സുവാർത്ത സമർപ്പിക്കൽ—ഭവന ബൈബിളദ്ധ്യയനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്
1 സെപ്ററംബർ 1991-ലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം ക്രിസ്തുവിന്റെ ശിഷ്യൻമാരെ ഉളവാക്കുന്ന പ്രക്രിയയിൽ നടുകയും നനക്കുകയും ചെയ്യുന്നതിനുളള നമ്മുടെ ഉത്തരവാദിത്വം നമ്മെ ഓർമ്മിപ്പിച്ചു. രാജ്യദൂതിനോട് പ്രതികരണം കാണിക്കുന്ന ആളുകളോടുളള നമ്മുടെ സ്നേഹം മൂലം നാം ബൈബിളദ്ധ്യയനങ്ങൾ നടത്താൻ പ്രേരിതരായിത്തീരണമെന്ന് അത് പ്രകടമാക്കി. ഭവനബൈബിളദ്ധ്യയനങ്ങൾ വാഗ്ദാനം ചെയ്യൽ ശിഷ്യരാക്കുന്നതിനുളള നമ്മുടെ നിയോഗം നിറവേററാൻ നമ്മെ സഹായിക്കും.—മത്താ. 28:19, 20.
2 നൽകപ്പെട്ട നല്ല പ്രോൽസാഹനം നമ്മിലനേകരും പ്രായോഗികമാക്കാൻ തുടങ്ങിയെന്നു കാണുന്നത് നല്ലതാണ്. കൂടുതലായി അനേകം ബൈബിളദ്ധ്യയനങ്ങൾ നടത്തപ്പെടുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻഡ്യയിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ബൈബിളദ്ധ്യയനങ്ങളുടെ എണ്ണം 1990 സേവനവർഷത്തെക്കാൾ 1991-ൽ ഏകദേശം 17 ശതമാനം വർദ്ധിച്ചു. നിശ്ചയമായും, ആദ്യമായി അദ്ധ്യയനങ്ങൾ നടത്താൻ തുടങ്ങിയവർ ശിഷ്യരാക്കൽവേലയിൽ തങ്ങൾക്കുളള പങ്കിൽ സന്തോഷിക്കുന്നുണ്ടായിരിക്കും. എന്നാൽ നമ്മുടെ ശുശ്രൂഷയുടെ പ്രതിഫലദായകമായ ഈ വശത്ത് അധികംപേർക്ക് എങ്ങനെ പങ്കുപററാൻ കഴിയും?
3 മാസത്തേക്കുളള സമർപ്പണം ഉപയോഗിക്കുക: പുതിയ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നതിന് ഡിസംബർ വിശേഷാൽ ഉചിതമായ ഒരു മാസമാണ്. നാം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരവും ബൈബിൾ—ദൈവത്തിന്റെ വചനമൊ അതോ മനുഷ്യന്റേതോ? എന്നതും സമർപ്പിക്കും. വീട്ടുകാരന്റെ താൽപ്പര്യം വികസിപ്പിക്കുന്നതിനുളള ഒരു നല്ല മാർഗ്ഗം ന്യായവാദം പുസ്തകത്തിൽ കാണുന്ന നിർദ്ദേശങ്ങൾ ഉപയോഗിക്കുന്നതായിരിക്കും.
4 ന്യായവാദം പുസ്തകത്തിന്റെ 10-ാം പേജിൽ നിർദ്ദേശിച്ചിരിക്കുന്ന മുഖവുരകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ബൈബിൾ വിശേഷവൽക്കരിക്കാവുന്നതാണ്. അവിടെ ബൈബിളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് അഞ്ചു വ്യത്യസ്ത മാർഗ്ഗങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ജീവിതപ്രശ്നങ്ങൾക്ക് ബൈബിളിന്റെ ഉത്തരങ്ങൾ തേടുന്നതിന് ആളുകളെ പ്രോൽസാഹിപ്പിക്കുന്നത് ഒരു ബൈബിളദ്ധ്യയനത്തിനുളള വഴി തുറന്നേക്കാം.
5 ന്യായവാദം പുസ്തകത്തിന്റെ 12-ാം പേജിലെ “ഭവന ബൈബിളദ്ധ്യയനം” എന്ന ഉപശീർഷകത്തിൻകീഴിൽ ദൈവത്തിന്റെ വചനം പുസ്തകത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് പ്രയോജനപ്രദമായ രണ്ടു നിർദ്ദേശങ്ങൾ ഉണ്ട്. രണ്ടും വ്യവസ്ഥാപിതമായ വിധത്തിൽ അദ്ധ്യയനം നടത്താൻ പുസ്തകം ഉപയോഗിക്കുന്നതിന് പ്രോൽസാഹിപ്പിക്കുന്നു. നിങ്ങൾ ബൈബിളദ്ധ്യയനം തുടങ്ങുന്നതിന് നേരിട്ടുളള സമീപനരീതി ഉപയോഗിക്കുന്നെങ്കിൽ നിങ്ങൾക്ക് ഒക്ടോബർ 1991-ലെ നമ്മുടെ രാജ്യശുശ്രൂഷയിലെ നല്ല നിർദ്ദേശങ്ങൾ പിൻപററാൻ കഴിയും.
6 യഹോവയിൽ ആശ്രയിക്കുക: ബൈബിളദ്ധ്യയനവേലയിൽ വിജയിക്കുന്നതിന്, ഭവനബൈബിളദ്ധ്യയനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലെ വിജയം യഹോവയുടെ സഹായത്താൽ മാത്രമേ നേടാൻ കഴിയുകയുളളു എന്ന് നാം ഓർമ്മിക്കണം. ആളുകളെ സഹായിക്കുന്നതിനുളള നമ്മുടെ പ്രയത്നങ്ങളിൽ അവൻ മുഖ്യ പങ്കു വഹിക്കുന്നു. (1 കൊരി. 3:6) അതുകൊണ്ട്, നാം ആരെയെങ്കിലും അദ്ധ്യയനം നടത്താൻ കണ്ടെത്തുന്നതിനുവേണ്ടി മാത്രമല്ല പിന്നെയോ നാം കണ്ടെത്തിയ താൽപ്പര്യക്കാരുടെ അഭിവൃദ്ധിക്കുവേണ്ടിയും പ്രാർത്ഥിക്കണം. (യോഹ. 16:23) നാം “ദൈവത്തിന്റെ സഹപ്രവർത്തകരാ”ണെന്ന് ഓർക്കണം.—1 കൊരി. 3:9.