“വെളിച്ചവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷൻ 1992
1 തന്റെ അനുഗാമികൾ “ലോകത്തിന്റെ വെളിച്ചം” ആയിരിക്കുമെന്ന് യേശു പറഞ്ഞു. (മത്താ. 5:14) കടകവിരുദ്ധമായി ഒരോ വർഷവും കടന്നുപോകുമ്പോൾ ലോകത്തിന്റെ ആത്മീയവും ധാർമ്മികവുമായ അന്ധകാരം കൂടുതൽ വർദ്ധിക്കുകയാണ്. (യെശ. 60:2; റോമ. 1:21) നാം ഈ വ്യവസ്ഥിതിയുടെ അവസാനത്തെ സമീപിക്കുമ്പോൾ വെളിച്ചവാഹകരെന്ന നിലയിലുളള നമ്മുടെ ഉത്തരവാദിത്വം കൂടുതൽ അർത്ഥവത്താകുന്നു. നാം വഹിക്കുന്ന മർമ്മപ്രധാനമായ പങ്കുനിമിത്തം വലിയ ആകാംക്ഷയോടെയാണ് നാം 1992-ലെ “വെളിച്ചവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിലേക്കു നോക്കുന്നത്. ഈ പരമ്പരയിൽ ആദ്യത്തേത് സെപ്ററംബർ 11-ാം തീയതി വെളളിയാഴ്ച തുടങ്ങുന്നു.
2 ഒരു ത്രിദിന കൺവെൻഷൻ: ഈ വർഷം നാം ഇന്ത്യയിൽ 31 കൺവെൻഷനുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടി വെളളിയാഴ്ച രാവിലെ 10:20-ന് തുടങ്ങുകയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 4:15-ന് ഗീതത്തോടും പ്രാർത്ഥനയോടുംകൂടെ അവസാനിക്കുകയും ചെയ്യും. രാവിലെ 7:30-ന് കതകുകൾ തുറക്കും, ജോലിചെയ്യാൻ നിയമനമുളളവർ ഒഴികെ ആരും ആ സമയത്തിനുമുമ്പ് പ്രവേശിക്കാൻ അനുവദിക്കപ്പെടുകയില്ല. യഹോവയുടെ ജനമെല്ലാം മുഴു പരിപാടിയിലും ഹാജരായിരിക്കേണ്ടതാണ്. മൂന്നു ദിവസവും അവിടെ ഉണ്ടായിരിക്കാൻ നിങ്ങൾ വ്യക്തിപരമായി ഒരു തീരുമാനം ചെയ്തോ? നിങ്ങളുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹത്തിനായി തീർച്ചയായും പ്രാർത്ഥിക്കുക.
3 വെളളിയാഴ്ച രാവിലെ പ്രാരംഭ പ്രസംഗം മുതൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉപസംഹാര പ്രസ്താവനകൾ വരെ മുഴു പരിപാടിക്കും നമ്മുടെ അഗാധമായ ശ്രദ്ധ ഉണ്ടായിരിക്കണം. പ്രസംഗങ്ങളിലും പ്രകടനങ്ങളിലും അഭിമുഖങ്ങളിലും ഒരു നാടകത്തിലും ഉത്തേജകമായ വിവരങ്ങൾ വികസിപ്പിച്ച് അവതരിപ്പിക്കപ്പെടും. വെളളിയാഴ്ച കാര്യപരിപാടി ആരംഭിക്കുന്നതിനു വേണ്ടത്ര മുമ്പേതന്നെ നിങ്ങളുടെ ഇരിപ്പിടത്തിൽ ഉണ്ടായിരിക്കാൻ ആസൂത്രണം ചെയ്യുക. സാധാരണഗതിയിൽ ആദ്യദിവസം വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും ഇരിപ്പിടങ്ങൾ കണ്ടുപിടിക്കുന്നതിനും മററും കൂടുതൽ സമയം ആവശ്യമാണ്. അതുകൊണ്ട് നിങ്ങൾതന്നെ വേണ്ടത്ര സമയമെടുക്കുക. എല്ലാ സെഷനുകളിലും ഹാജരാകുന്നതിനാലും സമാപനഗീതത്തിലും പ്രാർത്ഥനയിലും പങ്കുകൊളളുന്നതിനാലും നാം കാര്യപരിപാടിയുടെ മുഴുപ്രയോജനവും നേടുന്നു, വെളിച്ചവാഹകരെന്നനിലയിൽ സേവിക്കുന്നതിലുളള നമ്മുടെ പദവിയോട് വിലമതിപ്പുകാണിക്കുകയും ചെയ്യുന്നു.
4 നിങ്ങളുടെ കാതിനെ ശ്രദ്ധയുളളതാക്കുക: സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രഖ്യാപിച്ചു: “നിന്റെ ഓർമ്മിപ്പിക്കലുകളെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കും. നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം! ദിവസം മുഴുവൻ അതെന്റെ ധ്യാനമാകുന്നു.” (സങ്കീ. 119:95ബി, 97) യഹോവയാൽ പ്രബോധിപ്പിക്കപ്പെടുന്നതിനുവേണ്ടി നാം കൂടിവരുന്ന ഓരോ സന്ദർഭത്തിലും ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യമുണ്ട്, നമ്മുടെ കാതുകൾകൊണ്ടു മാത്രമല്ല പിന്നെയോ നമ്മുടെ ഹൃദയങ്ങൾകൊണ്ടും. എങ്കിലും, ഡിസ്ട്രിക്ററ് കൺവെൻഷൻ പോലുളള വലിയ കൂട്ടങ്ങളിൽ കൂടിവരുമ്പോൾ ഇതിന്റെ ആവശ്യം ഏറെയാണ്. കണ്ണിനു കാണാനും കാതിനു കേൾക്കാനും വളരെയധികം കാര്യങ്ങളുണ്ട്. കൺവെൻഷനിൽ സംബന്ധിക്കുന്നതിന് പണവും സമയവും എല്ലാം ചെലവഴിച്ച ശേഷം വെളിച്ചവാഹകരെന്ന നിലയിൽ എങ്ങനെ പുരോഗതിനേടാമെന്നതു സംബന്ധിച്ചുളള മികച്ച ആശയങ്ങൾ ഒന്നും ഓർമ്മയിൽ ഇല്ലാതെ തിരിച്ചുപോകേണ്ടിവരുന്നെങ്കിൽ എന്തൊരു നഷ്ടമായിരിക്കും! പരിപാടിയിൽനിന്ന് നമുക്ക് പൂർണ്ണ പ്രയോജനം ലഭിക്കണമെങ്കിൽ ഏത് ശ്രദ്ധാശൈഥില്യങ്ങളെയും ഒഴിവാക്കുന്നതിന് നാം ആവതെല്ലാം ചെയ്യണം. കൺവെൻഷൻ പരിപാടി അവസാനിക്കുമ്പോൾ വിവരങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിച്ചിരിക്കുമെന്ന് നമുക്കെങ്ങനെ ഉറപ്പുവരുത്താൻ കഴിയും?
5 ശ്രദ്ധിക്കൽ വളർത്തിയെടുക്കേണ്ടതും പരിശീലിക്കേണ്ടതുമായ ഒരു കലയാണ്. “ശ്രദ്ധിക്കുക” എന്നാൽ “ചിന്താപൂർവ്വകമായ ശ്രദ്ധയോടെ കേൾക്കുക” എന്നർത്ഥമാക്കുന്നു. പിൻവരുന്ന ഏതാനും നിർദ്ദേശങ്ങൾ പരിചിന്തിക്കുക: (1) നന്നായി വിശ്രമിച്ചശേഷം ഓരോ പ്രഭാതത്തിലും കൺവെൻഷന് എത്തിച്ചേരാൻ സകലശ്രമവും ചെയ്യുക. ഇതിന് ആസൂത്രണവും കുടുംബസഹകരണവും ആവശ്യമാണ്. നിങ്ങൾ ഉറക്കക്കുറവു നിമിത്തം ക്ഷീണിതനോ പ്രഭാതഭക്ഷണം കഴിക്കാത്തതുകൊണ്ട് വിശക്കുന്നവനോ ആണെങ്കിൽ, അഥവാ നിങ്ങൾ ഓടിയലച്ചു വന്നതുകൊണ്ട് നാഡികൾ തളർന്നിരിക്കുന്നെങ്കിൽ നിങ്ങൾക്ക് പരിപാടികളിൽനിന്ന് ഒന്നുംതന്നെ ലഭിക്കുകയില്ല. (2) വിഷയം എങ്ങനെ വികസിപ്പിക്കപ്പെടും എന്നതു സംബന്ധിച്ച് ആകാംക്ഷ ജനിപ്പിക്കുക. കൺവെൻഷന് ഏതാനും ആഴ്ച മുമ്പ് നിങ്ങളുടെ കുടുംബാദ്ധ്യയനത്തിന്റെ ഭാഗമെന്നനിലയിൽ ഒരു വെളിച്ചവാഹകനായിരിക്കുന്നത് തന്നെസംബന്ധിച്ച് എന്തർത്ഥമാക്കുന്നുവെന്ന് ഓരോ കുടുംബാംഗത്തിനും അഭിപ്രായം പറഞ്ഞുകൂടാത്തതെന്തുകൊണ്ട്? കൺവെൻഷൻ സ്ഥലത്ത് എത്തുമ്പോൾ പരിപാടി തുടങ്ങുന്നതിനു മുമ്പ് ഓരോ ദിവസത്തെയും ഭാഗം മുന്നവലോകനം നടത്തുക. (3) ഉചിതമായി വസ്ത്രം ധരിക്കുകയും സെഷനുകൾക്കിടക്ക് തീററിയും കുടിയും ഒഴിവാക്കുകയും ചെയ്യുക. പരിപാടി നടക്കുമ്പോൾ ഓഡിറേറാറിയത്തിലെ ഇരിപ്പിടഭാഗത്ത് ഏതാനും പേർ തിന്നുന്നതും കുടിക്കുന്നതുമായി നിരീക്ഷിച്ചിട്ടുണ്ട്. ഇത് അനാദരവാണ്, മററുളളവരുടെ ശ്രദ്ധ പതറിക്കുകയും ആത്മനിയന്ത്രണമില്ലായ്മ പ്രകടമാക്കുകയും ചെയ്യുന്നു.—നവംബർ 15, 1991 വാച്ച്ററവർ 8-18 പേജുകൾകൂടെ കാണുക.
6 കുറിപ്പെടുക്കുന്നതിന് നാം പ്രത്യേകശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഉചിതമായി ചെയ്യുന്നെങ്കിൽ പ്രസംഗകനെ കൂടുതൽ സൂക്ഷ്മമായി പിൻപററാനും കേൾക്കുന്നത് മനസ്സിൽ പിടിക്കാനും അത് നിങ്ങളെ സഹായിക്കും. നാം സംസാരിക്കുന്നതിനേക്കാൾ നാലു മടങ്ങ് വേഗതയിൽ ചിന്തിക്കുന്നതുകൊണ്ട് മാനസികമായ അലഞ്ഞുതിരിയലിനെ തടയാനുളള ഏററവും നല്ല മാർഗ്ഗം കുറിപ്പുകൾ എടുക്കലാണ്. ഒരു എഴുത്തുകാരൻ പ്രസ്താവിച്ചതുപോലെ, “ഒരു പ്രസംഗം ശ്രദ്ധിക്കുന്നത് മിക്കപ്പോഴും പ്രസംഗിക്കുന്നതിനേക്കാൾ വിഷമകരമാണ്.” ആദിമക്രിസ്ത്യാനികൾ യോഗങ്ങളിൽ ഉടഞ്ഞുപോയ മൺപാത്രങ്ങൾ കൊണ്ടുവന്നിരുന്നതായും അവയിൽ തിരുവെഴുത്തുകൾ മഷികൊണ്ട് കുറിച്ചെടുത്തിരുന്നതായും അറിയപ്പെട്ടിരുന്നത് നിങ്ങൾ ഓർമ്മിച്ചേക്കാം. നന്ദിപൂർവ്വം, നമുക്ക് ഒരു ചെറിയ നോട്ട്ബുക്കും പേനയും അഥവാ പെൻസിലും ഉപയോഗിച്ച് അതു ചെയ്യാൻ കഴിയും. കുറിപ്പെടുക്കുന്നതിൽ വിദഗ്ദ്ധരായിരിക്കുന്നത് നാം എപ്പോഴും എഴുതിക്കൊണ്ടിരിക്കത്തക്കവണ്ണം വളരെയധികം എഴുതാതെ പ്രധാന ആശയം സ്മരിക്കാൻ വേണ്ടുന്നതു മാത്രം എഴുതുന്നതിനെ അർത്ഥമാക്കുന്നു. അല്ലാത്തപക്ഷം ഇതു നമ്മുടെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുകയും പ്രസംഗകൻ പറയുന്ന മർമ്മപ്രധാനമായ ആശയങ്ങൾ നഷ്ടപ്പെടാൻ ഇടയാവുകയും ചെയ്യും. മുഖ്യ വാക്കുകൾ കുറിച്ചിടുക, ചുരുക്കെഴുത്ത് ഉപയോഗിക്കുക. അന്നു വൈകുന്നേരംതന്നെയും പിന്നീട് സേവനയോഗത്തിൽ പരിപാടിയിലെ വിശേഷാശയങ്ങൾ സഭയിൽ ചർച്ചചെയ്യുന്നതിനുമുമ്പും നിങ്ങൾ പുനരവലോകനം ചെയ്യുന്നെങ്കിൽ നിങ്ങളുടെ കുറിപ്പുകൾ വളരെ ഫലകരമായി ഉതകും.
7 ഹൃദയംഗമമായ ഗീതവും പ്രാർത്ഥനയും: യഹോവക്കു സ്തുതിപാടുന്നതും ഭക്തിപൂർവ്വം പ്രാർത്ഥനയിൽ അവനെ സമീപിക്കുന്നതും നമ്മുടെ ആരാധനയുടെ അവിഭാജ്യമായ ഭാഗങ്ങളാണ്. (2 ദിന. 30:21, 27) ഇവ നമുക്ക് ഏവർക്കും പങ്കെടുക്കാൻ കഴിയുന്ന കൺവെൻഷന്റെ പ്രധാന വശങ്ങളാണ്. “വെളിച്ചവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷന്റെ മൂന്നു ദിവസങ്ങളിലായി നാം യഹോവക്ക് 18 സ്തുതിഗീതങ്ങൾ പാടുകയും നമ്മുടെ സ്വർഗ്ഗീയ പിതാവിനോടുളള 8 പ്രാർത്ഥനകളിൽ ഒത്തൊരുമിക്കുകയും ചെയ്യും. സത്യമായും ഇവ വിലതീരാത്ത പദവികളാണ്. യഹോവ നമുക്ക് 12 മണിക്കൂറിലധികം ആത്മീയ വിദ്യാഭ്യാസവും പരിശീലനവും നൽകുകയാണ്. പാട്ടിനും പ്രാർത്ഥനക്കും അനുവദിച്ചിരിക്കുന്ന ഏതാനും മിനിട്ടുകളിൽ നാം യഹോവക്ക് അവന്റെ ഉദാരമായ ദാനങ്ങൾക്ക് നന്ദി നൽകുകയും അവനെ സ്തുതിക്കുകയുമാണ്. ഒരു സമ്മേളിതജനമെന്ന നിലയിലാണ് നാം പ്രാർത്ഥനയിൽ യഹോവയുടെ മുമ്പാകെ വരുന്നതെന്നുളളതുകൊണ്ട്, വെറും ആസൂത്രണക്കുറവുനിമിത്തം പാട്ടിലും പ്രാർത്ഥനയിലും പങ്കുചേരാൻ നാം പരാജയപ്പെടുന്നതിനാൽ അവൻ നമ്മെ സ്വാർത്ഥരും നന്ദിയില്ലാത്തവരുമായ ആളുകളായി കാണാൻ നാം ആഗ്രഹിക്കുമോ? കൂടാതെ, ഈ വർഷം ഓരോ കൺവെൻഷനും സാഹിത്യശേഖരം സമൃദ്ധമായിട്ടുണ്ടാകും, അതുകൊണ്ട് സെഷൻ തീരുന്നതുവരെ വിലമതിപ്പോടെ ഇരിപ്പിടത്തിൽ ഇരിക്കുന്നവർക്ക് അവ ലഭിക്കാതെപോവുകയില്ല. അതുപോലെതന്നെ, മററുളളവർക്കു മുമ്പ് ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കുന്നതിന് ഒരു സെഷൻ തീരുന്നതിനുമുമ്പായി ആരും വിട്ടുപോകരുത്.—മത്താ. 7:12; റോമ. 12:10; ഫിലി. 2:1-4.
8 സകലവും ദൈവമഹത്വത്തിനായി ചെയ്യുക: കൺവെൻഷനുകളിൽ നല്ല മര്യാദകളുടെയും ഉചിതമായ നടത്തയുടെയും പ്രാധാന്യം സംബന്ധിച്ച് ഓരോ വർഷവും ദയാപുരസരം നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. മനഃസാക്ഷിപൂർവ്വം ഈ ഓർമ്മിപ്പിക്കലുകൾ അനുസരിക്കുന്നതിന് ഭൂരിപക്ഷവും പ്രശംസ അർഹിക്കുന്നു. ഈ വ്യവസ്ഥിതി സമാപനത്തോട് അടുക്കുമളവിൽ നാം ജോലിസ്ഥലത്തും സ്ക്കൂളിലും 2 തിമൊഥെയോസ് 3:1-5-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നതരം നടത്തയുളള ആളുകളുമായി ഇടപഴകാൻ കൂടുതൽ നിർബന്ധിതരാകുന്നു. നാം ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഈ സഹവാസത്തിന് നമ്മുടെമേൽ പ്രതികൂലമായ ഒരു സ്വാധീനം ഉണ്ടായിരിക്കാവുന്നതാണ്. ‘ദുഷ്പ്രവൃത്തിക്കാരെന്ന നിലയിൽ നമുക്കെതിരെ സംസാരിക്കാൻ’ നാം ആർക്കും ഒരിക്കലും കാരണം നൽകരുത്. (1 പത്രോ. 2:12) ഇതിന് നാം നമ്മുടെ ക്രിസ്തീയവ്യക്തിത്വത്തിന് സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. കൺവെൻഷനുകളിലും, ഹോട്ടലുകളിലും റെസ്റേറാറൻറുകളിലും പോലെ പൊതുസ്ഥലത്തും തങ്ങളുടെ നടത്ത സംബന്ധിച്ച് എല്ലാവരും ശ്രദ്ധയുളളവരായിരിക്കണം. മൂപ്പൻമാർ തങ്ങളുടെ എല്ലാ സഹോദരങ്ങളിലും തൽപരരാണ്. (ഫിലി. 2:4) അവർ സഹായിക്കുന്നവരായിരിക്കണം, നല്ല നടത്തക്ക് മററുളളവരെ അഭിനന്ദിക്കുകയും വേണം. ആ സഹോദരനെയോ സഹോദരിയെയോ വ്യക്തിപരമായി പരിചയമില്ലെങ്കിലും ആവശ്യമായി വരുന്നെങ്കിൽ സ്നേഹപൂർവ്വമായ ബുദ്ധ്യുപദേശം കൊടുക്കാനും അവർക്ക് സ്വാതന്ത്ര്യം തോന്നണം. കുറിക്കൊളളുന്ന ഏതു ഗൗരവമായ പ്രശ്നവും കൺവെൻഷൻ സംഘാടകരുടെ ഓഫീസിൽ റിപ്പോർട്ടു ചെയ്യണം.
9 നാം എന്തു മനസ്സിൽ പിടിക്കേണ്ട ആവശ്യമുണ്ട്? ഹോട്ടൽ ജീവനക്കാരോട് അന്തസ്സോടും ബഹുമാനത്തോടുംകൂടെ പെരുമാറണം. സാധാരണ വാടകയിൽ വളരെ താഴ്ത്തി മുറികൾ ലഭ്യമാക്കാൻ താമസസൗകര്യ ഡിപ്പാർട്ടുമെൻറ് കഠിനാദ്ധ്വാനം ചെയ്തിരിക്കുന്നു. നാം അമിതമായി ആവശ്യപ്പെടുകയോ മുറി ഒരു മോശമായ അവസ്ഥയിൽ തിരിച്ചേൽപിക്കുകയോ ചെയ്യുന്നെങ്കിൽ ഭാവി കൺവെൻഷനുകൾക്ക് യഹോവയുടെ സാക്ഷികളെ സ്വീകരിക്കാൻ ഹോട്ടൽ ഉടമസ്ഥർ വിസമ്മതിച്ചേക്കാം. നമ്മിൽ ചിലരെ ഇത് വീണ്ടും ഓർമ്മിപ്പിക്കേണ്ടതുണ്ട്. ഭൂരിപക്ഷത്തിന്റെ സൽക്കീർത്തി നശിപ്പിക്കാൻ ഏതാനും പേർ മതി.
10 നൽകപ്പെടുന്ന സേവനങ്ങൾക്ക് ടിപ്പ് കൊടുക്കുന്നതുസംബന്ധിച്ചാണെങ്കിൽ നമ്മുടെ രാജ്യശുശ്രൂഷയുടെ 1991 ജൂലൈ ലക്കത്തിന്റെ അനുബന്ധത്തിൽ അത് ചർച്ചചെയ്തിട്ടുണ്ട്. ചില പ്രധാന ആശയങ്ങൾ ദയവായി പുനരവലോകനം നടത്തുക.
11 എഫേസ്യർ 4:24-ൽ പരാമർശിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞശേഷം ധരിക്കുന്ന ഒരു വസ്ത്രത്തോട് ഉപമിക്കപ്പെട്ടിരിക്കുന്നു. വ്യക്തിത്വത്തിലെ ഈ മാററം നമ്മുടെ അക്ഷരീയ വസ്ത്രങ്ങളിലും പ്രതിഫലിക്കണം. ചില സഹോദരീസഹോദരൻമാർ, വിശേഷിച്ചും ചെറുപ്പക്കാർ തീരെ അശ്രദ്ധമായി സഭ്യേതരമായിപോലും വസ്ത്രം ധരിക്കുന്നത് നിരീക്ഷിച്ചിട്ടുണ്ട്. മററുളളവർ തങ്ങളുടെ ഷൂസ് അഴിച്ചുമാററി മുമ്പിലുളള ഇരിപ്പിടത്തിൽ കാൽ കയററിവെച്ചുകൊണ്ട് ഇരിക്കുന്നു. രാജ്യഹോളിൽ നാം ഇതുപോലെ പെരുമാറാറുണ്ടോ? കൂടാതെ, ചില സ്നാപനാർത്ഥികൾ വിവിധ ഉൽപന്നങ്ങളുടെ പരസ്യം പതിച്ചതോ, പദങ്ങളും ലൗകിക മുദ്രാവാക്യങ്ങളും മുദ്രണം ചെയ്തിട്ടുളളതോ ആയ ററീഷർട്ടുകൾ ധരിച്ചു വരുന്നു. സ്നാപനത്തിന് ഒരുങ്ങുന്നവരുമായി ചോദ്യങ്ങൾ പുനരവലോകനം നടത്തുന്ന മൂപ്പൻമാർ, സ്നാപനമേൽക്കാനുളളവർ ആ സന്ദർഭത്തിന് ഉചിതമായ വസ്ത്രധാരണമായി കണക്കാക്കുന്നതു സംബന്ധിച്ച് ഗ്രാഹ്യമുളളവരാണെന്ന് ഉറപ്പുവരുത്തണം.—വാച്ച്ററവർ ജൂൺ 1, 1985-ന്റെ 30-ാം പേജും ഏപ്രിൽ 15, 1973-ന്റെ 254-5 പേജും കാണുക.
12 റെക്കോർഡിംഗ് ഉപകരണങ്ങൾ: വീഡിയോ കാമറകൾ അനുവദിക്കപ്പെടുന്നെങ്കിലും അവ ഉപയോഗിക്കുന്നവർ പരിഗണനയുളളവരായിരിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു, ടേപ് ചെയ്യുന്നതിൽ തെരഞ്ഞെടുപ്പുനടത്താനും ഭക്ഷിക്കുമ്പോഴോ കാര്യപരിപാടി ശ്രദ്ധിക്കുമ്പോഴോ പ്രാർത്ഥിക്കുമ്പോഴോ ഫോട്ടോ എടുക്കാൻ ആഗ്രഹിക്കാത്തവരെ ആദരിക്കുന്നതിനും തന്നെ. വീഡിയോ എടുക്കുന്നവരും കാസററ് റെക്കോർഡറുകൾ ഉപയോഗിക്കുന്നവരും സദസ്സിന്റെ ശ്രദ്ധ പതറിക്കുന്നതും ശല്യം ഉണ്ടാക്കുന്നതും ഒഴിവാക്കണം. നിങ്ങളുടെ ഇരിപ്പിടത്തിൽ ഇരുന്ന് ചില പരിപാടികൾ റെക്കോർഡ് ചെയ്യുന്നതിനോട് എതിർപ്പില്ല. എന്നാൽ പരിപാടി നടക്കുമ്പോൾ ആരെങ്കിലും റെക്കോർഡ് ചെയ്തുകൊണ്ട് ഇടനാഴികളിലൂടെയും സദസ്സിനു മുൻവശത്തും അലഞ്ഞുനടക്കുന്നത് അനുചിതമായിരിക്കും. ഈ ബന്ധത്തിൽ സഹോദരസ്നേഹം കാണിക്കാൻ പരാജയപ്പെടുന്ന ആരോടും ആവശ്യമെങ്കിൽ സേവകൻമാർ സംസാരിക്കണം. കാമറകളോ റെക്കോർഡിംഗ് ഉപകരണങ്ങളോ, കൺവെൻഷൻ ഉച്ചഭാഷിണികളോടോ വൈദ്യുത സംവിധാനത്തോടോ ബന്ധിപ്പിക്കരുതെന്നും ഉപകരണങ്ങളൊന്നും ഇടനാഴികളിലോ യാത്രചെയ്യുന്ന സ്ഥലങ്ങളിലോ സ്ഥാപിക്കരുതെന്നും ഓർക്കുക.
13 മാതാപിതാക്കൾക്ക്: മാതാപിതാക്കൾ എല്ലായ്പ്പോഴും, കൺവെൻഷൻ സ്ഥലത്തോ ഹോട്ടലുകളിലോ ആയിരിക്കുമ്പോഴും കുട്ടികളുടെ മേൽനോട്ടം വഹിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. (സദൃ. 29:15ബി; ലൂക്കോ. 2:48) കാര്യപരിപാടി നടക്കുമ്പോൾ നിങ്ങളുടെ കുട്ടികൾ ശ്രദ്ധിക്കുന്നെന്നും കുറിപ്പുകളെടുക്കുന്നെന്നും ഉറപ്പുവരുത്തുക. ഇടവേളക്ക് മററു സഭകളിൽനിന്നുളള സുഹൃത്തുക്കളെ സന്ദർശിക്കാൻ അവസരമുണ്ട്.
14 നിങ്ങളുടെ കുട്ടികൾ എവിടെയാണെന്ന് എപ്പോഴും അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം ദൃഷ്ടാന്തീകരിക്കുന്നതിന്, രണ്ടു യുവതികളെ താൻ കൺവെൻഷൻ കേന്ദ്രത്തിൽനിന്ന് കൊണ്ടുപോയതായി കൺവെൻഷൻ നഗരത്തിലെ ഒരു ടാക്സി ഡ്രൈവർ ഒരു സഹോദരനോടു പറഞ്ഞു. തെളിവനുസരിച്ച്, ഉച്ചകഴിഞ്ഞുളള സമയം മുഴുവൻ അകലെയായിരിക്കാൻ അവർ ആസൂത്രണം ചെയ്യുകയായിരുന്നു, 5 മണികഴിഞ്ഞു മാത്രമേ അമ്മ അവരെ അന്വേഷിക്കുകയുളളുവെന്ന് അവർ ഡ്രൈവറോടു പറയുകയും ചെയ്തു. ഈ ടാക്സി ഡ്രൈവർ അവരുടെ ക്ഷേമത്തിൽ ഉൽക്കണ്ഠാകുലനായിരുന്നു, എന്നാൽ അവരുടെ അമ്മയെ സംബന്ധിച്ചെന്ത്? അവർക്ക് എന്തെങ്കിലും ആപത്തു സംഭവിച്ചെങ്കിൽ അത് എന്തൊരു ദുരന്തമായിരിക്കുമായിരുന്നു! ദൈവത്തിന്റെ നാമത്തിനും ജനത്തിനും വരുന്ന നിന്ദയെക്കുറിച്ച് പറയുകയും വേണ്ട.
15 നിങ്ങളുടെ പൂർണ്ണസഹകരണം വിലമതിക്കപ്പെടുന്നു: നമ്മുടെ സഭ നിയമിക്കപ്പെട്ടിരിക്കുന്ന കൺവെൻഷനിൽ സംബന്ധിക്കുന്ന കാര്യത്തിൽ നാം ഓരോരുത്തരും സൊസൈററിയുടെ മാർഗ്ഗനിർദ്ദേശത്തോടു സഹകരിക്കുന്നത് എത്ര പ്രധാനമാണ്? ഓരോ കൺവെൻഷന്റെയും ഒരുക്കത്തിനുപിന്നിൽ സൊസൈററിയുടെയും കൺവെൻഷൻ നഗരത്തിലെ ഉത്തരവാദിത്വമുളള സഹോദരൻമാരുടെയും ശ്രദ്ധാപൂർവമായ ആസൂത്രണമുണ്ട്. അതിൽ വേണ്ടത്ര ഇരിപ്പിടവും ആഹാരവും സാഹിത്യവും മററും ഉണ്ടായിരിക്കുന്നത് ഉൾപ്പെടുന്നു. തങ്ങൾ നിയമിക്കപ്പെട്ടിട്ടില്ലാത്ത കൺവെൻഷനുകളിൽ വളരെപ്പേർ ഹാജരാകുന്നത് പ്രയാസങ്ങൾ സൃഷ്ടിക്കും. ഏതാനും പേർക്ക് മറെറാരു കൺവെൻഷന് പോകേണ്ടതായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. വിവിധ കാരണങ്ങളാൽ മററു കൺവെൻഷൻ സ്ഥലങ്ങൾ കൂടുതൽ ആകർഷകമായി തോന്നാം, എന്നാൽ വളരെയധികം സഹോദരങ്ങൾ തങ്ങൾക്കിഷ്ടപ്പെട്ട സ്ഥലത്ത് പോകുന്നെങ്കിൽ ഫലം വലിയ തകർച്ചയായിരിക്കും.
16 ഇരിപ്പിടങ്ങൾ കരുതിവെക്കുന്ന കാര്യത്തിലും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ തൊട്ടടുത്ത കുടുംബാംഗങ്ങൾക്കും നിങ്ങളുടെ കാറിൽ ഒരുമിച്ച് പോകേണ്ടവർക്കും മാത്രമേ ഇരിപ്പിടങ്ങൾ കരുതിവെക്കാവൂ എന്നത് മനസ്സിൽ പിടിക്കുക. എല്ലാ കൺവെൻഷനുകളിലും വയോധികർക്കും വികലാംഗർക്കും പ്രത്യേകം ഭാഗങ്ങൾ ഉണ്ടായിരിക്കും. ദയവായി ചിഹ്നങ്ങൾ ശ്രദ്ധിച്ചു നോക്കാനും സേവകൻമാരുടെ നിർദ്ദേശങ്ങൾ അനുസരിക്കാനും ഞങ്ങൾ എല്ലാവരോടും ആവശ്യപ്പെടുകയാണ്. ചെറുപ്പക്കാർ വയോധികർക്കുളള ഭാഗത്തെ ഇരിപ്പിടങ്ങൾ കയ്യടക്കിയതുകൊണ്ട് പ്രായമുളള ചില സഹോദരൻമാർ എളുപ്പം ചെന്നെത്താൻ പററാത്ത ഭാഗങ്ങളിൽ ഇരിപ്പിടങ്ങൾ പരതിനടക്കേണ്ടിവന്നിട്ടുണ്ട്. ദയവായി പ്രായമുളളവരോട് പരിഗണന കാണിക്കുക. അലർജികൾ പോലുളള പ്രശ്നങ്ങളുളളവരുടെ പ്രത്യേക മുറികൾക്കോ പ്രദേശങ്ങൾക്കോ വേണ്ടിയുളള അപേക്ഷകൾ പരിഗണിക്കാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു.
17 കൺവെൻഷനു കൊണ്ടുവരുന്ന സ്വകാര്യ സാധനങ്ങൾ ഏററവും ചുരുക്കാൻ നിർദ്ദേശിക്കപ്പെടുന്നു. ഒരു സാധനം നിങ്ങളുടെ ഇരിപ്പിടത്തിനു കീഴിൽ വെക്കാൻ കഴിയുകയില്ലെങ്കിൽ അതു വീട്ടിൽ വെച്ചിട്ടുപോരുന്നതാണ് നല്ലത്. സുരക്ഷിതത്വ കാരണങ്ങളാൽ വലിയ കൂളറുകൾ ഇടനാഴിയിൽ വെക്കാൻ അനുവദിക്കുന്നില്ല, നിങ്ങളുടെ അടുത്തുളള ഇരിപ്പിടത്തിൽ അവ വെച്ചാൽ ആർക്കെങ്കിലും ഒരു ഇരിപ്പിടം നഷ്ടമാകും.
18 ഓരോ കൺവെൻഷനിലും പ്രതീക്ഷിക്കുന്ന ഹാജരനുസരിച്ച് വേണ്ടുവോളം ആഹാരം ക്രമീകരിക്കുന്നു. ചെറുപ്പക്കാർ ഉൾപ്പെടെ ഓരോ വ്യക്തിയും ആവശ്യമുളള ആഹാരം മാത്രം എടുക്കുന്നെങ്കിൽ എല്ലാവരും തൃപ്തരായിരിക്കും. ദയവായി, നിങ്ങളുടെയും കുടുംബത്തിന്റെയും ഉടൻ ഉപയോഗത്തിനു വേണ്ടുന്ന ആഹാരം മാത്രം എടുക്കുക. മറെറവിടെയെങ്കിലും പിന്നീടുളള ഉപയോഗത്തിന് കൺവെൻഷൻ സ്ഥലത്തുനിന്ന് ആഹാരം കൊണ്ടുപോകാവുന്നതല്ലെന്ന് മനസ്സിൽ പിടിക്കുക. ഓരോ ദിവസത്തിന്റെയും ഒടുവിൽ, ഭക്ഷണസ്ററാൻറുകളിൽ വിളമ്പുന്ന ആഹാരം ബാക്കിവരുന്നെങ്കിൽ അഥവാ ഞായറാഴ്ച വൈകുന്നേരം കൺവെൻഷൻ തീർന്നശേഷം ബാക്കിവരുന്നവയുടെ കാര്യത്തിൽ മാത്രമായിരിക്കും ഇതിനുളള ഏക ഒഴികഴിവ്.
19 ആവശ്യത്തിലധികം എടുക്കുന്നവർ ഉപയോഗിക്കാത്ത ആഹാരം ഉച്ചിഷ്ടങ്ങൾ ഇടുന്ന തൊട്ടിയിൽ ഉപേക്ഷിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ഒരു ന്യായമായ അളവ് ആദ്യം എടുക്കുന്നതും കൂടുതൽ ആവശ്യമാണെങ്കിൽ എല്ലാവർക്കും വിളമ്പിയശേഷം തിരിച്ചുചെന്ന് വാങ്ങുന്നതും നന്നായിരിക്കും. അടിസ്ഥാന ഭക്ഷണാവശ്യങ്ങൾക്കുവേണ്ടിയുളള കരുതൽ സാദ്ധ്യമാകുവോളം സൗകര്യപ്രദമാക്കാൻ കൺവെൻഷന് സന്തോഷമാണ്.—വാച്ച്ററവർ നവംബർ 15, 1991-ന്റെ 11-ാം പേജിൽ 13, 14 ഖണ്ഡികകൾ കാണുക.
20 ഒരുക്കപ്പെടുന്ന ആത്മീയ പരിപാടിയിൽനിന്ന് പ്രയോജനം അനുഭവിക്കുന്നതിന് നല്ല സൗകര്യങ്ങളുളളിടത്ത് ഒരുമിച്ചുകൂടാൻ കഴിയുന്നതിനെ യഹോവയുടെ ജനം വിലമതിക്കുന്നു. കൂടാതെ, അത്തരം കൂടിവരവുകളിൽ കരുതുന്ന അനേകം സേവനങ്ങളും സൗകര്യങ്ങളും നാം വിലമതിക്കുന്നു. വളരെ ശ്രമവും സൊസൈററിക്ക് ഗണ്യമായ പണച്ചെലവും വരുത്തിക്കൊണ്ട് വേണ്ടുവോളം ഇരിപ്പിടത്തിനും ചെലവേറിയ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിനും ഫലകരമായ ഒരു ഭക്ഷ്യ ഡിപ്പാർട്ടുമെൻറ് പ്രവർത്തിക്കുന്നതിനും കൺവെൻഷനിൽ സംബന്ധിക്കുന്നത് ആസ്വാദ്യകരവും ആത്മീയമായി ഉൻമേഷപ്രദവും ആക്കിത്തീർക്കുന്ന മററ് ഒട്ടനവധി സേവനങ്ങൾക്കും വേണ്ടി ക്രമീകരണങ്ങൾ ചെയ്യുന്നു.
21 “വെളിച്ചവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷന് ഹാജരാവുക: “വെളിച്ചവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിക്കുന്നതിനാൽ വെളിച്ചവാഹകർ ആയിരിക്കുന്നത് വലിയൊരു ബഹുമതിയും പദവിയും ആകുന്നതെന്തുകൊണ്ടെന്ന് കേൾക്കുന്നത് നമ്മെ പുളകിതരാക്കും. അത് ഗുരുതരമായ ഒരു ഉത്തരവാദിത്തംകൂടെയാണെന്ന് നാം അനുസ്മരിപ്പിക്കപ്പെടും. കൺവെൻഷനിൽ കേൾക്കുന്ന കാര്യങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുന്നതിനാൽ നമ്മുടെ വൈദഗ്ദ്ധ്യത്തിലും വെളിച്ചവാഹകരെന്നനിലയിലുളള നമ്മുടെ ധർമ്മത്തോടുളള വിലമതിപ്പിലും നാം പുരോഗതി പ്രാപിക്കും. വെളളിയാഴ്ച പ്രാരംഭഗീതം മുതൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സമാപന പ്രാർത്ഥനവരെ എല്ലാ സെഷനുകളിലും ഉണ്ടായിരിക്കാൻ നിങ്ങൾ ഇപ്പോൾത്തന്നെ ആസൂത്രണങ്ങൾ ചെയ്യുക.
[5-ാം പേജിലെ ചതുരം]
ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമ്മിപ്പിക്കലുകൾ
താമസസൗകര്യം: കൺവെൻഷൻ ക്രമീകരിച്ചുതരുന്ന താമസസൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിങ്ങളുടെ സഹകരണം വളരെയധികം വിലമതിക്കപ്പെടുന്നു. നിങ്ങളുടെ റിസർവേഷൻ റദ്ദാക്കേണ്ടത് ആവശ്യമായി വരുന്നെങ്കിൽ മുറി മററാർക്കെങ്കിലും ലഭ്യമാക്കാൻ കഴിയേണ്ടതിന് കഴിവതും നേരത്തെ നിങ്ങൾ എഴുത്തുമുഖേനയോ ഫോൺ ചെയ്തോ ഹോട്ടലിൽ അറിയിക്കണം.
സ്നാപനം: ശനിയാഴ്ച രാവിലെ പരിപാടി തുടങ്ങുന്നതിനു മുമ്പ് സ്നാപനാർത്ഥികൾ അവർക്ക് നിർദ്ദേശിച്ചിരിക്കുന്ന ഭാഗത്ത് തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഉണ്ടായിരിക്കണം. സ്നാപനമേൽക്കാൻ ഉദ്ദേശിക്കുന്ന ഓരോ ആളും യോഗ്യമായ ഒരു സ്നാപനവസ്ത്രവും തോർത്തും കൊണ്ടുവരണം. പ്രസംഗകന്റെ സ്നാപനപ്രസംഗത്തിനും പ്രാർത്ഥനക്കും ശേഷം സെഷൻ അദ്ധ്യക്ഷൻ സ്നാപനാർത്ഥികൾക്ക് ചുരുങ്ങിയ നിർദ്ദേശങ്ങൾ നൽകുകയും ഒരു ഗീതം പാടാൻ ക്ഷണിക്കുകയും ചെയ്യും. അവസാനത്തെ വരി പാടിയശേഷം സേവകൻമാർ സ്നാപനാർത്ഥികളെ സ്നാപനസ്ഥലത്തേക്കോ അവിടേക്കു കൊണ്ടുപോകുന്നതിനുളള വാഹനങ്ങളുടെ അടുത്തേക്കോ നയിക്കുന്നു. ഒരുവന്റെ സമർപ്പണത്തിന്റെ പ്രതീകമെന്നനിലയിൽ സ്നാപനം വ്യക്തിയും യഹോവയും തമ്മിലുളള ഉററതും വ്യക്തിപരവും ആയ ഒരു കാര്യമായതുകൊണ്ട് സ്നാപനമേൽക്കുമ്പോൾ രണ്ടോ അധികമോ സ്നാപനാർത്ഥികൾ കൈകൾ കൂട്ടിപ്പിണച്ചോ ആലിംഗനം ചെയ്തോ പങ്കാളിസ്നാപനം എന്നു വിളിക്കപ്പെടുന്ന ഒരു നടപടി സ്വീകരിക്കുന്നതിന് അവസരമില്ല.
സ്വമേധയാസേവനം: ഒരു ഡിസ്ട്രിക്ററ് കൺവെൻഷന്റെ സുഗമമായ പ്രവർത്തനത്തിന് സ്വമേധയാ സഹായം ആവശ്യമാണ്. കൺവെൻഷന്റെ ഒരു ഭാഗത്തുമാത്രമേ നിങ്ങൾക്കു വേലചെയ്യാൻ കഴിയുകയുളളുവെങ്കിൽപോലും നിങ്ങളുടെ സേവനങ്ങൾ വിലമതിക്കപ്പെടും. നിങ്ങൾക്ക് സഹായിക്കാൻ കഴിയുമെങ്കിൽ കൺവെൻഷനു വരുമ്പോൾ സ്വമേധയാസേവന ഡിപ്പാർട്ടുമെൻറിൽ ദയവായി റിപ്പോർട്ടു ചെയ്യുക. കൺവെൻഷന്റെ വിജയത്തിനുവേണ്ടി 16 വയസ്സിൽ താഴെയുളള കുട്ടികൾക്കും പ്രവർത്തിക്കാൻ കഴിയും, എന്നാൽ അവർ മാതാപിതാക്കളിൽ ഒരാളുടെ കൂടെയോ ഉത്തരവാദിത്വമുളള മറെറാരു മുതിർന്നയാളുടെകൂടെയോ വേലചെയ്യേണ്ടത് ആവശ്യമാണ്.
ബാഡ്ജ് കാർഡുകൾ: കൺവെൻഷനിലും, കൺവെൻഷനിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും, പ്രത്യേകം തയ്യാർ ചെയ്തിട്ടുളള ബാഡ്ജ് കാർഡുകൾ ധരിക്കുക. ഇതു പലപ്പോഴും യാത്ര ചെയ്യുമ്പോൾ നല്ലോരു സാക്ഷ്യം നൽകുക സാദ്ധ്യമാക്കിത്തീർക്കുന്നു. വ്യക്തമായി മുദ്രണം ചെയ്ത ബാഡ്ജ് കാർഡ് ഉപയോഗിച്ച് ഒരു കൺവെൻഷൻ പ്രതിനിധിയായി തിരിച്ചറിയിക്കുന്നത് ലഘൂകരിച്ച ഭക്ഷ്യസേവന ക്രമീകരണത്തിന്റെ പ്രവർത്തനം എളുപ്പമാക്കിത്തീർക്കും. ബാഡ്ജ് കാർഡുകൾ കൺവെൻഷനിൽ ലഭ്യമല്ലാത്തതുകൊണ്ട് നിങ്ങളുടെ സഭ മുഖാന്തരം അവ സമ്പാദിക്കേണ്ടതാണ്.
മുന്നറിയിപ്പുകൾ: നിങ്ങൾ പാർക്കുചെയ്യുന്നത് എവിടെയായാലും എല്ലായ്പ്പോഴും നിങ്ങളുടെ വാഹനം പൂട്ടി സൂക്ഷിക്കുക, ഒരിക്കലും കാണാവുന്ന വിധത്തിൽ ഒന്നും അകത്തു വെച്ചേക്കരുത്. സാദ്ധ്യമെങ്കിൽ നിങ്ങളുടെ വസ്തുവകകൾ പെട്ടിക്കകത്ത് പൂട്ടി സൂക്ഷിക്കുക. വലിയ ആൾക്കൂട്ടത്താൽ ആകർഷിക്കപ്പെടുന്ന പോക്കററടിക്കാരെയും കളളൻമാരെയും സൂക്ഷിക്കുക. കൺവെൻഷൻ സ്ഥലത്ത് ആളില്ലാതെ ഇരിപ്പിടങ്ങളിൽ വിലപിടിച്ച എന്തെങ്കിലും വെച്ചിട്ടുപോകാതിരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. തത്വദീക്ഷയില്ലാത്ത വ്യക്തികൾ കൺവെൻഷൻ പ്രദേശത്തുനിന്ന് കുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടുപോയതിന്റെ ഏതാനും റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. ദയവായി ജാഗ്രത പുലർത്തുക.
അധാർമ്മികമായതോ അശ്ലീലസ്വഭാവമുളളതോ ആയ ടെലിവിഷൻ ചലച്ചിത്രങ്ങൾ എളുപ്പം ലഭിക്കാൻ ചില ഹോട്ടലുകൾ ക്രമീകരണം ചെയ്യുന്നതായി റിപ്പോർട്ടു ലഭിച്ചിരിക്കുന്നു. ഈ താമസസ്ഥലങ്ങളിൽ മേൽനോട്ടമില്ലാതെ കുട്ടികൾ ടെലിവിഷൻ കാണുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യം ഇത് വിശേഷവൽക്കരിക്കുന്നു.
സെഷനുകൾ ആരംഭിക്കുന്ന സമയവും ബന്ധപ്പെട്ട കാര്യങ്ങളും സംബന്ധിച്ച് വിവരം അന്വേഷിച്ചുകൊണ്ട് ചില സഹോദരൻമാരും താൽപര്യക്കാരും ഹോൾ അധികാരികളെ വിളിച്ചുചോദിച്ചിട്ടുണ്ട്. ദയവായി ഇതു ചെയ്യരുത്. നിങ്ങൾക്ക് ആവശ്യമുളള വിവരങ്ങൾ വീക്ഷാഗോപുരത്തിലോ നമ്മുടെ രാജ്യശുശ്രൂഷയിലോ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഓരോ സഭാസെക്രട്ടറിയുടെയും കൈവശമുളള കൺവെൻഷൻ അഡ്രസ്സിൽ നിങ്ങൾ എഴുതണം.
1992-93 ഡിസ്ട്രിക്ററ് കൺവെൻഷൻ ഗീതങ്ങൾ
രാവിലെ ഉച്ചകഴിഞ്ഞ്
വെളളി 33 (13) 38 (65)
91 (61) 221 (73)
111 (20) 217 (24)
ശനി 43 (103) 177 (52)
128 (10) 207 (112)
152 (82) 201 (102)
ഞായർ 35 (15) 168 (84)
89 (49) 42 (18)
50 (23) 45 (107)