മാസികാ വേലയ്ക്കുവേണ്ടി സമയം മാററിവയ്ക്കുക
1 തന്റെ വഴികളെ അനുഗമിക്കുന്നവർക്ക് ‘സമാധാനവും ഒരു ഭാവിയും ഒരു പ്രത്യാശയും’ ഉണ്ടായിരിക്കണമെന്നു യഹോവ തീരുമാനിച്ചിരിക്കുന്നു. (യിരെ. 29:11, NW) ഈ പ്രത്യാശയെക്കുറിച്ചുളള അറിവ് വീക്ഷാഗോപുരത്തിലും ഉണരുക!യിലും ഒരു കാലോചിതമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ മാസികകൾക്ക് എല്ലാ തുറകളിലും ഉളള എല്ലാ തരക്കാരായ ആളുകൾക്കും പ്രയോജനം ചെയ്യാൻ കഴിയും. (1 തിമൊ. 2:4) നിങ്ങളും നിങ്ങളുടെ കുടുംബവും മാസികാ വേലയ്ക്കു ക്രമമായി സമയം മാററിവയ്ക്കുന്നുണ്ടോ?
2 നിങ്ങളുടെ മാസികാ സമർപ്പണം കുറയുകയാണെങ്കിൽ, ഈ പ്രവണത എങ്ങനെ അകററാം? നമ്മുടെ മാസികകളുടെ ഉളളടക്കത്തോടുളള നിങ്ങളുടെ വിലമതിപ്പ് ജീവനുളളതാക്കി നിലനിർത്തുക എന്നതാണ് ഒരു അത്യന്താപേക്ഷിത ഘടകം. ഒരു മനുഷ്യൻ ഇപ്രകാരം എഴുതി: “നിങ്ങളുടെ മാസികകൾ വായിക്കുന്നതു കലർപ്പില്ലാത്ത ഒരു മധുരാനുഭവമാണ്. അവ തരംതാഴ്ന്ന, നിലവാരം കുറഞ്ഞ ‘ആശ്വാസദായകവസ്തുക്കള’ല്ല. മറിച്ച് ജീവിതം എങ്ങനെ അർഥപൂർണമാക്കണമെന്നുളള മാർഗനിർദേശവും ശാസനവും അവയിൽ അടങ്ങിയിരിക്കുന്നു.” വീക്ഷാഗോപുരവും ഉണരുക!യും ശ്രദ്ധാപൂർവകമായ ഗവേഷണത്തിന്റെ ഉത്പന്നങ്ങളാണ്. “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ കരുതലുകളാണ്. (മത്താ. 24:45, NW) അവ ആളുകളുടെ ഹൃദയത്തിലെത്തുന്നതിനുളള ഫലപ്രദമായ ഉപകരണങ്ങളാണ്.
3 നിങ്ങൾ സമർപ്പിക്കുന്ന മാസികകളിലെ ലേഖനങ്ങളുമായി പരിചിതരായിരിക്കുക. നിങ്ങളുടെ സമൂഹത്തിലെ ആനുകാലിക പ്രശ്നങ്ങളോടു ബന്ധപ്പെട്ട ആശയങ്ങൾ നോക്കിവെക്കുക. വീട്ടിൽ വെച്ചായാലും ശരി തെരുവിൽ വെച്ചായാലും ശരി നിങ്ങൾ കണ്ടുമുട്ടിയേക്കാവുന്ന പുരുഷൻമാരോടും സ്ത്രീകളോടും യുവാക്കളോടും സംസാരിക്കുന്നതിനു തയ്യാർ ചെയ്യുന്നതു നല്ലതാണ്. ഈ മാസികകൾ പൊതുവേ വ്യക്തികളോടും കുടുംബങ്ങളോടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിക്കാൻ തയ്യാറായിരിക്കുക.
4 മാസികയെക്കുറിച്ചു ബോധമുളളവരായിരിക്കുക: മാസികാ വേല നമ്മുടെ വയൽസേവന പട്ടികയുടെ ഒരു സുപ്രധാന ഭാഗമായിരിക്കണം. നിങ്ങൾക്കു മാസികകൾ സമർപ്പിക്കാൻ പററിയ ഏററവും നല്ല സമയങ്ങൾ എപ്പോഴൊക്കെയാണ്? ഉച്ചതിരിഞ്ഞ് അല്ലെങ്കിൽ വൈകുന്നേരം നിങ്ങളുടെ സഭാപുസ്തകാധ്യയനത്തിനു മുമ്പ് ഒരു മണിക്കൂറോ അതിൽക്കൂടുതലോ നിങ്ങൾ വീടുതോറും പ്രവർത്തിച്ചു നോക്കിയിട്ടുണ്ടോ? ചില പ്രദേശങ്ങളിൽ സായാഹ്ന സാക്ഷീകരണം വളരെ ഫലപ്രദമായിരുന്നിട്ടുണ്ട്. വിവിധ രീതികളിൽ മാസികകൾ വിതരണം ചെയ്യുന്നതിനുളള ഒരു നല്ല ദിവസമാണു ശനിയാഴ്ച. ഒരുപക്ഷേ മററു ദിവസങ്ങളും ഈ പ്രവർത്തനത്തിനുവേണ്ടി ഉപയോഗിക്കാൻ കഴിഞ്ഞേക്കും. വീടുതോറും കടതോറുമുളള പ്രവർത്തനം മാസികാ ദിവസത്തിന്റെ ഒരു സാധാരണ ഭാഗമായിരിക്കണം.
5 വിതരണം ചെയ്യുന്നതിനുവേണ്ടി ഓരോ ലക്കം മാസികയുടെയും ഒരു നിശ്ചിത എണ്ണത്തിന്റെ സ്ഥിര ഓർഡർ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. മാസികകളിൽ വിവരിക്കപ്പെടുന്ന വിവിധ വിഷയങ്ങൾ വീട്ടുകാരെ കാണിക്കാൻ പഴയ ലക്കങ്ങൾ കയ്യിലുളളപ്പോൾ അവ നിങ്ങൾ ഉപയോഗിച്ചേക്കാം. തൊഴിലിൽ നിന്നു വിരമിച്ച ആളുകൾക്കുവേണ്ടിയുളള ഭവനങ്ങളിലും നഴ്സിങ് ഹോമുകളിലും അനുവദിക്കുന്ന പക്ഷം ആശുപത്രികളിലും കുറേ പഴയ മാസികകൾ ഇടയ്ക്കിടയ്ക്കു കൊടുത്തിട്ടുപോകാവുന്നതാണ്. അങ്ങനെ കൊടുക്കുന്ന മാസികകളെല്ലാം സമർപ്പണങ്ങളായി കണക്കാക്കുകയും നിങ്ങളുടെ വയൽസേവന റിപ്പോർട്ട് സ്ലിപ്പിൽ ഓരോ മാസവും റിപ്പോർട്ടുചെയ്യുകയും വേണം.
6 മേൽപ്പറഞ്ഞ നിർദേശങ്ങൾ ബാധകമാക്കുന്നതിനാൽ സമർപ്പിക്കാൻ കഴിയുന്ന മാസികകളുടെ എണ്ണത്തിൽ നിങ്ങൾ ഒരു വർധനവു കാണും എന്നതിനു സംശയമില്ല. ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയിൽ ജീവിത ഭാരവും ചുമലിലേററി കുഴഞ്ഞിരിക്കുന്നവർ വീക്ഷാഗോപുരത്തിലും ഉണരുക!യിലും കാണുന്നതുപോലുളള നവോൻമേഷദായകമായ വിവരങ്ങൾ വിലമതിക്കും. ഈ മാസികകൾ യഹോവയുടെ അംഗീകാരം തേടുന്ന ആളുകൾക്ക് യഥാർഥത്തിൽ ആത്മീയ ആഹാരം വിളമ്പിക്കൊടുക്കുന്നു. അതുകൊണ്ട് മാസികയെക്കുറിച്ചു ബോധമുളളവരായിരിക്കുകയും നിങ്ങളുടെ പ്രദേശത്ത് ഈ വിലതീരാത്ത പ്രസിദ്ധീകരണങ്ങളുടെ വിതരണം വർധിപ്പിക്കാൻ വഴികൾ ആരായുകയും ചെയ്യുക.