മടക്കസന്ദർശനങ്ങൾക്കായി ധൈര്യം സംഭരിക്കുക
1 നിങ്ങൾ മടക്കസന്ദർശനങ്ങൾ ആസ്വദിക്കുന്നുവോ? മിക്ക പ്രസാധകരും അവ ആസ്വദിക്കുന്നു. ആദ്യമൊക്കെ, പ്രത്യേകിച്ചും പ്രഥമസന്ദർശനത്തിൽ അൽപ്പം മാത്രം താത്പര്യം കാട്ടിയ വീട്ടുകാരുടെയടുക്കൽ മടങ്ങിച്ചെല്ലവെ, നിങ്ങൾക്ക് ആശങ്ക തോന്നിയിരിക്കാം. എന്നാൽ മടക്കസന്ദർശനങ്ങളിൽ സുവാർത്തയെക്കുറിച്ചു സംസാരിക്കാൻ നമ്മുടെ ദൈവം മുഖാന്തരം ‘ധൈര്യം സംഭരിക്കു’മ്പോൾ, ഈ വേല എത്ര സുകരവും പ്രതിഫലദായകവുമാണെന്നു കണ്ടെത്തുന്നതിൽ നിങ്ങൾ ആശ്ചര്യംകൂറിയേക്കാം. (1 തെസ്സ. 2:2, NW) അതെങ്ങനെ?
2 വാസ്തവത്തിൽ, മടക്കസന്ദർശനവും പ്രഥമസന്ദർശനവും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ട്. മടക്കസന്ദർശനത്തിൽ സന്ധിക്കുന്നത് ഒരു പരിചയക്കാരനെയാണ്, അപരിചിതനെയല്ല. സാധാരണഗതിയിൽ, പരിചയക്കാരനോടു സംസാരിക്കുന്നത് അപരിചിതനോടു സംസാരിക്കുന്നതിനെക്കാൾ എളുപ്പമാണ്. മടക്കസന്ദർശനങ്ങൾ ഫലപ്രദമായ ഭവന ബൈബിളധ്യയനങ്ങളിലേക്കു നയിക്കുന്നുവെന്നതാണ് ഈ വേലയിൽ പങ്കുപറ്റുന്നതുകൊണ്ടുള്ള തൃപ്തികരമായ ഫലം.
3 നാം മുമ്പു സന്ദർശിച്ചപ്പോൾ താത്പര്യം കാട്ടാതിരുന്ന ആളുകളെ സന്ദർശിക്കുന്നതു വീടുതോറുമുള്ള വേലയിൽ ഉൾപ്പെടുന്നു. എങ്കിൽപ്പിന്നെ, നാം എന്തിനാണു വീണ്ടും സന്ദർശിക്കുന്നത്? ആളുകളുടെ സാഹചര്യങ്ങൾക്കു മാറ്റം വരുന്നുവെന്നു നാം മനസ്സിലാക്കുന്നു. മുമ്പു സന്ദർശിച്ചപ്പോൾ ഉദാസീനത കാട്ടുകയോ എതിർക്കുകയോപോലും ചെയ്തിരുന്ന വ്യക്തി, അടുത്ത തവണ സന്ദർശിക്കുമ്പോൾ താത്പര്യം കാട്ടിയേക്കാം. അതു മനസ്സിൽപ്പിടിച്ചുകൊണ്ടു നാം നന്നായി തയ്യാറാകുന്നു. ഒപ്പംതന്നെ, ഇത്തവണ നാം പറയാൻ പോകുന്ന സംഗതി അയാളുടെ താത്പര്യത്തെ തൊട്ടുണർത്താൻ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു.
4 വീടുതോറുമുള്ള വേലയിൽ, മുമ്പ് ഒട്ടുംതന്നെ താത്പര്യം കാട്ടാഞ്ഞ ആളുകളോടു സംസാരിക്കുന്നതിനു നമുക്കു യാതൊരു മടിയുമില്ല. അങ്ങനെയെങ്കിൽ, രാജ്യസന്ദേശത്തിൽ കുറച്ചെങ്കിലും താത്പര്യം കാട്ടിയ വ്യക്തിയുടെയടുക്കൽ മടങ്ങിച്ചെല്ലുന്നതിനു നാം മടി വിചാരിക്കേണ്ടതുണ്ടോ?—പ്രവൃ. 10:34, 35.
5 ഒരു പ്രസാധകൻ ക്ഷമാപൂർവം മടക്കസന്ദർശനങ്ങൾ നടത്തിയതുകൊണ്ടാണു നമ്മിലനേകരും ഇന്നു സത്യത്തിലായിരിക്കുന്നത്. നിങ്ങൾ അവരിലൊരാളാണെങ്കിൽ ഇങ്ങനെ സ്വയം ചോദിക്കുക: ‘ആ പ്രസാധകന് എന്നെക്കുറിച്ച് ആദ്യം എന്തായിരിക്കും തോന്നിയത്? രാജ്യസന്ദേശത്തെക്കുറിച്ചു കേട്ടയുടനെ ഞാൻ അതു സ്വീകരിച്ചോ? ഞാൻ ഉദാസീനത കാട്ടിയിരുന്നോ?’ ആ പ്രസാധകൻ ‘ദൈവത്തിൽ ധൈര്യം സംഭരിച്ച്’ മടക്കസന്ദർശനം നടത്താൻ നമ്മെ യോഗ്യരായി എണ്ണുകയും വീണ്ടും സന്ദർശിച്ചു സത്യം പഠിപ്പിക്കുകയും ചെയ്തതിൽ നാം സന്തോഷമുള്ളവരായിരിക്കണം. ആദ്യം അൽപ്പസ്വൽപ്പം താത്പര്യം കാട്ടിയിട്ട്, പിന്നീടു നമ്മെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി തോന്നുന്ന ആളുകളുടെ കാര്യമോ? ക്രിയാത്മക മനോഭാവം പുലർത്തേണ്ടത് അത്യാവശ്യമാണ്. പിൻവരുന്ന അനുഭവം അതു വ്യക്തമാക്കുന്നു.
6 അതിരാവിലെ തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പ്രസാധകർ, കുട്ടിയെ സ്ട്രോളറിലിരുത്തി ഉന്തിക്കൊണ്ടു പോകുന്ന ഒരു യുവതിയെ കണ്ടുമുട്ടി. ആ സ്ത്രീ ഒരു മാസിക സ്വീകരിച്ചശേഷം പിറ്റേ ഞായറാഴ്ച തന്റെ വീട്ടിലേക്കു വരാൻ സഹോദരിമാരോടു പറഞ്ഞു. നിശ്ചയിച്ചുറച്ച സമയത്തുതന്നെ അവർ എത്തിച്ചേർന്നു. എന്നാൽ തനിക്ക് ഒട്ടും സമയമില്ലെന്നു വീട്ടുകാരി പറഞ്ഞു. എങ്കിലും, പിറ്റേ ആഴ്ച സംസാരിക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു. ആ സ്ത്രീ വാക്കുപാലിക്കുമോ എന്നു സഹോദരിമാർക്കു സംശയമുണ്ടായിരുന്നു. എന്നാൽ അവർ മടങ്ങിച്ചെന്നപ്പോൾ സ്ത്രീ അവരെ കാത്തിരിക്കുകയായിരുന്നു. അധ്യയനം തുടങ്ങി. ആ യുവതിയുടെ പുരോഗതി വിസ്മയകരമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ ക്രമമായി യോഗങ്ങൾക്കു ഹാജരാകാനും വയൽസേവനത്തിൽ പങ്കുപറ്റാനും തുടങ്ങി. ഇപ്പോൾ സ്നാപനമേറ്റിരിക്കുന്നു.
7 പ്രഥമ സന്ദർശനത്തിൽ അസ്തിവാരമിടുക: ഒട്ടുമിക്കപ്പോഴും, പ്രഥമസന്ദർശനത്തിൽത്തന്നെ വിജയപ്രദമായ മടക്കസന്ദർശനത്തിനുള്ള അസ്തിവാര മിടുന്നു. വീട്ടുകാരന്റെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. അവ എന്താണു പറയുന്നത്? അയാൾ മതതത്പരനാണോ? സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ഉത്കണ്ഠയുള്ളവനാണോ? ശാസ്ത്രത്തിലോ ചരിത്രത്തിലോ പരിസ്ഥിതിയിലോ തത്പരനാണോ? സംഭാഷണത്തിന്റെ ഒടുവിൽ ചിന്തോദ്ദീപകമായ ഒരു ചോദ്യം ഉന്നയിച്ചിട്ട്, അതേക്കുറിച്ചു ബൈബിൾ നൽകുന്ന ഉത്തരം മടങ്ങിവരുമ്പോൾ ചർച്ചചെയ്യാമെന്നു വാഗ്ദാനം ചെയ്യുക.
8 ഉദാഹരണത്തിന്, പറുദീസാ ഭൂമിയെക്കുറിച്ചുള്ള ബൈബിൾ വാഗ്ദത്തത്തോടു വീട്ടുകാരൻ പ്രതികരിക്കുന്നപക്ഷം ആ വിഷയത്തെക്കുറിച്ചു കൂടുതലായി ചർച്ച നടത്തുന്നത് ഉചിതമായിരിക്കും. മടങ്ങുന്നതിനു തൊട്ടുമുമ്പ് ഇങ്ങനെ ചോദിക്കാവുന്നതാണ്: “ദൈവം തന്റെ വാഗ്ദത്തം നിവർത്തിക്കുമെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?” എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേർക്കാം: “കുടുംബത്തിലെ മറ്റംഗങ്ങളെല്ലാം ഉള്ളപ്പോൾ മടങ്ങിവരാം. അപ്പോൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽനിന്നു ഞാൻ കാട്ടിത്തരാം.”
9 വീട്ടുകാരൻ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തിൽ താത്പര്യം കാട്ടാത്തപക്ഷം, നമ്മുടെ രാജ്യ ശുശ്രൂഷയുടെ പിൻപേജിലെ അവതരണങ്ങളിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളിലൊന്ന് ഉപയോഗിച്ചിട്ട് അടുത്ത ചർച്ചയ്ക്ക് അടിസ്ഥാനമായി അതുപയോഗിക്കാവുന്നതാണ്.
10 വിവരങ്ങൾ കൃത്യമായി എഴുതിവയ്ക്കുക: വീടുതോറുമുളള രേഖ കൃത്യതയുള്ളതും പൂർണവുമായിരിക്കണം. ഒരു വീട്ടിൽനിന്നു പോരുന്നയുടനെ വീട്ടുകാരന്റെ പേരും വിലാസവും എഴുതിവയ്ക്കുക. വീടിന്റെ നമ്പരോ തെരുവിന്റെ പേരോ ഊഹിച്ചെടുക്കാതെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വ്യക്തിയെക്കുറിച്ചുള്ള വിവരണം എഴുതുക. ചർച്ചചെയ്ത വിഷയം, വായിച്ച തിരുവെഴുത്ത്, സമർപ്പിച്ച സാഹിത്യം, മടങ്ങിച്ചെല്ലുമ്പോൾ ഉത്തരം നൽകാൻ പോകുന്ന ചോദ്യം എന്നിവ കുറിച്ചുവയ്ക്കുക. പ്രഥമസന്ദർശനത്തിന്റെ തീയതിയും സമയവും മടങ്ങിച്ചെല്ലാമെന്നു പറഞ്ഞിരിക്കുന്ന തീയതിയും സമയവും കുറിച്ചുവയ്ക്കുക. ഇപ്പോൾ നിങ്ങളുടെ രേഖ പൂർണമായി. എന്നാൽ അതു നഷ്ടപ്പെടുത്തരുത്! പിന്നീട് എടുത്തു നോക്കത്തക്കവണ്ണം അതൊരു സുരക്ഷിത സ്ഥാനത്തു വയ്ക്കുക. ആ വ്യക്തിയെക്കുറിച്ചും അടുത്ത സന്ദർശനത്തെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുക.
11 നിങ്ങളുടെ ലക്ഷ്യം മനസ്സിൽപ്പിടിക്കുക: ഒന്നാമതായി, വീട്ടുകാരന് അസ്വസ്ഥത തോന്നാതിരിക്കേണ്ടതിന് ഊഷ്മളതയും സൗഹൃദവുമുള്ളവനായിരിക്കാൻ പരമാവധി ശ്രമിക്കുക. അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ ചികഞ്ഞന്വേഷിക്കാതെ, ഒരു വ്യക്തിയെന്നനിലയിൽ അയാളിൽ തത്പരനാണെന്നു കാട്ടുക. അടുത്തതായി, കഴിഞ്ഞ സന്ദർശനത്തിൽ നിങ്ങൾ ഉന്നയിച്ച ചോദ്യത്തെക്കുറിച്ച് അയാളെ ഓർമിപ്പിക്കുക. അയാളുടെ അഭിപ്രായം ശ്രദ്ധിച്ചു കേട്ടിട്ട്, അതിന് ആത്മാർഥമായി അയാളെ അഭിനന്ദിക്കുക. പിന്നീട്, ബൈബിളിന്റെ വീക്ഷണഗതി പ്രായോഗികമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു കാട്ടുക. സാധിക്കുമെങ്കിൽ, അതുമായി ബന്ധപ്പെട്ട, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ഒരാശയത്തിലേക്കു ശ്രദ്ധക്ഷണിക്കുക. മടക്കസന്ദർശനങ്ങളുടെ മുഖ്യ ഉദ്ദേശ്യം ഒരു ബൈബിളധ്യയനം തുടങ്ങുകയാണെന്നകാര്യം മനസ്സിൽപ്പിടിക്കുക.
12 പരിജ്ഞാനം പുസ്തകത്തിലെ വളച്ചുകെട്ടില്ലാത്ത വിധം, നാം ബൈബിളധ്യയനം നടത്തുന്ന വിദ്യാർഥികളെ യോഗങ്ങൾക്കു ഹാജരാകാനും യഹോവയുടെ സ്ഥാപനത്തോടൊത്തു സഹവസിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനു ‘ധൈര്യപ്പെടാൻ’ നമ്മിലനേകർക്കും പ്രചോദനമേകിയിട്ടുണ്ട്. കഴിഞ്ഞകാലങ്ങളിൽ, വ്യക്തികൾ കുറെക്കാലം പഠിച്ചശേഷം നമ്മോടൊപ്പം സഹവസിക്കുന്നതിനു ക്ഷണിക്കാനായിരുന്നു നാം പ്രവണത കാട്ടിയിരുന്നത്. ഇപ്പോൾ നിരവധി വിദ്യാർഥികൾ പഠിക്കാൻ തുടങ്ങുന്നയുടനെ യോഗങ്ങൾക്കു ഹാജരാകുന്നു. തത്ഫലമായി അവർ വളരെവേഗം പുരോഗമിക്കുന്നു.
13 ഒരു ദമ്പതികൾ സഹപ്രവർത്തകന് അനൗപചാരികമായി സാക്ഷ്യം നൽകി. അയാൾ സത്യത്തിൽ താത്പര്യം പ്രകടമാക്കിയപ്പോൾ പരിജ്ഞാനം പുസ്തകത്തിൽനിന്ന് അധ്യയനം നടത്താൻ അവർ അയാളെ ക്ഷണിച്ചു. ഒപ്പംതന്നെ, അയാളുടെ ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിനു യോഗങ്ങൾക്കു ഹാജരാകണമെന്നും അവർ അയാളോടു പറഞ്ഞു. അയാൾ യാതൊരു സന്ദേഹവും കൂടാതെ അധ്യയനത്തിനുള്ള ക്ഷണം സ്വീകരിച്ചു. മാത്രമല്ല, ആഴ്ചയിൽ രണ്ടു തവണ അധ്യയനം നടത്തുകയും രാജ്യഹാളിൽ ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങുകയും ചെയ്തു.
14 ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഉപയോഗിക്കുക: “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക നമുക്കു ലഭിച്ചു. ദൈവഭയമുള്ളവരുമായി, അവർ എത്രതന്നെ അഭ്യസ്തവിദ്യരായിരുന്നാലും, ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ആ ലഘുപത്രിക ഉപയോഗപ്രദമാണ്. അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ അടങ്ങിയിരിക്കുന്ന ആ ലഘുപത്രിക ഉപയോഗിച്ചു സമഗ്രമായ അധ്യയന പരിപാടി നടത്താനാകും. ആ പ്രസിദ്ധീകരണം ദൈവപരിജ്ഞാനം പ്രദാനം ചെയ്യുന്നതിനു വളരെ ഫലപ്രദമായ ഒരുപകരണമായിരിക്കും. സുവ്യക്തവും ലളിതവുമായ രീതിയിൽ അതു സത്യത്തെക്കുറിച്ചു വിവരിക്കുന്നു. വാസ്തവത്തിൽ, ദൈവത്തിന്റെ നിർദേശങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മിലോരോരുത്തർക്കും അതുപയോഗിക്കാൻ സാധിക്കും. സാധ്യതയനുസരിച്ച്, ആ ലഘുപത്രിക ഉപയോഗിച്ച് ബൈബിളധ്യയനം നടത്തുന്നതിന് അനേകം പ്രസാധകർക്കും പദവിയുണ്ടായിരിക്കും.
15 പരിജ്ഞാനം പുസ്തകം പഠിക്കാൻ സമയമില്ലെന്നു തോന്നുന്ന ചില വ്യക്തികൾ ആവശ്യം ലഘുപത്രിക ഉപയോഗിച്ചു ഹ്രസ്വ വേളകളിലായി അധ്യയനം നടത്താൻ സമ്മതിച്ചേക്കും. തങ്ങൾ പഠിക്കുന്ന കാര്യങ്ങളിൽ അവർ പുളകമണിയും! നൂറ്റാണ്ടുകളായി മനുഷ്യർ ആരാഞ്ഞുപോന്ന പിൻവരുന്ന ചോദ്യങ്ങൾക്കു രണ്ടോ മൂന്നോ പേജുകളിൽ അവർ ഉത്തരം കണ്ടെത്തും: ദൈവം ആരാണ്? പിശാച് ആരാണ്? ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? ദൈവരാജ്യം എന്താണ്? നിങ്ങൾക്കു സത്യമതം എങ്ങനെ കണ്ടെത്താം? ആ ലഘുപത്രിക ലളിതമായ വിധങ്ങളിലാണു സത്യം അവതരിപ്പിക്കുന്നതെങ്കിലും അതിലെ സന്ദേശം വളരെ ശക്തമാണ്. സ്നാപനാർഥികളുമായി മൂപ്പന്മാർ പുനരവലോകനം നടത്തുന്ന മുഖ്യ ആശയങ്ങൾ അതിൽ ചർച്ചചെയ്യുന്നു. മാത്രമല്ല, പരിജ്ഞാനം പുസ്തകത്തിന്റെ സമഗ്രമായ അധ്യയനത്തിനുള്ള ഒരു ചവിട്ടുപടിയായും അത് ഉതകുന്നു.
16 മടക്കസന്ദർശനത്തിൽ അധ്യയനം വാഗ്ദാനം ചെയ്യാൻ ഇത്രയുമേ പറയേണ്ടതുള്ളൂ: “ഏതാനും നിമിഷങ്ങൾക്കകം ഒരു പ്രധാന ചോദ്യത്തിനുത്തരം കണ്ടെത്താമെന്ന കാര്യം നിങ്ങൾക്കറിയാമോ?” എന്നിട്ട്, ലഘുപത്രികയിലെ ഏതെങ്കിലും പാഠത്തിന്റെ ആരംഭത്തിൽ കാണുന്ന ഒരു ചോദ്യം ഉന്നയിക്കുക. ഉദാഹരണത്തിന്, ഒരു പള്ളിക്കാരനെയാണു സന്ദർശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “പണ്ട് യേശു രോഗികളെ സുഖപ്പെടുത്തിയെന്നു നമുക്കറിയാം. എന്നാൽ ഭാവിയിൽ യേശു രോഗികൾക്കുവേണ്ടി, പ്രായമായവർക്കുവേണ്ടി, മരിച്ചവർക്കുവേണ്ടി എന്തു ചെയ്യും?” ഉത്തരങ്ങൾ 5-ാം പാഠത്തിൽ കാണാം. അല്ലെങ്കിൽ, മതതത്പരനായ ഏതൊരു വ്യക്തിയും ഈ ചോദ്യത്തിൽ വിസ്മയം കൂറും: “ദൈവം എല്ലാ പ്രാർഥനകളും ശ്രദ്ധിക്കുന്നുണ്ടോ?” അതിനുത്തരം 7-ാം പാഠത്തിൽ കാണാം. കുടുംബാംഗങ്ങൾ ഇതറിയാൻ ആഗ്രഹിക്കും: “മാതാപിതാക്കളിൽനിന്നും മക്കളിൽനിന്നും യഹോവ എന്ത് ആവശ്യപ്പെടുന്നു?” 8-ാം പാഠം പഠിക്കുമ്പോൾ അതിനുത്തരം അവർക്കു ലഭിക്കും. മറ്റു ചില ചോദ്യങ്ങൾ ഇതാണ്: “മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാൻ കഴിയുമോ?” എന്നത് 11-ാം പാഠം വിശദീകരിച്ചിരിക്കുന്നു; “ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന വളരെയധികം മതങ്ങൾ ഉള്ളത് എന്തുകൊണ്ട്?” എന്നത് 13-ാം പാഠം വിശദീകരിക്കുന്നു; “ദൈവത്തിന്റെ ഒരു സ്നേഹിതനായിത്തീരുവാൻ നിങ്ങൾ എന്തു ചെയ്യണം?” എന്നത് 16-ാം പാഠം ചർച്ചചെയ്യുന്നു.
17 മറ്റൊരു ഭാഷ സംസാരിക്കുന്നവരെ സഹായിക്കുക: മറ്റൊരു ഭാഷ സംസാരിക്കുന്ന വീട്ടുകാരുടെ കാര്യമോ? സാധിക്കുമെങ്കിൽ, അവർക്കു നന്നായറിയാവുന്ന ഭാഷയിൽ അവരെ പഠിപ്പിക്കണം. (1 കൊരി. 14:9) വീട്ടുകാരന്റെ ഭാഷ സംസാരിക്കുന്ന ഒന്നോ അതിലധികമോ പ്രസാധകർ നിങ്ങളുടെ സഭയിലുണ്ടായിരുന്നേക്കാം. അങ്ങനെയെങ്കിൽ, വീട്ടുകാരനെ പരിചയപ്പെടുത്തിയശേഷം മടക്കസന്ദർശനം നടത്താൻ അവരിലൊരാളെ നിങ്ങൾക്ക് ഏൽപ്പിക്കാവുന്നതാണ്. ആ ഭാഷയിൽ ഒരു സഭയോ പുസ്തകാധ്യയനക്കൂട്ടമോ അടുത്തുണ്ടായിരുന്നേക്കാം. ആ ഭാഷയിൽ ഒരു സഭയോ പുസ്തകാധ്യയനക്കൂട്ടമോ അടുത്തില്ലെന്നു മാത്രമല്ല, വീട്ടുകാരന്റെ ഭാഷ സംസാരിക്കുന്ന പ്രാദേശിക സാക്ഷിയും ഇല്ലെന്നുവരികിൽ രണ്ടു ഭാഷകളിലുള്ള ആവശ്യം ലഘുപത്രിക ഉപയോഗിച്ച് അതേ പ്രസാധകനു വീട്ടുകാരനുമായി അധ്യയനം നടത്താൻ ശ്രമിക്കാവുന്നതാണ്.
18 ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു പ്രസാധകൻ വിയറ്റ്നാമീസ് സംസാരിക്കുന്ന ഒരു വ്യക്തിയോടും തായ് സംസാരിക്കുന്ന ഭാര്യയോടുമൊപ്പം അധ്യയനം തുടങ്ങി. അധ്യയനവേളയിൽ ഇംഗ്ലീഷ്, വിയറ്റ്നാമീസ്, തായ് ഭാഷകളിൽ പ്രസിദ്ധീകരണങ്ങളും ബൈബിളുകളും ഉപയോഗിച്ചു. ആദ്യമൊക്കെ ഭാഷാപരമായ അതിർവരമ്പു വെല്ലുവിളി ഉയർത്തിയെങ്കിലും, പ്രസാധകൻ എഴുതുന്നു: “ആ ദമ്പതികൾ പെട്ടെന്നുതന്നെ ആത്മീയമായി പുരോഗമിക്കാൻ തുടങ്ങി. തങ്ങളുടെ രണ്ടു കുട്ടികളോടുമൊപ്പം യോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ ആവശ്യം അവർ തിരിച്ചറിഞ്ഞു. ഒരു കുടുംബമെന്ന നിലയിൽ രാത്രിയിൽ അവർ ബൈബിൾ വായിക്കാൻ തുടങ്ങി. അവരുടെ ആറു വയസ്സുള്ള മകൾക്കും ബൈബിളധ്യയനമുണ്ട്.”
19 മറ്റൊരു ഭാഷ സംസാരിക്കുന്ന ആളുകളുമായി അധ്യയനം നടത്തുമ്പോൾ സാവധാനം സംസാരിക്കണം. സ്ഫുടമായി ഉച്ചരിക്കണം. ലളിതമായ വാക്കുകളും വാചകങ്ങളും ഉപയോഗിക്കണം. എങ്കിലും, മറ്റൊരു ഭാഷ സംസാരിക്കുന്ന ആളുകളോടു മാന്യമായി ഇടപെടണമെന്നകാര്യം മനസ്സിൽപ്പിടിക്കുക. കുട്ടികളോടെന്നപോലെ അവരോട് ഇടപെടരുത്.
20 ആവശ്യം ലഘുപത്രികയിലുള്ള മനോഹരമായ ചിത്രങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക. “ഒരു ചിത്രം ആയിരം വാക്കുകളെക്കാൾ ഫലപ്രദം” ആയിരിക്കെ ആ ലഘുപത്രികയിൽ ഉപയോഗിച്ചിരിക്കുന്ന നിരവധി ചിത്രങ്ങൾ വീട്ടുകാരനു വളരെയധികം വിജ്ഞാനപ്രദമായിരിക്കും. സ്വന്തം ബൈബിളിൽനിന്നു തിരുവെഴുത്തുകൾ വായിക്കാൻ അയാളെ ക്ഷണിക്കുക. നിങ്ങളുടെ ഭാഷ സംസാരിക്കുന്ന ഒരു കുടുംബാംഗം പരിഭാഷപ്പെടുത്താനുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തി അധ്യയനം നടത്തുന്നതാണു നല്ലത്.—നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1990 നവംബർ ലക്കത്തിന്റെ 3-4 പേജുകളും 1984 ഏപ്രിൽ ലക്കത്തിന്റെ 8-ാം പേജും കാണുക.
21 മടക്കസന്ദർശനങ്ങൾ വൈകാതെ നടത്തുക: ഒരു മടക്കസന്ദർശനത്തിന് എത്ര നാൾ കഴിയണം? പ്രഥമസന്ദർശനം നടത്തി ഒന്നോ രണ്ടോ ദിവസത്തിനു ശേഷം ചില പ്രസാധകർ മടങ്ങിച്ചെല്ലുന്നു. മറ്റു ചിലർ അതേ ദിവസംതന്നെ, കുറച്ചു കഴിഞ്ഞു മടങ്ങിച്ചെല്ലുന്നു! അത് വളരെ നേരത്തെയായിപ്പോകുമോ? സാധാരണഗതിയിൽ വീട്ടുകാർക്ക് അതു പ്രശ്നമല്ല. മിക്കപ്പോഴും മടക്കസന്ദർശനം നടത്തുന്ന പ്രസാധകനാണു കുറച്ചുകൂടെ ക്രിയാത്മക മനോഭാവം നട്ടുവളർത്തി ധൈര്യം സംഭരിക്കേണ്ടത്. പിൻവരുന്ന അനുഭവങ്ങൾ പരിചിന്തിക്കുക.
22 13 വയസ്സുള്ള ഒരു പ്രസാധകൻ വീടുതോറും പ്രവർത്തിക്കുന്നതിനിടയിൽ, രണ്ടു സ്ത്രീകൾ ഒരുമിച്ചു നടന്നുവരുന്നതു കണ്ടു. ആളുകളെ എവിടെവെച്ചു കണ്ടുമുട്ടിയാലും സാക്ഷ്യം നൽകണമെന്നുള്ള പ്രോത്സാഹനത്തെക്കുറിച്ച് അറിവുണ്ടായിരുന്ന അവൻ ആ സ്ത്രീകളെ സമീപിച്ചു. അവർ രാജ്യസന്ദേശത്തിൽ താത്പര്യം പ്രകടമാക്കി, ഓരോ പരിജ്ഞാനം പുസ്തകമെടുത്തു. ആ യുവ സഹോദരൻ അവരുടെ വിലാസം വാങ്ങി, രണ്ടു ദിവസത്തിനുശേഷം മടങ്ങിച്ചെന്നു. ഇരുവരുമായും ബൈബിളധ്യയനം തുടങ്ങി.
23 ഒരു സഹോദരി പിറ്റേ ആഴ്ചയിൽ മടക്കസന്ദർശനം നടത്താൻ ക്രമീകരണം ചെയ്യുന്നു. എന്നാൽ, പ്രഥമസന്ദർശനത്തിന് ഒന്നോ രണ്ടോ ദിവസത്തിനുശേഷം, മുമ്പു തങ്ങൾ ചർച്ച ചെയ്ത വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു മാസിക കൊടുക്കാൻ അവർ മടങ്ങിച്ചെല്ലുന്നു. അവർ വീട്ടുകാരനോട് ഇങ്ങനെ പറയുന്നു: “ഞാൻ ഈ ലേഖനം കണ്ടപ്പോൾ ഓർത്തു നിങ്ങളതു വായിക്കാൻ താത്പര്യപ്പെടുമെന്ന്. ഇപ്പോൾ ഇതേക്കുറിച്ചു സംസാരിക്കാൻ എനിക്കു സമയമില്ല, എന്നാൽ നേരത്തെ ക്രമീകരിച്ചതുപോലെ അടുത്ത ബുധനാഴ്ച ഉച്ചകഴിഞ്ഞു ഞാൻ മടങ്ങിവരും. ആ സമയത്തിനു മാറ്റമൊന്നുമില്ലല്ലോ?”
24 ഒരു വ്യക്തി സത്യത്തിൽ താത്പര്യം കാട്ടുമ്പോൾ അയാൾ ഒന്നല്ലെങ്കിൽ മറ്റൊരുവിധത്തിൽ എതിർപ്പു നേരിടേണ്ടിവരുമെന്നു നമുക്കു തീർച്ചയായുമറിയാം. പ്രഥമസന്ദർശനത്തിനുശേഷം ഉടനെ അയാളുടെയടുക്കൽ മടങ്ങിച്ചെല്ലുന്നത്, ബന്ധുക്കളിൽനിന്നോ ഉറ്റ സുഹൃത്തുക്കളിൽനിന്നോ മറ്റുള്ളവരിൽനിന്നോ ഉള്ള എതിർപ്പിനെ നേരിടുന്നതിന് അയാൾക്കു ബലമേകും.
25 പൊതുസ്ഥലങ്ങളിൽ കണ്ടുമുട്ടുന്നവരിൽ താത്പര്യം നട്ടുവളർത്തുക: തെരുവുകൾ, പാർക്കിങ് സ്ഥലങ്ങൾ, പൊതുവാഹനം, ഷോപ്പിങ് സെന്ററുകൾ, പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം പ്രസംഗവേല ചെയ്യുന്നതു നമ്മിലനേകരും ആസ്വദിക്കുന്നു. സാഹിത്യങ്ങൾ സമർപ്പിക്കുന്നതിനു പുറമേ നാം ആളുകളിൽ താത്പര്യവും നട്ടുവളർത്തേണ്ടതുണ്ട്. ആ ഉദ്ദേശ്യത്തിൽ, നാം കണ്ടുമുട്ടുന്ന ഓരോ താത്പര്യക്കാരുടെയും പേരും വിലാസവും, സാധ്യമെങ്കിൽ ടെലഫോൺ നമ്പരും കരസ്ഥമാക്കണം. ഈ വിവരങ്ങൾ കൈപ്പറ്റുന്നത് ഉദ്ദേശിക്കുന്നതുപോലെ ബുദ്ധിമുട്ടുള്ള സംഗതിയല്ല. സംഭാഷണം തീരുന്നതിനു മുമ്പു നോട്ടുബുക്കു വെളിയിലെടുത്തിട്ട് ഇങ്ങനെ ചോദിക്കുക: “മറ്റെപ്പോഴെങ്കിലും നമ്മുടെ സംഭാഷണം തുടരാൻ വല്ല മാർഗവുമുണ്ടോ?” അല്ലെങ്കിൽ ഇങ്ങനെ പറയുക: “നിങ്ങളിഷ്ടപ്പെടുമെന്ന് എനിക്കുറപ്പുള്ള ഒരു ലേഖനം എന്റെ പക്കലുണ്ട്. നിങ്ങളതു വായിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാനതു നിങ്ങളുടെ വീട്ടിലോ ഓഫീസിലോ എത്തിക്കട്ടെ?” ഒരു സഹോദരൻ സാധാരണ ഇങ്ങനെ ചോദിക്കുന്നു: “നിങ്ങളുമായി ഏതു ടെലഫോൺ നമ്പറിൽ ബന്ധപ്പെടാനാകും?” മൂന്നു മാസത്തിനുള്ളിൽ മൂന്നു പേരൊഴികെ മറ്റെല്ലാവരും സസന്തോഷം ഫോൺ നമ്പർ നൽകിയെന്ന് അദ്ദേഹം റിപ്പോർട്ടുചെയ്യുന്നു.
26 താത്പര്യം കണ്ടെത്താനും അതു വികസിപ്പിച്ചെടുക്കാനും ടെലഫോൺ ഉപയോഗിക്കുക: കനത്ത സുരക്ഷാസന്നാഹമുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവരുമായി ബന്ധപ്പെടുന്നതിന് ഒരു പയനിയർ സഹോദരി ടെലഫോൺ ഉപയോഗിക്കുന്നു. അതേ മാധ്യമത്തിലൂടെ അവർ മടക്കസന്ദർശനങ്ങളും നടത്തുന്നു. ആദ്യം ഫോണിൽ ബന്ധപ്പെടുമ്പോൾ അവർ ഇങ്ങനെ പറയുന്നു: “നിങ്ങളെന്നെ അറിയുകയില്ലെന്ന് എനിക്കറിയാം. നിങ്ങളുടെ പ്രദേശത്തുള്ള ആളുകളുമായി ബന്ധപ്പെട്ടു ബൈബിളിൽനിന്നുള്ള ഒരാശയം പങ്കിടാൻ ഞാൻ പ്രത്യേകം ശ്രമം ചെയ്യുകയാണ്. ഒരൽപ്പം സമയം നൽകാമെങ്കിൽ . . .-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദാനം നിങ്ങളെ വായിച്ചുകേൾപ്പിക്കാം.” തിരുവെഴുത്തു വായിച്ചശേഷം അവർ പറയുന്നു: “ആ സമയം വന്നെത്തുന്നതു കാണാൻ നമുക്കാകുമെങ്കിൽ എത്ര നന്നായിരുന്നേനേ, അല്ലേ? ഇതു വായിച്ചു കേൾപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നിങ്ങൾക്കും അതിഷ്ടമായെങ്കിൽ വീണ്ടുമൊരിക്കൽ ഫോണിലൂടെ മറ്റൊരു തിരുവെഴുത്തു ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.”
27 ഫോണിലൂടെ മടക്കസന്ദർശനം നടത്തുമ്പോൾ, മുമ്പു നടത്തിയ സംഭാഷണത്തെക്കുറിച്ച് അവർ വീട്ടുകാരനെ ഓർമിപ്പിക്കുന്നു. എന്നിട്ട്, ദുഷ്ടത നീക്കംചെയ്യപ്പെടുമ്പോൾ സ്ഥിതിഗതികൾ എങ്ങനെയിരിക്കുമെന്നു ബൈബിളിൽനിന്നു വായിച്ചുകേൾപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു. അതിനുശേഷം വീട്ടുകാരനുമായി ഒരു ഹ്രസ്വ ബൈബിൾ ചർച്ച നടത്തുന്നു. അവർ നിരവധി ആളുകളുമായി ടെലഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അതിൽ 35 പേർ അവരെ വീട്ടിലേക്കു ക്ഷണിച്ചു. ഏഴു പേരുമായി ഭവന ബൈബിളധ്യയനം തുടങ്ങി! മഴക്കാലത്തെ ചെളിയോ വെള്ളമോ നിറഞ്ഞ വഴിയോ രോഗമോ നിമിത്തം താത്പര്യക്കാരുടെയടുക്കൽ മടക്കസന്ദർശനങ്ങൾക്കു പോകുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടായി തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ, സാധിക്കുന്നപക്ഷം അവരുമായി ടെലഫോണിൽ ബന്ധപ്പെടരുതോ?
28 ബിസിനസ് സ്ഥലങ്ങളിൽ കണ്ടെത്തിയ താത്പര്യം വികസിപ്പിക്കുക: കടകൾതോറുമുള്ള സേവനത്തിൽ കേവലം മാസികകൾ സമർപ്പിക്കുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. അനേകം കടക്കാർക്കും സത്യത്തിൽ ആത്മാർഥമായ താത്പര്യമുണ്ട്. അതു വികസിപ്പിച്ചെടുക്കേണ്ടതാണ്. ചിലരുമായി, കടയിൽവെച്ചുതന്നെ ബൈബിൾ ചർച്ച ചെയ്യുന്നതിനോ അധ്യയനം തുടങ്ങുന്നതിനുപോലുമോ കഴിഞ്ഞെന്നുവരാം. മറ്റുചിലരുമായി ഉച്ചസമയത്തെ ഇടവേളയിലോ സൗകര്യപ്രദമായ മറ്റു സമയത്തോ സന്ധിക്കാവുന്നതാണ്.
29 ഒരു സഞ്ചാരമേൽവിചാരകൻ ഒരു കൊച്ചു പലചരക്കുകടയുടെ ഉടമയെ സമീപിച്ച്, ബൈബിളധ്യയനം നടത്തുന്നതെങ്ങനെയെന്നു കാണിക്കാമെന്നു പറഞ്ഞു. അതിന് എത്ര സമയം വേണ്ടിവരുമെന്നു കടക്കാരൻ ചോദിച്ചു. വെറും 15 മിനിറ്റു മതിയാകുമെന്നു സഞ്ചാരമേൽവിചാരകൻ പറഞ്ഞു. അപ്പോൾ കടക്കാരൻ കതകിൽ ഒരു കുറിപ്പു തൂക്കിയിട്ടു: “20 മിനിറ്റു കഴിഞ്ഞു വരുവിൻ.” രണ്ടു കസേര വലിച്ചിട്ട് അവർ രണ്ടുപേരും പരിജ്ഞാനം പുസ്തകത്തിന്റെ ആദ്യത്തെ അഞ്ചു ഖണ്ഡികകൾ ചർച്ചചെയ്തു. ആത്മാർഥതയുള്ള ആ വ്യക്തി, പഠിച്ച കാര്യങ്ങളിൽ മതിപ്പുതോന്നി അതേ ഞായറാഴ്ച പരസ്യ യോഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും ഹാജരായി. മാത്രമല്ല, പിറ്റേ ആഴ്ച അധ്യയനം തുടരാൻ സമ്മതിക്കുകയും ചെയ്തു.
30 ഒരു ബിസിനസ് പ്രദേശത്ത് അധ്യയനം വാഗ്ദാനം ചെയ്യുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഞങ്ങളുടെ അധ്യയന പരിപാടി എങ്ങനെയെന്നു പ്രകടിപ്പിക്കുന്നതിനു വെറും 15 മിനിറ്റേ വേണ്ടിവരൂ. അസൗകര്യമില്ലെങ്കിൽ, അതെങ്ങനെയാണു നടത്തുന്നതെന്നു കാട്ടിത്തരുന്നതിൽ എനിക്കു സന്തോഷമുണ്ട്.” എന്നിട്ട്, പറഞ്ഞ സമയത്തിനുള്ളിൽ അതു നടത്തുക. ബിസിനസ് സ്ഥലത്തു ദീർഘമായ ചർച്ചയ്ക്കു സാധ്യതയില്ലെങ്കിൽ കടക്കാരനെ അയാളുടെ വീട്ടിൽ സന്ദർശിക്കാവുന്നതാണ്.
31 സാഹിത്യമൊന്നും സമർപ്പിക്കാത്തിടത്തും മടക്കസന്ദർശനം നടത്തുക: സാഹിത്യം സമർപ്പിച്ചാലും ഇല്ലെങ്കിലും, താത്പര്യത്തിന്റെ ഓരോ കണികയും മടക്കസന്ദർശനം അർഹിക്കുന്നു. വീട്ടുകാരൻ രാജ്യസന്ദേശത്തിൽ വാസ്തവമായും തത്പരനല്ലെങ്കിൽ നിങ്ങളുടെ ശ്രമം പാഴാക്കേണ്ടതില്ല.
32 വീടുതോറുമുള്ള വേലയിൽ ഒരു സഹോദരി ഒരു സ്ത്രീയെ കണ്ടുമുട്ടി. അവർ വളരെ സൗഹൃദഭാവം കാട്ടിയെങ്കിലും മാസികകൾ വേണ്ടെന്നു തറപ്പിച്ചു പറഞ്ഞു. ആ പ്രസാധിക എഴുതുന്നു: “ഞാൻ അവരെക്കുറിച്ചു ദിവസങ്ങളോളം ചിന്തിച്ചു. വീണ്ടും അവരുമായി സംസാരിക്കാൻ തീരുമാനിച്ചു.” ഒടുവിൽ, സഹോദരി പ്രാർഥനാപൂർവം, ധൈര്യം സംഭരിച്ച് ആ സ്ത്രീയുടെ വാതിലിൽ മുട്ടി. വീട്ടുകാരി ഉള്ളിലേക്കു ക്ഷണിച്ചപ്പോൾ സഹോദരിക്ക് അതിയായ സന്തോഷം തോന്നി. ഒരു ബൈബിളധ്യയനം തുടങ്ങി, പിറ്റേന്നും അതു നടത്തി. ക്രമേണ വീട്ടുകാരി സത്യം സ്വീകരിച്ചു.
33 പരമാവധി പ്രയോജനത്തിനായി കാലേകൂട്ടി ആസൂത്രണം ചെയ്യുക: ഓരോ വാരവും കുറച്ചു സമയം മടക്കസന്ദർശനങ്ങൾക്കായി ചെലവഴിക്കാൻ ശുപാർശ ചെയ്യുകയാണ്. നല്ല ആസൂത്രണമുണ്ടെങ്കിൽ വളരെയധികം പ്രയോജനമനുഭവിക്കാൻ കഴിയും. വീടുതോറും പ്രവർത്തിക്കുന്ന അതേ പ്രദേശത്തു മടക്കസന്ദർശനങ്ങൾ നടത്താൻ ക്രമീകരിക്കുക. ഒരു സമയംവരെ സാക്ഷീകരണത്തിലേർപ്പെട്ടിട്ടു മടക്കസന്ദർശനങ്ങൾക്കായി കുറച്ചു സമയം നീക്കിവയ്ക്കുക. ഒരു കൂട്ടത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ മറ്റുള്ളവരെ നിങ്ങളുടെ മടക്കസന്ദർശനങ്ങൾക്കു കൊണ്ടുപോകാനും അവരുടെ മടക്കസന്ദർശനങ്ങൾക്കു കൂടെപ്പോകാനും ക്രമീകരണം ചെയ്യുക. തന്മൂലം ഇരുവർക്കും ഇരുവരുടെയും കഴിവുകളിൽനിന്നും അനുഭവങ്ങളിൽനിന്നും പഠിക്കാനാകും.
34 ആളുകളിൽ ആത്മാർഥമായ താത്പര്യം കാട്ടുന്നതും അവരെ സന്ദർശിച്ചശേഷം അവരെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നതും വളരെ പ്രധാനമാണെന്നു മടക്കസന്ദർശനങ്ങളിലും ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിലും വിജയപ്രദരായിരിക്കുന്നവർ പറയുന്നു. കൂടാതെ, പ്രഥമസന്ദർശനത്തിൽ താത്പര്യമുണർത്തുന്ന ഒരു ബൈബിൾ വിഷയത്തെക്കുറിച്ചു ചർച്ച നടത്തുന്നതും മടക്കസന്ദർശനത്തിനായി അസ്തിവാരമിടുന്നതും അത്യന്താപേക്ഷിതമാണ്. താത്പര്യം വളർത്തിയെടുക്കുന്നതിനു താമസംവിനാ മടങ്ങിച്ചെല്ലുന്നതു പ്രധാനമാണ്. ബൈബിളധ്യയനം നടത്തുകയാണു ലക്ഷ്യമെന്ന് എല്ലായ്പോഴും മനസ്സിൽപ്പിടിക്കണം.
35 മടക്കസന്ദർശനത്തിലെ വിജയത്തിനുള്ള മർമപ്രധാനമായ ഒരു ഗുണം ധൈര്യമാണ്. അതെങ്ങനെ നേടാം? മറ്റുള്ളവരോടു സുവാർത്ത പ്രഖ്യാപിക്കാൻ ‘ധൈര്യം സംഭരിക്കുന്നതു നമ്മുടെ ദൈവം’ മുഖാന്തരമാണെന്നു പൗലൊസ് അപ്പോസ്തലൻ ഉത്തരംനൽകുന്നു. ഈ രംഗത്തു നിങ്ങൾ പുരോഗമിക്കേണ്ടതുണ്ടെങ്കിൽ യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക. എന്നിട്ട്, നിങ്ങളുടെ പ്രാർഥനയ്ക്കനുസൃതമായി, താത്പര്യം കണ്ടെത്തിയിടത്തെല്ലാം മടങ്ങിച്ചെല്ലുക. നിങ്ങളുടെ ശ്രമങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കും!
[3-ാം പേജിലെ ചതുരം]
മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ വിജയപ്രദരായിരിക്കാവുന്ന വിധം
◼ ആളുകളിൽ ആത്മാർഥമായ താത്പര്യമെടുക്കുക.
◼ താത്പര്യമുണർത്തുന്ന ഒരു ബൈബിൾ വിഷയം ചർച്ചയ്ക്കെടുക്കുക.
◼ വിജയപ്രദമായ ഓരോ സന്ദർശനത്തിനുംവേണ്ടി അസ്തിവാരമിടുക.
◼ സന്ദർശനശേഷം ആ വ്യക്തിയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുക.
◼ താത്പര്യം വികസിപ്പിച്ചെടുക്കുന്നതിന് ഒന്നോ രണ്ടോ ദിവസത്തിനകം മടങ്ങിച്ചെല്ലുക.
◼ ഒരു ബൈബിളധ്യയനം തുടങ്ങുകയെന്ന ലക്ഷ്യം മനസ്സിൽപ്പിടിക്കുക.
◼ ഈ വേലയ്ക്കുവേണ്ടി ധൈര്യം സംഭരിക്കാൻ സഹായത്തിനായി പ്രാർഥിക്കുക.