വീടുതോറും ഫലകരമായി പ്രവർത്തിക്കൽ
1 ഇന്ന് ഭൂമിയിലെമ്പാടും “സുവാർത്ത” പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (മത്താ. 24:14) ഇത് മുഖ്യമായും വീടുതോറുമുളള ശുശ്രൂഷയിലൂടെയാണ് സാധിക്കുന്നത്.—പ്രവൃ. 20:20, 21.
2 നാം കണ്ടുമുട്ടുന്ന ആളുകൾക്ക് നമ്മുടെ അവതരണങ്ങൾ യഥാർത്ഥത്തിൽ അർത്ഥമുളളതായിരിക്കണം. പുരുഷൻമാരും സ്ത്രീകളും ചെറുപ്പക്കാരും അവർക്കു താൽപര്യമുളള മണ്ഡലങ്ങളിൽ വ്യത്യസ്തരാണ്. അതുകൊണ്ട് നമ്മുടെ പ്രദേശത്തെ ആളുകൾക്ക് ആകർഷകമായിരിക്കാനിടയുളള തിരുവെഴുത്തുപരമായ വിവിധ വിഷയങ്ങൾ തയ്യാറായിരിക്കുന്നത് നല്ലതായിരിക്കും.
3 പ്രസിദ്ധീകരണങ്ങൾ നന്നായി ഉപയോഗിക്കുക: എന്നേക്കും ജീവിക്കാൻ പുസ്തകം എല്ലായിടത്തുമുളള അനേകമാളുകൾക്കും ആകർഷകമായിരിക്കുന്ന ഒട്ടനവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രരൂപത്തിലും ശബ്ദരൂപത്തിലുമുളള ദൃഷ്ടാന്തങ്ങൾ ഫലകരമായ സഹായങ്ങളാണ്. പുസ്തകം ഹൃദയത്തെ ആകർഷിക്കുകയും തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യം കാണാൻ, അതെ, അവരുടെ വിശ്വാസങ്ങളും നടത്തയും മനോഭാവവും ജീവിതരീതിയും മാററാൻ, ആളുകളെ സഹായിക്കുകയും ചെയ്യുന്നു. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ ഉളളടക്കം സുപരിചിതമാക്കിയിരിക്കുന്നത് തികച്ചും വ്യത്യസ്തമായ വിവിധ വിഷയങ്ങൾ ആളുകളോട് ഫലകരമായി സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കും. വീട്ടുകാരന്റെ താൽപര്യത്തിന്റെ അളവു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കും.
4 ശുശ്രൂഷയിൽ ഫലപ്രദരായിരിക്കുന്നതിന് നാം ആത്മാർത്ഥമായി വ്യക്തിഗത താൽപര്യം കാണിക്കേണ്ട ആവശ്യമുണ്ട്. (ഫിലി. 2:4) വ്യക്തിയെയും അയാളുടെ ആവശ്യങ്ങളെയും ഉൾപ്പെടുത്തുന്ന ഒരു രാജ്യവിഷയത്തിൽ സംഭാഷണം കേന്ദ്രീകരിക്കാൻ ശ്രമിക്കുക. സന്ദർഭത്തിനു യോജിച്ച ചോദ്യങ്ങൾ ചോദിച്ച് അയാളെക്കൊണ്ടു സംസാരിപ്പിച്ചുകൊണ്ട് വ്യക്തിയുടെ ചിന്താഗതി മനസ്സിലാക്കാൻ ശ്രമിക്കുക. ശ്രദ്ധയോടെ അയാളുടെ ഉത്തരങ്ങൾ കേൾക്കുക. ഏതു വിഷയം അയാൾക്ക് താൽപര്യമായിരിക്കുമെന്ന് വിവേചിക്കാൻ അയാളുടെ അഭിപ്രായങ്ങൾ നിങ്ങളെ സഹായിച്ചേക്കാം. രാജ്യസന്ദേശത്തിന്റെ മൂല്യം മനസ്സിലാക്കാൻ ആളുകളെ സഹായിക്കാനും അതിനേക്കുറിച്ച് എങ്ങനെ കൂടുതൽ പഠിക്കാമെന്ന് അവരെ കാണിച്ചുകൊടുക്കാനും നാം ആഗ്രഹിക്കുന്നു. തങ്ങളെ സന്ദർശിച്ച സഹോദരൻ ആത്മാർത്ഥമായ ഒരു വ്യക്തിഗത താൽപര്യം കാണിച്ചതുകൊണ്ടാണ് തങ്ങൾ ഒരു ബൈബിളദ്ധ്യയനം സ്വീകരിച്ചതെന്ന് ഒരു ദമ്പതികൾ പറഞ്ഞു.
5 കൂടെക്കൂടെ പ്രവർത്തിച്ച പ്രദേശത്ത്: ഫലപ്രദത്വം വികസിപ്പിക്കുന്നത് കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത് വിശേഷാൽ പ്രധാനമാണ്. ഏറെ ഫലപ്രദമായ ഒരു ശുശ്രൂഷ നമ്മുടെ പ്രദേശം വിസ്തൃതമാക്കാൻ നമ്മെ സഹായിക്കുന്നു. (w88 7⁄15 പേ. 15-20) നാം ആ വീട്ടിൽ മുമ്പ് ഒരിക്കലും സന്ദർശിച്ചിട്ടില്ലെന്നപോലെ പെരുമാറുന്നതിനു പകരം നമുക്ക് വീട്ടുകാരന്റെ കഴിഞ്ഞ പ്രാവശ്യത്തെ മനോഭാവം പരാമർശിക്കാനും നമ്മുടെ പ്രയോജനത്തിനുവേണ്ടി അത് ഉപയോഗിക്കാനും കഴിയും. നമുക്ക് നമ്മുടെ കഴിഞ്ഞ പ്രാവശ്യത്തെ സന്ദർശനം സൂചിപ്പിക്കാനും അന്നുപറഞ്ഞതിനെ ആസ്പദമാക്കി കെട്ടുപണിചെയ്യാനും കഴിയും. നമ്മുടെ രാജ്യ ശുശ്രൂഷയുടെ മുൻകാല ലക്കങ്ങളിലും ന്യായവാദം പുസ്തകത്തിലും നിർദ്ദേശിച്ചിട്ടുളള അവതരണങ്ങൾ പ്രദേശത്തിന്റെ ആവശ്യങ്ങളോട് പൊരുത്തപ്പെടുത്താൻ കഴിയും.
6 കൂടുതൽ ആളുകൾ രാജ്യാനുഗ്രഹങ്ങളിൽനിന്ന് പ്രയോജനം അനുഭവിക്കാൻ വേണ്ടി യഹോവ ക്ഷമാപൂർവ്വം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ആളുകളോടുളള യേശുവിന്റെ സ്നേഹം നിമിത്തം അവന്റെ ശുശ്രൂഷ ഫലപ്രദമായിരുന്നു. (മർക്കോ. 6:34) അവന്റെ മാതൃക പിൻപററുന്നതിന് നാം നമ്മുടെ പരമാവധി പ്രവർത്തിക്കുന്നുവോ? (1 പത്രോ. 2:21) വീടുതോറുമുളള ശുശ്രൂഷയിൽ പൂർണ്ണമായും ഫലപ്രദമായും പങ്കെടുക്കുന്നതിൽനിന്ന് നമുക്ക് പിൻമാറി നിൽക്കാതിരിക്കാം.—2 തിമൊ. 4:5.