളള നല്ല ബുദ്ധിയുപദേശം നാം പ്രായോഗികമാക്കുന്നുണ്ടോ? (മീഖാ. 6:8; എഫേ. 5:15, 16; എബ്രാ. 6:10; 13:17) കുടുംബാംഗങ്ങൾ ക്രിസ്തീയ ജീവിതരീതിയോട് അനുരൂപപ്പെടുന്നതിന് പരസ്പരം സഹായിക്കുന്നുണ്ടോ? നമ്മുടെ വിനോദത്തിന്റെ തെരഞ്ഞെടുപ്പും നമ്മുടെ ശീലങ്ങളും നമ്മുടെ ദൈനംദിന നടപടിക്രമവും തിരുവെഴുത്തുകളിൽനിന്ന് നമുക്കു ലഭിക്കുന്ന ബുദ്ധിയുപദേശത്താൽ ബാധിക്കപ്പെടണം. പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നതിന് തീവ്രശ്രമം ചെയ്യുന്നില്ലെങ്കിൽ ആത്മീയമായി ഒട്ടുംതന്നെ അഭിവൃദ്ധി ഉണ്ടായിരിക്കയില്ല, നമ്മുടെ മനസ്സിന്റെ സമാധാനവും സന്തോഷവും പ്രതികൂലമായി ബാധിക്കപ്പെടുകയും ചെയ്യും.—ഫിലി. 4:7-9; യാക്കോ. 1:22-25.
7 വ്യക്തിപരവും കുടുംബപരവുമായ പഠനത്തിന് സംഘടിതശ്രമം ആവശ്യമാണ്. ബൈബിൾതത്വങ്ങളുടെ ബാധകമാക്കൽസംബന്ധിച്ച് നമ്മെ വിശദമായ വിവരങ്ങളിലേക്കു നയിക്കാൻ വാച്ച്ടവർ പബ്ലിക്കേഷൻസ് ഇൻഡക്സിന് കഴിയും. സാത്താന്റെ ഇന്നത്തെ കുഴഞ്ഞുമറിഞ്ഞ ലോകത്തെ തരണംചെയ്യാൻ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിന് മാതാപിതാക്കൾക്ക് യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകം വളരെ നല്ല ഒരു സഹായിയാണ്. അത്തരം വിവരങ്ങൾ പരിശോധിക്കുന്നതിനാൽ നമുക്ക് കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ വീക്ഷണം ലഭിക്കുന്നതിനും ശരിയായ തത്വങ്ങളാൽ നയിക്കപ്പെടുന്നതിനും കഴിയും. ഇതു ചെയ്യാതിരിക്കുന്നത് ഒരു രോഗത്തിനുളള മരുന്ന് നമ്മെ ശല്യം ചെയ്യുന്ന രോഗത്തെ ശമിപ്പിക്കും എന്ന് അറിയാമെങ്കിലും അത് ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നതുപോലെയാണ്. വ്യക്തിപരവും കുടുംബപരവുമായ ക്രമമായ പഠനം നമ്മുടെ വിശ്വാസം വളരുന്നതിനിടയാക്കുകയും നമുക്ക് സഹിച്ചുനിൽക്കുന്നതിനുളള കഴിവ് നൽകുകയും ചെയ്യും. പരിശോധനയുടെ ഒരു സമയത്ത് നമ്മുടെ വിശ്വാസം നാം വീണുപോകത്തക്കവണ്ണം ക്ഷയിച്ചുപോകയില്ല.—മത്താ. 13:6; ലൂക്കോ. 8:13; എബ്രാ. 2:1.
8 മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും തങ്ങളുടെ കുടുംബങ്ങളിൽ അദ്ധ്യക്ഷത വഹിക്കുന്നതിൽ മാതൃക വെക്കണം. ഇതിൽ ആത്മീയമായി ബലമുളളവരായി നിൽക്കുന്നതിന് ദൈവവചനത്തിൽനിന്നും സ്ഥാപനത്തിൽനിന്നും തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നതിന് തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും സഹായിക്കുന്നത് ഉൾപ്പെടുന്നു. ഈ വിധത്തിൽ മുഴുകുടുംബത്തിനും ക്രിസ്തീയജീവിതത്തിൽ മാതൃകയുളളവരായിരിക്കുന്നതിനും സഭക്കുളളിലും പുറത്തും മററുളളവർക്ക് പ്രോത്സാഹനം നൽകുന്നതിനും കഴിയും.—എഫേ. 6:4; 1 തിമൊ. 3:4, 12, 13.
ആർ സഹായിക്കും
9 ഓരോ വർഷവും സ്മാരകത്തിനു ഹാജരാകുന്നവരിൽ തങ്ങൾ പഠിക്കുന്നത് ബാധകമാക്കുന്നതിനും സ്ഥാപനത്തോടൊത്ത് ഉത്സാഹത്തോടെ സഹവസിക്കുന്നതിനും കൂടുതലായ പ്രോത്സാഹനമാവശ്യമുളള അനേകരുണ്ട്. നമ്മുടെ ബൈബിൾ വിദ്യാർത്ഥികളെ തങ്ങളുടെ ജീവിതത്തിൽ ബൈബിൾതത്വങ്ങൾ ബാധകമാക്കാനും ദൈവത്തിന്റെ നീതിയുളള കൽപ്പനകൾ നിറവേററാനും പഠിപ്പിച്ചുകൊണ്ട് സ്നേഹപൂർവകമായ പരിഗണന കാണിക്കാൻ കഴിയും. വിശ്വാസത്തിലെ നമ്മുടെ സഹോദരീസഹോദരൻമാർ ആയിത്തീരുന്നതിലേക്ക് പുരോഗതിപ്രാപിച്ചുകൊണ്ടിരിക്കുന്നവരിൽ നാം താത്പര്യം പ്രകടമാക്കണം.
10 ആരെങ്കിലും ക്രമമില്ലാത്തവരൊ നിഷ്ക്രിയരൊ ആയിത്തീർന്നിട്ടുണ്ടെങ്കിൽ അവരെ സ്ഥാപനത്തോടൊത്ത് ക്രമമായ പ്രവർത്തനത്തിൽ പങ്കുകൊളേളണ്ടതിന്റെ ആവശ്യം കാണുന്നതിന് സഹായിക്കണം. അവർ യഹോവയെ കൂടുതൽ പൂർണ്ണമായി സേവിച്ചുകൊണ്ടിരുന്നപ്പോൾ ആസ്വദിച്ചിരുന്ന സമാധാനവും സന്തോഷവും വീണ്ടും നേടിയെടുക്കേണ്ട ആവശ്യമുണ്ട്. (യോഹ. 13:17) സത്യത്തോടുളള അവരുടെ വിലമതിപ്പിനെ പുനർജ്വലിപ്പിക്കുന്നതിനും “ദൈവത്തിന് ഒരു സ്തുതിയാഗം അർപ്പിക്കുന്നതി”നും അവരെ ദയാപൂർവം സഹായിക്കുന്നതിനാൽ അവർ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നതിനും ജീവനിലേക്കുളള പാതയിൽ നിലനിൽക്കുന്നതിനും അവർക്കു സാധിക്കും.—എബ്രാ. 13:15; നമ്മുടെ രാജ്യസേവനം, 1979 ഓഗസ്ററ്, പേ. 3ഉം 1977 ഏപ്രിൽ, പേ. 3ഉം കാണുക.
11 ദൈവത്തിന്റെ ജനമെല്ലാം യഹോവയുടെ ത്വരിതഗമനം ചെയ്യുന്ന സ്ഥാപനത്തോടൊത്ത് ചുവടുവെക്കേണ്ടയാവശ്യമുണ്ട്. നമുക്കു നമ്മെത്തന്നെ അലംഭാവത്തിന്റെ കുരുക്കിലാക്കപ്പെടാൻ അനുവദിക്കാൻ സാധ്യമല്ല. നാം എല്ലായ്പ്പോഴും ദൈവസ്ഥാപനംവഴി പ്രദാനംചെയ്യപ്പെടുന്ന ഏററവും പുതിയ വിവരങ്ങൾ മനസ്സിലാക്കിക്കൊണ്ടും അത് ഉടൻ ബാധകമാക്കിക്കൊണ്ടും നമ്മുടെ ആത്മീയത കാത്തുസൂക്ഷിക്കണം. ഇതിന് തീവ്രമായ ശ്രമവും ചിലപ്പോൾ ആത്മത്യാഗവും ആവശ്യമാണ്. എന്നാൽ യഹോവ നമ്മോട് നമുക്കു സാധ്യമല്ലാത്തത് ആവശ്യപ്പെടുന്നില്ല. അവൻ നമ്മുടെ സ്രഷ്ടാവാണ്, അവന് നമുക്ക് ഏററവും മെച്ചമായത് എന്താണെന്നറിയുകയും ചെയ്യാം. അതുകൊണ്ട് നമുക്ക് യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിലും പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നതിലും തുടർന്നുകൊണ്ട് ജ്ഞാനികളെന്ന് തെളിയിക്കാം. ഇത് അവന് സ്തുതി കരേററുകയും നമുക്ക് നിത്യപ്രയോജനത്തിൽ കലാശിക്കുകയും ചെയ്യും.—യെശ. 48:17; 54:13.