സുവാർത്ത സമർപ്പിക്കൽ—വിവേചനയോടെ
1 അപ്പോസ്തലനായ പൗലോസ് വ്യത്യസ്ത വിശ്വാസങ്ങളോടും പശ്ചാത്തലങ്ങളോടും കൂടിയ ആളുകൾക്ക് സുവാർത്ത സമർപ്പിക്കുന്നതിൽ വിവേചന ഉപയോഗിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു. നമ്മുടെ നാളിൽ ചിലയാളുകൾ മതവിശ്വാസികളാണെന്നു നടിക്കുമ്പോൾ മററുളളവർ ആത്മീയചായ്വുളളവരല്ലാതിരിക്കയും ആത്മീയമൂല്യങ്ങളെ വിലമതിക്കാതിരിക്കയും ചെയ്യുന്നു. സുവാർത്തയുടെ പ്രസാധകരെന്ന നിലയിൽ നാം ശുശ്രൂഷയിൽ വിവേചന ഉപയോഗിച്ചുകൊണ്ട് രാജ്യദൂത്, “എല്ലാത്തരത്തിലുമുളള ആളുകൾക്ക്” ആകർഷകമാക്കണം.—1 കൊരി. 9:19-23.
വീട്ടുകാരനെ മനസ്സിലാക്കുക
2 വയൽസേവനത്തിലെ വിവേചനയുടെ പ്രായോഗികമായ ബാധകമാക്കലിൽ നമ്മുടെ അവതരണത്തെ വീട്ടുകാരന്റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമാക്കിത്തീർക്കുന്നതിനുളള കഴിവ് ഉൾപ്പെടുന്നു. ഇതിന് നല്ല തയ്യാറാകൽ ആവശ്യമാണ്. ലഭ്യമായ പുസ്തകങ്ങളിലും മാസികകളിലും പരിചിന്തിക്കപ്പെട്ടിരിക്കുന്ന വിപുലവിവിധങ്ങളായ വിഷയങ്ങൾ നന്നായി പരിചിതമാക്കുന്നതിനാൽ പ്രസാധകന് വൈവിദ്ധ്യമാർന്ന സംസാരാശയങ്ങളോടെ സുവാർത്ത സമർപ്പിക്കാൻ തയ്യാറായിരിക്കാൻ കഴിയും. നാം പ്രായമുളളവരോടും യുവാക്കളോടും കുടുംബത്തലവൻമാരോടും കുടുംബിനികളോടും ഉദ്യോഗസ്ഥകളായ സ്ത്രീകളോടും മററുളളവരോടും സംസാരിക്കുമ്പോൾ നാം അവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾ കണക്കിലെടുക്കേണ്ടതിന്റെയും അവതരിപ്പിക്കുന്നതിനുളള വിഷയം തിരഞ്ഞെടുക്കുന്നതിൽ വിവേചന ഉപയോഗിക്കേണ്ടതിന്റെയും ആവശ്യമുണ്ട്.
3 നിങ്ങൾ വീട്ടുകാരനെ സമീപിക്കുമ്പോൾ ചുററുപാടുകൾ സംബന്ധിച്ച് ജാഗ്രതയുളളവരായിരിക്കുക. നിങ്ങൾക്ക് വീട്ടുകാരൻ ഒരു പിതാവാണോയെന്നും ഒരു പ്രത്യേക മതപശ്ചാത്തലമുളളയാളാണോയെന്നും അയാളുടെ ഭവനം സൂക്ഷിക്കുന്നതിൽ പ്രത്യേകം താൽപ്പര്യമുളളയാളാണോയെന്നും മററും വിവേചിക്കാൻ കഴിഞ്ഞേക്കും. ഈ വിവരങ്ങളാൽ നിങ്ങൾക്ക് വീട്ടുകാരന്റെ സാഹചര്യങ്ങൾക്കും താൽപര്യങ്ങൾക്കും യോജിക്കത്തക്കവണ്ണം നിങ്ങളുടെ മുഖവുര പൊരുത്തപ്പെടുത്താൻ കഴിയും. നയത്തോടും വിവേകത്തോടുംകൂടിയ ചോദ്യങ്ങളാലും അവധാനപൂർവം അയാളുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നതിനാലും നിങ്ങൾക്ക് അയാളുടെ വിശ്വാസങ്ങളും വികാരങ്ങളും വിവേചിക്കാവുന്നതും അതിനുശേഷം നിങ്ങളുടെ അവതരണം തുടരുന്നതിനുളള ഏററം നല്ല മാർഗ്ഗം തീരുമാനിക്കാവുന്നതുമാണ്.
നിങ്ങളുടെ അവതരണത്തെ പൊരുത്തപ്പെടുത്തുക
4 നിങ്ങൾ വീടിനെ സമീപിക്കുമ്പോൾ കളിപ്പാട്ടങ്ങളൊ കുട്ടികളെയൊ കാണുന്നെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് ഇപ്പോഴത്തെ സംഭാഷണവിഷയത്തിലേക്ക് കടക്കാവുന്നതാണ്: “ഞങ്ങൾ സമൂഹത്തിലെ മാതാപിതാക്കളുമായി അവർ തങ്ങളുടെ കുട്ടികൾക്ക് പ്രദാനം ചെയ്യുന്ന മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സംസാരിച്ചുവരികയാണ്. അനേകം മാതാപിതാക്കളും സ്കൂൾവ്യവസ്ഥയിൽ കുട്ടികൾക്കുവേണ്ടിയുളള ധാർമ്മിക മാർഗ്ഗനിർദ്ദേശത്തിന്റെ കുറവുസംബന്ധിച്ച് ഉൽക്കണ്ഠയുളളവരാണ്. നിങ്ങൾ ഈ വഴിക്കുളള ഒരു പ്രശ്നം നിരീക്ഷിച്ചിട്ടുണ്ടോ?” വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിക്കുക. പ്രതികരണം വീട്ടുകാരന് ഒരു മതപരമായ ചായ്വുണ്ടെന്ന് സൂചിപ്പിക്കുന്നെങ്കിൽ നിങ്ങൾക്കിങ്ങനെ തുടരാവുന്നതാണ്: “ബൈബിൾ നമുക്കും നമ്മുടെ കുട്ടികൾക്കും ജ്ഞാനപൂർവകമായ മാർഗ്ഗനിർദ്ദേശം ലഭിക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുന്നുവെന്നത് രസാവഹമാണ്. ഇവിടെ സദൃശവാക്യങ്ങൾ 14:12-ൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.” തിരുവെഴുത്തു വായിച്ചശേഷം നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്: “നമുക്കുവേണ്ടിയുളള ബൈബിളിന്റെ ബുദ്ധിയുപദേശം എത്ര പ്രായോഗികമാണെന്ന് ഊന്നിപ്പറഞ്ഞ ചിലത് ഞാൻ ഈ അടുത്തയിട വായിച്ചിരുന്നു.” അതിജീവനം പുസ്തകത്തിന്റെ 30-ാം പേജിലേക്ക് തിരിഞ്ഞ് ഖണ്ഡിക 1 വായിക്കുക. അടുത്തതായി 33-ാം പേജിലേക്കു തിരിഞ്ഞ് ചിത്രം പ്രദർശിപ്പിക്കുക. 37-ാം പേജിലെ അവസാനത്തെ രണ്ടു വാചകങ്ങൾ വായിച്ചുകൊണ്ട് ഉപസംഹരിപ്പിക്കുക. പ്രസിദ്ധീകരണം 10 രൂപക്ക് സമർപ്പിക്കുക.
5 വീട്ടുകാരന്റെ പ്രതികരണം അയാൾ ഒരു വ്യത്യസ്ത വിശുദ്ധഗ്രന്ഥം പിൻപററുന്നുവെന്ന് സൂചിപ്പിക്കുന്നെങ്കിൽ നിങ്ങളുടെ അവതരണം വ്യത്യാസപ്പെടുത്തി ഇപ്രകാരം പറഞ്ഞുകൊണ്ട് വിവേചന പ്രകടിപ്പിക്കാൻ കഴിയും: “ഒരുവന്റെ മതപരമായ വിശ്വാസം എന്തുതന്നെയായിരുന്നാലും നീതിപൂർവം ചിന്തിക്കുന്ന എല്ലാവരും ഇപ്പോഴത്തെ അസംതൃപ്തമായ ലോകം മാറി മെച്ചപ്പെട്ട ഒന്നു വന്നുകാണാൻ കാംക്ഷിക്കുന്നു. അത്തരത്തിലുളള പ്രത്യാശ സംബന്ധിച്ച് ഈ പ്രസിദ്ധീകരണത്തിനു പറയാനുളളത് എന്തെന്ന് ശ്രദ്ധിക്കുക.” അദ്ധ്യായം 7, ഖണ്ഡിക 1-3-ലെ ആശയങ്ങൾ ഉപയോഗിക്കുക. കൂടാതെ അദ്ധ്യായം 24 ഖണ്ഡിക 5 അല്ലെങ്കിൽ 14. പുസ്തകം 10 രൂപക്ക് സമർപ്പിക്കുക.
6 നാം നന്നായി തയ്യാറാവുകയും യഹോവയുടെ സേവനത്തിൽ വിവേചന പ്രകടമാക്കുകയും ചെയ്യുമ്പോൾ നമുക്ക് അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ പറയാൻ കഴിയും, “ഞാൻ ഏതു വിധേനയും ചിലരെ രക്ഷിക്കേണ്ടതിന് എല്ലാത്തരത്തിലുമുളള ആളുകൾക്ക് എല്ലാമായിത്തീർന്നു.”—1 കൊരി. 9:22; സദൃശ. 19:8.