എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽ നിന്നു ബൈബിളദ്ധ്യയനങ്ങൾ നടത്തുക
1 എന്നേക്കും ജീവിക്കാൻ പുസ്തകത്തെ പരാമർശിച്ചുകൊണ്ട് ഒരു സ്ത്രീ ആശ്ചര്യത്തോടെ ഇപ്രകാരം പറഞ്ഞു: “ബൈബിൾ കഴിഞ്ഞാൽ, ഞാൻ കണ്ടിട്ടുളളതിലേക്കും ഏററവും കൃത്യതയുളളതും പ്രേരണാത്മകവും ഉത്തേജനാത്മകവും ആയ സാഹിത്യമായി ഞാൻ ഈ പുസ്തകത്തെ കണ്ടെത്തിയിരിക്കുന്നു!” അത്, ബൈബിൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിനും വിശേഷിച്ചും യഹോവയുടെ സജീവ സ്തുതിപാഠകരായിത്തീരാൻ അവരെ പ്രചോദിപ്പിക്കുന്നതിനും വേണ്ടി പ്രസിദ്ധീകരിച്ചിട്ടുളള ഏററവും മികച്ച പുസ്തകങ്ങളിൽ ഒന്നാണെന്നുളളതിനോടു നമ്മളെല്ലാം യോജിക്കുന്നു.
2 എന്നേക്കും ജീവിക്കാൻ പുസ്തകം പ്രസാധനം ചെയ്ത 1982-ൽ, ഇന്ത്യയിൽ 5,136 പ്രസാധകർ ശരാശരി 3,310 ബൈബിളദ്ധ്യയനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ 12,306 പ്രസാധകർ 10,912 ബൈബിളദ്ധ്യയനങ്ങൾ നടത്തി. ഇന്നുവരെ 115 ഭാഷകളിലായി എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 62 ദശലക്ഷം പ്രതികൾ അച്ചടിച്ചിട്ടുണ്ട്. നമ്മുടെ ലോകവ്യാപകമായ വേലയിൽ ഈ പുസ്തകത്തിന് എന്തൊരു സ്വാധീനമാണുളളത്!
3 ലാക്കുകൾ വെക്കുക: ഈ ശ്രദ്ധേയമായ വളർച്ച യഹോവയുടെ അനുഗ്രഹത്തിന്റെയും ബൈബിളിലെ ജീവദായകമായ ദൂതുപയോഗിച്ച് ആത്മാർത്ഥതയുളളവരെ സഹായിക്കാനുളള അവിടുത്തെ ജനത്തിന്റെ ഉത്സാഹത്തിന്റെയും ഫലമാണ്. (റോമ. 10:13-15; 1 തിമൊ. 2:4) നാം കാലത്തിന്റെ അടിയന്തിരതയും ദൈവരാജ്യം ഘോഷിക്കുന്നതിലെ ഉത്സാഹത്തിന്റെ ആവശ്യവും തിരിച്ചറിയുന്നു.
4 സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുമ്പോൾ നാം വ്യക്തിപരമായി എങ്ങനെയുളളവരാണ്? മർമ്മപ്രധാനമായ ശിഷ്യരാക്കൽവേലയിൽ പൂർണ്ണമായ ഒരു പങ്കുണ്ടായിരിക്കാൻ നാം ഉറച്ച തീരുമാനമെടുത്തവരാണോ? ഇതു സാധിക്കുന്നതിനു നാം വ്യക്തിപരമായ ലാക്കുകൾ വെക്കണം. താത്പര്യത്തെ പിന്തുടരുന്നതിനു നമുക്കു കൂടുതൽ ശുഷ്ക്കാന്തിയുളളവരായിരിക്കാൻ കഴിയുമോ? ഫെബ്രുവരി മാസത്തിൽ ഒരു പുതിയ ബൈബിളദ്ധ്യയനം തുടങ്ങുന്നതിന് ഒരു ലാക്കു വെച്ചുകൂടാത്തതെന്തുകൊണ്ട്?
5 ഒരു ബൈബിളദ്ധ്യയനം നടത്താൻ ആർക്കു കഴിയും?: വിവിധ പശ്ചാത്തലങ്ങളിൽനിന്നുളള അനേകം പ്രസാധകർ എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽനിന്ന് ഒരു ബൈബിളദ്ധ്യയനം നടത്തുന്നതിന്റെ സന്തോഷം അനുഭവിക്കുന്നുണ്ട്. അതിന്റെ അവതരണലാളിത്യം, ഈ പ്രധാന വേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ പുതിയ പ്രസാധകരെപോലും പ്രാപ്തരാക്കിക്കൊണ്ട് അദ്ധ്യയനം എളുപ്പമാക്കിത്തീർക്കുന്നു. അതിനു പുറമെ നമ്മിൽ പലരും വ്യക്തിപരമായി അതു പഠിച്ചിട്ടുണ്ട്, അതുകൊണ്ട് അതിന്റെ ഉളളടക്കം നമുക്കു സുപരിചിതമാണ്. എന്നേക്കും ജീവിക്കാൻ പുസ്തകം ഉപയോഗിക്കുന്നതിനുമുമ്പു ബൈബിളദ്ധ്യയനങ്ങൾ നടത്തിയിട്ടില്ലാത്ത ഒരു പ്രസാധകൻ വിലമതിപ്പോടെ ഇപ്രകാരം എഴുതി: “എനിക്കു മൂന്ന് അദ്ധ്യയനങ്ങൾ ഉണ്ട്, നാലാമതൊരെണ്ണം തുടങ്ങാൻ പോവുകയാണ്. ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നത് എളുപ്പമാക്കിത്തീർത്തതിനു നിങ്ങളോടു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.”
6 എന്നേക്കും ജീവിക്കാൻ പുസ്തകം ഉപയോഗിച്ചുകൊണ്ടുളള ബൈബിളദ്ധ്യയനവേലയിൽ ചെറുപ്പക്കാർക്കും ഒരു സജ്ജീവപങ്കുണ്ട്. ഒരു യുവസഹോദരൻ സ്കൂളിൽ തന്റെ ഡെസ്ക്കിൽ ഒരു പുസ്തകം വച്ചേക്കുന്നു. ഇതു നല്ല ചർച്ചകൾക്കും നിരവധി ബൈബിളദ്ധ്യയനങ്ങൾക്കും അവസരമുണ്ടാക്കിയിട്ടുണ്ട്. ചില യുവജനങ്ങൾ വാതിൽതോറുമുളള ശുശ്രൂഷയിൽ തങ്ങൾ കണ്ടുമുട്ടുന്ന മാതാപിതാക്കളോട് അവരുടെ മക്കളുമായി ഒരു ബൈബിളദ്ധ്യയനം നടത്താൻ അനുവാദം ചോദിച്ചുകൊണ്ടു നേരിട്ടുളള സമീപനം ഉപയോഗിച്ചിട്ടുണ്ട്. ഒരു പറുദീസാഭൂമിയിലെ നിത്യജീവനെക്കുറിച്ചുളള യഹോവയുടെ വാഗ്ദത്തം സംബന്ധിച്ചു സംസാരിക്കാൻ കഴിയാതവണ്ണം നമ്മുടെ കുട്ടികൾ ഒരിക്കലും തീരെ ചെറുപ്പമല്ല.
7 ചെറുപ്പക്കാരായാലും പ്രായമായവരായാലും ശുശ്രൂഷയിൽ ഒരുവനുണ്ടായിരിക്കാവുന്ന വലിയ സന്തോഷങ്ങളിലൊന്ന് ഒരു ഭവന ബൈബിളദ്ധ്യയനം നടത്തുന്നതിന്റേതാണ്. അതുകൊണ്ടു നമുക്ക് ഓരോരുത്തർക്കും യഹോവയുടെ സഹായത്തിനുവേണ്ടി പ്രാർത്ഥിക്കുകയും നമ്മുടെ പ്രത്യാശ പരസ്യമായി ഘോഷിക്കാനുളള ഏതവസരവും പ്രയോജനപ്പെടുത്തുകയും ചെയ്യാം. നമ്മുടെ ദൈവമായ യഹോവയെ സ്തുതിക്കുന്നതിൽ അവർക്കും ഒരു പങ്കുണ്ടായിരിക്കാൻ എങ്ങനെ കഴിയുമെന്നു പഠിക്കാൻ മററുളളവരെ സഹായിക്കുന്നതിന് എന്നേക്കും ജീവിക്കാൻ പുസ്തകം ഉപയോഗിക്കുക.—സങ്കീ. 148:12, 13.