കണ്ടെത്തിയ താത്പര്യത്തെ പിന്തുടരുക
1 വീടുതോറുമുളള വേലയിൽ ഏർപ്പെടുമ്പോൾ താത്പര്യം കാട്ടുന്നയാളുമായി നമുക്ക് ഏറെ സമയം ചെലവഴിക്കാൻ സാധാരണമായി സാധ്യമല്ല. മിക്ക സന്ദർഭങ്ങളിലും മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുമ്പോഴാണ് യഥാർഥ പഠിപ്പിക്കൽ വേല ചെയ്യുന്നത്. (മത്താ. 28:19, 20) മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ഫലപ്രദമായി പഠിപ്പിക്കുന്നതിന് ആദ്യ സന്ദർശനത്തിൽ നാം എന്തു ചർച്ചചെയ്തുവെന്ന് പുനരവലോകനം ചെയ്യുകയും എന്നിട്ട് കൂടുതലായ ചർച്ചക്കുവേണ്ടി തയ്യാറാകുകയും വേണം.
2 കുടുംബ ക്രമീകരണത്തിലെ അസ്ഥിരതയെക്കുറിച്ചു നിങ്ങൾ സംസാരിച്ചുവെങ്കിൽ “എന്നേക്കും ജീവിക്കാൻ” പുസ്തകത്തിന്റെ 29-ാം അധ്യായത്തിലെ വിവരങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടായിരിക്കുന്നതിന് ബൈബിൾ ബുദ്ധ്യുപദേശങ്ങൾ ബാധകമാക്കുന്നതിന്റെ ജ്ഞാനം നാം നേരത്തെ ചർച്ചചെയ്യുകയുണ്ടായി. ഇന്ന് കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിനുളള താക്കോൽ എന്താണെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” പ്രതികരിക്കാൻ അനുവദിക്കുക. 247-ാം പേജിലെ 27-ാം ഖണ്ഡികയിലേക്കു മറിച്ച് കൊലൊസ്സ്യർ 3:12-14 വായിക്കുക. യഥാർഥ സ്നേഹത്തിന് കുടുംബങ്ങളെ എങ്ങനെ ഒത്തൊരുമിപ്പിച്ചു നിർത്താൻ കഴിയുമെന്നുളളതിന് കൂടുതലായ അഭിപ്രായങ്ങൾ പറയുക. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ ക്രമമായ ഒരു അധ്യയനം എങ്ങനെ സഹായിക്കുമെന്നു വിശദീകരിക്കുക.
3 അധഃപതിച്ചുകൊണ്ടിരിക്കുന്ന ലോകാവസ്ഥകളെക്കുറിച്ചാണ് ആദ്യ സന്ദർശനത്തിൽ ചർച്ച ചെയ്തതെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് അതു തുടരാവുന്നതാണ്:
◼“നാം എന്നെങ്കിലും സമാധാനത്തിൽ ജീവിക്കാൻ പോകുന്നെങ്കിൽ വലിയ മാററങ്ങൾ തന്നെ ആവശ്യമാണെന്നുളളതിനോടു നിങ്ങൾ യോജിക്കും എന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ പ്രശ്നങ്ങളുടെ മുഖ്യ കാരണക്കാരൻ സാത്താനാണെന്നു ബൈബിൾ പ്രകടമാക്കുന്നു. അവനെ ഇത്രകാലം തുടരാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട് എന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്. നിങ്ങൾ എന്തു വിചാരിക്കുന്നു?” പ്രതികരിക്കാൻ അനുവദിക്കുക. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 20-ാം പേജിലെ 14-ഉം 15-ഉം ഖണ്ഡികകളിൽനിന്നു സാത്താൻ ഇതുവരേക്കും നശിപ്പിക്കപ്പെടാത്തതെന്തുകൊണ്ട് എന്നു വിശദീകരിക്കുക. എന്നിട്ട് റോമർ 16:20 വായിക്കുക. സമീപഭാവിയിൽ നമുക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയുമെന്ന് അവിടെ പറയുന്നു.
4 രാജ്യഭരണത്തിൻകീഴിൽ സാക്ഷാത്കരിക്കപ്പെടുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണു സംസാരിച്ചതെങ്കിൽ, മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ദൈവരാജ്യം ഭൂമിക്കും മനുഷ്യവർഗത്തിനും അതിശയകരമായ അനുഗ്രഹങ്ങൾ കൈവരുത്തും. 12-ഉം 13-ഉം പേജുകളിൽ ഈ അനുഗ്രഹങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു. നിങ്ങൾക്ക് ആകർഷകമായ എന്താണ് ഇവിടെ കാണുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇത്തരമൊരു ലോകത്തിൽ ജീവിക്കുന്നത് എങ്ങനെയിരിക്കുമെന്ന് ചിന്തിക്കുക.” 12-ാം ഖണ്ഡിക വായിക്കുക. താത്പര്യം ഉണ്ടെങ്കിൽ 13-ാം ഖണ്ഡികയുടെ ചോദ്യം വായിച്ച് ഉത്തരം ചർച്ചചെയ്യുക. രാജ്യാനുഗ്രഹങ്ങളെക്കുറിച്ച് കൂടുതലായ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ ഈ അധ്യായം പ്രദാനം ചെയ്യുന്നുവെന്നു ചൂണ്ടിക്കാണിക്കുക. കൂടാതെ നിങ്ങളുടെ അടുത്ത സന്ദർശനത്തിൽ അവ ചർച്ച ചെയ്യുന്നതിനു നിങ്ങൾക്കു സന്തോഷമുണ്ടെന്നും പറയുക.
5 ഇപ്രകാരം പറഞ്ഞുകൊണ്ട് ഒരു അധ്യയനം തുടങ്ങാൻ നിങ്ങൾക്കു കഴിഞ്ഞേക്കും:
◼“പലരും തങ്ങളുടെ ബൈബിൾ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ ഈ പുസ്തകത്തിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.” ഉളളടക്കത്തിലേക്കു മറിച്ച് ഇപ്രകാരം ചോദിക്കുക: “ഇവിടെ കൊടുത്തിരിക്കുന്നതിലെ ഏതു വിഷയമാണ് നിങ്ങൾക്ക് ഏറെ താത്പര്യം?” പ്രതികരണത്തിന് അനുവദിക്കുക. അവർക്കു താത്പര്യമുളള അധ്യായത്തിൽനിന്ന് ആദ്യത്തെ ഖണ്ഡിക വായിക്കുക. ഓരോ പേജിന്റെയും അടിയിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഖണ്ഡികയിലെ മുഖ്യ ആശയങ്ങളെ പ്രദീപ്തമാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുക. ഒന്നോ രണ്ടോ ഖണ്ഡികകൾ കൂടി അതേവിധം ചർച്ചചെയ്തു കാണിക്കുക, എന്നിട്ട് മടക്കസന്ദർശനത്തിനുളള ക്രമീകരണങ്ങൾ ചെയ്യുക.
6 എന്നേക്കും ജീവിക്കാൻ പുസ്തകത്തോടു കാണിച്ച താത്പര്യത്തെ പിൻപററുന്നത്, ശുശ്രൂഷ പൂർണമായി നിറവേററുന്നതിനുളള നമ്മുടെ ആഗ്രഹത്തെ പ്രകടമാക്കുന്നു. (2 തിമൊ. 4:5) നിത്യജീവൻ നേടുന്നതിനു നമ്മുടെ കേൾവിക്കാരെ സഹായിക്കുന്നതിനു നമുക്കു കഴിഞ്ഞേക്കും.—യോഹ 17:3.