അർഥവത്തായ മടക്കസന്ദർശനങ്ങളിലൂടെ വളർച്ചയെ ഉത്തേജിപ്പിക്കുക
1 താത്പര്യം കാണിച്ചവരെ സഹായിക്കുന്നതിനു ക്രമമായ മടക്കസന്ദർശനങ്ങളിലൂടെ ആത്മീയ ഭക്ഷണത്തിന്റെ ഒഴുക്ക് അവർക്കു തുടർന്നു പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നതു സുപ്രധാനമാണ്. അവരുടെ ആത്മീയ വളർച്ചയെ ഉത്തേജിപ്പിക്കാൻ നമ്മുടെ സന്ദർശനങ്ങൾ ക്രമാനുഗതമായി സഹായിക്കും. (1 കൊരി. 3:6-9) എന്നിരുന്നാലും നമ്മുടെ സന്ദർശനങ്ങൾ അർഥവത്തായിരിക്കുന്നതിന് ആ വ്യക്തിയെ മനസ്സിൽ പിടിച്ചുകൊണ്ടു നാം കാലേക്കൂട്ടി തയ്യാറാകുന്നത് അനിവാര്യമാണ്.
2 നാം ഒരു ലഘുലേഖ സമർപ്പിച്ചവർക്കു മടക്കസന്ദർശനം നടത്തൽ: ഒരുപക്ഷേ, ആദ്യം ചെന്നപ്പോൾ തിരക്കു പിടിച്ച ഒരു വീട്ടുകാരന് സമാധാനപൂർണ്ണമായ പുതിയ ലോകം ലഘുലേഖ മാത്രമായിരിക്കാം സമർപ്പിച്ചിരുന്നത്.
ചർച്ച ചെയ്ത വിഷയം ഹ്രസ്വമായി പുനരവലോകനം ചെയ്തശേഷം ഏതാണ്ട് ഇതുപോലെ നമുക്കു ചോദിക്കാവുന്നതാണ്:
◼“ഈ മാററങ്ങൾ വരുത്താൻ ഏതു ഗവൺമെൻറിനാണു കഴിയുന്നത്? [അഭിപ്രായം പറയാൻ അനുവദിക്കുക.] ഇതുപോലുളള അവസ്ഥകളിൽ ജീവിക്കാൻ നിങ്ങളും ആഗ്രഹിക്കും എന്നുളളതിനു സംശയമില്ല. അത്തരം അവസ്ഥകൾ നമുക്കു വ്യക്തിപരമായി എങ്ങനെ ആസ്വദിക്കാനാകും?” അതിനുശേഷം “അതു നിങ്ങൾക്ക് എങ്ങനെ സാധ്യമാണ്?” എന്ന ഉപശീർഷകത്തിൻ കീഴിലുളള വിവരങ്ങൾ പരിചിന്തിക്കാവുന്നതാണ്. ഈ സന്ദർശനസമയത്ത്, എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ “എന്നേക്കും ജീവിക്കാൻ നിങ്ങൾ എന്തു ചെയ്യണം?” എന്ന 30-ാം അധ്യായത്തിലേക്കു ശ്രദ്ധ തിരിക്കാവുന്നതാണ്. ആദ്യത്തെ രണ്ടു ഖണ്ഡികകൾ ചർച്ച ചെയ്തശേഷം നമുക്ക് ഈ ചോദ്യം ചോദിക്കാവുന്നതാണ്: “ദൈവത്തെക്കുറിച്ചു പഠിക്കുന്നത് നമ്മെ എങ്ങനെ ബാധിക്കണം?” പുസ്തകം സമർപ്പിച്ചിട്ട് ആ ചോദ്യത്തിന് ഉത്തരം കൊടുക്കാനുളള ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്, അടുത്ത സന്ദർശനത്തിൽ ആ വിഷയത്തെക്കുറിച്ചു കൂടുതലായി ചർച്ച ചെയ്യുക.
3 നാം “എന്നേക്കും ജീവിക്കാൻ” പുസ്തകം സമർപ്പിച്ചവർക്കു മടക്കസന്ദർശനം നടത്തുമ്പോൾ ഇങ്ങനെ പറയാവുന്നതാണ്:
◼“കഴിഞ്ഞ പ്രാവശ്യം ഞാൻ സന്ദർശനം നടത്തിയപ്പോൾ മനുഷ്യവർഗം നേരിടുന്ന അനവധി പ്രശ്നങ്ങളെക്കുറിച്ചും അവ സംബന്ധിച്ചു ദൈവം ചെയ്യുമെന്നു വാഗ്ദത്തം ചെയ്യുന്ന കാര്യത്തെക്കുറിച്ചും നാം ചർച്ച ചെയ്തു. ദൈവം ഇത്ര ദീർഘകാലമായി കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. രസാവഹമായ ഉത്തരം നിങ്ങൾക്കു ലഭിച്ച ഈ പുസ്തകത്തിന്റെ 11-ാം അധ്യായത്തിൽ കാണാം.” സൗകര്യപ്രദമാണെങ്കിൽ തന്റെ കോപ്പി എടുക്കാൻ വീട്ടുകാരനോടു പറയുക. ചില ഖണ്ഡികകൾ പരിചിന്തിച്ചശേഷം നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽനിന്നു പ്രയോജനം നേടാൻ നമുക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?” 127-ാം പേജിലുളള “ദൈവത്തിന്റെ ഗവൺമെൻറിന്റെ ഒരു പ്രജയായിത്തീരൽ” എന്ന 15-ാം അധ്യായത്തിലെ വിവരങ്ങൾ അടുത്ത സന്ദർശനത്തിലെ ചർച്ചക്കുവേണ്ടി പ്രദീപ്തമാക്കാവുന്നതാണ്.
4 നാം മാസികകൾ കൊടുത്തിട്ടു പോയവർക്കു മടക്കസന്ദർശനം നടത്തൽ: വീട്ടുകാരന്റെ താത്പര്യമുണർത്തിയ ഒരു പ്രത്യേക ലേഖനം നിങ്ങൾ തിരഞ്ഞെടുത്തെങ്കിൽ മടങ്ങിച്ചെല്ലുമ്പോൾ നിങ്ങളുടെ ശ്രദ്ധ ഒരു മുഖ്യ തിരുവെഴുത്തിലും അതു ചർച്ച ചെയ്യുന്ന വിഷയത്തിലും കേന്ദ്രീകരിച്ചുകൊണ്ട് ആ ലേഖനത്തിൽനിന്ന് ഉപ ആശയങ്ങൾ വികസിപ്പിക്കുക. തുടർന്നും താത്പര്യമുണ്ടെങ്കിൽ മാസികകളുടെ പ്രയോജനങ്ങളെക്കുറിച്ചു ചർച്ച ചെയ്യാവുന്നതാണ്. മാത്രമല്ല, മാസികയുടെ അടുത്ത ലക്കത്തിൽ അതേ വിഷയത്തെക്കുറിച്ചുതന്നെ ചർച്ച ചെയ്യുന്ന ഒരു ലേഖനമുണ്ടെങ്കിൽ ആ ലക്കത്തിലേക്കും ശ്രദ്ധ ആകർഷിക്കാവുന്നതാണ്. അല്ലെങ്കിൽ, എന്നേക്കും ജീവിക്കാൻ പുസ്തകത്തിലുളള ആ വിഷയത്തിലേക്കു നമുക്കു ശ്രദ്ധ തിരിച്ചിട്ട് നമ്മുടെ അടുത്ത സന്ദർശനത്തിൽ അതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ക്രമീകരണങ്ങൾ നടത്താവുന്നതാണ്.
5 അർഥവത്തായ മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ നാം പ്രകടമാക്കുന്ന വ്യക്തിഗതമായ താത്പര്യം ആളുകളോടും യഹോവയോടുമുളള നമ്മുടെ സ്നേഹത്തെ പ്രതിഫലിപ്പിക്കും. (യോഹ. 13:34, 35) അർഥവത്തായ മടക്കസന്ദർശനങ്ങൾ ക്രമമായി നടത്തിക്കൊണ്ടു നമ്മുടെ പ്രദേശത്തുളളവരുടെ ആത്മീയ വളർച്ചയെ തുടർന്നും നമുക്ക് ഉത്തേജിപ്പിക്കാം.