അവന്റെ അനുഗാമികളായിത്തീരാൻ അവരെ ഉദ്ബോധിപ്പിക്കുക
1 ഒന്നു കൊരിന്ത്യർ 3:6-ൽ പൗലോസ് ഇങ്ങനെ എഴുതി: “ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.” ക്രിസ്തുവിന്റെ ശിരസ്ഥാനത്തിൻകീഴിൽ ഏകീകൃതമായി വേല ചെയ്യേണ്ടതിന്റെ ആവശ്യം കാണാൻ തന്റെ സഹോദരങ്ങളെ സഹായിക്കാൻ പൗലോസ് ഈ ന്യായവാദം ഉപയോഗിച്ചു. ഈ വിധത്തിൽ, ഈ പ്രധാനപ്പെട്ട നടൽ, നനയ്ക്കൽ വേലയിൽ അവർ നിർവഹിച്ച മർമപ്രധാനമായ പങ്കു മനസ്സിലാക്കാനും അവൻ അവരെ സഹായിച്ചു.
2 ജീവരക്ഷാകരമായ ആ വേല ഈ നാളുകളിൽത്തന്നെ പരിസമാപ്തിയിൽ എത്തിക്കേണ്ടതാണ്. സമർപ്പിത ക്രിസ്ത്യാനികൾ എന്നനിലയിൽ, യേശുവിന്റെ അനുഗാമികളായിത്തീരാൻ മററുളളവരെ സഹായിക്കാനുളള ഗൗരവമായ ഉത്തരവാദിത്വം നമുക്കുണ്ട്. (പ്രവൃ. 13:48) ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം ഉപയോഗിച്ചു താത്പര്യമുണർത്താൻ സാധിച്ചിടത്തു മടങ്ങിച്ചെന്ന് താത്പര്യത്തെ പിന്തുടരാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
3 പുസ്തകം സ്വീകരിച്ച ഒരു വ്യക്തിയെ സന്ദർശിക്കാൻ മടങ്ങിച്ചെല്ലുകയാണു നിങ്ങളെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“കഴിഞ്ഞ പ്രാവശ്യം നാം സംസാരിച്ചപ്പോൾ, യേശുക്രിസ്തു മനുഷ്യനായിരുന്നപ്പോൾ എങ്ങനെയുളളവനായിരുന്നു എന്നു ചർച്ച ചെയ്തിരുന്നു. ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം താങ്കൾക്കു തരാൻ സാധിച്ചതിൽ എനിക്കു സന്തോഷമുണ്ട്. യേശുവിന്റെ പഠിപ്പിക്കലിനെ സംബന്ധിച്ചും അവന്റെ വ്യക്തിത്വത്തെ സംബന്ധിച്ചും നിങ്ങളിൽ ഏററവും കൂടുതൽ മതിപ്പുളവാക്കിയത് എന്താണ്?” പ്രതികരിക്കാൻ അനുവദിക്കുക. അധ്യായം 113 എടുത്ത് യേശുവിന്റെ താഴ്മയുടെ അതിശ്രേഷ്ഠ മാതൃകയെക്കുറിച്ചു ചർച്ച ചെയ്യുക. യേശുവിന്റെ താഴ്മയുളള മനോഭാവത്തെ അപ്പോസ്തലനായ പൗലോസ് എങ്ങനെ വീക്ഷിച്ചുവെന്നു പ്രകടമാക്കാൻ ഫിലിപ്പിയർ 2:8 വായിക്കുക. പിന്നെ, ബൈബിളിന്റെ ക്രമമായ ഒരു പഠനത്തിലൂടെ എത്രയധികം പഠിക്കാനാവുമെന്നു നിങ്ങൾക്കു വിശദീകരിക്കാനും കഴിയും.
4 നിങ്ങൾക്ക് ഈ മുഖവുര കൂടുതൽ ഇഷ്ടപ്പെട്ടേക്കാം:
◼“യേശു ഭൂമിയിലായിരുന്നപ്പോൾ ചെയ്ത സംഗതികളെക്കുറിച്ചു നാം സംസാരിക്കുകയുണ്ടായി. നമ്മെ സംബന്ധിച്ച് അവൻ യഥാർഥത്തിൽ കരുതുന്നു എന്നു പ്രകടമാക്കുന്നതാണ് ആ കാര്യങ്ങൾ. വളരെയധികം ദുരിതമനുഭവിച്ചിട്ടുളളവർക്ക് അതിൽനിന്നുളള മോചനം സാധ്യമാക്കാൻ അവസാനം അവൻ എന്തു ചെയ്യുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” പ്രതികരിക്കാൻ അനുവദിക്കുക. അധ്യായം 133 എടുത്ത് അഞ്ചാമത്തെ ഖണ്ഡികയിലെ അഭിപ്രായങ്ങൾ പുനരവലോകനം ചെയ്യുക. അടുത്ത പേജിലെ ചിത്രത്തിലേക്കു തിരിഞ്ഞ് ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടുമ്പോൾ അത് എങ്ങനെയിരിക്കും എന്നു വിശദമാക്കുക. കൂടുതൽ പഠിക്കുന്നതുകൊണ്ടു കരഗതമാവുന്ന പ്രയോജനങ്ങൾ ചൂണ്ടിക്കാട്ടുക.
5 പ്രഥമ സന്ദർശനത്തിൽ വീട്ടുകാരൻ പുസ്തകം എടുത്തില്ല. അപ്പോൾ ഒരുപക്ഷേ നിങ്ങൾക്കു ചർച്ച ഈവിധം തുടങ്ങാം:
◼“തങ്ങൾക്കു മോഡലുകളായി തോന്നുന്ന ആരെയെങ്കിലും അനുകരിച്ച് അനേകമാളുകളും സ്വന്തം ജീവിതത്തിനു മാററം വരുത്തുന്നു. ഇക്കാര്യത്തിൽ നാം രണ്ടുപേരും യോജിക്കുമെന്ന് എനിക്കു തോന്നുന്നു. എന്നാൽ യേശുക്രിസ്തുവിനെക്കാളും മികച്ച ഒരു മാതൃകാപാത്രത്തെ ഒരാൾക്കും കിട്ടാൻ പോകുന്നില്ല. യേശുക്രിസ്തു വെച്ച മാതൃക പഠിച്ചതുകൊണ്ട് എനിക്കു കിട്ടിയ വളരെ പ്രധാനപ്പെട്ട ഒരു പാഠം നിങ്ങളോടു പറഞ്ഞാൽ കൊളളാമെന്നുണ്ട്. [ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ 40-ാം അധ്യായമെടുത്ത് കരുണയെ സംബന്ധിച്ച യേശുവിന്റെ ദയാപുരസ്സരമായ പാഠത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക.] ഞാൻ മററുളളവരോട് ഈ ഗുണം എത്രയധികം പ്രദർശിപ്പിക്കേണ്ടയാവശ്യമുണ്ട് എന്ന് ഇത് എന്നെ ശക്തിയുക്തം അനുസ്മരിപ്പിച്ചു.” മത്തായി 5:7 വായിക്കുക. പുസ്തകം സമർപ്പിക്കാൻ വീണ്ടുമൊരു ശ്രമം നടത്താനോ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക സമർപ്പിക്കാനോ ഉളള ഉചിതമായ സമയമായിരിക്കാം ഇത്.
6 അല്ലെങ്കിൽ ഇങ്ങനെ നേരിട്ടുളള ഒരു സമീപനം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼“കഴിഞ്ഞ പ്രാവശ്യം ഞാൻ ഇവിടെ വന്നപ്പോൾ, യേശുവിനെക്കുറിച്ചു പരിജ്ഞാനം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു നാം ചർച്ച ചെയ്തായിരുന്നു. അത്തരം പരിജ്ഞാനം നേടുന്നത് ‘നിത്യജീവനെ അർഥമാക്കുന്നു’വെന്നു യോഹന്നാൻ 17:3 പറയുന്നു. നമുക്ക് അത് എങ്ങനെ ചെയ്യാനാവും?” പ്രതികരണത്തിന് അനുവദിക്കുക. തുടർന്ന്, നമ്മുടെ ബൈബിളധ്യയന ക്രമീകരണത്തെയും അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെയും കുറിച്ച് വിശദീകരിക്കുക.
7 കൊയ്ത്തിൽ പങ്കെടുക്കുന്ന വേലക്കാരന് “താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടു”മെന്നു പൗലോസ് പറയുന്നു. (1 കൊരി. 3:8) യേശുവിന്റെ അനുഗാമികളായിത്തീരാൻ മററുളളവരെ സഹായിക്കുന്നതിനു നാം കഠിനാദ്ധ്വാനം ചെയ്യുന്നെങ്കിൽ, നമ്മുടെ പ്രതിഫലം വലുതായിരിക്കുമെന്ന് ഉറപ്പാണ്.