നമ്മുടെ പുസ്തകാദ്ധ്യയന നിർവ്വാഹകനോടു സഹകരിക്കൽ
1 സുവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ നമ്മുടെ പ്രാപ്തികൾ വികസിപ്പിക്കുന്നതിൽ സഭാപുസ്തകാദ്ധ്യയനം ഒരു മർമ്മപ്രധാനമായ പങ്കു നിർവ്വഹിക്കുന്നു. ബൈബിളും സൊസൈററിയുടെ ഒരു പ്രസിദ്ധീകരണവും പഠിക്കുന്നതിന് ഊഷ്മളമായ ഒരു കുടുംബസമാന അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂട്ടങ്ങൾ ഉദ്ദേശ്യപൂർവ്വം ചെറുതാക്കിയിരിക്കുന്നു. ഈ ചെറിയ കൂട്ടങ്ങൾ വയൽശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ നമ്മെ പരിശീലിപ്പിക്കുന്നതിന് ഉത്കൃഷ്ടമായ അവസ്ഥകളും പ്രദാനം ചെയ്യുന്നു. പുസ്തകാദ്ധ്യയന ക്രമീകരണത്തിലൂടെ അംഗങ്ങൾക്കു വ്യക്തിപരമായ പ്രോത്സാഹനവും ശ്രദ്ധയും നിഷ്പ്രയാസം ലഭിക്കുന്നു. നമുക്കു നിർവ്വാഹകനോടു പൂർണ്ണമായി സഹകരിക്കാനും ഈ ശ്രേഷ്ഠമായ കരുതലിൽനിന്നു പ്രയോജനം നേടാനും എങ്ങനെ കഴിയും?
2 വയൽശുശ്രൂഷയിൽ തീക്ഷ്ണമായ ഒരു പങ്കുപററൽ: പുസ്തകാദ്ധ്യയന നിർവ്വാഹകന്റെ ഏററവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നു ശുശ്രൂഷയിൽ തീക്ഷ്ണമായ ഒരു പങ്കുണ്ടായിരിക്കാൻ കൂട്ടത്തിലെ ഓരോ അംഗത്തെയും സഹായിക്കുക എന്നതാണ്. ഈ ബന്ധത്തിൽ നമ്മുടെ ശുശ്രൂഷ പുസ്തകം 44-ാം പേജിൽ, “വയൽപ്രവർത്തനത്തിൽ അയാൾ പ്രകടമാക്കുന്ന ക്രമവും തീക്ഷ്ണതയും ഉത്സാഹവും പ്രസാധകരിൽ പ്രതിഫലിക്കും” എന്നു നമ്മെ അനുസ്മരിപ്പിക്കുന്നു. ചിലപ്പോഴൊക്കെ നിർവ്വാഹകൻ തന്റെ സ്വന്തം കുടുംബാംഗങ്ങളോടൊത്തു സേവനത്തിൽ പ്രവർത്തിക്കുമെങ്കിലും അയാൾ തന്റെ സാഹചര്യം അനുവദിക്കുവോളം ശുശ്രൂഷയുടെ വിവിധവശങ്ങളിൽ മററുളളവരോടുകൂടെ പോകുന്നതിലും സന്തോഷമുളള ആളായിരിക്കും. നിങ്ങൾക്കു ക്രമമായി വയൽസേവനയോഗത്തെ പിന്താങ്ങാൻ കഴിയുമോ? നിങ്ങൾ അങ്ങനെ ചെയ്യുന്നതു നിങ്ങളുടെ പുസ്തകാദ്ധ്യയന നിർവ്വാഹകനും മററു പ്രസാധകരും വളരെയധികം വിലമതിക്കുന്നതായിരിക്കും.
3 എല്ലാവർക്കും പ്രസംഗവേലയിൽ തീക്ഷ്ണമായ ഒരു പങ്കുണ്ടായിരിക്കാൻ കഴിയത്തക്കവിധത്തിൽ വയൽസേവനയോഗങ്ങൾ സൗകര്യപ്രദമായ സ്ഥാനങ്ങളിൽ ക്രമീകരിക്കപ്പെടുന്നു. പ്രാദേശിക അവസ്ഥകൾക്കു പരിഗണന നൽകുമ്പോൾതന്നെ, ഓരോ കൂട്ടവും ശുശ്രൂഷ നേരത്തേ തുടങ്ങാൻ ആഗ്രഹിക്കുന്നതായിരിക്കും. വാരാന്തത്തിൽ ഉച്ചകഴിഞ്ഞുളള സമയത്തും ശുശ്രൂഷ തുടരുമ്പോൾ പല പ്രസാധകർക്കും പയനിയർമാർക്കും നല്ല വിജയം ലഭിച്ചിട്ടുണ്ട്.
4 ശുശ്രൂഷയുടെ ഏതെങ്കിലും വശത്തു നിങ്ങൾ സഹായം ലഭിക്കാൻ ആഗ്രഹിക്കുന്നുവോ? ഒരുപക്ഷേ നിങ്ങളോടൊത്തു പ്രവർത്തിക്കാൻ കൂട്ടത്തിലെ പ്രാപ്തനായ ഒരു പ്രസാധകനെ ക്രമീകരിക്കാൻ നിങ്ങളുടെ പുസ്തകാദ്ധ്യയന നിർവ്വാഹകനു കഴിഞ്ഞേക്കും. മാസത്തിന്റെ അവസാനം നിങ്ങളുടെ വയൽസേവന റിപ്പോർട്ട് കൃത്യമായി ഏല്പിക്കാൻ നിശ്ചയമുളളവരായിരിക്കുക. ഈ പ്രധാന മണ്ഡലത്തിലും നിങ്ങളുടെ സഹകരണം പുസ്തകാദ്ധ്യയന നിർവ്വാഹകനും സെക്രട്ടറിയും വിലമതിക്കുന്നതായിരിക്കും.—ലൂക്കോസ് 16:10 താരതമ്യം ചെയ്യുക.
5 സേവനമേൽവിചാരകൻ കൂട്ടം സന്ദർശിക്കുമ്പോൾ: സേവനമേൽവിചാരകൻ വയൽശുശ്രൂഷയിൽ വിപുലവും കൂടുതൽ അർത്ഥപൂർണ്ണവുമായ പ്രവർത്തനത്തിനു പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സാധാരണഗതിയിൽ ഓരോ മാസവും ഒരു പുസ്തകാദ്ധ്യയന കൂട്ടം സന്ദർശിക്കുന്നു. പുസ്തകാദ്ധ്യയനത്തിന്റെ സമാപനത്തിൽ അദ്ദേഹം നടത്തുന്ന 15 മിനിട്ടു സമയത്തെ പ്രസംഗത്തിനു സൂക്ഷ്മശ്രദ്ധ നൽകുക, പ്രസംഗവേലയുടെ വിവിധ വശങ്ങളിൽ പുരോഗമിക്കുന്നതിനു കൂട്ടത്തെ സഹായിക്കുന്ന നിഷ്കൃഷ്ടമായ ബുദ്ധ്യുപദേശം അതു പ്രദാനംചെയ്യും എന്നുളളതുകൊണ്ടുതന്നെ. സേവനമേൽവിചാരകൻ വാരാന്തത്തിൽ പുസ്തകാദ്ധ്യയന കൂട്ടത്തിലെ വിവിധ അംഗങ്ങളോടൊത്തു പ്രവർത്തിക്കാൻ തത്പരനുമാണ്. വയലിൽ അദ്ദേഹത്തിന്റെ അനുഭവത്തിൽനിന്നും പ്രാപ്തിയിൽനിന്നും പ്രയോജനം നേടാൻ നിങ്ങൾക്കു കഴിയേണ്ടതിനു ഈ പ്രത്യേകകരുതലിനെ പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുക.
6 നാം “എല്ലാവർക്കും, വിശേഷാൽ വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടിരിക്കുന്നവർക്കു നൻമ ചെയ്യുക”യിൽ, സഹകരണത്തിലെ നമ്മുടെ വ്യക്തിപരമായ ദൃഷ്ടാന്തവും പരിചയംകുറഞ്ഞവരെ സഹായിക്കാനുളള നമ്മുടെ മനസ്സൊരുക്കവും സഭാപുസ്തകാദ്ധ്യയനത്തിൽ ഊഷ്മളമായ ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.—ഗലാ. 6:10.