സുവാർത്ത സമർപ്പിക്കൽ—ആളുകളോടു സംഭാഷിച്ചുകൊണ്ട്
1 ഒരു നിഘണ്ടുവനുസരിച്ച് സംഭാഷണം “വികാരങ്ങളുടെയോ നിരീക്ഷണങ്ങളുടെയോ അഭിപ്രായങ്ങളുടെയോ ആശയങ്ങളുടെയോ വാഗ്രൂപേണയുളള കൈമാററമാണ്. എന്നാൽ നിങ്ങൾ കണ്ടുമുട്ടുന്ന ആളുകൾ മതപരമായി എതിർപ്പുളളവരോ സ്വന്തംകാര്യങ്ങളിൽ വ്യാപൃതരോ ആയിരിക്കുമ്പോൾ നിങ്ങൾക്കെങ്ങനെ ഒരു ബൈബിളധിഷ്ഠിത സംഭാഷണം തുടങ്ങാൻ കഴിയും? യേശു ശ്രോതാക്കളെ ഉൾപ്പെടുത്താൻ ചോദ്യങ്ങൾ ചോദിച്ചു.—യോഹ. 4:9-15, 41, 42.
2 നാം സത്യസന്ധരായ ആളുകളെ കണ്ടുപിടിക്കുന്നതിനും അവരുമായി സംഭാഷണം നടത്തുന്നതിനുളള മാർഗ്ഗം തുറന്നുകിട്ടുന്നതിനും നമ്മെ സഹായിക്കാൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണം. നാം ഓരോ വീട്ടുകാരനെയും യഹോവയുടെ ദാസനാകാൻ സാധ്യതയുളള ഒരാളായി വീക്ഷിക്കുന്നുവെങ്കിൽ സാക്ഷീകരണം എളുപ്പമായിത്തീരുന്നു. ഈ മന:സ്ഥിതി താൽപ്പര്യക്കാരെ ആകർഷിക്കുന്ന ആത്മാർത്ഥവും ഊഷ്മളവുമായ ഒരു രീതിയിൽ സത്യം ധരിപ്പിക്കാൻ നമ്മെ സഹായിക്കും.
നമുക്കുളളത് ഉപയോഗിക്കുക
3 ന്യായവാദം പുസ്തകം 9-15 പേജുകളിൽ വിശിഷ്ടമായ അനേകം മുഖവുരകൾ നൽകുന്നു. ഇവയിൽ മിക്കതും ഫലപ്രദമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. വീട്ടുകാരൻ ഒരു ചോദ്യത്തോട് പ്രതികരിക്കുമ്പോൾ ആദരവോടെ ശ്രദ്ധിക്കുകയും വീട്ടുകാരൻ പറഞ്ഞതിനെ നാം പരിഗണിച്ചുവെന്ന് പ്രകടമാക്കുന്ന ഒരു രീതിയിൽ മറുപടി പറയുകയും ചെയ്യുക.—കൊലോ. 4:6.
4 തീർച്ചയായും നിങ്ങൾ ഒരു ചോദ്യം ചോദിക്കുമ്പോൾ വീട്ടുകാരൻ എങ്ങനെ ഉത്തരം പറയുന്നുവെന്ന് നിങ്ങൾക്കറിയാൻ പാടില്ല. നിങ്ങളുടെ ചർച്ച അതനുസരിച്ച് ക്രമീകരിക്കാൻ ഒരുങ്ങിയിരിക്കുക. അയാളുടെ താൽപ്പര്യങ്ങളെ കൈകാര്യം ചെയ്തുകൊണ്ടും ചിന്താപൂർവകങ്ങളായ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും ബൈബിളിൽനിന്ന് കൂടുതലായ വിവരങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംഭാഷണം മുന്നോട്ടുകൊണ്ടുപോവാൻ ശ്രമിക്കുക.
മുന്നമേ തയ്യാറാകുക
5 നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ പൊതു ചിന്ത നിങ്ങൾക്കിപ്പോൾതന്നെ പരിചിതമായിരിക്കാം. അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രത്യേക പ്രദേശത്ത് ഏററവും ഫലപ്രദമായിരിക്കുന്ന ന്യായവാദം പുസ്തകത്തിലെ മുഖവുരകൾ തിരഞ്ഞെടുക്കുക. ഈ മുഖവുരകളിൽ ഒന്ന് നടപ്പു സംഭാഷണവിഷയത്തോട് പൊരുത്തപ്പെടുത്തുക മാത്രമായിരിക്കാം നിങ്ങൾ ചെയ്യേണ്ടത്. വീട്ടുകാരന് താൽപ്പര്യമുളളതെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങുകയും പ്രശ്നം ചുരുക്കി അവതരിപ്പിക്കുകയും അനന്തരം ബൈബിൾ പരിഹാരത്തിലേക്ക് നയിക്കുകയും ചെയ്യുക. അദ്ദേഹം ഒരു പ്രസ്താവന ചെയ്യുമ്പോൾ വിമർശനാത്മകമായിട്ടല്ല, ക്രിയാത്മകമായി അഭിപ്രായം പറയുക. അയാളുടെ ആശയങ്ങളിലും വിചാരങ്ങളിലുമുളള നിങ്ങളുടെ താൽപ്പര്യം നിങ്ങളുമായി സംഭാഷണം തുടരാൻ അയാളെ പ്രോത്സാഹിപ്പിക്കണം. യോജിക്കാവുന്ന പോയിൻറുകൾ കണ്ടെത്താൻ ശ്രമിക്കുകയും അവയേക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുക. മമനുഷ്യന്റെ പ്രശ്നങ്ങൾക്കുളള ബൈബിൾ പരിഹാരമെന്ന നിലയിൽ രാജ്യാനുഗ്രഹങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട് സംഭാഷണത്തെ ക്രിയാത്മകമായി നിലനിർത്തുക.
6 തുടർന്നുളള സംഭാഷണത്തിനുളള താക്കോലുകൾ എന്ന നിലയിൽ വ്യത്യസ്തവീക്ഷണഗതികളെ പരിഗണിക്കുക. വീട്ടുകാരൻ ന്യായവാദം ചെയ്യാൻ സന്നദ്ധനാണെങ്കിൽ “നിങ്ങൾ എന്നെങ്കിലും ഈ നിലപാടിൽ ചിന്തിച്ചിട്ടുണ്ടോ?” എന്ന് നിങ്ങൾക്കു ചോദിക്കാവുന്നതാണ്. അനന്തരം ഈ വിഷയം സംബന്ധിച്ച് ദൈവവചനം പറയുന്നതിലേക്ക് വിരൽ ചൂണ്ടുക. വ്യക്തി ന്യായബോധമില്ലാത്ത ആളാണെന്ന് നിങ്ങൾ കണ്ടെത്തുന്നെങ്കിൽ നിങ്ങൾ പറഞ്ഞതിനെ അയാൾ സ്വീകരിക്കണമെന്ന് ശഠിക്കരുത്. പകരം സൗഹാർദ്ദപരമായ ഒരു അഭിപ്രായത്തോടെ ഉപസംഹരിപ്പിക്കുകയും അയാൾക്ക് സുവാർത്ത സമർപ്പിക്കുന്നതിനുളള ഭാവി അവസരത്തിനു വഴി തുറന്നിടുകയും ചെയ്യുക.—സദൃശ. 12:8, 18.
7 ചിലയാളുകൾ നിങ്ങൾ അനൗപചാരികമായി അവരെ കണ്ടുമുട്ടുമ്പോൾ സംഭാഷണം നടത്താൻ കൂടുതൽ ചായ്വുളളവരാണ്. തെരുവിൽ കണ്ടുമുട്ടുന്നവരൊ വീട്ടുമുററത്ത് ജോലിചെയ്യുകയൊ വിശ്രമിക്കുകയൊ ചെയ്യുന്നവരൊ ആയവരോട് സംഭാഷണം തുടങ്ങാൻ മടിക്കരുത്. അവരുടെ പ്രവർത്തനത്തിലെ നിങ്ങളുടെ യഥാർത്ഥ താൽപ്പര്യത്തെ അവർ സ്വാഗതം ചെയ്തേക്കാം. ഭൂമി പെട്ടെന്നുതന്നെ ഒരു പറുദീസ ആകുമെന്നുളള ബൈബിൾ വാഗ്ദത്തത്തിന്റെ ഒരു ചർച്ചയിലേക്ക് സംഭാഷണത്തെ നയിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. നിങ്ങൾ സംഭാഷണം തുടങ്ങുമ്പോൾ അതിനെ വീട്ടുകാരന് ഒരു ഉല്ലാസപ്രദമായ അനുഭവമാക്കിത്തീർക്കാൻ ശ്രമിക്കുക. നിങ്ങളെ ആശ്രയിച്ചിരിക്കുന്നടത്തോളം വീട്ടുകാരനെ ദൈവത്തോടും ദൈവത്തിന്റെ വചനത്തോടും അവന്റെ ദാസൻമാരോടും കൂടുതൽ അനുകൂലമായ ഒരു മന:സ്ഥിതിയിൽ ആക്കിത്തീർക്കുക. ഈ വിധത്തിൽ അയാളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ പ്രാരംഭത്തിൽ നിങ്ങൾ വിജയിക്കുന്നില്ലെങ്കിൽപോലും ഒരു സാക്ഷി സന്ദർശിക്കുന്ന അടുത്ത പ്രാവശ്യം അയാൾ കൂടുതൽ സ്വീകാര്യക്ഷമതയുളള ആളായിരിക്കാം.