സുബോധത്തോടും നീതിയോടുംകൂടെ ജീവിക്കൽ
1 അഭക്തിക്ക് ശക്തമായ ഒരു സ്വാധീനം പ്രയോഗിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഈ വ്യവസ്ഥിതിയുടെ നിലവാരങ്ങൾ അധഃപതിച്ചുകൊണ്ടേയിരിക്കുന്നു. (2 തിമൊ. 3:3) ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം ശരിയായതിനുവേണ്ടി ഒരു നിലപാടു സ്വീകരിക്കുകയും നാം അങ്ങനെ ചെയ്തുകൊണ്ടിരിക്കേണ്ടത് എന്തുകൊണ്ടെന്ന് ഗ്രഹിക്കുകയും വേണം. എന്നാൽ എന്ത് നിർദ്ദേശവും മാർഗ്ഗരേഖയും ലഭ്യമാണ്? നാം ഏതു നിലവാരങ്ങൾ പിൻപററണം? “സുബോധത്തോടും നീതിയോടും കൂടെ ജീവിക്കൽ” എന്നതാണ് 1993 സേവനവർഷത്തിലെ പ്രത്യേക സമ്മേളനദിന പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്ന പ്രോത്സാഹജനകമായ വിഷയം.—തീത്തോ. 2:12.
2 പ്രസംഗങ്ങളും പ്രകടനങ്ങളും അനുഭവങ്ങളും മുഖാന്തരം അഭക്തിയെ ചെറുത്തുനിൽക്കാനും ലൗകിക ആഗ്രഹങ്ങളെ തളളിക്കളയാനും നമുക്കെങ്ങനെ നമ്മെത്തന്നെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് നാം പഠിക്കും. ഈ ദുഷ്ടവ്യവസ്ഥിതിയിൻ മദ്ധ്യേ സുബോധത്തോടും നീതിയോടും കൂടെ ജീവിക്കാൻ എങ്ങനെ കഴിയുമെന്നും നാം മനസ്സിലാക്കും. നമ്മുടെ മാനസിക ശക്തികളെ കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കുന്ന കരുതലുകളും ചുരുക്കി പറയുന്നതായിരിക്കും. (1 പത്രോ. 4:7) മാതാപിതാക്കളും യുവജനങ്ങളും ഉച്ചകഴിഞ്ഞുളള പരിപാടിയിലെ പ്രസംഗങ്ങൾക്കും കൂടിക്കാഴ്ചകൾക്കും ശ്രദ്ധ നൽകാൻ വിശേഷാൽ ആഗ്രഹിക്കും. ദൈവിക ജ്ഞാനവും അനുഭവപരിചയവും നേടേണ്ടതിന്റെയും സന്തോഷകരമായ ഒരു ദിവ്യാധിപത്യ ഭാവി കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യം ഇവ ഊന്നിപറയും.
3 ഒരു ഭക്തികെട്ട ലോകത്താൽ ചുററപ്പെട്ടിരിക്കുന്നെങ്കിലും പിന്തുടരേണ്ട ഏററവും നല്ല ഗതിയിൽ ദൈവവചനം നമ്മെ പ്രബോധിപ്പിക്കുന്നു. “സന്തോഷമില്ലാത്ത ഒരു ലോകത്തിൻ മദ്ധ്യേ നിങ്ങളുടെ അനുഗ്രഹങ്ങളെ പരിലാളിക്കുക” എന്ന പ്രസംഗത്തിൽ ബൈബിൾ ബുദ്ധ്യുപദേശം ചെവിക്കൊളളുന്നതിന്റെ പ്രയോജനങ്ങൾ പ്രദീപ്തമാക്കുന്നതായിരിക്കും. ഹാജരാകാൻ നാം ഒരുങ്ങുമ്പോൾ, പരിപാടിക്ക് അടുത്ത ശ്രദ്ധനൽകുന്നതും ബുദ്ധ്യുപദേശം ബാധകമാക്കുന്നതും യഹോവക്കുളള നമ്മുടെ സേവനത്തിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്ന് മനസ്സിൽപിടിക്കാൻ നാം ആഗ്രഹിക്കുന്നു.—ഫിലി. 3:15, 16.