നമ്മുടെ സ്വന്തം ഉത്തരവാദിത്വത്തിന്റെ ചുമടു ചുമക്കൽ
1 ഇന്ന് ഉത്തരവാദിത്വത്തിന്റെ ആശയം ആളുകളെ ഭാരപ്പെടുത്തുന്നതായി തോന്നുന്നു. അനേകർ അതിൽനിന്ന് ഒഴിഞ്ഞുമാറാൻ പരിശ്രമിക്കുന്നു. അതിന്റെ ഫലമായി ഭർത്താക്കൻമാർ ഭാര്യമാരെ കൈവിടുന്നു, മാതാക്കൾ കുട്ടികളെ മറന്നുകളയുന്നു, യുവാക്കൾ സ്കൂളിൽനിന്ന് പൊഴിയുന്നു, പൗരൻമാർ നികുതി വെട്ടിക്കുന്നു. നിരുത്തരവാദപരമായ പ്രവൃത്തികളുടെ പട്ടിക നീണ്ടുനിണ്ടുപോകുന്നു. ഉത്തരവാദിത്വബോധമുളള ഒരാൾ ആശ്രയയോഗ്യനും തന്റെ നടത്തക്ക് സമാധാനം പറയാൻ മനസ്സൊരുക്കവും പ്രാപ്തിയും ഉളളവനും ആണ്. അതുകൊണ്ട് ദൈവത്തിന്റെ വചനം ക്രിസ്ത്യാനികളെ സംബന്ധിച്ച്, “ഓരോരുത്തനും അവനവന്റെ സ്വന്തം ചുമടു ചുമക്കും” എന്ന് വ്യക്തമായി പറയുന്നു. (ഗലാ. 6:5) 1992 സേവന വർഷത്തിലെ സർക്കിട്ട്സമ്മേളന വിഷയം, “നമ്മുടെ സ്വന്തം ഉത്തരവാദിത്വത്തിന്റെ ചുമടു ചുമക്കൽ” എന്നതായിരിക്കുന്നത് എത്ര ഉചിതമാണ്! ഈ പരമ്പര 1992 ജനുവരിയിൽ തുടങ്ങും. നാമെല്ലാവരും ഹാജരാവുന്നതിന് കൃത്യമായ ആസൂത്രണങ്ങൾ ചെയ്യണം.
2 പ്രസംഗങ്ങളും ലഘുപ്രകടനങ്ങളും പ്രകടനങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളും മുഖേന ഈ നല്ല സർക്കിട്ട് സമ്മേളന പരിപാടി ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്കെല്ലാമുളള വിവിധ ഉത്തരവാദിത്വങ്ങൾ വ്യക്തമായി വിവരിക്കും. ശനിയാഴ്ച ഉച്ചതിരിഞ്ഞ്, നമുക്കെല്ലാം സന്തോഷപൂർവം നമ്മുടെ ഉത്തരവാദിത്വങ്ങൾ എങ്ങനെ നോക്കാൻ കഴിയുമെന്ന് വിശദമാക്കുന്ന നാലുഭാഗങ്ങളുളള ഒരു സിംപോസിയം വിശേഷവൽക്കരിക്കപ്പടും. നമ്മുടെ യുവജനങ്ങൾക്ക് ഒരു ഉത്തരവാദിത്വം വഹിക്കാനുണ്ട്. ശനിയാഴ് ഉച്ചതിരിഞ്ഞുളള സർക്കിട്ട് മേൽവിചാരകന്റെ പ്രസംഗം വിശേഷാൽ അവരിലേക്ക് തിരിച്ചുവിടപ്പെടും. ശനിയാഴ്ച പുതുതായി സമർപ്പണം ചെയ്തിരിക്കുന്നവർക്ക് സ്നാപനമേൽക്കുന്നതിനുളള ഒരു അവസരവുമുണ്ടായിരിക്കും. സർക്കിട്ട്സമ്മേളനത്തിൽ സ്നാപനമേൽക്കാൻ ആസൂത്രണം ചെയ്യുന്നവരെല്ലാം നേരത്തെ അദ്ധ്യക്ഷമേൽവിചാരകനെ അറിയിക്കുന്നതായാൽ അതിനുവേണ്ടി ഒരുക്കം ചെയ്യാൻകഴിയും.
3 ഞായറാഴ്ച രാവിലെ നാലുഭാഗങ്ങളോടുകൂടിയ മറെറാരു സിംപോസിയം പ്രസംഗിക്കാനുളള നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വത്തിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട് ഞായറാഴ്ച ഉച്ചതിരിഞ്ഞ് “ദൈവത്തിന്റെ പുതിയ ലോകം—ആർ പ്രവേശിക്കാൻ യോഗ്യരാകും?” എന്ന പ്രസംഗം ഡിസ്ട്രിക്ററ് മേൽവിചാരകൻ നടത്തുന്നതായിരിക്കും. ഈ പ്രസംഗം കേൾക്കാൻ പുതിയ താത്പര്യക്കാരെയെല്ലാം ക്ഷണിക്കാൻ ജാഗ്രതയുണ്ടായിരിക്കുക.
4 ഈ വിശിഷ്ട ദ്വിദിനപരിപാടിക്ക് ഹാജരായി പൂർണ്ണമായി പ്രയോജനമനുഭവിക്കാൻ നമ്മളെല്ലാം കാര്യാദികൾ ക്രമപ്പെടുത്താൻ ആഗ്രഹിക്കും. നിങ്ങളുടെ സർക്കിട്ട്മേൽവിചാരകൻ നിങ്ങളുടെ സഭക്കുവേണ്ടി പട്ടികപ്പെടുത്തിയിരിക്കുന്ന സ്ഥലവും തീയതിയും നിങ്ങളെ അറിയിക്കുന്നതായിരിക്കും.