ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങൽ
1 സത്യക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കാവുന്ന ഏററവും പ്രതിഫലദായകവും സംതൃപ്തികരവും ആയ അനുഭവങ്ങളിൽ ഒന്ന് ഒരു ഭവന ബൈബിളധ്യയനം മുഖാന്തരം ആരെയെങ്കിലും സത്യം പഠിപ്പിക്കുക എന്നതാണ്. പ്രതിഫലദായകവും സംതൃപ്തികരവുമായ ശുശ്രൂഷയുടെ ഈ മണ്ഡലത്തിൽ ചിലർ പങ്കുപററാതിരുന്നേക്കാം, കാരണം ഒരു ബൈബിളധ്യയനം തുടങ്ങാനും നടത്താനും തങ്ങൾ അപ്രാപ്തരാണെന്ന് അവർ വിചാരിക്കുന്നു. പ്രമുഖരായ പല പ്രസാധകരും പയനിയർമാരും ഒരിക്കൽ അങ്ങനെ ചിന്തിച്ചിരുന്നു. എന്നിരുന്നാലും യഹോവയിൽ ആശ്രയിക്കുകയും നമ്മുടെ രാജ്യ ശുശ്രൂഷയിലെ നിർദേശങ്ങൾ ബാധകമാക്കുകയും ചെയ്തുകൊണ്ടു ബൈബിളധ്യയനങ്ങൾ എങ്ങനെ തുടങ്ങാനും നടത്താനും കഴിയുമെന്ന് അവർ പഠിച്ചു. അവർ ശുശ്രൂഷയിലെ സന്തോഷം വർധിപ്പിക്കുകയും ചെയ്തു. നിങ്ങൾക്ക് അതേ ലക്ഷ്യം ഉണ്ടായിരിക്കാൻ കഴിയും.
2 നേരിട്ടുളള രീതിയും ലഘുലേഖകളും ഉപയോഗിച്ച്: ഒരു അധ്യയനം തുടങ്ങാനുളള ഏററവും എളുപ്പമായ മാർഗങ്ങളിൽ ഒന്ന് നേരിട്ടുളള രീതിയാണ്. ചിലയാളുകൾക്ക് ആവശ്യമായിരിക്കുന്നതു ബൈബിൾ പഠിക്കാനുളള ഊഷ്മളമായ ഒരു ക്ഷണം മാത്രമാണ്. വീട്ടുകാരനോടു കേവലം ഇങ്ങനെ ചോദിച്ചുകൊണ്ട് ഇതു ചെയ്യാവുന്നതാണ്: “വ്യക്തിപരമായ ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കാനും ബൈബിളിനെയും ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെയും കുറിച്ചുളള നിങ്ങളുടെ അറിവു വർധിപ്പിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ?” അല്ലെങ്കിൽ ഭവന ബൈബിളധ്യയനം നടത്തുന്ന വിധം പ്രകടിപ്പിച്ചു കാണിക്കാൻ നിങ്ങൾ സന്തുഷ്ടനായിരിക്കുമെന്നു വീട്ടുകാരനോടു പറയാവുന്നതാണ്. ഈ ക്ഷണം പലരും നിരസിച്ചേക്കാമെങ്കിലും അതു സ്വീകരിക്കുന്ന ആരെയെങ്കിലും കണ്ടെത്തുന്നതിലെ നിങ്ങളുടെ സന്തോഷത്തെക്കുറിച്ചു ചിന്തിക്കുക!
3 ഒരു ബൈബിളധ്യയനം തുടങ്ങുന്നതിനുളള മറെറാരു മാർഗം നമ്മുടെ ലഘുലേഖകളിൽ ഒന്ന് ഉപയോഗിക്കുന്നതാണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും ശക്തവും ബോധ്യപ്പെടുത്തുന്നതുമായ ഒരു സന്ദേശം അവ അവതരിപ്പിക്കുന്നു. ഒരു ലഘുലേഖ ഉപയോഗിച്ചുകൊണ്ട് അധ്യയനം എങ്ങനെ തുടങ്ങാൻ കഴിയും? വീട്ടുകാരന് ഇഷ്ടപ്പെടുമെന്നു നിങ്ങൾ കരുതുന്ന ഒരു ലഘുലേഖ അദ്ദേഹത്തിനു കൊടുത്തുകൊണ്ടുതന്നെ. അതിനുശേഷം മുൻകൈയെടുത്ത് ആദ്യത്തെ ഖണ്ഡിക വായിക്കാൻ വീട്ടുകാരനെ ക്ഷണിക്കുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കുകയും വിഷയത്തിന് അവ എങ്ങനെ ബാധകമാകുന്നു എന്നു ചർച്ച ചെയ്യുകയും ചെയ്യുക. ആദ്യ സന്ദർശനത്തിൽ നിങ്ങൾക്ക് ഒന്നോ രണ്ടോ ഖണ്ഡികകൾ മാത്രം ചർച്ച ചെയ്യാവുന്നതാണ്. ബൈബിളിൽനിന്നു താത്പര്യജനകമായ വിഷയങ്ങളാണു താൻ പഠിച്ചുകൊണ്ടിരിക്കുന്നതെന്നു വീട്ടുകാരൻ വിലമതിച്ചുതുടങ്ങുമ്പോൾ ചർച്ചകളിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം വർധിപ്പിക്കാൻ കഴിഞ്ഞേക്കാം.
4 കേവലം ബൈബിൾ ഉപയോഗിച്ച്: ചിലപ്പോൾ ഒരു വ്യക്തി ബൈബിൾ ചർച്ച ചെയ്യാൻ സമ്മതിക്കുന്നുവെങ്കിലും ഒരു ഔപചാരിക അധ്യയനം സ്വീകരിക്കാനോ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഒന്ന് ഉപയോഗപ്പെടുത്താനോ വിമുഖത കാട്ടിയേക്കാം. നിങ്ങൾക്ക് അപ്പോഴും എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെയോ ന്യായവാദം പുസ്തകത്തിലെയോ ഭാഗങ്ങളെ അടിസ്ഥാനമാക്കി താത്പര്യജനകമായ തിരുവെഴുത്തു ചർച്ചകൾ തയ്യാറാക്കാനും, എന്നാൽ താത്പര്യക്കാരനെ സന്ദർശിക്കുമ്പോൾ ബൈബിൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു ബൈബിളധ്യയനം തുടങ്ങാനും നടത്താനും കഴിയും. അത്തരം ചർച്ചകൾ 15-ഓ 20-ഓ മിനിറേറാ, സാഹചര്യങ്ങളെ ആശ്രയിച്ച് അതിൽ കൂടുതൽ സമയമോ ദീർഘിച്ചേക്കാം. ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതിനു ക്രമാനുഗതമായ ഒരു രീതി തുടർച്ചയായി ഉപയോഗിച്ചാൽ അപ്പോൾ നിങ്ങൾ ഒരു ബൈബിളധ്യയനം തുടങ്ങിക്കഴിഞ്ഞു, ഒരു ബൈബിളധ്യയനമായി അതു റിപ്പോർട്ടു ചെയ്യാവുന്നതുമാണ്. ഉചിതമായ സമയം വരുമ്പോൾ എന്നേക്കും ജീവിക്കാൻ പുസ്തകം പരിചയപ്പെടുത്തുകയും ഒരു ഔപചാരിക അധ്യയനം നടത്തുകയും ചെയ്യുക.
5 വയൽശുശ്രൂഷയിലെ അവസരങ്ങൾ കണ്ടെത്തുന്നതു കൂടാതെ അയൽക്കാരുമായോ കൂട്ടുകാരുമായോ കുടുംബാംഗങ്ങളുമായോ ബൈബിളധ്യയനം തുടങ്ങാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? അതു കുറെക്കാലം മുമ്പായിരുന്നോ? അടുത്ത കാലത്തു നിങ്ങൾ വീണ്ടും ശ്രമിച്ചുനോക്കിയോ? ഒരു വിധം ഫലിച്ചില്ലെങ്കിൽ മറെറാന്നു ശ്രമിച്ചുനോക്കാൻ നിങ്ങൾ പരിചിന്തനം നടത്തിയിട്ടുണ്ടോ?
6 നൽകിയിരിക്കുന്ന നിർദേശങ്ങൾ നിങ്ങൾ ബാധകമാക്കുകയും വയൽസേവനത്തിൽ തുടർന്നു നിലനിൽക്കുകയും അനുഗ്രഹത്തിനായി യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്നപക്ഷം അധ്യയനങ്ങൾ തുടങ്ങുന്നതിൽ നിങ്ങൾക്കു വിജയപ്രദരായിരിക്കാൻ കഴിയും. സത്യത്തിന്റെ ശക്തിയെയും യഹോവ നൽകുന്ന സഹായത്തെയും വിലകുറച്ചു കാണരുത്. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങുകയും നടത്തുകയും ചെയ്തുകൊണ്ടു ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം നിങ്ങൾ വിർധിപ്പിക്കുമാറാകട്ടെ.