യഥാർഥ മാർഗനിർദേശം പ്രദാനംചെയ്യുന്ന ഗ്രന്ഥം
1 ലോകത്തിനു കഴിഞ്ഞ ശതകത്തിൽ നാടകീയമായ വ്യതിയാനം സംഭവിച്ചിരിക്കുന്നു. ആശയവിനിമയരംഗത്തും വൈദ്യരംഗത്തും ഗതാഗതരംഗത്തും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കുടുംബജീവിതത്തിന്റെ ഗുണമേൻമ ക്രമാനുഗതമായി അധഃപതിച്ചിരിക്കുകയാണ്. നിരന്തരം മാററം വന്നുകൊണ്ടിരിക്കുന്ന മാനവ സിദ്ധാന്തങ്ങളാൽ നയിക്കപ്പെടാൻ ലക്ഷക്കണക്കിനാളുകൾ തങ്ങളേത്തന്നെ അനുവദിച്ചിരിക്കുന്നു.
2 രൂപഭാവങ്ങൾ ദ്രുതഗതിയിൽ മാറിമറഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ, യഹോവയുടെ ജനം അവിടുത്തെ വചനത്തോടു പററിനിൽക്കുന്നതിനാൽ വളരെയധികം പ്രയോജനങ്ങൾ അനുഭവിച്ചിരിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളായി ബൈബിൾ മാററമില്ലാതെ നിലനിൽക്കുന്നു, അതിലെ ബുദ്ധ്യുപദേശമാകട്ടെ നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതിന് ഇപ്പോൾപോലും ഏററവും പ്രായോഗികവുമാണ്. ബൈബിൾ നമ്മുടെ ആധുനിക നാളിൽ യഥാർഥ മാർഗനിർദേശം പ്രദാനം ചെയ്യുന്നുവെന്നു വിലമതിക്കുന്നതിനു താത്പര്യമുളള ആളുകളെ നമുക്ക് എങ്ങനെ സഹായിക്കാനാകും?
3 നിങ്ങൾ പ്രഥമ സന്ദർശനത്തിൽ, “നിങ്ങൾക്ക് എന്തുകൊണ്ട് ബൈബിളിൽ ആശ്രയിക്കാം” എന്ന ലഘുലേഖ സമർപ്പിച്ചെങ്കിൽ വീണ്ടും സന്ദർശിച്ച് ഇങ്ങനെ പറയാവുന്നതാണ്:
◼“ബൈബിൾ ദൈവത്തിൽനിന്നുതന്നെയുളള ഒരു സന്ദേശമാണെന്നും അതിൽ വിശ്വസിക്കുകയും അതു പറയുന്ന പ്രകാരം ജീവിക്കുകയുമാണെങ്കിൽ അവിടുന്നു നമുക്കു നിത്യജീവൻ വാഗ്ദാനം ചെയ്യുന്നുവെന്ന് അതു സ്പഷ്ടമായി പറയുകയും ചെയ്യുന്ന സ്ഥിതിക്ക് ഈ പ്രസ്താവനകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതു മൂല്യവത്തായിരിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] ഇപ്പോഴത്തെ ലോകവ്യവസ്ഥിതിയെ സംബന്ധിച്ചു ബൈബിൾ മുൻകൂട്ടി പറയുന്നതെന്താണെന്നു കുറിക്കൊളളുക. [ലഘുലേഖയുടെ 5-ാം പേജിൽനിന്നു നേരിട്ട് 2 തിമൊഥെയൊസ് 3:1-5 വായിക്കുക.] ഈ വിവരണം ഇന്നത്തെ ലോകത്തിനു യോജിച്ചതാണെന്നു നിങ്ങൾ ചിന്തിക്കുന്നുവോ? [പ്രതികരണത്തിന് അനുവദിക്കുക.] ഭാവിയിൽ മെച്ചമായ അവസ്ഥകൾ പ്രതീക്ഷിക്കാൻ ഈടുററ കാരണമുണ്ടോ?” ലഘുലേഖയുടെ അവസാനത്തെ രണ്ടു ഖണ്ഡികകൾ ചർച്ചചെയ്തുകൊണ്ടോ ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? [ഇംഗ്ലീഷ്] എന്ന പുസ്തകത്തിന്റെ 161-ാം പേജിൽ, ബൈബിൾ മനുഷ്യവർഗത്തിനു വാഗ്ദാനം ചെയ്യുന്ന അത്ഭുതകരമായ പ്രത്യാശ പ്രദീപ്തമാക്കിക്കൊണ്ടോ മറെറാരു സന്ദർശനത്തിനായി നിങ്ങൾക്ക് അടിത്തറയിടാവുന്നതാണ്.
4 വീട്ടുകാരൻ ബൈബിളിന്റെ പ്രായോഗികമൂല്യത്തിൽ തത്പരനും നിങ്ങൾ “ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?” എന്ന പുസ്തകത്തിന്റെ 12-ാം അധ്യായത്തിലെ പ്രത്യേകമായ തത്ത്വങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“നമ്മുടെ നാളിൽ നമുക്കു പ്രായോഗികമായ കാര്യങ്ങളിൽ നാം തത്പരരാണ്, അല്ലേ? യുദ്ധത്തിന് ഒരു അറുതി വരുത്തുന്നതു പ്രായോഗികമാണെന്നതിനോടു നിങ്ങൾ യോജിക്കുന്നുവോ? [പ്രതികരണത്തിന് അനുവദിക്കുക.] മററു രാഷ്ട്രങ്ങളിലുളളവരുമായി സമാധാനത്തിൽ കഴിയാൻ ആളുകൾ പഠിച്ചാൽ അത് ഒരു നല്ല തുടക്കമായിരിക്കും, അല്ലേ? [പ്രതികരണത്തിന് അനുവദിക്കുക.] ബൈബിൾ അതു തന്നെയാണു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്. [യെശയ്യാവു 2:2, 3 വായിക്കുക.] ഇത് എങ്ങനെ എപ്പോൾ സംഭവിക്കുമെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” വീട്ടുകാരനു സൗകര്യപ്രദമായ ഒരു സമയത്ത് ഈ ചോദ്യം സംബന്ധിച്ചു കൂടുതൽ ചർച്ചചെയ്യാൻ നിങ്ങൾക്കു താത്പര്യമുണ്ടെന്നു വിശദീകരിക്കുക.
5 നിങ്ങൾ “പുതിയലോക ഭാഷാന്തരം” സമർപ്പിച്ചുവെങ്കിൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയാവുന്നതാണ്:
◼“ഞാൻ നിങ്ങൾക്കു നൽകിയ ബൈബിൾ വായിക്കുന്നതിനിടയിൽ അതിൽ മുഴുവനും ദൈവത്തിന്റെ നാമം ഉപയോഗിച്ചിരിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. മററനേകം ബൈബിൾ പരിഭാഷകളേക്കാളും മെച്ചപ്പെട്ട ഒന്നാണിത്. ചിലയാളുകൾ യഹോവ എന്ന നാമം ഉപയോഗിക്കാൻ വിസമ്മതിച്ചേക്കാമെങ്കിലും അവിടുന്നു തന്റെ നാമം ദീർഘകാലം മുമ്പേ വെളിപ്പെടുത്തിയെന്നും സത്യവും ജീവനുമുളള ദൈവമായി തന്നെ തിരിച്ചറിയിക്കുന്നതിനു തന്റെ നാമം ഉപയോഗിക്കാൻ അവിടുന്നു തന്റെ ദാസൻമാരെ പ്രോത്സാഹിപ്പിച്ചുവെന്നും നാം ഓർക്കേണ്ടതുണ്ട്. സങ്കീർത്തനം 83:18-ൽ സങ്കീർത്തനക്കാരൻ എഴുതിയതു കുറിക്കൊളളുക.” തിരുവെഴുത്തു വായിക്കുകയും അഭിപ്രായം പറയാൻ വീട്ടുകാരനെ അനുവദിക്കുകയും ചെയ്യുക. പ്രകടമാക്കിയ താത്പര്യമനുസരിച്ച് ന്യായവാദം പുസ്തകത്തിൽ “യഹോവ” എന്ന തലക്കെട്ടിൻകീഴിൽ 191-ാം പേജിൽ തുടങ്ങുന്ന കൂടുതലായ വിവരങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
6 ബൈബിൾ മാത്രമാണു മനുഷ്യർക്കാവശ്യമായ മാർഗനിർദേശം പ്രദാനം ചെയ്യുന്നത്. (യിരെ. 10:23) ദൈവവചനം പഠിക്കുന്നതുമാത്രമാണു ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അറിയുന്നതിനും അവിടുത്തെ പ്രീതി നേടുന്നതിനുമുളള ഏക മാർഗം. അതുകൊണ്ട്, അതിന്റെ ജ്ഞാനപൂർവകമായ ആലോചനകളിൽനിന്നും പ്രായോഗിക ഉപദേശത്തിൽനിന്നും പ്രയോജനമനുഭവിക്കുന്നതിനു നമുക്കു മററുളളവരെ ആത്മാർഥമായി ക്ഷണിക്കാം.