മറുവിലക്കുവേണ്ടി വിലമതിപ്പു പ്രകടമാക്കുന്നു
1 മരിച്ചുപോയ ഒരു സുഹൃത്തിനോടോ ബന്ധുവിനോടോ വിലമതിപ്പു പ്രകടമാക്കാനുളള അഭിലാഷം എല്ലാ സംസ്ക്കാരങ്ങളിലും സാധാരണമാണ്. പ്രിയപ്പെട്ടവൻ മരിച്ചതു മററുളളവരുടെ ജീവൻ രക്ഷിക്കുന്ന ഒരു ഗതിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആയിരുന്നെങ്കിൽ ഈ അഭിലാഷം വിശേഷിച്ചും ശക്തമായിരിക്കും. നിത്യജീവന്റെ പ്രതീക്ഷയുളള എല്ലാവർക്കും ഏപ്രിൽ 6-ാം തീയതി ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ സംബന്ധിച്ചുകൊണ്ടു മറുവിലയോടുളള വിലമതിപ്പു പ്രകടമാക്കാൻ ഏററവും മഹത്തായ ന്യായങ്ങൾ ഉണ്ട്.—2 കൊരി. 5:14; 1 യോഹ. 2:2.
2 യഹോവയുടെ സ്നേഹത്തെ വിലമതിക്കുക: മറുവില പ്രദാനം ചെയ്ത നമ്മുടെ ഏററവും വലിയ ഉപകാരിയായ യഹോവയാം ദൈവത്തോടു നമ്മുടെ അഗാധമായ വിലമതിപ്പു നാം പ്രകടമാക്കുന്നത് എത്ര ഉചിതമാണ്! (1 യോഹ. 4:9, 10) യഹോവയുടെ സ്നേഹത്തിന്റെ ആഴം നമ്മുടെ മോചനദ്രവ്യമായി അവിടുന്നു പ്രദാനംചെയ്ത അതുല്യമായ സമ്മാനത്തിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു, നീതിമാൻമാരായ ദശലക്ഷക്കണക്കിനു ദൂതൻമാരിൽ ഒരാളെയല്ല പിന്നെയോ അവിടുത്തെ അത്യന്തം പ്രിയപ്പെട്ട പുത്രനായ ഏകജാതനെത്തന്നെ. (സദൃ. 8:22, 30) യഹോവയെ ഏററവും നന്നായി അറിയുന്ന ഈ പുത്രനായ യേശുക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തി: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”—യോഹ. 3:16.
3 യേശുക്രിസ്തുവിന്റെ സ്നേഹം വിലമതിക്കുക: അതുപോലെതന്നെ, തന്റെ ദേഹിയെ അനേകർക്കുവേണ്ടി ഒരു മറുവിലയായി നല്കിയ യേശുക്രിസ്തുവിനോടും നാം ആഴമായ വിലമതിപ്പു പ്രകടമാക്കുന്നത് ഉചിതമാണ്. (മത്താ. 20:28) മറുവിലയോടുളള ബന്ധത്തിൽ തന്നേസംബന്ധിച്ചുളള യഹോവയുടെ ഇഷ്ടത്തിനു മനസ്സോടെ വിധേയമാക്കിയതിൽ അവിടുത്തെ സ്നേഹം പ്രത്യക്ഷമാകുന്നു. നമ്മുടെ മോചനദ്രവ്യം ആകാൻവേണ്ടി അവിടുന്നു തന്റെ പിതാവിനോടും കോടിക്കണക്കിനു നീതിയുളള ദൂതൻമാരോടുമൊപ്പം ഉണ്ടായിരുന്ന അനുകൂല സാഹചര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞതെങ്ങനെയെന്നു പരിചിന്തിക്കുക. പാപികളായ മനുഷ്യരോടുകൂടെ അവർക്കു വിധേയമായി ജീവിക്കുന്നതിന്റെ വെല്ലുവിളിയോ മറുവില കൊടുക്കുന്നത് തന്റെ മരണം ആവശ്യമാക്കിത്തീർക്കുമെന്ന അറിവോ അവിടുത്തെ പിന്തിരിപ്പിച്ചില്ല. പകരം, അവിടുന്നു “ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി . . . തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ (ദണ്ഡനസ്തംഭത്തിലെ, NW) മരണത്തോളം തന്നേ, അനുസരണമുളളവനായിത്തീർന്നു.”—ഫിലി. 2:5-9.
4 മറുവിലക്കുവേണ്ടി നാം എങ്ങനെ വിലമതിപ്പു പ്രകടമാക്കുന്നു?: മറുവിലയോടുളള നമ്മുടെ വിലമതിപ്പ് ഒരു വെറും നന്ദിവാക്കിൽ കവിഞ്ഞതായിരിക്കണം. യേശുക്രിസ്തുമുഖാന്തരം രക്ഷക്കുവേണ്ടിയുളള ദൈവത്തിന്റെ കരുതൽ സംബന്ധിച്ചു നാം പഠിക്കേണ്ട ആവശ്യമുണ്ട്. (യോഹ. 17:3) അനന്തരം നാം മറുവിലയിൽ വിശ്വാസം പ്രകടമാക്കണം. (പ്രവൃ. 3:19) ക്രമത്തിൽ, സമർപ്പണത്തിൽ നാം യഹോവയാം ദൈവത്തിനു നമ്മെത്തന്നെ വിട്ടുകൊടുക്കാനും സ്നാപനം സ്വീകരിക്കാനും പ്രചോദിതരാകേണ്ടിയിരിക്കുന്നു. (മത്താ. 16:24) നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ നാം ജീവിക്കുമ്പോൾ രക്ഷക്കുവേണ്ടിയുളള അത്ഭുതകരമായ മറുവിലാ കരുതലിനെ സംബന്ധിച്ചു മററുളളവരോടു പറയുന്നതിനുളള ഏത് അവസരവും നാം വിലക്കുവാങ്ങണം.—റോമ. 10:10.
5 ഈ വ്യവസ്ഥകളിൽ എത്തുന്നതു നമ്മുടെ ആരുടെയും പ്രാപ്തിക്ക് അതീതമല്ല. മീഖാ 6:8 നമുക്ക് ഉറപ്പുനൽകുന്നു: “ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” സമാനമായി, ദാവീദ് യഹോവയോടു പറഞ്ഞു: “സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുളളു.”—1 ദിന. 29:14.
6 യഹോവയുടെ അത്ഭുതകരമായ കരുതലിനോടുളള നമ്മുടെ വിലമതിപ്പ് ആഴമുളളതാക്കുന്നതിന് ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ 112 മുതൽ 126 വരെയുളള അദ്ധ്യായങ്ങൾ കുടുംബമൊത്തു സ്മാരക തീയതിക്കുമുമ്പായി വായിച്ചു ചർച്ചചെയ്തുകൂടാത്തതെന്തുകൊണ്ട്? ഈ വിധത്തിൽ, നമുക്കെല്ലാം 1993 ഏപ്രിൽ 6-ാം തീയതി നടത്താനിരിക്കുന്ന സ്മാരകാഘോഷത്തിൽ മറുവിലയോടുളള നമ്മുടെ വിലമതിപ്പു പ്രകടമാക്കുന്നതിനു മാനസ്സികമായി സ്വയം ഒരുങ്ങാൻ കഴിയും.