“പിന്നെയും” കേൾക്കാൻ അവരെ സഹായിക്കുക
1 “ഞങ്ങൾ ഇതിനെപ്പററി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം.” (പ്രവൃ. 17:32) അരയോപഗസിലെ പൗലോസിന്റെ വിഖ്യാതമായ പ്രസംഗത്തോടുളള ചിലരുടെ പ്രതികരണം അതായിരുന്നു. സമാനമായി ഇന്ന്, നമ്മുടെ പ്രഥമ സന്ദർശനത്തിൽ നാം അവരുമായി പങ്കുവെക്കുന്ന രാജ്യസന്ദേശത്തെക്കുറിച്ചു കൂടുതലായി കേൾക്കാൻ ചിലർ മനസ്സൊരുക്കമുളളവരാണ്.
2 താത്പര്യം നട്ടുവളർത്താനായി മടങ്ങി ചെല്ലുമ്പോഴാണു നാം നമ്മുടെ പഠിപ്പിക്കലിൽ അധികവും നടത്തുന്നത്. നല്ല തയ്യാറാകൽ ക്രിയാത്മകമായ ഫലങ്ങൾ ലഭിക്കുന്നതിനു നമ്മെ സഹായിക്കും. സ്കൂൾ ഗൈഡ്ബുക്കിന്റെ 50, 51 പേജുകൾ ഇങ്ങനെ ശുപാർശ ചെയ്യുന്നു: “ആദ്യം നിങ്ങളുടെ വിവരങ്ങളെ തെളിയിക്കുന്ന വാദങ്ങൾ വ്യക്തമായി മനസ്സിലാക്കുക. ഒരു കാര്യം അങ്ങനെയായിരിക്കുന്നത് എന്തുകൊണ്ടെന്നു നിർണയിക്കാൻ ശ്രമിക്കുക. ആശയങ്ങൾ നിങ്ങളുടെ സ്വന്ത വാക്കുകളിൽ പറയാൻ കഴിയുമോയെന്നു നോക്കുക. തിരുവെഴുത്തുതെളിവുകളുടെ നല്ല ഗ്രാഹ്യം നേടുക. തിരുവെഴുത്തുകൾ ഫലകരമായി ബാധകമാക്കാൻ തയ്യാറായിരിക്കുക.”
3 “ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?,” എന്ന പുസ്തകം സമർപ്പിച്ചവെങ്കിൽ നിങ്ങൾക്ക് ഏതാണ്ട് ഇങ്ങനെ പറയാവുന്നതാണ്:
◼“കഴിഞ്ഞതവണ സംസാരിച്ചപ്പോൾ നമുക്കു ബൈബിളിൽ ദൃഢവിശ്വാസം ഉണ്ടായിരിക്കാൻ എന്തുകൊണ്ടു കഴിയും എന്നു നാം ചർച്ചചെയ്തു. ഞാൻ നിങ്ങൾക്കു തന്ന പുസ്തകം ‘ബൈബിൾ വായിക്കേണ്ടതെന്തുകൊണ്ട്?’ എന്ന ഈ ചോദ്യം ഉന്നയിക്കുന്നു, [5-ാം പേജിലെ മുഖവുര വായിച്ചിട്ട് ഉപസംഹാര ചോദ്യത്തിനു പ്രതികരണത്തിനായി അനുവദിക്കുക.] മുഴു മനുഷ്യവർഗത്തെയും അമ്പരപ്പിക്കുന്ന പ്രശ്നങ്ങളെല്ലാം ദൈവംതന്നെ പെട്ടെന്നു പരിഹരിക്കുമെന്ന് ബൈബിൾ നമ്മോടു പറയുന്നു, ആ സന്തോഷ സമയത്തെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനു നാം പോകേണ്ടുന്ന വഴിയിൽ അതു നമ്മെ നയിക്കുന്നു. [സങ്കീർത്തനം 119:105 വായിക്കുക.] ബൈബിളിന്റെ വ്യക്തിപരവും കുടുംബപരവുമായ അധ്യയനത്തിനു സഹായിക്കുന്നതിന് ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇതെങ്ങനെ ഉപയോഗിക്കണമെന്നു കാണിച്ചുതരാൻ ഞാൻ സന്തോഷമുളളവനാണ്.”
4 “നിങ്ങൾക്കു ബൈബിളിൽ വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണം,” എന്ന ലഘുലേഖ കൊടുത്തയിടത്തു മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഭാവിയിൽ എന്തു സംഭവിക്കും എന്നതിൽ നാം എല്ലാം തത്പരരാണ്. നിലവിലുളള ലോകാവസ്ഥകളുടെ വീക്ഷണത്തിൽ, എന്തു സംഭവിക്കുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] എന്തു സംഭവിക്കുമെന്നു മനുഷ്യന് ഊഹിക്കാനേ കഴിയൂ, എന്നാൽ എന്തു സംഭവിക്കുമെന്നു ദൈവത്തിന് കൃത്യമായി അറിയാം. [യെശയ്യാവു 46:10 വായിക്കുക.] നാം പെട്ടെന്നുതന്നെ ഒരു പുതിയ ലോക പറുദീസയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറയുന്നുവെന്നതു മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം. [4-ാം പേജിലെ മൂന്നാം ഖണ്ഡിക വായിക്കുക.] ഈ അത്ഭുത വാഗ്ദാനത്തെ സംബന്ധിച്ചു കൂടുതലായി ഞാൻ നിങ്ങളോടു പറയാം.”
5 ഒരു പുസ്തകത്തിന്റെയോ, “നമ്മുടെ പ്രശ്നങ്ങൾ” പോലുളള ഒരു ലഘുപത്രികയുടെയോ സമർപ്പണത്തെ നിങ്ങൾ പിന്തുടരുന്നുവെങ്കിൽ സാധ്യതയനുസരിച്ച് ഈ നിർദേശം നിങ്ങൾക്കു ഫലപ്രദമായിരിക്കും:
◼“ഒരു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണം ഞാൻ അടുത്തയിടെ നിങ്ങൾക്കു തന്നിട്ടുപോയിരുന്നല്ലോ, അതു പരമാവധി ഉപയോഗിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ മടങ്ങിവരാമെന്നു ഞാൻ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. മററുളളവരുമായി സൗഹൃദ ബന്ധങ്ങൾ നിലനിർത്തുന്നതു നമ്മുടെ മിക്ക പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. ഇത് എങ്ങനെ നടത്താമെന്നതിനെപ്പററി ബൈബിളിനു നല്ല ഉപദേശം ഉണ്ട്, നമുക്ക് ആവശ്യമുളളത് എളുപ്പത്തിൽ കണ്ടെത്താൻ പുതിയലോക ഭാഷാന്തരം നമ്മെ സഹായിക്കുന്നു. [1595-ാം പേജിലേക്കു തിരിഞ്ഞ് “Love(s)” [“സ്നേഹം”’] എന്ന തലക്കെട്ടിൻ കീഴിൽ നോക്കുക. 1 കൊരിന്ത്യർ 13:4; കൊലൊസ്സ്യർ 3:14; 1 പത്രൊസ് 4:8 എന്നിങ്ങനെയുളള തിരുവെഴുത്തു ഭാഗങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. ഈ തത്ത്വങ്ങൾ ബാധകമാക്കുന്നതു നല്ല ഫലങ്ങൾ ഉത്പാദിപ്പിക്കുന്നതെങ്ങനെയെന്നു ഹ്രസ്വമായി വിശദീകരിക്കുക.] നമ്മുടെ പ്രശ്നങ്ങൾക്കു ബൈബിൾ എങ്ങനെ പ്രായോഗിക പരിഹാരങ്ങൾ നൽകുന്നുവെന്നതിനുളള ഒരു ഉദാഹരണം മാത്രമാണിത്. അടുത്ത തവണ, സന്തുഷ്ടിയും മനസ്സമാധാനവും കണ്ടെത്താൻ ബൈബിളിനു നമ്മെ സഹായിക്കാൻ കഴിയുന്ന മറെറാരു വിധം കാണിച്ചു തരാൻ എനിക്കാഗ്രഹമുണ്ട്.”
6 മററുളളവർക്കു കൈമാറാൻ ദൈവവചനത്തിന്റെ സൂക്ഷ്മ അറിവിനെക്കാൾ വലിയ ഒരു നിധി നമുക്കില്ല. അത്തരം അറിവിന് ദൈവഭയം പഠിപ്പിക്കാനും അവന്റെ വഴിയിൽ നടക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കാനും കഴിയും. അത് നിത്യാനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യുന്നു.—സദൃ. 2:20, 21.