സുവാർത്ത സമർപ്പിക്കൽ—വിവേചനയോടെ
1 ഒരു നിശ്വസ്ത സദൃശവാക്യം ഇങ്ങനെ പറയുന്നു: “വിവേചനയെ കാത്തുസൂക്ഷിക്കുന്നവൻ നൻമ കണ്ടെത്താൻ പോകുകയാണ്.” (സദൃ. 19:8) ഈ വാക്കുകളുടെ ജ്ഞാനം നമ്മുടെ പ്രസംഗപ്രവർത്തനത്തിൽ മിക്കപ്പോഴും സത്യമെന്നു തെളിഞ്ഞിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, വിവേചനയും നയവും ഉപയോഗിക്കുന്നതിനാൽ അനേകം പ്രസാധകർ സാദ്ധ്യതയുളള സംഭാഷണമുടക്കികളെ കൂടുതലായ സാക്ഷ്യം കൊടുക്കുന്നതിനുളള അവസരങ്ങളാക്കി മാററിയിട്ടുണ്ട്. അല്ലെങ്കിൽ അവർ കുറഞ്ഞപക്ഷം പിന്നീടൊരു സമയത്ത് കൊടുക്കാനുളള സാക്ഷ്യത്തിന് അടിത്തറ പാകിയിട്ടുണ്ട്. ഇത് എങ്ങനെ ചെയ്യാൻ കഴിയും?
സംഭാഷണമുടക്കികളെ കൈകാര്യംചെയ്യൽ
2 മിക്കപ്പോഴും നാം “ഞാൻ തിരക്കിലാണ്” എന്നു പറയുന്ന ആളുകളെ കാണാറുണ്ട്. വീട്ടുകാരൻ യഥാർത്ഥത്തിൽ തിരക്കിലാണോ, അതോ ദീർഘമായ ഒരു ചർച്ചയിലുൾപ്പെടാതിരിക്കാൻവേണ്ടി മാത്രം അങ്ങനെ പറയുകയാണോ? വിവേചന ആവശ്യമാണ്. അയാൾ യഥാർത്ഥത്തിൽ തിരക്കുളളയാളാണെന്ന് തോന്നുന്നില്ലെങ്കിൽ നമുക്ക് ഈ സംഭാഷണമുടക്കിയെ തരണംചെയ്യാൻ ശ്രമിക്കാവുന്നതാണ്. നമുക്ക് ഇങ്ങനെ പറയാവുന്നതാണ്: “ആ സ്ഥിതിക്ക് ഞാൻ ചുരുക്കിപ്പറയാം.” പിന്നീട് സംഭാഷണം പരിമിതപ്പെടുത്താമെന്നുളള സമ്മതം മനസ്സിൽപിടിച്ചുകൊണ്ട് പറയാൻ ഉദ്ദേശിച്ചത് നമുക്ക് സംഗ്രഹിക്കാൻ കഴിയും. നമ്മുടെ പരിഗണനയുടെയും താത്പര്യമുണർത്തുന്ന പ്രസ്താവനകളുടെയും ഫലമായി ആ വ്യക്തി അപ്പോൾത്തന്നെ ചർച്ച തുടരാനുളള ആഗ്രഹം സൂചിപ്പിക്കുകപോലും ചെയ്തേക്കാം.
3 നിങ്ങൾ സമീപിക്കുന്നയാൾ യഥാർത്ഥത്തിൽ തിരക്കിലാണെന്നിരിക്കട്ടെ. നാം അനായാസം പിൻമാറാനാഗ്രഹിക്കുന്നില്ലെങ്കിലും നാം ശാഠ്യം പിടിക്കുകയും നിർബന്ധിക്കുകയും ചെയ്താൽ നാം ഒരു പ്രതികൂലധാരണ ഉളവാക്കിയേക്കാം. ഒരു വീട്ടുകാരി ഒരു പാചകഉപകരണവുമായി പുറത്തേക്കുവരുകയും ഭക്ഷണം പാചകംചെയ്യുന്നതിന്റെ ഗന്ധം വരുകയും ചെയ്യുന്നുവെങ്കിൽ അവർ യഥാർത്ഥത്തിൽ തിരക്കിലായിരിക്കാൻ വളരെ സാദ്ധ്യതയുണ്ട്. അതുകൊണ്ട് വിവേചനയും നല്ല തീരുമാനവും ആവശ്യമാണ്. ആ സമയത്ത് സംഭാഷണംനടത്താൻ കടുംപിടുത്തം പിടിക്കുന്നത് മര്യാദയല്ല. സാഹചര്യങ്ങളെ ആശ്രയിച്ച് വീട്ടുകാരിക്ക് ഒരു മാസിക സമർപ്പിക്കുകയോ ഒരു ലഘുലേഖ കൊടുക്കുകയോ ചെയ്തിട്ട് പിന്നീട് സന്ദർശിക്കാമെന്ന് നിർദ്ദേശിക്കുന്നത് എത്രയോ മെച്ചമായിരിക്കും. ഇത് കൂടുതൽ അനുകൂലമായ ഒരു ധാരണ ഉളവാക്കും. ഒരു സാക്ഷി അടുത്ത പ്രാവശ്യം സന്ദർശിക്കുമ്പോൾ ഒരു നല്ല സാക്ഷ്യം കൊടുക്കാൻ കഴിഞ്ഞേക്കും.
വ്യക്തിയുടെ സ്വഭാവത്തോടു പ്രതികരിക്കൽ
4 ചില സന്ദർഭങ്ങളിൽ നാം വീടുതോറുമുളള ശുശ്രൂഷയിൽ സന്ദർശിക്കുമ്പോൾ പരുഷരായ ആളുകളെ കണ്ടുമുട്ടുന്നു. അപ്പോൾ നാം എന്തു ചെയ്യണം? സദൃശവാക്യങ്ങൾ 17:27 ബുദ്ധിയുപദേശിക്കുന്നു: “വിവേചനയുളള മനുഷ്യൻ ശാന്തതയുളളവനാണ്.” എത്ര നല്ല ബുദ്ധിയുപദേശം! താത്പര്യം പ്രകടമാക്കിക്കൊണ്ടുളള സൗമ്യമായ ശബ്ദം മിക്കപ്പോഴും അങ്ങനെയുളള ഒരാളെ ശാന്തനാക്കാൻ ഉതകിയേക്കാം. കൂടാതെ, അയാൾക്ക് താത്പര്യമുളള ഒരു പ്രശ്നം സംബന്ധിച്ച് അയാളുടെ അഭിപ്രായം പറയിക്കാൻ നമുക്കു കഴിഞ്ഞാൽ അയാൾ അധികം എതിർപറയാതിരുന്നേക്കാം. അയാൾ സംഭാഷണം ചുരുക്കുന്നുവെങ്കിൽത്തന്നെ, നമ്മുടെ സൗമ്യമായ പ്രതികരണം അയാളെ യഹോവയുടെ സാക്ഷികളുടെ വേലയോട് ഒരു മെച്ചപ്പെട്ട മനസ്ഥിതിയുളളവനാക്കിത്തീർക്കാനിടയുണ്ട്. അത് നല്ല ഒരു നേട്ടമായിരിക്കും. തീർച്ചയായും, ഒരു വീട്ടുകാരൻ അസ്വസ്ഥനാകുകയും കോപിക്കുകയും ചെയ്യുന്നുവെങ്കിൽ ശാന്തമായി സ്ഥലം വിടുന്നതും ഒരുപക്ഷേ മറെറാരു സമയത്ത് അയാളോടു സാക്ഷീകരിക്കാൻ ശ്രമിക്കുന്നതും ഏററവും നന്നായിരിക്കും.
5 ഇനി തർക്കിക്കുന്നവരെങ്കിലും ആത്മാർത്ഥതയുളളവരായിരിക്കാവുന്ന ആളുകളുണ്ട്. ഈ സാഹചര്യങ്ങളിൽ അവരുമായി സംഭാഷണം തുടരുന്നത് നമുക്ക് ഒരു യഥാർത്ഥ പരിശോധനയായേക്കാം. എന്നാൽ നാം വിവേചനയുളളവരാണെങ്കിൽ, വീട്ടുകാരൻ ശക്തമായി ഒരു വ്യത്യസ്തവീക്ഷണം പ്രകടമാക്കുന്നതുകൊണ്ടുമാത്രം അയാൾക്ക് താത്പര്യമില്ലെന്ന് നാം അവശ്യം നിഗമനം ചെയ്യുകയില്ല. അയാളുടെ വിശ്വാസത്തിന്റെ കാരണം കണ്ടുപിടിക്കാനുളള ശ്രമത്തിൽ നയപരമായ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്, അനന്തരം ആ വിഷയംസംബന്ധിച്ച് ബൈബിൾ പറയുന്നത് അയാളെ കാണിച്ചുകൊടുക്കുക. (സദൃ. 20:5) അയാളുടെ പ്രതികരണത്തെ അടിസ്ഥാനപ്പെടുത്തി സംഭാഷണം തുടരുന്നത് പ്രയോജനകരമാണോയെന്ന് നമുക്ക് തീരുമാനിക്കാൻകഴിയും.
6 വിവേചനയുളള ഒരു പ്രസാധകൻ സമയവും സാഹചര്യങ്ങളും മിക്കപ്പോഴും രാജ്യദൂതിനോടുളള ഒരു വീട്ടുകാരന്റെ മനോഭാവത്തിന് മാററംവരുത്തുന്നുവെന്ന് തിരിച്ചറിയുന്നു. നാം സന്ദർശിക്കുന്ന അടുത്ത പ്രാവശ്യം അയാളുടെ പ്രതികരണം തീർത്തും വ്യത്യസ്തമായിരിക്കാം. നാം കഴിഞ്ഞ പ്രാവശ്യം വീട്ടുവാതിൽ സന്ദർശിച്ചപ്പോഴത്തെ വീട്ടുകാരന്റെ പ്രതികരണവിധം നിമിത്തം നമുക്ക് നിഷേധാത്മകപ്രതികരണം ലഭിക്കുമെന്ന് സങ്കൽപ്പിക്കാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കണം.
7 നാം ഒരു സംഭാഷണം തുടരണമോയെന്നു തീരുമാനിക്കുന്നത് എളുപ്പമല്ല. എന്നിരുന്നാലും, പഠിപ്പിക്കൽകല വളർത്തിയെടുക്കുന്നതിനാൽ വിവേചനയോടെ സുവാർത്ത അവതരിപ്പിക്കുന്നതിൽ നാം കൂടുതൽ ഫലപ്രദരായിത്തീരും, അതേ സമയം നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കാൻ നാം യഹോവയിലേക്കു നോക്കുന്നു.—1 കൊരി. 3:6; തീത്തോ. 1:9.