ആളില്ലാഭവനങ്ങളുടെ രേഖ സൂക്ഷിക്കേണ്ടത് എന്തുകൊണ്ട്?
1 ഒരു ദിവസം രാവിലെ, സാക്ഷികളായ ഒരു ദമ്പതികൾ വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അതേ ദിവസംതന്നെ മറ്റൊരു സമയത്ത് ആളില്ലാഭവനങ്ങൾ സന്ദർശിക്കാനായി അവർ തിരിച്ചുചെന്നു. ഒരു മനുഷ്യൻ അവരെ ക്ഷണിക്കുകയും കാര്യമായി ശ്രദ്ധിക്കുകയും ചെയ്തു. എന്നേക്കും ജീവിക്കാൻ പുസ്തകം സ്വീകരിച്ച അദ്ദേഹം സാക്ഷികളോടു വീണ്ടും ചെല്ലാമോ എന്നു ചോദിച്ചു. മുമ്പൊരിക്കലും അദ്ദേഹം യഹോവയൂടെ സാക്ഷികളുമായി സംസാരിച്ചിട്ടില്ലായിരുന്നു. അനേകം ചോദ്യങ്ങൾക്ക് ഉത്തരം ആഗ്രഹിച്ച അദ്ദേഹവുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. ചെമ്മരിയാടു തുല്യനായ അത്തരമൊരു വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞതിൽ ഈ ദമ്പതികൾ അതിയായി ആഹ്ലാദിച്ചു. അത്തരമൊരു അനുഭവമുണ്ടാവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ആളില്ലാഭവനങ്ങളുടെ കൃത്യമായ ഒരു രേഖ സൂക്ഷിക്കുകയും അവ സത്വരം വീണ്ടും സന്ദർശിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾക്ക് അതു സാധ്യമായേക്കും.
2 ആളില്ലാഭവനങ്ങളുടെ കൃത്യമായ രേഖ സൂക്ഷിക്കാനും താമസിയാതെ വീണ്ടും സന്ദർശിക്കാനും നാം ആവർത്തിച്ച് ഉദ്ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. മേൽപ്പറഞ്ഞ അനുഭവം പ്രകടമാക്കുന്നതുപോലെ, അതേ ദിവസംതന്നെയുളള മറ്റൊരു സന്ദർശനം അതിശയകരമായ ഫലങ്ങൾ കൈവരുത്തിയേക്കാം. നിയമിത പ്രദേശം ചെയ്തുതീർക്കുന്നതിൽ നാം വളരെ ശ്രദ്ധിക്കുന്നുണ്ടായിരിക്കാമെങ്കിലും ആളില്ലാഭവനങ്ങളുടെ രേഖ സൂക്ഷിക്കുന്നതിൽ നാം അത്ര ശുഷ്കാന്തിയുളളവരായിരിക്കണമെന്നില്ല. ചിലർ ഇങ്ങനെ പറയാറുണ്ട്: ‘രണ്ടോ മൂന്നോ ആഴ്ചകൾ കൂടുമ്പോൾ ഞങ്ങൾ ഞങ്ങളുടെ പ്രദേശം പ്രവർത്തിക്കാറുണ്ട്; അത്തരമൊരു രേഖ സൂക്ഷിക്കേണ്ട യാതൊരാവശ്യവുമില്ല, കാരണം, എങ്ങനെയായാലും ഞങ്ങൾ അവിടെ ഒട്ടും താമസിയാതെ വീണ്ടും പ്രവർത്തിക്കുമല്ലോ.’ എന്നാൽ അതു രേഖ സൂക്ഷിക്കണമെന്നതിനുളള കൂടുതലായ കാരണമേ ആകുന്നുളളു. കൂടെക്കൂടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ ആളില്ലാഭവനങ്ങളിൽ നാം വീണ്ടും ചെല്ലുന്നെങ്കിൽ, യോഗ്യരായവരെ അന്വേഷിക്കുന്നതിൽ കൂടുതൽ സൂക്ഷ്മതയുളളവരായിത്തീരാൻ അതു നമ്മെ സഹായിക്കും. അതെങ്ങനെ?
3 അനേകം മേഖലകളിൽ, 50-തോ അതിൽ കൂടുതലോ ശതമാനം താമസക്കാർ പകൽസമയം വീട്ടിലുണ്ടാകില്ല. അതുകൊണ്ട് ഫലത്തിൽ ആളില്ലാഭവനങ്ങളുടെ കാര്യത്തിൽ കൂടുതലായ ശ്രദ്ധ പതിപ്പിക്കുന്നതിനാൽ, നാം കൂടുതൽ പ്രദേശം ലഭ്യമാക്കുകയാവും ചെയ്യുക. അപൂർവമായി പ്രവർത്തിക്കുന്ന പ്രദേശമാണെങ്കിൽപ്പോലും, പ്രവർത്തിച്ചുതീർത്ത പ്രദേശമെന്ന് അടയാളപ്പെടുത്തുന്നതിനുമുമ്പ് ഓരോരുത്തരുടെയും അടുക്കലെത്താൻ ഒരു ശ്രമം നടത്തുന്നെങ്കിൽ നമുക്കു മെച്ചമായ ഫലങ്ങൾ ഉളവാക്കാൻ സാധിക്കും.
4 ആളില്ലാഭവനങ്ങൾ സന്ദർശിക്കുന്നതു സാധാരണമായി മറ്റൊരു ദിവസം ക്രമീകരിക്കാവുന്നതാണ്, ഒരാഴ്ചയ്ക്കുളളിൽത്തന്നെ ചെയ്യുന്നതാവും അഭികാമ്യം. ആദ്യസന്ദർശനം നടത്തിയ ദിവസത്തിൽനിന്നും സമയത്തിൽനിന്നും വ്യത്യസ്തമായ മറ്റൊരു സമയത്തു മടങ്ങിച്ചെല്ലുന്നതുകൊണ്ടു മെച്ചമുണ്ടെന്ന് അനേകർ മനസ്സിലാക്കുന്നു. അതേ ആഴ്ചയിൽത്തന്നെ ആളില്ലാഭവനം സന്ദർശിക്കാൻ ശനിയാഴ്ചയോ ഞായറാഴ്ചയോ കുറച്ചു സമയം ഉപയോഗപ്പെടുത്താൻ നിങ്ങൾ തീരുമാനിച്ചേക്കാം. ഇനി മറ്റൊരു കാര്യം, വൈകുന്നേരത്തെ ആദ്യ മണിക്കൂറുകളിൽ അത്തരം സന്ദർശനങ്ങൾ നടത്തുന്നതുകൊണ്ട് ഫലമുണ്ടെന്ന് അനേകം സഭകൾ മനസ്സിലാക്കുന്നു. പകുതിയലധികം പേർ വീട്ടിലുണ്ടായിരിക്കുന്നതായി അവർ കണ്ടെത്തിയേക്കാം.
5 നിങ്ങളുടെ വ്യക്തിപരമായ രേഖകളിൽ നിങ്ങൾ മടക്കസന്ദർശനങ്ങൾ പട്ടികപ്പെടുത്തണം. ആരുമില്ലാതിരുന്ന വീടുകളിൽ നിങ്ങൾക്കു തിരിച്ചുചെല്ലാൻ സാധിക്കില്ലെങ്കിൽ, ആളില്ലാഭവനങ്ങളെക്കുറിച്ചുളള നിങ്ങളുടെ രേഖ നിങ്ങളുടെ കൂട്ടത്തിന്റെ കാര്യങ്ങൾ നോക്കുന്ന സഹോദരനെ ഏൽപ്പിക്കണം. അങ്ങനെയാവുമ്പോൾ ആ പ്രദേശത്തേക്കു പോകുന്ന അടുത്ത കൂട്ടത്തിന് അത് ഉപയോഗിക്കാനാവും.
6 നമ്മുടെ ശുശ്രൂഷയുടെ ഈ വശത്തു കൂടുതൽ അടുത്ത ശ്രദ്ധകൊടുക്കുന്നതിനാൽ നമ്മുടെ ഫലപ്രാപ്തിയും നമ്മുടെ സന്തോഷവും വർധിച്ചേക്കാം. ചെമ്മരിയാടുതുല്യരെ അന്വേഷിക്കുന്നതിലും പരിപാലിക്കുന്നതിലും നാം സൂക്ഷ്മതയുളളവരാണെന്ന് അറിയുന്നതിനാൽ ലഭിക്കുന്ന സംതൃപ്തി നമുക്കു നൽകാൻ അതിനാവും.—യെഹെ. 34:11-14.