ഇന്നത്തെ ലോകത്തിൽ ബൈബിളിന്റെ മൂല്യം
1 ബൈബിളിനെ അനേകർ ഇന്ന് കാലഹരണപ്പെട്ടതും അവാസ്തവികവുമായി വീക്ഷിക്കുന്നു. മുഴു ചരിത്രത്തിലും ഏററവും കൂടുതൽ വിതരണം ചെയ്യപ്പെട്ടിട്ടുളളതും പരിഭാഷപ്പെടുത്തിയിട്ടുളളതുമായ ഗ്രന്ഥമായിരിക്കെ, താരതമ്യേന ചുരുക്കം പേരേ അതു വായിച്ചിട്ടുളളു, അതിലും ചുരുക്കംപേരേ അതിന്റെ നിർദേശങ്ങൾ പിൻപററുന്നുളളു.
2 നേരെമറിച്ച്, നാം ബൈബിളിനെ ദൈവത്തിന്റെ വചനമായി വിലകല്പിക്കുന്നു. അതു ചരിത്രപരമായി സത്യമാണെന്നു വസ്തുതകൾ കാണിക്കുന്നു. കൂടാതെ, അതിന്റെ അതിശയകരമായ പരസ്പര ചേർച്ച, അതിന്റെ പ്രവചനങ്ങൾ, അതിന്റെ ജ്ഞാനം, ആളുകളുടെ ജീവിതത്തിൽ നൻമ കൈവരുത്തുന്നതിന് അതിനുളള ശക്തി, ഇവയെല്ലാം ബൈബിൾ “ദൈവനിശ്വസ്ത”മാണെന്നു പ്രകടമാക്കുന്നു. (2 തിമൊ. 3:16, NW) നമ്മുടെ വ്യക്തിപരമായ അനുഭവവും ഈ അത്ഭുതകരമായ ദാനത്തോടുളള നമ്മുടെ വിലമതിപ്പും അതിന്റെ യഥാർഥ മൂല്യം കണ്ടുപിടിക്കാൻ മററുളളവരെ പ്രോത്സാഹിപ്പിക്കുന്നതിനു നമ്മെ പ്രേരിതരാക്കണം.
3 ഒരു സമീപനം ഇപ്രകാരമാകാം:
◼“മനുഷ്യവർഗം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളുടെ വീക്ഷണത്തിൽ ദൈവത്തിൽ വിശ്വസിക്കുകയെന്നത് അനേകം ആളുകൾക്കും പ്രയാസകരമായിത്തോന്നുന്നു, അല്ലെങ്കിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള ദൈവത്തിന്റെ കഴിവിനെ അവർ ചോദ്യംചെയ്യുന്നു. നിങ്ങൾ അതേപ്പററി എന്തു വിചാരിക്കുന്നു? [പ്രതികരണത്തിന് അനുവദിക്കുക.] ഈ ലഘുലേഖയുടെ, നിങ്ങൾക്ക് എന്തുകൊണ്ട് ബൈബിളിൽ ആശ്രയിക്കാം എന്ന ശീർഷകം ശ്രദ്ധിക്കൂ.” പുറംപേജിലെ ചിത്രത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക, എന്നിട്ട്, 2-ാം പേജിലെ ഒന്നാമത്തെയും രണ്ടാമത്തെയും ഖണ്ഡികകൾ വായിക്കുക. വീട്ടുകാരൻ താത്പര്യം പ്രകടിപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്കു രണ്ടാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുകയും ചർച്ചചെയ്യുകയും ചെയ്യാവുന്നതാണ്. ലഘുലേഖ കൂടുതലായി പരിചിന്തിക്കാൻ—ഒരുപക്ഷേ, താത്പര്യം ഉണർത്തുന്നതിന് ഏതെങ്കിലും ഉപതലക്കെട്ട് ഒരു ചോദ്യരൂപേണ ഉപയോഗിച്ചുകൊണ്ട്—തിരികെ ചെല്ലുന്നതിനു ക്രമീകരണങ്ങൾ നടത്തുക.
4 മറെറാരു സമീപനം ഏതാണ്ട് ഇങ്ങനെയാകാം:
◼“മനുഷ്യവർഗത്തിനു ജീവിത പ്രശ്നങ്ങളെ നേരിടുന്നതിനു മാർഗനിർദേശം വേണമെന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? [പ്രതികരണത്തിന് അനുവദിക്കുക.] കഴിഞ്ഞ കാലങ്ങളിൽ ആളുകൾ മാർഗനിർദേശത്തിനായി ബൈബിളിലേക്കു നോക്കി, എന്നാൽ കാലങ്ങൾ മാറിയിരിക്കുന്നു. ബൈബിൾ ഇന്നു പ്രായോഗിക മൂല്യമുളളതാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരണത്തിന് അനുവദിക്കുക.] ഇവിടെ 2 തിമൊഥെയൊസ് 3:16-ൽ കൊടുത്തിരിക്കുന്നത് എന്താണെന്നു ശ്രദ്ധിക്കൂ. [വായിക്കുക.] ദൈവത്തിന്റെ ലിഖിതവചനം ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുന്നുവെന്നുമാത്രമല്ല വിശ്വസനീയമായ ഭാവി പ്രത്യാശ തരുകയും ചെയ്യുന്നു.” യോഹന്നാൻ 17:3 വായിക്കുക. വീട്ടുകാരൻ അനുകൂലമായി പ്രതികരിക്കുന്നുവെങ്കിൽ ബൈബിളിന്റെ പ്രായോഗിക മൂല്യം വ്യക്തമാക്കുന്നതിനു ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽനിന്നു നിങ്ങൾ നേരത്തെ തിരഞ്ഞെടുത്ത ഒന്നോ രണ്ടോ ആശയങ്ങൾ ചൂണ്ടിക്കാട്ടുക.
5 ന്യായവാദം പുസ്തകത്തിന്റെ 10-ാം പേജിൽ “ബൈബിൾ⁄ദൈവം” എന്ന ഉപതലക്കെട്ടിൻകീഴിൽ കൊടുത്തിരിക്കുന്ന മുഖവുരകളിൽ ചിലത് ഉപയോഗിക്കുന്നതു സഹായകരമായി നിങ്ങൾക്കു തോന്നിയേക്കാം. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് അല്ലെങ്കിൽ അവരുടെ എതിർപ്പുകളെ തരണംചെയ്യുന്നതിനു സഹായകമായ കൂടുതൽ വിവരങ്ങൾ 58-68 പേജുകളിൽ നൽകിയിട്ടുണ്ട്.
6 പുതിയലോക ഭാഷാന്തരം സമർപ്പിക്കൽ: പ്രഥമ സന്ദർശനത്തിലോ മടക്കസന്ദർശനത്തിലോ പര്യാപ്തമായ താത്പര്യം ഉണർത്തിയിട്ടുണ്ടെങ്കിൽ പുതിയലോക ഭാഷാന്തരം പരിചയപ്പെടുത്താവുന്നതാണ്. വീട്ടുകാരനു ബൈബിളിന്റെ ഒരു പ്രതിയുണ്ടോ എന്നും അയാൾക്ക് അത് എളുപ്പത്തിൽ വായിക്കാൻ കഴിയുന്നുണ്ടോ എന്നും നിങ്ങൾക്കു ചോദിക്കാവുന്നതാണ്. ഉത്തരത്തെ അടിസ്ഥാനപ്പെടുത്തി പുതിയലോക ഭാഷാന്തരത്തിന്റെ സഹായകരമായ ചില സവിശേഷാശയങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. ന്യായവാദം പുസ്തകത്തിന്റെ 276-80 പേജുകളിൽനിന്ന് ഒന്നോ രണ്ടോ ആശയങ്ങൾ നിങ്ങൾക്കു പ്രദീപ്തമാക്കാവുന്നതാണ്.
7 ആളുകളെ ബൈബിൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുളള സന്ദർഭങ്ങൾക്കായി ജാഗരൂകരായിരിക്കുക. ദൈവത്തിന്റെ ലിഖിത വചനത്തോടു ആദരവും പ്രീതിയും വളർത്തിയെടുക്കാൻ താത്പര്യമുളള ആളുകളെ സഹായിക്കുക. അതിലെ തത്ത്വങ്ങൾ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ബാധകമാക്കുകയും സത്യത്തെക്കുറിച്ചുളള അറിവു പ്രാപിക്കുകയും ചെയ്തുകൊണ്ട് അവർ ഇപ്പോഴും ഭാവിയിലും അനേകം പ്രയോജനങ്ങൾ കൈവരിക്കും.—സങ്കീ. 119:105.