ഇപ്പോൾ ക്രമീകരണംചെയ്യുക—1991ലെ “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ്കൺവെൻഷനു ഹാജരാകാൻ
1 ഇന്നത്തെ ലോകാവസ്ഥകളുടെ വീക്ഷണത്തിൽ, അനേകം രാജ്യങ്ങളിൽ ജനങ്ങൾ തങ്ങൾക്കിപ്പോഴുളളതിനെക്കാൾ കൂടുതൽ സ്വാതന്ത്ര്യം കാംക്ഷിക്കുന്നത് ആശ്ചര്യമല്ല. എന്നാൽ യഥാർത്ഥ സ്വാതന്ത്ര്യം എവിടെ കണ്ടെത്താൻ കഴിയും? “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ, നിങ്ങൾ യഥാർത്ഥമായി എന്റെ ശിഷ്യരാകുന്നു, നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന് യേശുക്രിസ്തു പറയുകയുണ്ടായി. (യോഹ. 8:31, 32) ഇത് ആളുകൾ ഒരു രാഷ്ട്രീയ നേതാവിനെയോ ഒരു ഭരണസമ്പ്രദായത്തെയോ അനുകൂലിച്ചുകൊണ്ട് മററുളളവരെ നിരസിക്കുമ്പോൾ പ്രത്യാശിക്കുന്ന തരം പരിമിത സ്വാതന്ത്ര്യമല്ല. പകരം, അത് മാനുഷികപ്രശ്നങ്ങളുടെ കാമ്പിലേക്കുതന്നെ എത്തുന്നു. യേശു ചർച്ചചെയ്തുകൊണ്ടിരുന്നത് പാപത്തിന്റെ അടിമത്തപരമായ ദാസത്വത്തിൽനിന്നുളള സ്വാതന്ത്ര്യമായിരുന്നു. (യോഹന്നാൻ 8:24, 34-36 കാണുക.) അങ്ങനെ, ഒരാൾ യേശുക്രിസ്തുവിന്റെ ഒരു യഥാർത്ഥ ശിഷ്യനായിത്തീരുമ്പോൾ അത് അയാളുടെ ജീവിതത്തിൽ ഗണ്യമായ ഒരു മാററത്തിൽ, ഒരു വിമോചനത്തിൽ, കലാശിക്കുന്നു.
2 ഒരു ത്രിദിന കൺവെൻഷൻ: 1991ലെ “സ്വാതന്ത്ര്യസ്നേഹിതർ” ഡിസ്ട്രിക്ററ് കൺവെൻഷൻ ഇൻഡ്യയിൽ സെപ്ററംബർ 13-15ന് തുടങ്ങും. ആദ്യ സെഷൻ വെളളിയാഴ്ച രാവിലെ 10:20ന് ആരംഭിക്കും. കൺവെൻഷൻ സമാപിക്കുന്നത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് എതാണ്ട് 4 മണിക്ക് ആയിരിക്കും. ഓരോ യോഗത്തിലും നമ്മുടെ ആത്മീയാരോഗ്യത്തിന് മർമ്മപ്രധാനമായ, ശ്രദ്ധാപൂർവം തെരഞ്ഞെടുക്കപ്പെട്ട, വിവരങ്ങൾ അവതരിപ്പിക്കപ്പെടും. റോമർ 8:21-ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ നമ്മുടേതാക്കാൻ കഴിയുമെന്ന് വിവിധ വിഷയങ്ങൾ പ്രദീപ്തമാക്കും. പ്രസംഗങ്ങളിലും പ്രകടനങ്ങളിലും ഇൻറർവ്യൂകളിലും ഒരു നാടകത്തിലുമായി ഉത്തേജകമായ വിവരങ്ങൾ വികസിപ്പിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യും.
3 ഒരു സെഷൻപോലും നഷ്ടമാക്കാതിരിക്കാൻ തീരുമാനമെടുക്കുക. ഇത് നിങ്ങളുടെ പട്ടികയിൽ വ്യക്തിപരമായ ത്യാഗങ്ങളും ക്രമീകരണങ്ങളും ആവശ്യമാക്കിത്തീർത്തേക്കാം. നിങ്ങളുടെ മുതലാളിയുമായി പ്രത്യേക ക്രമീകരണങ്ങൾ ചെയ്യേണ്ടതാവശ്യമായിരിക്കാം. അനേകർ എല്ലാ സെഷനുകളിലും ഹാജരാകാൻവേണ്ടി സാമ്പത്തികനേട്ടങ്ങൾ വേണ്ടെന്നുവെക്കുകപോലും ചെയ്യുന്നു. ഈ കാര്യം ആത്മാർത്ഥമായ പ്രാർത്ഥനാവിഷയമാക്കുകയും അവിടെ എത്തിച്ചേരാൻ ഹൃദയംഗമമായ ശ്രമം നടത്തുകയും ചെയ്യുന്നവരെ യഹോവ തീർച്ചയായും അനുഗ്രഹിക്കും.—ലൂക്കോ. 13:24.
4 നേരത്തെ എത്തുക: യഹോവയുടെ സാക്ഷികൾ ആശ്രയിക്കാവുന്നവരും സമയനിഷ്ഠയുളളവരുമായിരിക്കാനുളള തങ്ങളുടെ ശ്രമങ്ങൾസംബന്ധിച്ച് പ്രസിദ്ധരാണ്. (ലൂക്കോ. 16:10) ഡിസ്ട്രിക്ററ്കൺവെൻഷന് ഹാജരാകുമ്പോഴും ഇത് പ്രധാനമാണ്. ഓരോ ദിവസവും നേരത്തെ വന്നെത്തുകയും പരിപാടി തുടങ്ങുന്നതിനുമുമ്പ് ഇരിക്കുകയുംചെയ്യുക. ഇത് നിങ്ങളുടെ വാഹനം പാർക്കുചെയ്യുക, നിങ്ങളുടെ കുടുംബത്തിനുവേണ്ടി ഇരിപ്പിടങ്ങൾ കണ്ടെത്തുക എന്നിങ്ങനെ ശ്രദ്ധ ആവശ്യമുളള കാര്യങ്ങൾ നിർവഹിക്കുന്നതിന് സമയമനുവദിക്കേണ്ടതാവശ്യമാക്കിയേക്കാം.
5 ഡിസ്ട്രിക്ററ് കൺവെൻഷനിലെ ഹാജരാകൽ ഉല്ലാസപ്രദമായ സഹവാസമാസ്വദിക്കുന്നതിന് നമുക്ക് നല്ല അവസരം നൽകുന്നു. എന്നാൽ രാത്രി വൈകിയും സുഹൃത്തുക്കളെ സന്ദർശിച്ചുകൊണ്ടിരിക്കുന്നത് അടുത്ത ദിവസം സമയത്ത് ഹാജരാകാനുളള നമ്മുടെ ശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കിയേക്കാം. താമസിച്ച് എഴുന്നേൽക്കുന്നതിൽനിന്നും അങ്ങനെ രാവിലെ പാഞ്ഞുപോകേണ്ടിവരുന്നതിൽനിന്നും വളരെ ഉത്ക്കണ്ഠയും വൈഫല്യവും സംജാതമായേക്കാം. ഇതു തടയുന്നതിന്, കിടക്കാൻപോകുന്നതിന് ഒരു ന്യായമായ സമയം നിശ്ചയിക്കുന്നത് പ്രയോജനകരമാണ്. ഒരു പട്ടികയോടു കർശനമായി പററിനിൽക്കുന്നതിനാൽ എല്ലാവർക്കും നല്ല ഉറക്കംകിട്ടുന്നതിനും അടുത്ത ദിവസം നേരത്തെ തുടക്കമിടാൻ ഒരുക്കമായിരിക്കുന്നതിനും കൂടുതൽ സാദ്ധ്യതയുണ്ട്. ഇത് പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ചെന്നെത്തുന്നതിനുളള സാധ്യതയെ ഒഴിവാക്കുന്നു, അങ്ങനെ ചെല്ലുന്നത് ശ്രദ്ധ പതറിക്കുന്നു, നേരത്തെ ഇരിക്കുന്നവർക്ക് ഒരു ശല്യവുമായിരിക്കാം. ഓരോ ദിവസവും നേരത്തെ ചെന്നെത്തുന്നത് നിങ്ങളുടെ സഹോദരീസഹോദരൻമാരുമായി സഹവാസമാസ്വദിക്കുന്നതിന് നിങ്ങളെ അനുവദിക്കും. ക്രിസ്തീയ സ്നേഹവും പരിഗണനയും, ഒപ്പം യഹോവയോടും അവൻ പ്രദാനംചെയ്യുന്ന ആത്മീയകാര്യങ്ങളോടുമുളള ആദരവും, സമയത്തുതന്നെ എത്താൻ നമ്മുടെ പരമാവധി പ്രവർത്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
6 ഏകാഗ്രമായി ശ്രദ്ധിക്കുക: ശ്രദ്ധിക്കലിന്റെ അർത്ഥം നമ്മുടെ മനസ്സുകൊണ്ടും നമ്മുടെ ഹൃദയംകൊണ്ടും നമ്മുടെ കാതുകൾകൊണ്ടും നമ്മുടെ ഗ്രഹണശക്തികൾകൊണ്ടും യഥാർത്ഥമായി ശ്രദ്ധ കൊടുക്കുക എന്നാണ്. നാം ശ്രദ്ധിക്കുകയും “യഹോവയുടെ വചനം” കേൾക്കുകയും ചെയ്യേണ്ടതുണ്ട്. (യിരെ. 2:4) “എന്നെ ഏകാഗ്രമായി ശ്രദ്ധിക്കുക” എന്ന് യെശയ്യാ 55:2-ൽ യഹോവ ഇസ്രായേലിനോടു കല്പിച്ചു. ഏകാഗ്രത എന്ന പദം “ആയാസപ്പെട്ട് അല്ലെങ്കിൽ ആകാംക്ഷയോടെ കൊടുക്കുന്ന ശ്രദ്ധ” എന്ന് നിർവചിക്കപ്പെടുന്നു. കൺവെൻഷൻസമയത്ത് നാം ശ്രദ്ധയുളളവരാണെങ്കിൽ നാം ആകാംക്ഷയോടെ “ശ്രദ്ധിക്കുകയും കൂടുതൽ പ്രബോധനം ഉൾക്കൊളളുകയും ചെയ്യും.” (സദൃ. 1:5) ഒരു ഡിസ്ട്രിക്ററ് കൺവെൻഷനിൽ ശ്രദ്ധിക്കുന്നതിനും പഠിക്കുന്നതിനും സാധാരണയായി രാജ്യഹാളിലേതിനെക്കാൾ കൂടുതൽ ശ്രമവും കേന്ദ്രീകരണവും ആവശ്യമാണ്. എന്തുകൊണ്ട്? നാം കൂടുതൽ നേരം ഇരിക്കുന്നു, ഹാജരായിട്ടുളള നിരവധിയാളുകൾ നിമിത്തം കൂടുതൽ ശ്രദ്ധാശൈഥില്യവുമുണ്ട്. നാം ശ്രദ്ധാലുക്കളല്ലെങ്കിൽ നൽകപ്പെടുന്ന സമൃദ്ധമായ ആത്മീയ പോഷണത്തിന്റെ പൂർണ്ണപ്രയോജനം നമുക്ക് നഷ്ടമാകുകയും നമുക്കത് കിട്ടാതെപോകുകയും ചെയ്യും. (1 പത്രോ. 2:2) എന്തു ചെയ്യാൻ കഴിയും? അനേകം കൺവെൻഷൻ പ്രതിനിധികൾ പരിപാടിയുടെ സമയത്ത് കുറിപ്പുകളെഴുതുന്ന പ്രയോജനകരമായ ശീലം വളർത്തിയെടുത്തുകൊണ്ടിരിക്കുന്നത് നിരീക്ഷിക്കുന്നത് വളരെ സന്തോഷകരമാണ്. ഡിസ്ട്രിക്ററ് കൺവെൻഷനിലെ ചില പ്രസംഗങ്ങൾ കാലക്രമത്തിൽ പ്രസിദ്ധീകരണങ്ങളിൽ വരുമെന്നിരിക്കെ, മററുളളവ വരുകയില്ല. ഡിസ്ട്രിക്ററ് കൺവെൻഷൻസമയത്ത് ചുരുങ്ങിയ കുറിപ്പുകൾ എഴുതുകയെന്നത് ഒരു ലാക്കാക്കാൻ എല്ലാവരും പ്രോൽസാഹിപ്പിക്കപ്പെടുകയാണ്, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ശ്രദ്ധ പറയപ്പെടുന്ന കാര്യങ്ങളിൽ പതിപ്പിക്കാൻ ഇത് ഒരു നല്ല മാർഗ്ഗമാണ്.
7 കുറിപ്പുകൾ വിപുലമോ വിശദമോ ആയിരിക്കേണ്ടതില്ല. സാധാരണയായി ഒരു മുഖ്യ ആശയത്തിന് ഒന്നോ രണ്ടോ വാചകങ്ങൾ മതിയാകും. കൊച്ചുകുട്ടികൾക്ക് പ്രസംഗകന്റെ മുഖ്യാശയങ്ങളും മുഖ്യ തിരുവെഴുത്തുകളും അല്ലെങ്കിൽ അവതരിപ്പിക്കപ്പെട്ടേക്കാവുന്ന പുതിയ ആശയങ്ങളും എഴുതിയെടുക്കാൻ കഴിയത്തക്കവണ്ണം അവർക്ക് ഒരു നോട്ടുബുക്കും പേനയും അല്ലെങ്കിൽ പെൻസിലും കൊടുക്കുന്നുവെങ്കിൽ അവർക്കുപോലും പ്രസംഗങ്ങളിൽനിന്ന് കൂടുതൽ പ്രയോജനംകിട്ടുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കപ്പെടുകയും ചെയ്യും. ഭംഗിയായി ക്രമീകരിച്ചിരിക്കുന്ന കുറിപ്പുകളുണ്ടായിരിക്കുന്നത് ഡിസ്ട്രിക്ററ് കൺവെൻഷനെ തുടർന്നുളള സേവനയോഗത്തിൽ കൺവെൻഷൻപരിപാടിയുടെ ഒരു രസകരമായ പുനരവലോകനം നടത്താൻ പ്രയോജനപ്രദമാണെന്ന് മൂപ്പൻമാർ കണ്ടെത്തുന്നു. കൂടാതെ, കൺവെൻഷനിൽ അവതരിപ്പിക്കപ്പെട്ട പോയിൻറുകളിൽ പലതും തങ്ങളുടെ പഠിപ്പിക്കലിലും ഇടയവേലയിലും ഉൾപ്പെടുത്താൻ അവർ ആഗ്രഹിച്ചേക്കാം.
8 ഗീതത്തിലും പ്രാർത്ഥനയിലും ഒത്തുചേരുക: നമ്മുടെ ആരാധനയുടെ ഒരു ഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നതാണ് യേശുവും അവന്റെ അപ്പോസ്തലൻമാരും ചെയ്തതുപോലെ യഹോവയുടെ സ്തുതികൾ പാടിക്കൊണ്ട് അവനെ ബഹുമാനിക്കുന്നത്. (മർക്കോ. 14:26) ഗീതത്തെ സംബന്ധിച്ച് 1 കൊരിന്ത്യർ 14:15-ൽ കാണുന്ന പൗലോസിന്റെ പ്രസ്താവന അത് ക്രിസ്തീയാരാധനയുടെ ഒരു ക്രമമായ സവിശേഷതയായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായി തോന്നുന്നു. (1991 മാർച്ചിലെ നമ്മുടെ രാജ്യശുശ്രഷയുടെ 3-ാം പേജും കാണുക.) ഡിസ്ട്രിക്ററ് കൺവെൻഷനുകൾ യഹോവയെ ഗീതത്താലും പ്രാർത്ഥനയാലും സ്തുതിക്കുന്നതിൽ ആയിരക്കണക്കിനുളള നമ്മുടെ സഹോദരീസഹോദരൻമാരോടു ഒത്തുചേരുന്നതിനുളള അനുപമമായ ഒരു അവസരമാണ് നമുക്ക് നൽകുന്നത്. എന്നിരുന്നാലും ചിലർ നമ്മുടെ ആരാധനയുടെ ഈ പ്രധാനഭാഗങ്ങളോട് ഒരു ആദരക്കുറവ് പ്രകടമാക്കിയിട്ടുണ്ട്. എങ്ങനെ? കൺവെൻഷന് അനാവശ്യമായി പ്രാരംഭ ഗീതത്തിന്റെ സമയത്തോ അതിനുശേഷമോ വന്നെത്തുന്നതിനാൽ. പരിപാടിയുടെ ഒടുവിൽ ചിലർ ഗീതത്തിന്റെ സമയത്തോ പ്രാർത്ഥനക്കുമുമ്പോ പോകുന്നു. അപൂർവം സന്ദർഭങ്ങളിൽ ഇതു ചെയ്യുന്നതിന് നല്ല കാരണമുണ്ടായിരിക്കാം. എന്നിരുന്നാലും, കാറിങ്കലേക്ക് അല്ലെങ്കിൽ ഭക്ഷിക്കാൻ നേരത്തെ പുറപ്പെടാൻ സാധിക്കുന്നതിനു മാത്രം ഏകോപിച്ചു പാടാനും പ്രാർത്ഥിക്കാനുമുളള അവസരം ചിലർ കൈവെടിയുന്നുവെങ്കിൽ യഹോവയുടെ മേശയോട് ഉചിതമായ ആദരവും വിലമതിപ്പും പ്രകടമാക്കപ്പെടുന്നുണ്ടോ?—മത്താ. 6:33.
9 വ്യക്തിപരമായ സൗകര്യത്തിന്റെ അന്വേഷണത്തിൽ ലൗകികമായ തൻകാര്യ മനോഭാവമോ അത്യാഗ്രഹമോ സ്വാർത്ഥതയോ പോലുളള ഭക്തികെട്ട സ്വഭാവങ്ങൾ നമ്മുടെ ആത്മീയപുരോഗതിക്കു തടസ്സമുണ്ടാക്കാൻ അനുവദിക്കാതിരിക്കുന്നതിന് ജാഗ്രത പാലിക്കണം. സമീപവർഷങ്ങളിൽ, പൂർവയൂറോപ്യൻ രാജ്യങ്ങളിലെ നമ്മുടെ സഹോദരീസഹോദരൻമാർക്ക് പാടാനും പ്രാർത്ഥിക്കാനുമുളള സ്വാതന്ത്ര്യം ഒടുവിൽ ആസ്വദിക്കാൻ കഴിഞ്ഞു. വലിയ എണ്ണംവരുന്ന സഹോദരങ്ങളോടൊത്ത് പാടാനും പ്രാർത്ഥിക്കാനും കഴിഞ്ഞതിൽ അവർ പുളകിതരായതുപോലെ നമുക്കിപ്പോൾ പാവനകാര്യങ്ങളോട് അതേ വിലമതിപ്പിൻ ആത്മാവു പ്രകടമാക്കുകയും ഒരുമിച്ചു പാടാനും പ്രാർത്ഥിക്കാനുമുളള നമ്മുടെ അവസരങ്ങളെ ഒരിക്കലും നിസ്സാരമായി വീക്ഷിക്കാതിരിക്കുകയും ചെയ്യാം.
10 നമ്മുടെ ക്രിസ്തീയ ശീലങ്ങൾ: ഡിസ്ട്രിക്ററ് കൺവെൻഷനുകളിലെ നമ്മുടെ ക്രിസ്തീയ ശീലങ്ങളും ആകാരവും യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമുക്ക് നല്ല ഖ്യാതി നേടിത്തരുന്നതിൽ തുടർന്നിരിക്കുന്നു. ഇത് നാം യഹോവയുടെ ആരാധനയിൽ ഗൗരവമുളളവരായതുകൊണ്ടും കൺവെൻഷനു ഹാജരാകുന്നതിനെ കേവലം ഒരു സാമൂഹികപര്യടനമായി വീക്ഷിക്കാത്തതുകൊണ്ടുമാണ്. അത്തരം പ്രത്യേക സന്ദർഭങ്ങളിൽ ഒത്തുചേരുമ്പോൾ നാം എല്ലാ സമയങ്ങളിലും ശുശ്രൂഷകരായി വർത്തിച്ചുകൊണ്ട് നമ്മുടെ ക്രിസ്തീയ മാന്യതയും ഒരു ആത്മീയ മനഃസ്ഥിതിയും നിലനിർത്തണം.—1 കൊരി. 10:31-33.
11 ഇതു ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നുവെങ്കിൽ, നാം മററുളളവരുടെ സന്തുഷ്ടിയെ ബാധിക്കുന്നു, പുതിയവരെ ഇടറിക്കുകപോലുംചെയ്യുന്നു. നമ്മോടു കാണിക്കുന്ന ചെറിയ ദയയെ പോലും നാം അംഗീകരിക്കുകയും വിലമതിപ്പു പ്രകടമാക്കുകയും ചെയ്യുന്നുവോ? നമുക്ക് ചുററുമുളള മററുളളവരെക്കുറിച്ച് നാം ബോധമുളളവരായിരിക്കുകയും ബഹുമാനവും പരിഗണനയും പ്രകടമാക്കുകയും ചെയ്യണം. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ അങ്ങുമിങ്ങും നടക്കാനോ സംസാരിക്കാനോ അല്ല, പിന്നെയോ ശ്രദ്ധിക്കാനുളള സമയമാണ്.—ആവ. 31:12.
12 നമ്മുടെ ക്രിസ്തീയ ശീലങ്ങൾക്ക് യഹോവയാം ദൈവത്തെ മഹിമപ്പെടുത്താൻ കഴിയുന്ന മറെറാരു മണ്ഡലം നമുക്ക് താമസസ്ഥലം പ്രദാനംചെയ്യുന്നവരോടുളള നമ്മുടെ ഇടപെടലുകളിലാണ്. ഗണ്യമായി കുറഞ്ഞ നിരക്കുകളിലാണ് നമുക്ക് നല്ല ഹോട്ടൽമുറികൾ കിട്ടുന്നത്. നാം വിലമതിപ്പു പ്രകടമാക്കുകയും ഹോട്ടൽഭാരവാഹികളോടു പരിഗണന കാണിക്കുകയും അമിതമായ ആവശ്യങ്ങൾ ഉന്നയിക്കാതെ മര്യാദ പാലിക്കുകയും വേണം. (ഗലാ. 6:10) ഹോട്ടലിലെ ഉചിതമായ നടത്തയെ സംബന്ധിച്ച് നല്ല ബുദ്ധിയുപദേശം നൽകപ്പെട്ടിട്ടുണ്ട്. മിക്കവരും അനുകൂലമായി പ്രതികരിക്കുകയും ഹോട്ടൽഭാരവാഹികളുമായി പൂർണ്ണമായി സഹകരിക്കാൻ ആത്മാർത്ഥമായി കഠിനശ്രമംചെയ്യുകയും ചെയ്യുന്നുവെങ്കിലും ചില സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒരു നിഷേധാത്മകവീക്ഷണം നിലനിൽക്കുന്നതായി കുറിക്കൊളളുന്നത് നിരുത്സാഹജനകമാണ്. എന്തുകൊണ്ട്?
13 നാം പണം ലാഭിക്കുന്നതിൽ തത്പരരായിരിക്കാമെങ്കിലും നൽകപ്പെടുന്ന സേവനങ്ങൾക്ക് ററിപ്പ് പ്രതീക്ഷിക്കുന്നവരെ നാം അറിഞ്ഞുകൊണ്ട് അവഗണിക്കരുത്. 1986 ജൂൺ 22-ലെ എവേക്കിന്റെ 24-7 വരെ പേജുകളിലുളള “ററിപ്പുകൊടുക്കണമോ വേണ്ടയോ?” എന്ന ലേഖനവും “ററിപ്പുകൊടുക്കുന്നതുസംബന്ധിച്ച സഹായകമായ നിർദ്ദേശങ്ങൾ” എന്ന ലേഖനവും ഇപ്പോഴും നമ്മുടെ ശ്രദ്ധ അർഹിക്കുന്നു. “ററിപ്പുകൊടുക്കുന്നത് നൽകപ്പെടുന്ന കൂടുതലായ സേവനങ്ങൾക്കുളള നന്ദിയിൽ കവിഞ്ഞതാണ്. അത് ഒരു വ്യക്തിയുടെ ആദായത്തിന്റെ മുഖ്യ ഭാഗമാണ്” എന്ന് 24-ാം പേജിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. “ഒരു കൺവെൻഷന് ഹാജരാകുമ്പോൾ നിങ്ങൾ വ്യക്തിപരമായി ചെയ്യുന്നത് മുഴു സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നു. നിങ്ങളുടെ പെരുമാററത്താൽ ആളുകൾ സമൂഹത്തെ വിധിക്കും” എന്നും ഉണരുക! ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ട് ററിപ്പിംഗിനെക്കുറിച്ചുളള നിങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങളെന്തായിരുന്നാലും യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിലേക്കുളള ഒരു പ്രതിനിധിയെന്ന നിലയിൽ നിങ്ങൾ ഒരു നഗരം സന്ദർശിക്കുമ്പോൾ നല്ല വിവേചനയും വിവേകവും പ്രകടമാക്കുക, “സകലവും സുവാർത്തക്കുവേണ്ടി ചെയ്യാൻ” ഒരുങ്ങിയിരിക്കുക.—1 കൊരി. 9:19-23.
14 ചില സാക്ഷികൾ അവരുടെ മുറികൾ വൃത്തികെട്ട അവസ്ഥയിൽ ഇട്ടിട്ട് മുറിവിട്ടുപോയതായി ചില ഹോട്ടൽമാനേജർമാർ ഉത്ക്കണ്ഠപ്പെടുന്നു. നമ്മുടെ വസ്ത്രധാരണത്തിലും നടത്തയിലും മാത്രമല്ല മററുളളവരുടെ വസ്തുക്കൾ നാം കൈകാര്യംചെയ്യുന്ന വിധത്തിലും ശുചിത്വവും പരിഗണനയും പ്രകടമാക്കണം. വാടകക്കെടുത്ത മുറി ഭംഗിയായും വൃത്തിയായും ഇട്ടിട്ടുപോകാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? പരിഗണനയില്ലാത്ത പെരുമാററം നമ്മുടെ സൽപേരിനെ കളങ്കപ്പെടുത്തുന്നു. അടുത്തുവരുന്ന ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ “നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്ക”ത്തക്കവണ്ണം വർത്തിക്കാൻ നമ്മളെല്ലാം തീരുമാനമെടുക്കേണ്ടതാണ്.—തീത്തോ. 2:10.
15 മാതാപിതാക്കൾക്കുവേണ്ടി: കൊച്ചുകുട്ടികളും യുവാക്കളും “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ് കൺവെൻഷന് സ്വാഗതമുളളവരും ഹാജരാകാൻ പ്രതീക്ഷിക്കപ്പെടുന്നവരുമാണ്. ലോകം വാഗ്ദാനംചെയ്യുന്ന സ്വാതന്ത്ര്യത്തിന് അവരുടെ ആത്മീയ മരണത്തിലേക്കു നയിക്കാൻ കഴിയും, തുടക്കത്തിൽ മനുഷ്യവർഗ്ഗത്തിന് കൊടുക്കപ്പെട്ട സ്വാതന്ത്ര്യം ആദാം നഷ്ടപ്പെടുത്തിയതുപോലെതന്നെ. യഹോവയുടെ സ്ഥാപനം ഈ കാര്യം സംബന്ധിച്ച് നമുക്കെല്ലാം ശരിയായ ചിന്ത പ്രദാനംചെയ്തിട്ടുണ്ട്. എല്ലാ ക്രിസ്തീയ യോഗങ്ങളിലും സൂക്ഷ്മശ്രദ്ധ കൊടുക്കാൻ പഠിച്ചിട്ടുളളവരും കൺവെൻഷൻപരിപാടിയിൽ ഉററ താത്പര്യമുളളവരുമായ ചെറുപ്പക്കാരെ കാണുന്നതിൽ നാം പ്രോൽസാഹിതരാകുന്നു. (സങ്കീ. 148:12, 13) എന്നാൽ വളരെയധികവും ആശ്രയിച്ചിരിക്കുന്നത് മാതാപിതാക്കളുടെ മാതൃകയെയും മേൽനോട്ടത്തെയുമാണ്. അനേകം ചെറുപ്പക്കാർക്ക് കുറിപ്പുകളുണ്ടാക്കുന്നതിന് നല്ല പരിശീലനം കിട്ടിയിരിക്കുന്നു. കുറിപ്പുകളെഴുതാൻ നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഇതുവരെ പഠിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ കൺവെൻഷനുമുമ്പ് ശേഷിക്കുന്ന സമയം അങ്ങനെ ചെയ്യാൻ ഉപയോഗിക്കരുതോ? പ്രസംഗകർ പ്രസ്താവിച്ചുകേൾക്കുന്ന തിരുവെഴുത്തുസൂചനകളും ബന്ധപ്പെട്ട മുഖ്യ വാക്കുകളും കുറിച്ചിടാൻ വളരെ ചെറിയ കുട്ടികളെപ്പോലും പ്രോൽസാഹിപ്പിക്കാൻ കഴിയും. ചില മാതാപിതാക്കൻമാർ തങ്ങളുടെ താമസസ്ഥലത്ത് മടങ്ങിയെത്തിയ ശേഷമോ വീട്ടിലേക്ക് യാത്രചെയ്യുമ്പോഴോ ദിവസത്തെ പരിപാടിയിൽനിന്നുളള മുഖ്യാശയങ്ങൾ പുനരവലോകനംചെയ്യാൻ ക്രമീകരിക്കുന്നു.
16 തീർച്ചയായും, കുട്ടികളുടെ സ്വാഭാവികചായ്വ് കളിക്കാനാണെന്ന് മിക്ക മാതാപിതാക്കൻമാരും മനസ്സിലാക്കുന്നുണ്ട്. അവർക്ക് ജീവിതപരിചയം കുറവാണ്, അവർ പക്വതയില്ലാത്തവരാണ്. അതുകൊണ്ട്, എപ്പോൾ ശ്രദ്ധിക്കണമെന്നും യോഗങ്ങളിൽ എങ്ങനെ പെരുമാറണമെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. ഇത് അവരുടെ മാതാപിതാക്കളാലുളള നല്ല മേൽനോട്ടം ആവശ്യമാക്കിത്തീർക്കുന്നു. ചില മാതാപിതാക്കൻമാർ ഈ മണ്ഡലത്തിൽ അശ്രദ്ധരാണ്. ചില സമയങ്ങളിൽ മാതാപിതാക്കൻമാർ ഒരു പ്രാർത്ഥനാവേളയിൽ ഉചിതമായ ആദരവ് പ്രകടമാക്കിയേക്കാമെങ്കിലും അവരുടെ കുട്ടികൾ കളിക്കുകയും മററുളളവരുടെ ശ്രദ്ധ പതറിക്കുകയുമാണ്. പ്രാർത്ഥനാവേളകളിൽപോലും തങ്ങളുടെ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ അറിയണം. കൂടാതെ, അവർ പരിപാടിയുടെ സമയത്ത് സീററിൽനിന്ന് എഴുന്നേററുപോകുമ്പോൾ അവർ എന്താണ് ചെയ്യുന്നത്? കൺവെൻഷൻപരിപാടിയുടെ സമയത്തോ അതിനു ശേഷമോ കുട്ടികളെ മേൽനോട്ടമില്ലാതെ വിടുന്നുണ്ടോ?—സദൃ. 29:15.
17 ചില സന്ദർഭങ്ങളിൽ മാതാപിതാക്കൻമാർ മുറിയിലായിരിക്കുമ്പോഴോ പുറത്ത് ഭക്ഷണംകഴിക്കുമ്പോഴോ മറേറതെങ്കിലും പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുമ്പോഴോ കുട്ടികൾ മേൽനോട്ടമില്ലാതെ ഹോട്ടലുകളിൽ വിടപ്പെട്ടിട്ടുണ്ട്. ഇത് ഉചിതമല്ല. ചില കുട്ടികൾ അശിക്ഷിതവും അനുസരണംകെട്ടതുമായ ഒരു വിധത്തിൽ പ്രവർത്തിക്കുകയും ദയാപുരസ്സരം അവരെ തിരുത്താൻ ശ്രമിച്ച പ്രായക്കൂടുതലുളള സഹോദരീസഹോദരൻമാരോട് അനാദരവുകാട്ടുകയും പോലും ചെയ്തിരിക്കുന്നു. ക്രിസ്ത്യാനികൾക്കു യോജിക്കാത്ത അത്തരം അനുസരണക്കേടും നടത്തയും മിക്കപ്പോഴും അനുവാദാത്മകതയുടെയും ഭവനത്തിലെ ശിക്ഷണത്തിന്റെ കുറവിന്റെയും ഫലമാണ്. അത് തീർച്ചയായും തിരുത്തപ്പെടണം. എല്ലാ ക്രിസ്തീയ മാതാപിതാക്കളും കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും” വളർത്തവേ എല്ലാ സമയങ്ങളിലും അവർക്ക് അടുത്ത മേൽനോട്ടംനൽകേണ്ടതാണ്.—എഫേ. 6:4.
18 നിങ്ങളുടെ പൂർണ്ണ സഹകരണം വിലമതിക്കപ്പെടുന്നു: കൺവെൻഷനിൽ ഹാജരാകുന്ന ഓരോരുത്തർക്കും വേണ്ടത്ര ഇരിപ്പിടസൗകര്യവും സാഹിത്യവും ഭക്ഷണവും മററു കരുതലുകളും ലഭ്യമായിരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് ഗണ്യമായ ആസൂത്രണവും വേലയും ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ക്രമീകരണങ്ങളുടെ ഫലപ്രദത്വത്തിന് ഉറപ്പുവരുത്തുന്നതിന് ഒരു പ്രത്യേകകൺവെൻഷനിലേക്ക് ചില സഭകൾ പ്രത്യേകാൽ നിയമിക്കപ്പെട്ടിട്ടുണ്ട്. അമിത തിക്കൽ തടയാൻ നിങ്ങളുടെ പൂർണ്ണസഹകരണം മർമ്മപ്രധാനമാണ്. തീർച്ചയായും, ചുരുക്കം ചിലർ മറെറാരു പ്രദേശത്തെ കൺവെൻഷന് ഹാജരാകേണ്ടതാവശ്യമാക്കിത്തീർക്കുന്ന സാഹചര്യങ്ങളുണ്ടായിരിക്കാം. എന്നിരുന്നാലും, മിക്കവർക്കും തങ്ങളുടെ നിയമിതസ്ഥലത്ത് കൺവെൻഷന് ഹാജരാകാൻ കഴിയേണ്ടതാണ്.—1 കൊരി. 13:5; ഫിലി. 2:4.
19 ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുന്ന സംഗതിയിൽ നിങ്ങളുടെ പൂർണ്ണസഹകരണത്തിന് അപേക്ഷിക്കുകയാണ്. നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കും നിങ്ങളുടെ സ്വന്തം കാറിൽ നിങ്ങളോടുകൂടെ യാത്രചെയ്യുന്നവർക്കുംവേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ എന്ന് ദയവായി ഓർത്തിരിക്കുക. മററുളളവർക്കുവേണ്ടി ഇരിപ്പിടങ്ങൾ വേർതിരിച്ചിടാതിരിക്കാൻ ദയവുണ്ടാകണം. ചില സമയങ്ങളിൽ പ്രത്യേകിച്ചാർക്കുംവേണ്ടിയല്ലാതെ കൂടുതൽ സീററുകൾ വേർതിരിച്ചിടപ്പെടുന്നു. ഇത് സ്നേഹരാഹിത്യമാണ്, ലഭ്യമായ സീററുകൾ അന്വേഷിക്കുന്ന സേവകരെയും മററുളളവരെയും വഴിതെററിക്കുകയും ചെയ്യുന്നു. ബൈബിൾബുദ്ധിയുപദേശത്തിനു ചേർച്ചയായി നാം സഹോദരപ്രീതി പ്രകടമാക്കാൻ കഠിനശ്രമംചെയ്യുകയും സീററുകൾ പിടിച്ചുവെക്കുന്നതിനുളള അംഗീകൃതക്രമീകരണത്തോട് പൂർണ്ണമായി സഹകരിക്കുകയും വേണം. സീററുകൾ സൗജന്യമാണെന്നുളളതുകൊണ്ടുമാത്രം തങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കോ കാർസംഘത്തിനോ ആവശ്യമുളളതിലധികം സീററുകൾക്ക് ആർക്കും അവകാശമുണ്ടായിരിക്കുന്നില്ല.—2 പത്രോ. 1:7.
20 പിറെറ ദിവസത്തേക്കുളള സീററ്കരുതൽ അനുവദിക്കപ്പെടുന്നില്ല. രാവിലെ 7 മണിക്ക് മുമ്പ് ചുമതലയുളള സ്വമേധയാപ്രവർത്തകർക്കല്ലാതെ മററാർക്കും യാതൊരു കൺവെൻഷൻ സൗകര്യവും ഒരിക്കലും തുറന്നുകൊടുക്കുന്നില്ല. കെട്ടിടത്തിൽ പ്രവേശിക്കാൻ മററുളളവർക്ക് അനുവാദമുളള രാവിലെ 7 മണി ക്കുശേഷമല്ലാതെ ഈ പ്രവർത്തകരിലാരും സീററുകൾ കരുതിവെക്കാൻ അനുവദിക്കപ്പെടുകയില്ല. സൊസൈററിയുടെ ഇരിപ്പിട മാർഗ്ഗരേഖകളുടെ ദുരുപയോഗങ്ങൾ ഒഴിവാക്കത്തക്കവണ്ണം, ചെയ്യപ്പെടുന്നതിനെ നിരീക്ഷിക്കാൻ സേവകർ ആ സമയത്തിനുമുമ്പ് തങ്ങളുടെ നിയമിതസ്ഥാനങ്ങളിലുണ്ടായിരിക്കും. ഹാജരാകുന്ന എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി തങ്ങളുടെ നിയമനം നിറവേററവേ സേവകരോട് ദയവായി പൂർണ്ണമായി സഹകരിക്കുക.
21 കൺവെൻഷൻസ്ഥലത്തേക്ക് വ്യക്തിപരമായ വസ്തുക്കൾ കൊണ്ടുവരുന്നതുസംബന്ധിച്ച് നല്ല വിവേചന പ്രകടമാക്കാൻ നിർദ്ദേശിക്കപ്പെടുന്നു. കഴിഞ്ഞ കാലത്ത്, തങ്ങളുടെ സീററിനടിയിൽ വെക്കാൻകഴിയാത്ത വലിയ കൂളറുകളോ മററ് സ്ഥൂലിച്ച സാധനങ്ങളോ കൊണ്ടുവന്നിട്ടുണ്ട്. ഇവ ഇടനാഴികളിലോ സീററുകളിലോ വെക്കപ്പെട്ടു. ഇത് മററുളളവർക്ക് ഒരു സീററ് നഷ്ടമാക്കി. ചിലപ്പോൾ അത് അഗ്നിശമന സുരക്ഷിതത്വനിയമങ്ങളെ ലംഘിക്കുകയുംചെയ്തു. അങ്ങനെയുളള കാര്യങ്ങളിൽ നാം പരിഗണന കാണിക്കേണ്ടതുണ്ട്.
22 ഭക്ഷണമോ മററ് കൺവെൻഷൻവസ്തുക്കളോ പാഴാക്കിക്കളയാതിരിക്കാൻ ദയവായി ശ്രദ്ധിക്കുക. ഈ കഴിഞ്ഞ വർഷത്തെ കൺവെൻഷനുകളിൽ സാൻഡ്വിച്ചുകളും മററു ഭക്ഷ്യവിഭവങ്ങളും മുഴുവനായി ചവററുകുട്ടകളിൽ കിടക്കുന്നത് കാണപ്പെട്ടു. ഇത് കാണിക്കപ്പെട്ട ഔദാര്യത്തിന്റെ ഒരു ദുരുപയോഗവും തിരുവെഴുത്തുതത്വങ്ങളുടെ ലംഘനവുമാണ്.—യോഹ. 6:12.
23 തീർച്ചയായും തയ്യാറാക്കപ്പെടുന്ന ആത്മീയപരിപാടിയിൽനിന്ന് പ്രയോജനം അനുഭവിക്കുന്നതിന് നല്ല സ്ഥലസൗകര്യങ്ങളിൽ ഒന്നിച്ചുകൂടാൻ കഴിയുന്നതിനെ യഹോവയുടെ ജനം വിലമതിക്കുന്നു. അങ്ങനെയുളള കൂട്ടങ്ങളിൽ പ്രദാനംചെയ്യപ്പെടുന്ന അനേകം സേവനങ്ങളെയും സൗകര്യങ്ങളെയും നാം വിലമതിക്കുന്നു. വളരെ സൂക്ഷ്മതയോടും സൊസൈററിക്ക് വളരെ ചെലവുവരുത്തിക്കൊണ്ടും വേണ്ടത്ര ഇരിപ്പിടങ്ങൾക്കും ചെലവേറിയ സൗണ്ട്സിസ്ററത്തിനും കാര്യക്ഷമമായ ഭക്ഷ്യസേവനവകുപ്പിന്റെ പ്രവർത്തനത്തിനും കൺവെൻഷന് ഹാജരാകുന്നത് ആസ്വാദ്യവും ആത്മീയമായി നവോൻമേഷപ്രദവുമാക്കിത്തീർക്കുന്ന മററു പല ക്രമീകരണങ്ങളും സേവനങ്ങളും കൈകാര്യംചെയ്യുന്നതിനും ഏർപ്പാടുകൾ ചെയ്യപ്പെടുന്നു.
24 നിങ്ങളുടെ സ്വമേധയായുളള സംഭാവനകളാലും സൊസൈററിയുടെ ലോകവ്യാപകവേലയുടെ പിന്തുണയാലുമാണ് ഇവക്കുളള ചെലവുവഹിക്കപ്പെടുന്നത്. നിങ്ങളുടെ സൗകര്യാർത്ഥം വ്യക്തമായി അടയാളപ്പെടത്തിയ സംഭാവനപ്പെട്ടികൾ കൺവെൻഷൻസ്ഥലത്തുടനീളം വെക്കപ്പെടും. സംഭാവനകളെല്ലാം വളരെയധികം വിലമതിക്കപ്പെടുന്നു. ഈ വിധത്തിൽ രാജ്യതാത്പര്യങ്ങൾക്കായുളള നിങ്ങളുടെ ഉദാരവും ഏകീകൃതവുമായ പിന്തുണക്ക് മുൻകൂട്ടി നന്ദിപറയാൻ സൊസൈററി ആഗ്രഹിക്കുന്നു. സംഭാവനത്തുക നിർദ്ദേശിക്കപ്പെടാത്തതിൽ ഒരു വ്യക്തി വിലമതിപ്പു പ്രകടമാക്കി: ‘അത് നമുക്ക്—നമ്മുടെ സ്വന്തം വിലമതിപ്പിന്റെ ആഴത്തിന്—വിടപ്പെട്ടിരിക്കുന്നുവെന്നറിയുന്നത് വളരെ ആകർഷകമാണെന്നു തോന്നുന്നു. അതുകൊണ്ട് സാധാരണയിൽ കവിഞ്ഞ് അർപ്പിക്കാൻ ഞങ്ങൾ പ്രേരിതരാകുന്നത് നന്ദിയോടെയാണ്.’ ഈ ചെലവുകൾ സംബന്ധിച്ച് തങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തം അറിയാൻ എല്ലാവരും പ്രേരിതരാകുമെന്നും തങ്ങളുടെ സാഹചര്യങ്ങളനുവദിക്കുന്ന അളവിൽ പങ്കുവഹിച്ചുകൊണ്ട് പൂർണ്ണമായി സഹകരിക്കുമെന്നും ഞങ്ങൾക്ക് ദൃഢവിശ്വാസമുണ്ട്.—ലൂക്കോ. 6:38.
25 “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ് കൺവെൻഷന് സന്നിഹിതരാകുക! “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ്കൺവെൻഷന് ഹാജരാകുന്നതിനാലും പരിപാടിക്ക് സൂക്ഷ്മശ്രദ്ധ കൊടുക്കുന്നതിനാലും ക്രിസ്തുമൂലം വരുന്ന സ്വാതന്ത്ര്യത്തോടും ക്രിസ്തീയസ്വാതന്ത്ര്യത്തിന്റെ ഉചിതമായ ഉപയോഗത്തോടുമുളള നമ്മുടെ വിലമതിപ്പ് നാം വർദ്ധിപ്പിക്കും. പ്രാരംഭഗീതത്തിന് സ്ഥലത്തുണ്ടായിരിക്കുന്നതിനും ഞായറാഴ്ച ഉച്ചതിരിഞ്ഞുളള സമാപനപ്രാർത്ഥനവരെയുളള എല്ലാ സെഷനുകൾക്കും ഹാജരാകുന്നതിനും ഇപ്പോൾ ആസൂത്രണംചെയ്യുക.
[5-ാം പേജിലെ ചതുരം]
ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമ്മിപ്പിക്കലുകൾ
മുറികൾ: കൺവെൻഷൻ നൽകുന്ന താമസസൗകര്യങ്ങൾ ഉപയോഗിക്കുന്നതിലുളള നിങ്ങളുടെ സഹകരണം വളരെയധികം വിലമതിക്കപ്പെടുന്നു. നിങ്ങളുടെ റിസർവേഷൻ റദ്ദുചെയ്യേണ്ടതാവശ്യമാണെന്ന് നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ നിങ്ങൾ നേരിട്ട് ഹോട്ടലിലേക്ക് എഴുതുകയോ ഫോൺവിളിക്കുകയോ ചെയ്യണം, മുറി മററാർക്കെങ്കിലും ലഭ്യമാക്കാൻ സാധിക്കത്തക്കവണ്ണം മുൻകൂട്ടി അങ്ങനെ ചെയ്യേണ്ടതുമാണ്.
സ്നാപനം: സ്നാപനാർത്ഥികൾ ശനിയാഴ്ച രാവിലെ പരിപാടി തുടങ്ങുന്നതിനുമുമ്പ് നിർദ്ദിഷ്ടസ്ഥലത്ത് തങ്ങളുടെ സീററുകളിൽ ഇരിക്കാൻ ശ്രമിക്കേണ്ടതാണ്. സ്നാപനമേൽക്കാൻ ആസൂത്രണംചെയ്യുന്ന ഒരോരുത്തരും വിനീതമായ ഒരു സ്നാപനവസ്ത്രവും ഒരു തോർത്തും കൊണ്ടുവരേണ്ടതാണ്. പ്രസംഗകനാലുളള സ്നാപനപ്രസംഗത്തിനും പ്രാർത്ഥനക്കും ശേഷം സെഷൻചെയർമാൻ സ്നാപനാർത്ഥികൾക്ക് ചുരുങ്ങിയ നിർദ്ദേശങ്ങൾ കൊടുക്കുകയും അനന്തരം ഒരു ഗീതം പാടാൻ ആഹ്വാനംചെയ്യുകയും ചെയ്യും. അവസാനത്തെ ശീൽ പാടിത്തുടങ്ങുമ്പോൾ സേവകർ സ്നാപനാർത്ഥികളെ നിമജ്ജനസ്ഥലത്തേക്ക് അല്ലെങ്കിൽ അവരെ അങ്ങോട്ടു കൊണ്ടുപോകുന്ന വാഹനങ്ങളിലേക്ക് നയിക്കും, അതേസമയം സദസ്യരിൽ ശേഷിച്ചവർ ഗാനാലാപം പൂർത്തിയാക്കും. ഒരുവന്റെ സമർപ്പണത്തിന്റെ പ്രതീകമായിട്ടുളള സ്നാപനം വ്യക്തിയും യഹോവയുമായുളള ഉററ വ്യക്തിപരമായ ഒരു കാര്യമായതിനാൽ സ്നാപനമേൽക്കുമ്പോൾ രണ്ടോ അധികമോ സ്നാപനാർത്ഥികൾ കെട്ടിപ്പിടിച്ചുകൊണ്ടോ കൈകോർത്തുപിടിച്ചുകൊണ്ടോ ഉളള പങ്കാളിത്ത സ്നാപനമെന്നു വിളിക്കപ്പെടുന്നതിനുളള ഏർപ്പാടില്ല.
പയനിയർ തിരിച്ചറിയൽ: എല്ലാ നിരന്തര, പ്രത്യേക പയനിയർമാരും സഞ്ചാരമേൽവിചാരകൻമാരും തങ്ങളുടെ വാച്ച്ററവർ ഐഡൻറിഫിക്കേഷൻ ആൻഡ് അസൈൻമെൻറ് കാർഡ് (s-202) കൺവെൻഷനു കൊണ്ടുവരേണ്ടതുണ്ട്. തങ്ങൾ ഹാജരാകുന്ന ഡിസ്ട്രിക്ററ് കൺവെൻഷന്റെ സമയത്ത് കുറഞ്ഞത് ആറുമാസമായി ലിസ്ററിലുളള പയനിയർമാർക്ക് അവരുടെ വാച്ച്ററവർ തിരിച്ചറിയൽകാർഡ് കാണിക്കുമ്പോൾ ഒരു കൺവെൻഷനിൽ മാത്രം 60 രൂപാ വിലക്കുളള ഭക്ഷണ ടിക്കററുകൾ കിട്ടും. അതുകൊണ്ട് കാർഡ് പണം കൈകാര്യംചെയ്യുന്നതുപോലെ ശ്രദ്ധാപൂർവം കൈകാര്യംചെയ്യുക. കൺവെൻഷനിൽ അതിനു പകരംനൽകാൻ സാധിക്കുകയില്ല. തങ്ങളുടെ വാച്ച്ററവർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രമേ പുസ്തകശാലയിൽ പയനിയർമാർക്ക് പയനിയർനിരക്കിൽ സാഹിത്യം ലഭ്യമായിരിക്കയുളളു. ബെഥേൽസേവനത്തിലുളളവർക്ക് തങ്ങളുടെ ബെഥേൽ ഐഡി കാർഡ് കാണിച്ചുകൊണ്ട് ഇതേ വസ്തുക്കൾ വാങ്ങാവുന്നതാണ്.
സ്വമേധയാസേവനം: ഡിസ്ട്രിക്ററ് കൺവെൻഷന്റെ സുഗമമായ പ്രവർത്തനത്തിന് സ്വമേധയാസേവനം ആവശ്യമാണ്. കൺവെൻഷന്റെ ഒരു ഭാഗത്തിനുവേണ്ടിമാത്രമേ നിങ്ങൾക്ക് പ്രവർത്തിക്കാൻ കഴികയുളളുവെങ്കിൽപോലും നിങ്ങളുടെ സേവനങ്ങൾ വിലമതിക്കപ്പെടും. നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ കൺവെൻഷന് നിങ്ങൾ എത്തിച്ചേരുമ്പോൾ സ്വമേധയാസേവന വകുപ്പിൽ വിവരമറിയിക്കാൻ ദയവുണ്ടാകണം. 16 വയസ്സിൽ താണ കുട്ടികൾക്കും കൺവെൻഷന്റെ വിജയത്തിന് സംഭാവനചെയ്യാൻ കഴിയും, എന്നാൽ അവർ മാതാപിതാക്കളിലൊരാളോടുകൂടെയോ ഉത്തരവാദിത്തമുളള വേറെ മുതിർന്നയാളോടുകൂടെയോ പ്രവർത്തിക്കാനാണ് ആവശ്യപ്പെടുന്നത്.
ലാപ്പെൽ കാർഡുകൾ: ദയവായി കൺവെൻഷനിലും, കൺവെൻഷൻസ്ഥലത്തേക്കും തിരിച്ചും യാത്രചെയ്യുമ്പോഴും, പ്രത്യേകമായി രൂപകൽപ്പനചെയ്തിട്ടുളള ലാപ്പെൽകാർഡ് ധരിക്കുക. ഇത് യാത്രാവേളയിൽ നമുക്ക് മിക്കപ്പോഴും ഒരു നല്ല സാക്ഷ്യം കൊടുക്കുക സാദ്ധ്യമാക്കുന്നു. ലാപ്പെൽകാർഡുകൾ കൺവെൻഷനുകളിൽ ലഭ്യമല്ലാത്തതിനാൽ നിങ്ങളുടെ സഭ മുഖാന്തരം അവ വാങ്ങേണ്ടതാണ്. ലാപ്പെൽബാഡ്ജ് ഹോൾഡറുകൾ സഭകൾ ഓർഡർചെയ്യേണ്ടതുണ്ട്, എന്നാൽ ലാപ്പെൽ കാർഡുകൾ സൊസൈററി സഭകൾക്ക് അയച്ചുകൊടുക്കുന്നതാണ്. ഹോൾഡറിന്റെ വില 1 രൂപയും കാർഡിന്റേത് 20 പൈസയുമാണ്.
ജാഗ്രതയുടെ വാക്കുകൾ: നിങ്ങൾ എവിടെ പാർക്കുചെയ്താലും നിങ്ങൾ എല്ലാ സമയങ്ങളിലും നിങ്ങളുടെ വാഹനങ്ങൾ പൂട്ടിയിടണം, കാണാവുന്നതുപോലെ യാതൊന്നും ഒരിക്കലും അകത്തിടുകയുമരുത്. സാദ്ധ്യമെങ്കിൽ നിങ്ങളുടെ വസ്തുക്കൾ ട്രങ്കിനകത്ത് പൂട്ടി സൂക്ഷിക്കുക. കൂടാതെ, വലിയ ജനക്കൂട്ടങ്ങളാൽ ആകർഷിക്കപ്പെടുന്ന മോഷ്ടാക്കളെയും പോക്കററടിക്കാരെയും സൂക്ഷിക്കുക. ഇതിൽ കൺവെൻഷൻസ്ഥലത്ത് സീററിൽ വിലയുളള ഒന്നും നോട്ടമില്ലാതെ ഇടാതിരിക്കുന്നത് ഉൾപ്പെടുന്നു. ദയവായി ശ്രദ്ധിക്കുക.
ചില ഹോട്ടലുകൾ അസാൻമാർഗ്ഗിക ഉളളടക്കത്തോടുകൂടിയതോ അശ്ലീല സ്വഭാവമുളളതുപോലുമോ ആയ ടെലിവിഷൻ ചലച്ചിത്രങ്ങൾ കാണാൻ അനായാസം അനുവദിക്കുന്നുവെന്ന് റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു. ഇത് താമസസ്ഥലങ്ങളിൽ മേൽനോട്ടമില്ലാതെയുളള കുട്ടികളുടെ ടിവി കാഴ്ച ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെ പ്രദീപ്തമാക്കുന്നു.
1991-92 ഡിസ്ട്രിക്ററ് കൺവെൻഷൻ ഗീതങ്ങളുടെ നമ്പർ
രാവിലെ ഉച്ചതിരിഞ്ഞ്
വെളളി 19 (90)a 172 (92)
34 (8) 85 (44)
136 (23)
ശനി 117(65) 155 (49)
121(68) 113 (62)
13(82) 105 (46)
ഞായർ 215(117) 53 (27)
174(78) 191 (9)
10(80) 212 (110)
a *ബ്രാക്കററുകളിൽ കൊടുത്തിരിക്കുന്ന ഗീത നമ്പരുകൾ കേരളത്തിലെ കൺവെൻഷനുകൾക്കു മാത്രമാണ്, അവിടെ 1966-ലെ പാട്ടുപുസ്തകമാണ് ഉപയോഗിക്കുന്നത്. ശേഷിച്ച കൺവെൻഷനുകൾ 1984-ലെ പാട്ടുപുസ്തകം ഉപയോഗിക്കും.