കണ്ടെത്തിയ താത്പര്യത്തിനുശ്രദ്ധ നൽകുക
1 നാം നമ്മുടെ മാസികകളും മററു ദിവ്യാധിപത്യ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുമ്പോൾ, യേശുക്രിസ്തു പ്രഖ്യാപിച്ച സന്ദേശം നാം പരക്കെ പ്രചരിപ്പിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട്, താത്പര്യം കാണിക്കുന്ന എല്ലാവരെയും വീണ്ടും സന്ദർശിക്കാൻ നാം പ്രത്യേകം ശ്രമം ചെലുത്തേണ്ടതുണ്ട്.
2 വീട്ടുകാരനു താത്പര്യം ജനിച്ച ഒരു പ്രത്യേക ലേഖനം നിങ്ങൾ ഉണരുക!യിൽ പ്രദീപ്തമാക്കിയെങ്കിൽ, മടങ്ങിച്ചെല്ലുമ്പോൾ നിങ്ങളുടെ സംഭാഷണം ഒരു മുഖ്യ തിരുവെഴുത്തിലും ഒരുപക്ഷേ ഒന്നോ രണ്ടോ ഖണ്ഡികയിലുമായി കേന്ദ്രീകരിച്ചുകൊണ്ട് ആ ലേഖനത്തിൽനിന്നുളള കൂടുതലായ ആശയങ്ങൾ വികസിപ്പിക്കുക. തുടർച്ചയായ താത്പര്യം കാണിക്കുന്നെങ്കിൽ ഉണരുക! മുഴു കുടുംബത്തിനും പ്രയോജനം ചെയ്യുന്നതാണെന്നു ചൂണ്ടിക്കാട്ടുക. ഓരോ ലക്കവും പരിസ്ഥിതി, സ്വയംപുരോഗതി, ഇന്നത്തെ പ്രശ്നങ്ങളെ തരണം ചെയ്യൽ, ചെറുപ്പക്കാർക്കു താത്പര്യമുളള ചോദ്യങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. യഥാർഥ താത്പര്യം കാണിക്കുമ്പോൾ ഉണരുക!യുടെ വരിസംഖ്യ ലഭ്യമാണെന്നും ആറു മാസത്തിൽ 12 ലക്കങ്ങൾ ലഭിക്കുമെന്നും വീട്ടുകാരനെ അറിയിക്കുക.
3 വീട്ടുകാരന് ഉണരുക!യുടെ ഇപ്പോഴത്തെ ലക്കത്തിലെ ഒരു ലേഖനത്തിലും താത്പര്യമില്ലെങ്കിൽ എന്ത്? സംഭാഷണം നിർത്തിക്കളയുന്നതിനു പകരം നയവാദംപുസ്തകത്തിന്റെ 206-ാം പേജിലുളള വിവരം ഉപയോഗിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളുടെ വേലയെക്കുറിച്ചു വീട്ടുകാരനെ കൂടുതൽ പഠിപ്പിക്കുന്നതിന് ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്താവുന്നതാണ്.
4 നിങ്ങൾ 2 തിമൊഥെയൊസ് 3:1-5 ഉപയോഗിക്കുകയും മാസികയിലെ 2-ാം പേജിലെ വിവരങ്ങൾ പ്രദീപ്തമാക്കുകയും ചെയ്തുകൊണ്ടു “വീക്ഷാഗോപുര”ത്തിന്റെ ഒരു പ്രതി നേരത്തെ സമർപ്പിച്ചിട്ടുളളപക്ഷം തിരികെ ചെല്ലുമ്പോൾ നിങ്ങൾക്ക് ഏതാണ്ടിങ്ങനെ പറയാവുന്നതാണ്:
◼“കഴിഞ്ഞപ്രാവശ്യത്തെ നമ്മുടെ സംഭാഷണത്തിൽ നമുക്കു ചുററും ഇന്നു ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഗതികളുടെ അർഥം സംബന്ധിച്ചു നാം ചർച്ച ചെയ്തു. അനേകർക്കും ദൈവത്തിലും ബൈബിളിൽ അവിടുന്നു നൽകിയിരിക്കുന്ന ജീവിതനിലവാരങ്ങളിലും ഉളള താത്പര്യം നഷ്ടപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു. ഇത് 2 തിമൊഥെയൊസ് 3:1-5-ൽ വിവരിച്ചിരിക്കുന്നപ്രകാരം, ആളുകളുടെ പരസ്പരമുളള മനോഭാവത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാവിയിൽ മെച്ചമായ അവസ്ഥകൾ പ്രതീക്ഷിക്കുന്നതിനു തക്കതായ കാരണമുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” പ്രതികരണത്തിന് അനുവദിച്ചശേഷം നിങ്ങൾക്കു 2 പത്രൊസ് 3:13-ലേക്കു ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. അനന്തരം ന്യായവാദംപുസ്തകത്തിലെ 227-33 പേജുകളിലേക്കു തിരിഞ്ഞ് രാജ്യം മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്യുമെന്നു വിശേഷവൽക്കരിക്കാവുന്നതാണ്.
5 മടക്കസന്ദർശനം നടത്തുമ്പോൾ, തന്റെ മതം തീർത്തും വ്യക്തിപരമായ ഒരു കാര്യമാണെന്നു വിചാരിച്ചുകൊണ്ടു വീട്ടുകാരൻ അതിനെപ്പററി ചർച്ചചെയ്യാൻ മടി കാണിക്കുന്നതായി നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. നിങ്ങൾക്ക് ഏതാണ്ടിങ്ങനെ പറയാൻ കഴിയും:
◼“ഇത്രയധികം മതങ്ങളുളളതും എന്നാൽ എന്നത്തേക്കാളും വേഗതയിലുളള യാത്രാ സൗകര്യങ്ങളും വാർത്താ വിനിമയവും മുഖേന ചെറുതായിക്കൊണ്ടിരിക്കുന്നതും ആയ ഈ ലോകത്തിൽ, നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വ്യത്യസ്ത മത വിശ്വാസങ്ങളുടെ സ്വാധീനം ലോകവ്യാപകമായി അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട്, ആളുകളുടെ വീക്ഷണഗതികൾ പരസ്പരം മനസ്സിലാക്കുന്നത് വ്യത്യസ്ത വിശ്വാസമുളള ആളുകൾ തമ്മിൽ കൂടുതൽ അർഥവത്തായ ആശയവിനിയമം നടത്തുന്നതിലേക്കു നയിച്ചേക്കാം. ഇതു മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുളള വിദ്വേഷത്തെ ലഘൂകരിച്ചേക്കാം. നിങ്ങൾ എന്തു വിചാരിക്കുന്നു?” പ്രതികരണത്തിന് അനുവദിച്ചശേഷം ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗത്തിന്റെ അന്വേഷണം എന്ന പുസ്തകത്തിന്റെ ഉളളടക്കത്തിലേക്കു വീട്ടുകാരന്റെ ശ്രദ്ധതിരിക്കുക.
6 സത്യത്തിൽ താത്പര്യം കാണിക്കുന്ന എല്ലാവരെയും മടങ്ങിച്ചെന്നു സന്ദർശിക്കുന്നതിനും നിത്യജീവനിലേക്കു നയിക്കുന്ന പാതയിലാകാൻ അവരെ സഹായിക്കുന്നതിനും നമുക്ക് എല്ലാവിധ ശ്രമവും ചെലുത്താം.—യോഹ. 4:23, 24.